ADVERTISEMENT

സീസണ്‍ ഏതായാലും സൗന്ദര്യം അല്‍പ്പം പോലും ചോര്‍ന്നു പോകാത്ത മനോഹര ഭൂമിയാണ്‌ ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലുള്ള പഹല്‍ഗാം. കണ്ണിനും കാതിനും ഉത്സവമൊരുക്കുന്ന ഹൃദ്യാനുഭവങ്ങളാണ് ഇവിടെയുള്ളത്. പച്ച പുതച്ച്, ഹിമവാന്‍ അതിരിടുന്ന പഹല്‍ഗാമില്‍ സഞ്ചാരികളെ കാത്ത് നിരവധി കാര്യങ്ങളുണ്ട്.

മുഗൾ ഭരണാധികാരികളാണ് മധ്യകാലഘട്ടത്തിൽ ഈ പ്രദേശം ഭരിച്ചിരുന്നത്. പിന്നീടിത് പ്രാദേശിക ഹിന്ദു ഭരണാധികാരികൾ ഭരിച്ച കശ്മീർ രാജ്യത്തിന്റെ ഭാഗമായി. ഈ നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷ് കാലഘട്ടത്തിലും സ്വതന്ത്രമായി നിലനിന്നിരുന്നു, പിന്നീടവ സ്വതന്ത്ര ഇന്ത്യയിൽ ലയിച്ചു.

 

pahalgam

ആദ്യമായി ഇവിടെയെത്തുമ്പോള്‍ തന്നെ ചെറിയ വീടുകളും കടുകു പാടങ്ങളും കുങ്കുമപ്പൂക്കള്‍ നിറഞ്ഞ പച്ചപ്പാടങ്ങളുമാണ് എതിരേല്‍ക്കുക. മീന്‍ പിടിക്കാനും ട്രെക്കിംഗിനുമൊക്കെ പോകാന്‍ നിരവധി സ്ഥലങ്ങളുണ്ട് ഈ പര്‍വ്വത പ്രദേശത്ത്. മഞ്ഞത്ത് ഗോള്‍ഫ് കളിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനും ഇവിടെ സൗകര്യമുണ്ട്. ഇവിടത്തെ ഏറ്റവും ജനപ്രിയമായ വിനോദമാണ്‌ സാഹസിക ട്രെക്കിങ്. അരു എന്ന മനോഹരമായ ഗ്രാമത്തിലൂടെ കൊലഹോയ്‌ ഹിമാനികള്‍ക്ക് മുകളിലൂടെ ട്രെക്കിങ് യാത്ര ചെയ്യാം. കുറച്ച് ഉയരത്തിലേക്ക് പോയാല്‍ ആൽപൈൻ സ്കീയിംഗ് പോലുള്ളവ ചെയ്യാം. ക്യാമ്പിംഗ്, സ്കീയിംഗ് ഉപകരണങ്ങള്‍ ഇവിടെ എല്ലായ്പ്പോഴും ലഭ്യമാണ്. 

 

പഹൽഗാമിലേക്കുള്ള യാത്രാമധ്യേ മനോഹരമായ ലിഡർ വാലിയിലൂടെ മാട്ടാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. നീരുറവകൾക്കും ഐഷ്മുക്കം മലയോര ഗുഹ ആരാധനാലയത്തിനും ഏറെ പേരുകേട്ട സ്ഥലമാണിത്. ലിഡര്‍ നദിയിലെ മീന്‍പിടിത്തവും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മാർച്ച് മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് പഹൽഗാം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വേനൽക്കാലത്ത് അമർനാഥ് ഗുഹകളിലേക്കുള്ള വിശുദ്ധ യാത്ര നടക്കുന്നതിനാല്‍ ഇവിടെ ധാരാളം സഞ്ചാരികള്‍ എത്തുന്നു. മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലസമയത്ത് ട്രെക്കിംഗ്, വിനോദങ്ങള്‍ മുതലായവക്ക് അനുയോജ്യമാണെങ്കിലും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ മാസങ്ങളിലാണ് സാഹസിക വിനോദങ്ങളുടെ സമയം. 

 

അരു വാലി, ബേതാബ് വാലി, ചന്ദന്‍വാരി, മാമലേശ്വര ക്ഷേത്രം മുതലായവയാണ് സന്ദര്‍ശിക്കാന്‍ പറ്റുന്ന മറ്റു പ്രധാന സ്ഥലങ്ങള്‍. പഹൽഗാമിൽ നിന്ന് 255 കിലോമീറ്റർ അകലെയുള്ള ജമ്മുവാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്നും ടാക്‌സികളിലോ ബസുകളിലോ സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ടാക്സികൾക്കുള്ള നിരക്ക് ഏകദേശം 3,000 രൂപയാണ്. പഹൽഗാമിൽ നിന്ന് 95 കിലോമീറ്റർ അകലെയുള്ള ശ്രീനഗറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com