ADVERTISEMENT

2013ൽ ഉണ്ണികൃഷ്ണൻ നാരായണൻ എന്ന ഇരുപത്തിയഞ്ചുകാരൻ നാൽപ്പതിനായിരം രൂപ മാസശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യാത്ര ചെയ്യാൻ തീരുമാനിച്ചപ്പോൾ പിന്തിരിപ്പിക്കാൻ നിരവധി പേരുണ്ടായിരുന്നു. എന്നാൽ, ശീതികരിച്ച മുറിയിലിരുന്നു ടാർഗറ്റ് പൂർത്തിയാക്കി മാസശമ്പളം വാങ്ങുന്നതിനെക്കാൾ, ദിവസത്തെയും സമയത്തെയും കുറിച്ചുള്ള ആകുലതകളില്ലാതെ യാത്ര ചെയ്യുന്നതിലായിരുന്നു ഉണ്ണികൃഷ്ണനു സന്തോഷം. അതിനാൽ, ഉണ്ണികൃഷ്ണന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.

unni-travel8

ജോലി രാജി വച്ച് നേരെ ഉത്തരാഖണ്ഡിലേക്ക് വണ്ടി പിടിച്ചു. മൂന്നു മാസം നീണ്ട ഉത്തരാഖണ്ഡ് യാത്രയ്ക്കു ശേഷം ഉണ്ണികൃഷ്ണൻ ഒന്നുറപ്പിച്ചു, യാത്ര തന്നെ ജീവിതം. അതിനു തടസമുണ്ടാക്കാത്ത ജോലി വേണം. അങ്ങനെയാണ് ഉണ്ണികൃഷ്ണൻ നാരായണൻ എന്ന യുവാവ് പൂജാരിയായത്. വൈക്കത്തിനടത്തുള്ള ആയാങ്കുടി മഹാദേവക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇപ്പോൾ ഉണ്ണികൃഷ്ണൻ. ഓഫ് റോഡ് ബൈക്ക് റൈഡിങ് ഭ്രമമുള്ള സഞ്ചാരിയായ പൂജാരി.

ജീവിതം മാറ്റി മറിച്ച ഉത്തരാഖണ്ഡ് യാത്ര

കൊച്ചിയിലെ ഇൻഫോ പാർക്കിലായിരുന്നു ജോലി. സത്യത്തിൽ വലിയ വിഷാദാവസ്ഥയാണ് ജോലി നൽകിയത്. അങ്ങനെയാണ് ജോലി വിടുന്നത്. നേരെ പോയത് ഉത്തരാഖണ്ഡിലേക്കായിരുന്നു. കാൽനടയായി ഉത്തരാഖണ്ഡ് മുഴുവൻ കറങ്ങി. ഗൗരവമായ യാത്രകളുടെ തുടക്കം അവിടെ നിന്നാണ്. 18 വയസു മുതൽ യാത്രകൾ ചെയ്യുമായിരുന്നു. ലൈസൻസ് കിട്ടിക്കഴിഞ്ഞപ്പോൾ മുതൽ ബൈക്കിലുള്ള കറക്കങ്ങൾ തുടങ്ങി. കേരളത്തിലുള്ള അത്യാവശ്യം ഓഫ് റോഡ് വഴികളൊക്കെ സഞ്ചരിച്ചു.

unni-travel6

പക്ഷെ, അതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ഉത്തരാഖണ്ഡ് യാത്ര. സ്വന്തം വഴി കണ്ടെത്തിയ യാത്ര എന്നൊക്കെ പറയാവുന്ന തരത്തിലൊരു അനുഭവമായിരുന്നുവത്. ഏകദേശം 90 ദിവസം കൊണ്ട് ഉത്തരാഖണ്ഡ് നടന്നു കണ്ടു. വലിയ പണച്ചെലവൊന്നും ആ യാത്രയ്ക്ക് വേണ്ടി വന്നില്ല. ക്ഷേത്രങ്ങളിലോ ആശ്രമങ്ങളിലോ രാത്രി തങ്ങും. അവിടെ നിന്നു കിട്ടുന്ന ഭക്ഷണം കഴിക്കും. പിന്നീടാണ് ഞാൻ ചെയ്തത് ഹിച്ച്ഹൈക്കിങ് (hitch-hiking) ആണെന്ന് തിരിച്ചറിഞ്ഞത്.

നീണ്ട അവധി തരുന്ന ജോലി

unni-travel5

ഉത്തരാഖണ്ഡിൽ നിന്ന് തിരിച്ചപ്പോൾ തന്നെ യാത്രകൾ ഇനിയും തുടരണമെന്നു തീരുമാനിച്ചിരുന്നു. അതിനു സഹായിക്കുന്ന ഒരു ജോലിയായിരുന്നു അന്വേഷിച്ചത്. കുടുംബപരമായി പൂജാകർമങ്ങൾ ചെയ്യുന്നവരാണ് ഞങ്ങൾ. അച്ഛൻ പൂജാരി ആയിരുന്നു. കുലത്തൊഴിൽ ഇതാണെന്നു പറയാം. മറ്റു ജോലികളിൽ യാത്ര ചെയ്യാൻ നീണ്ട അവധി കിട്ടുന്നത് പ്രയാസകരമാണ്. അതുകൊണ്ടാണ് അത്തരം ജോലികൾ വിട്ട് കുലത്തൊഴിൽ സ്വീകരിച്ചത്.

unni-travel9

ആദ്യം മറ്റൊരു ക്ഷേത്രത്തിലായിരുന്നു. രണ്ടു വർഷം മുൻപാണ് ആയാങ്കുടി മഹാദേവക്ഷേത്രത്തിലേക്ക് വരുന്നത്. യാത്രകൾ പോകുമ്പോൾ എനിക്കു പകരം മറ്റൊരാളെ പൂജാകർമങ്ങൾ ഏൽപിച്ചാണ് പോകുക. മറ്റു ജോലിയിലൊന്നും ഇങ്ങനെ ഏൽപിച്ചു പോകൽ സാധിക്കില്ലല്ലോ!

unni-travel4

ബൈക്കിൽ ഇന്ത്യൻ പര്യടനം

രണ്ടു വർഷം മുൻപാണ് ബൈക്കിൽ ഇന്ത്യൻ പര്യടനത്തിന് ഇറങ്ങിത്തിരിച്ചത്. തീരദേശം പിടിച്ചായിരുന്നു യാത്ര തുടങ്ങിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് അങ്ങനെ കയറി കശ്മീർ കടന്ന് ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിലേക്കു വന്നു. അവിടെ നിന്ന് നേപ്പാളിലേക്കു പോയി.

unni-travel11

അവിടെ നിന്ന് 28 ദിവസം നീണ്ടു നിന്ന അന്നപൂർണ സർക്യൂട്ട് ഓഫ് റോഡ് ബൈക്ക് യാത്ര. മൊത്തം യാത്ര ചെയ്യാൻ 120 ദിവസമെടുത്തു. അന്നപൂർണ സർക്യൂട്ട് യാത്രയിൽ എനിക്കൊപ്പം തിരുവനന്തപുരത്തു നിന്നുള്ള അംജദ് എന്ന റൈഡർ സുഹൃത്തുമുണ്ടായിരുന്നു. രണ്ടു ബൈക്കിലാണ് ഞങ്ങൾ പൊഖ്റയിൽ നിന്ന് അന്നപൂർണയിലേക്ക് പോയത്.

ബൈക്ക് യാത്ര അതിസാഹസികം

unni-travel3

നമ്മുടെ അഗസ്ത്യാർകൂടം പോലെ നേപ്പാളിലെ ഒരു മലനിരയാണ് അന്നപൂർണ. ട്രെക്കിങ് ചെയ്യുന്നവരുടെ പറുദീസ എന്നറിയപ്പെടുന്ന സ്ഥലം. അന്നപൂർണയിലെ സസ്യജാലങ്ങൾ മുഴുവനും വലിയ ഔഷധഗുണമുള്ളതാണ്. അവിടത്തെ അരുവികളിലെ വെള്ളം കുടിച്ചാൽ പോലും അതിന്റെ വ്യത്യാസം അനുഭവിച്ചറിയാൻ കഴിയും. ട്രെക്കിങ് ചെയ്യാനും വലിയ ബുദ്ധിമുട്ടാണ് ഇവിടെ. നടന്നു കയറാൻ തന്നെ ബുദ്ധിമുട്ടുള്ള ഈ സ്ഥലത്തേക്കാണ് ബൈക്കിൽ ഞങ്ങളെത്തുന്നത്.

unni-travel1

ഓഫ് റോഡ് യാത്ര എപ്പോഴും എനിക്ക് ഹരമായിരുന്നു. അതുകൊണ്ട് അന്നപൂർണ സർക്യൂട്ട് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. പലയിടത്തും ചെങ്കുത്തായ കയറ്റങ്ങളൊക്കെയുണ്ട്. തുടർച്ചയായി ബൈക്കിൽ പോകാൻ കഴിയില്ല. ബൈക്കിലും നടന്നുമൊക്കെയാണ് യാത്ര പൂർത്തിയാക്കിയത്. മുഴുവൻ സ്ഥലങ്ങളിലേക്കും ബൈക്ക് എത്തിക്കാൻ പറ്റില്ല. അവിടേക്ക് കാൽനടയായി എത്തുന്നവർ ബൈക്കിൽ പോകുന്ന ഞങ്ങളെ കണ്ട് കൗതുകത്തോടെ അടുത്തു വന്നു സംസാരിക്കും. ചില വിദേശികളായ യാത്രികർ ഞങ്ങൾക്ക് സമ്മാനമൊക്കെ നൽകി. 

തിരക്കില്ലാത്ത യാത്രകൾ

അന്നപൂർണ സർക്യൂട്ട് 28 ദിവസമെടുത്താണ് പൂർത്തിയാക്കിയത്. സത്യത്തിൽ അതു നടന്നു കയറാൻ ഇത്രയും ദിവസങ്ങളുടെ ആവശ്യമില്ല. പക്ഷേ, ഞങ്ങൾ കുറച്ചു ദൂരം സഞ്ചരിച്ച് അവിടെ ടെന്റ് കെട്ടി താമസിക്കും. അതിനടുത്തുള്ള സ്ഥലങ്ങൾ എല്ലാം നടന്നു കാണും. ഭക്ഷണമെല്ലാം തനിയെ ഉണ്ടാക്കി കഴിക്കുകയായിരുന്നു.

unni-travel7

ചെറിയൊരു സ്റ്റൗ കയ്യിൽ കരുതിയിരുന്നു. പോകുന്ന വഴികളിലൊന്നും വഴിവിളക്കൊന്നും ഇല്ല. അതിനാൽ നല്ലപോലെ നേരം വെളുത്തിട്ടാണ് യാത്ര തുടങ്ങുക. ഏകദേശം മൂന്നു നാലു മണിയോടെ എവിടെയങ്കിലും തമ്പടിക്കും. പിന്നെ ഭക്ഷണം ഉണ്ടാക്കി കഴിച്ചു വിശ്രമിക്കും. ചെറിയ ഗ്രാമങ്ങൾ നിരവധിയുണ്ട് ഈ വഴികളിൽ. പാചകത്തിനുള്ള സാധനങ്ങൾ ഇവിടെ നിന്നു കിട്ടും. അവിടെയുള്ളവർക്ക് ഇംഗ്ലിഷും ഹിന്ദിയും അറിയാം. അതിനാൽ ആശയവിനിമയത്തിന് ബുദ്ധിമുട്ടിയില്ല.

തേൻ ശിക്കാരികൾക്കൊപ്പം 

അന്നപൂർണ യാത്രക്കിടയിൽ നേപ്പാളിലെ പുരാതന ഗോത്രവിഭാക്കാരായ ഗുരുങ് ഗോത്രവംശജർക്കൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിക്കാൻ കഴിഞ്ഞു. കിഴക്കാംതൂക്കായ മലഞ്ചെരിവുകളിൽ നിന്ന് തേൻ ശേഖരിക്കുന്ന ശിക്കാരികളാണ് ഇവർ. അതിസാഹസികമായാണ് ഇവർ തേൻ ശേഖരിക്കുന്നത്. മുള കൊണ്ട് ഏണിയുണ്ടാക്കി അതു കെട്ടിയിട്ട് അതിൽ തൂങ്ങിക്കിടന്നാണ് തേൻ എടുക്കുന്നത്.

അവരുടെ കൂടെ തേനെടുക്കുന്നത് കാണാൻ പോകാൻ കഴിഞ്ഞു. അതൊരു ഭയങ്കര അനുഭവമായിരുന്നു. ഒരു സുരക്ഷാക്രമീകരണവും ഇല്ലാതെയാണ് ഇവർ തേൻ എടുക്കുന്നത്. പ്രകൃതിയുമായി അത്രയും ഇടപെഴുകി ജീവിക്കുന്നവർ ആയതുകൊണ്ട് അവർ സ്വാഭാവികമായി അതു ചെയ്യുന്നു.

മരണത്തെ മുന്നിൽ കണ്ടപ്പോൾ

ഒരു റിവർ ക്രോസിങ് ചെയ്തതാണ് ഈ യാത്രയിലെ മറ്റൊരു മറക്കാനാവാത്ത സംഭവം. ബൈക്കിൽ ഒരു ചെറിയ പുഴ മുറിച്ചു കടക്കണമായിരുന്നു. ഞങ്ങൾ പുഴയിലേക്ക് ബൈക്കുമായി ഇറങ്ങുമ്പോൾ ജലനിരപ്പ് സാധാരണ നിലയിലായിരുന്നു. പക്ഷേ, ഏതാണ്ട് മധ്യഭാഗത്ത് എത്തിയപ്പോൾ പുഴയിലെ നീരൊഴുക്ക് കൂടി. ഒരു വലിയ പാറ ഒഴുകി വന്നു ബൈക്കിൽ തട്ടി നിന്നു. വണ്ടി അവിടെ കുടുങ്ങിയ അവസ്ഥയിലായി.

unni-travel10

ഒഴുക്കിൽപ്പെട്ട് മരിച്ചു പോകുമോ എന്നു പോലും തോന്നി. വല്ലാത്ത നിമിഷങ്ങളായിരുന്നു അത്. മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ! അംജദ് എന്ന എന്റെ സഹയാത്രികൻ കൃത്യസമയത്ത് സഹായിച്ചില്ലായിരുന്നെങ്കിൽ ആ ഒഴുക്കിൽപ്പെട്ട് ഞാൻ മരിച്ചുപോകുമായിരുന്നു. 

ധ്രുവദീപ്തി കാണുക എന്ന സ്വപ്നം

ഉത്തരധ്രുവത്തിലേക്ക് യാത്ര പോവുക എന്നത് എക്കാലത്തെയും വലിയ സ്വപ്നമാണ്. ധ്രുവദീപ്തി നേരിട്ട് കാണണം എന്നാണ് ആഗ്രഹം. ഫ്യുയ്റാവൽ സംഘടിപ്പിക്കുന്ന പോളാർ എക്സ്പെഡിഷനിൽ പങ്കെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അധികമാരും എത്തിച്ചേരാത്ത ഇടങ്ങൾ അന്വേഷിച്ചുള്ള യാത്ര തന്നെയാണ് പരമമായ ലക്ഷ്യം. അതു തുടർന്നുകൊണ്ടേയിരിക്കും, ഉണ്ണികൃഷ്ണൻ തന്റെ ജീവിതത്തിന്റെ റൂട്ട് മാപ്പ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com