sections
MORE

സിനിമയും റേഡിയോയും പിന്നെ യാത്രകളും ; ആർ ജെ ദമ്പതികൾ ട്രാവൽ ഗ്രൂപ്പ് തുടങ്ങിയതിങ്ങനെ

nadodi-trip
SHARE

സജീവ് കുമാറും മഞ്ജുഷ മനോഹരനും ആകാശവാണിയിൽ ആർജെകളാണ്. ഭാര്യ ഭർത്താക്കൻമാർ എന്നതിലുപരി ഇവരെ യാത്രകളുടെ സഹചാരികൾ എന്ന് വിളിക്കുന്നതാകും ഉചിതം. പണ്ടാരാണ്ട് പറഞ്ഞതുപോലെ നമ്മുടെ നാട് കണ്ട് തീർന്നിട്ടു പോരെ അന്യനാട് കാണൽ എന്ന സിദ്ധാന്തം അക്ഷരംപ്രതി പാലിക്കുന്നവരാണ് ഇരുവരും. നമ്മുടെ കൊച്ചു കേരളത്തിലെ കാഴ്ചകൾ ഒരിക്കലും അവസാനിക്കില്ലെന്നത് അലിഖിത സത്യമാണ്.

സജീവ് കുമാറും മഞ്ജുഷയും ആകാശവാണിയിൽ ജോലി ആരംഭിച്ചിട്ട് പത്ത് വർഷത്തിലേറെയായി. ഇരുവരും കട്ട യാത്ര പ്രേമികളാണ്. നീണ്ട യാത്രകളെക്കാൾ ചെറിയ ചെറിയ ട്രിപ്പുകളാണ് കൂടുതലും നടത്തുന്നത്. അതിനൊരു കാരണമുണ്ട്. നമ്മൾ സ്ഥിരം പോകുന്ന വഴികളിലെ കണ്ണിൽപ്പെടാത്ത കാഴ്ചകളെ ഒപ്പിയെടുക്കാൻ നല്ലത് കുഞ്ഞു യാത്രകൾ തന്നെയാണെന്നാണ് സജീവ് കുമാർ പറയുന്നത്. ആർജെ മാത്രമല്ല നടനും ഡബിങ് ആർട്ടിസ്റ്റുകൂടിയുമാണ് സജീവ് കുമാർ. നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം സൗബിൻ ഷാഹിർ നായകനായി എത്തിയ വികൃതിയാണ്. 20 വർഷമായി നാടകരംഗത്തും സാന്നിദ്ധ്യമറിയിക്കുന്ന സജീവിനും ഭാര്യയ്ക്കും കാടുകളോടാണ് കൂടുതൽ ഇഷ്ടം.

നാടോടിയുടെ പിറവി

സജീവും ഭാര്യ മഞ്ജുഷയും ഒരുമിച്ചും അല്ലാതെയുമൊക്കെ യാത്രകൾ നടത്താറുണ്ടെങ്കിലും ഒരുമിച്ച് എത്ര വട്ടം പ്ലാൻ ചെയ്തിട്ടും നടക്കാത്ത ഒരു യാത്രയായിരുന്നു മൂന്നാർ. പലവട്ടം പുറപ്പെട്ടിട്ടും പാതിവഴിയ്ക്ക് ഉപേക്ഷിച്ച് തിരികെ പോരേണ്ടി വന്ന സാഹചര്യങ്ങൾ. ഒടുവിൽ  മുന്നും പിന്നും നോക്കാതെ മഞ്ഞ്ജുഷ മൂന്നാർക്ക് ഒറ്റയ്‌ക്കങ്ങ് പോയി. ഒറ്റയ്ക്കുള്ള ആ യാത്ര അതിമനോഹരമായ  അനുഭവമായിരുന്നുവെന്നാണ് മഞ്ജുഷ പറയുന്നത്. തന്റെ കൊച്ചു കൊച്ചു യാത്രകൾ കാണുമ്പോൾ യാത്രാമോഹങ്ങൾ മനസ്സിലൊതുക്കി കഴിഞ്ഞിരുന്ന പല സുഹൃത്തുക്കളും ഇനി പോവുമ്പോൾ തങ്ങളും വരുന്നെന്നു പറയാൻ തുടങ്ങിയപ്പോഴാണ് എന്ത് കൊണ്ട് ഒരു ട്രാവൽ ഗ്രൂപ്പ് ആരംഭിച്ചുകൂടാ എന്ന ചിന്ത തോന്നിയത്.

TRAVEL-NADODI1

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ട്, അല്ലെങ്കിൽ ഒരു കൂട്ടില്ലാത്തത് കൊണ്ട്, യാത്ര ചെയ്യാൻ ഒരുപാട് കൊതിയുണ്ടായിട്ടും അതൊന്നും നമ്മുക്ക് വിധിച്ചിട്ടില്ലെന്ന് ചിന്തിച്ചിരിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. അവർക്കുള്ളിൽ അവരൊളിപ്പിച്ച് വച്ച ആ സ്വപ്‌നങ്ങൾക്ക് ഒരു ചിറക് നൽകാൻ തങ്ങളെക്കൊണ്ട് ആവുന്നത് ചെയ്യണം എന്ന് തീരുമാനിച്ച മഞ്ജുഷയും സജീവും കൂടി അങ്ങനെ നാടോടി' എന്ന ട്രാവൽ ഗ്രൂപ്പിന് ജീവൻ നൽകി.

ഏതൊരാൾക്കുള്ളിലും ഒരു നാടോടിയുണ്ടെന്നാണ് ഈ ദമ്പതികൾ പറയുന്നത്. ചിലപ്പോഴെങ്കിലും വീടും കൂടും വിട്ട് കെട്ടുപാടുകളില്ലാത്ത എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യാൻ കൊതിക്കുന്ന ഒരു നാടോടി. നാടോടി എന്ന സ്വപ്നം ഒരു സത്യമായപ്പോൾ ആദ്യ യാത്ര സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ളതാവണം എന്ന് ഇരുവരും തീരുമാനിച്ചു.നാടോടി ലോഗോ വച്ച ടി -ഷർട്ടുകൾ പ്രിയ സുഹൃത്തും മൂവാറ്റുപുഴയിലെ എബിസി സ്പോർട്സ് ഉടമയുമായ സിംന ഷജീർ സ്പോൺസർ ചെയ്തു. കൂടെ കട്ട സപ്പോട്ടുമായി സുഹൃത്തുക്കളും.

വാഗമണിലേക്കായിരുന്നു നാടോടിയുടെ ആദ്യ യാത്ര. യാത്രാവിവരങ്ങൾ ഉൾപ്പെടുത്തി നാടോടിയുടെ ഫേസ്ബുക് പേജിൽ ഇട്ട പോസ്റ്ററിന് വളരെ നല്ല റെസ്പോൺസ് ആണ് കിട്ടിയത്. മറ്റ് ജില്ലകളിൽ നിന്നുള്ള ഒരുപാട് സ്ത്രീകൾ വിളിച്ചു. ലേഡീസ് ഒൺലി ട്രിപ്പ്‌ ആയിരുന്നിട്ടും പുരുഷന്മാരുടെ മികച്ച പിന്തുണ ഉണ്ടായിരുന്നതായും സജീവും മഞ്ജുഷയും പറയുന്നു.

TRAVEL-NADODI2

ആദ്യ യാത്ര ആയിരുന്നത് കൊണ്ട് തന്നെ റിസ്ക് ഒഴിവാക്കാൻ ഒരു ചെറിയ യാത്രയാണ് പ്ലാൻ ചെയ്തത്. അങ്ങനെ 26 പെണ്ണുങ്ങൾ ഒരുമിച്ച് ഓഗസ്റ്റ് 4 ന് കാക്കനാട് നിന്ന് വാഗമണിലേക്ക് ട്രിപ്പ്‌ പോയി. കൂട്ടുകാരും, വീട്ടമ്മമാരും, പല മേഖലകളിൽ ജോലിചെയ്യുന്ന സ്ത്രീകളും ഗ്രൂപ്പിൽ ഉണ്ടായിരുന്നു. ആ യാത്രയിൽ പങ്കെടുത്ത 8 വയസ്സുകാരിക്കും 68 വയസ്സുകാരിക്കും ഒരേ മനസ്സായിരുന്നു. ഒരു പുതിയ അനുഭവം തന്നെയായിരുന്നു ആ യാത്ര ഓരോരുത്തർക്കും. തന്റെ അമ്മയും ആ യാത്രയുടെ ഭാഗമായതിൽ സന്തോഷത്തേക്കാളെറെ അഭിമാനമാണുണ്ടായതെന്നും മഞ്ജുഷ. 

മഹാഗണിത്തോട്ടത്തിലെ കെണി

യാത്ര ചെറുതൊ വലുതോ ആകട്ടെ, പക്ഷേ അതിൽ നിന്നും ലഭിക്കുന്ന ഊർജ്ജവും അനുഭവസമ്പത്തും അളവറ്റതാണ്. ചിലത് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കും. അത്തരത്തിൽ ഒരു യാത്രയായിരുന്നു മലയാറ്റൂരിലെ മഹാഗണിത്തോട്ടത്തിലൂടെ നടത്തിയത്, അത് മഞ്ജുഷ തന്നെ പറയട്ടെ. 

ഭൂതത്താൻകെട്ട്-ഇടമലയാറൊക്കെ ഞങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. ഏറ്റവും സന്തോഷം കടൊച്ചകൾ കേട്ട് ഓരോ നിമിഷവും ആസ്വദിച്ചുള്ള യാത്രകൾ തന്നെയാണ്. ഇതിനിടയിൽ പറ്റുന്ന ചില അബദ്ധങ്ങളും ഉണ്ട്. ഓർക്കുമ്പോൾ ഇപ്പോഴും പേടി തോന്നുന്ന ഒരു സംഭവം ഞങ്ങളുടെ മഹാഗണിതോട്ടം യാത്രയ്ക്കിടയിൽ പറ്റിയ ഒരു അബദ്ധം ആണ്. മലയാറ്റൂരിനടുത്തുള്ള മഹാഗണിത്തോട്ടം കണ്ട് തിരിച്ചിറങ്ങി അവിടെയൊക്കെ കറങ്ങി നടന്നപ്പോൾ കാടിന് മുകളിലൂടെ പോകുന്ന ഒരു അക്വഡേറ്റ് കണ്ണിലുടക്കി.

ജലസേചനത്തിനായി ഉപയോഗിക്കുന്ന ചെറിയ കനാൽ പാലങ്ങളാണ് അക്വഡേറ്റ്. കാടിന് മുകളിലൂടെ പോകുന്ന ഒരു പാലം പോലെ തോന്നി അതിൽ കയറി കാടിന്റെ കാഴ്ച്ചകൾ കണ്ടു നടന്നു. ഗംഭീര കാഴ്ച്ചകൾ ആയിരുന്നു. കാട് വാരിയെടുത്തണിഞ്ഞ പല നിറങ്ങൾ കണ്ട്, അരുവി കണ്ട്, നിശബ്ദതയുടെ സംഗീതം ആസ്വദിച്ച് കുറെ നേരം അങ്ങനെ നടന്നു. മലകൾക്കിടയിലേക്ക് സൂര്യൻ മാഞ്ഞു പോകുന്ന കാഴ്ച്ച കണ്ട് അങ്ങനെ നിന്നു സമയം പോയത് അറിഞ്ഞില്ല.  തിരികെ വരുമ്പോൾ ഒരു കൂട്ടം നാട്ടുകാർ അവിടെ ഞങ്ങളേയും കാത്ത് നിൽപ്പുണ്ടായിരുന്നു. കുറേയെറെ ചോദ്യങ്ങൾ കേട്ടപ്പോൾ സദാചാരക്കാരാണ് എന്നാണ് ആദ്യം തോന്നിയത്. എന്നാൽ പുലിയിറങ്ങുന്ന പ്രദേശമാണെന്നും ഇതിനകത്ത് ചെല്ലാൻ പാടില്ലായിരുന്നുമൊക്കെ പിന്നീടാണ് മനസ്സിലായത്. 

TRAVEL-NADODI4

കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളിൽ  പണി കിട്ടിയ യാത്രയായിരുന്നു പഴനി-മധുര-രാമേശ്വരം യാത്ര. പഴനി വരെ എന്നും പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും അവിടെ എത്തിയപ്പോൾ മധുരയ്ക്ക് പോവാൻ ഒരു കൊതി. ലോക്കൽ ബസിന് മധുരയ്ക്ക് വിട്ടു. മധുര  കണ്ടപ്പോൾ പിന്നെ രാമേശ്വരം-ധനുഷ്‌കോടി പോകണം എന്നായി. ഓഖ എക്സ്പ്രെസ്സിൽ കേറി നേരെ രാമേശ്വരത്തേക്ക് വിട്ടു. പാമ്പൻ പാലത്തിന് മുകളിലൂടെ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴുള്ള ഒരു അനുഭവം പറഞ്ഞറിയിക്കാനാവില്ല. ആ കടലിന്റെ കാഴ്ച്ച അത് ഒരു ഗംഭീര കാഴ്ച്ച തന്നെയാണ്. രാമേശ്വരം എത്തിയപ്പോഴേക്കും കുഞ്ഞുങ്ങൾക്ക് ഫുഡ്‌ ഇൻഫെക്ഷൻ ആയി. പാതി രാത്രി ഛർദിച്ചു അവശരായ കുഞ്ഞുങ്ങളേം കൊണ്ട് രാമേശ്വരത്തെ ഒരു ഗവണ്മെന്റ് ആശുപത്രിയിൽ പോയ അനുഭവം മറക്കാൻ പറ്റില്ല. ഒരു വൃത്തിയും, സൗകര്യവുമില്ലാത്ത ആശുപത്രി. മോശം അവസ്ഥയിൽ തുരുമ്പ് പിടിച്ച കട്ടിലുകളിൽ കിടക്കുന്ന രോഗികൾ. ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ നാട്ടിലാണ് ഈ അവസ്ഥ എന്നോർത്തപ്പോൾ വളരെ സങ്കടം തോന്നി. അവിടെ നിന്ന് ഒരു ടാക്സി വിളിച്ച്  മധുരയിൽ എത്തി അവിടെ കഞ്ഞുങ്ങളെ ഹോസ്പിറ്റലിൽ കാണിച്ച് ഉടനെ കൊച്ചിയ്ക്ക് വണ്ടി പിടിച്ചു.

സ്വപ്നം ഭാരത പര്യടനം

കെട്ടുമ്പോൾ നമ്മളെക്കാളും വട്ടുള്ളൊരാളെ തന്നെ കെട്ടണം. നമ്മളെക്കാൾ വട്ടുള്ളവർക്കേ നമ്മുടെ കൊച്ചു കൊച്ചുവട്ടുകൾക്ക് പിന്നാലെ ഇഷ്ടത്തോടെ നടക്കാൻ പറ്റൂ എന്നാണ് മഞ്ജുഷയുടെ തത്വം. കുഞ്ഞുങ്ങളുമായി ബൈ റോഡ് ഒരു ഓൾ ഇന്ത്യ ട്രിപ്പ്‌ പോകണം എന്നുള്ളതാണ് ഇവരുടെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ ആദ്യ കടമ്പകൾ കടക്കാനൊരുങ്ങുകയാണ്ടവർ. ഇന്ത്യ മുഴുവൻ കണ്ട് കഴിഞ്ഞാൽ ഭൂട്ടാനും, നേപ്പാളും കൂടിയുണ്ട് ഇവരുടെ ലിസ്റ്റിൽ.

ശ്രദ്ധിക്കുക

നാടോടിയുടെ അടുത്ത ലേഡീസ് ഒൺലി വൺഡേ ട്രിപ്പ് ഈ ഡിസംബർ 29 ന് മലക്കപ്പാറയിലേയ്ക്കാണ്, അതും ആനവണ്ടിയിൽ.താൽപര്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ ആരായാം.

മഞ്ജുഷ- 6238295190.

പെൺയാത്രകൾ മാത്രമല്ല, പല പല തീമിലുള്ള യാത്രകൾ നാടോടി സംഘടിപ്പിക്കുന്നുണ്ട്. ഒരു യൂട്യൂബ് ചാനലും നാടോടിക്ക് ഉണ്ട്. 

തന്റെ ഒറ്റയ്ക്കുള്ള പെൺയാത്രകളിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ യാത്ര ഷൊർണ്ണൂർ-നിലമ്പൂർ പാസ്സൻഞ്ചർ യാത്രയാണെന്ന് മഞ്ജുഷ. യാത്രകളിൽ തുറിച്ചുനോട്ടങ്ങൾ ഒരു പ്രശ്നമായി തോന്നിയിട്ടില്ലെന്നും ഇതുവരെ എടുത്ത് പറയത്തക്ക  ദുരനുഭവങ്ങളും ഒന്നുമുണ്ടായിട്ടില്ലെന്നും പറഞ്ഞ മഞ്ജുഷ യാത്രകളിൽ ഉപയോഗിക്കാൻ പറ്റിയ   വൃത്തിയുള്ള റസ്റ്റ്‌-റൂമുകൾ ഇല്ലാത്തത് വളരെ പ്രയാസമേറിയ കാര്യമാണെന്നും അഭിപ്രായപ്പെട്ടു.

കെട്ടിയോനും കെട്ടിയോളും യാത്രകൾ ഇനിയും നടത്തട്ടെ, അവരുടെ യാത്രകളിൽ  നാടോടിയിലൂടെ നമുക്കോരോരുത്തർക്കും പങ്കാളികളാകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA