sections
MORE

ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലങ്ങളിലൊന്നാണിവിടം

cherrapunji-4
SHARE

മഴയുടെ തണുപ്പും പഴക്കവുമുണ്ട് ചിറാപുഞ്ചി എന്ന പേരിന്. ജൂണിൽ മഴയിലൂടെ നനഞ്ഞ് കുഞ്ഞുകുട വരാന്തയിൽ ഒതുക്കിവച്ച് ക്ലാസിലിരിക്കുമ്പോൾ മുതൽ നാമെല്ലാം കേട്ട പേര്. ലോകത്ത് ഏറ്റവും കൂടുതൽ മഴപെയ്യുന്ന സ്ഥലമേതെന്ന ടീച്ചറുടെ ചോദ്യത്തിന് കണ്ണടച്ച് എഴുതിയ ഉത്തരങ്ങളിലൊന്ന്... സ്കൂൾകാലം തൊട്ടേ മോഹിപ്പിക്കുന്ന ചിറാപുഞ്ചിയുടെ ആർദ്രതയറിയാനാണ് ഈ യാത്ര. പക്ഷേ, മഴയോളം ഉള്ളിലേക്കെത്തിയ മറ്റു ചില കാഴ്ചകളാണ് ചിറാപുഞ്ചി ഒരുക്കിവച്ചിരുന്നത്. ശ്വസിക്കുന്ന, തളിർക്കുന്ന, പൂക്കുന്ന പാലങ്ങളിൽ നടക്കാം. കുന്നിൻമുകളിലെ സമുദ്രാന്തർഗുഹയിലെ അരുവിയിൽ കാൽതൊടാം..

നിലംതൊടാ ജലപാതം

ലോകത്തിലെ ഏറ്റവും നനവേറിയ സ്ഥലമെന്ന് ഒരിക്കൽ വിഖ്യാതി നേടിയ ചിറാപുഞ്ചിയിൽ എത്തുമ്പോൾ ആദ്യകാഴ്ച ഒരു വെള്ളച്ചാട്ടമായിരുന്നു. നമ്മുടെ അതേ ഉയരത്തിൽനിന്നു വീഴുന്ന േനർത്തുനീണ്ടൊരു ജലപാതം. താഴോട്ടു കാഴ്ചയില്ല. വെള്ളച്ചാട്ടത്തിന്റെ ഉദ്ഭവം തൊടാനെന്നവണ്ണം താഴെ നിന്നു പൊങ്ങി വരുന്നുണ്ട് മ‍ഞ്ഞ്. മഴമേഘങ്ങൾ യാത്ര പറഞ്ഞെങ്ങോ പോയിരുന്നു. നീണ്ട കരച്ചിലിനൊടുവിൽ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ചിരിപോലെ, ഇടയ്ക്കിടെ പെയ്യുന്ന ചെറുചാറ്റൽ മഴയിലും ആകാശം തെളിഞ്ഞു ചിരിച്ചു.

cherrapunji-3

‘‘കഴിഞ്ഞ പതിനാലു ദിവസവും നിർത്താതെ മഴ പെയ്യുകയായിരുന്നു. ഇന്നാണു മാനംതെളിഞ്ഞത്’’, ഹോംസ്റ്റേയിലെ പയ്യൻ പറഞ്ഞു. ആ രണ്ടാഴ്ചയിലെ മഴയാണ് ബാക്കിയാവാതെ അങ്ങു താഴെക്കാണുന്ന ബംഗ്ലദേശ് സമതലങ്ങളിൽ െവള്ളപ്പൊക്കമായി മാറിയത്. ബംഗ്ലദേശിലൂടെയെത്തുന്ന കാറ്റിനെ തടഞ്ഞുനിർത്തി മഴപെയ്യിച്ച് അങ്ങോട്ടുതന്നെ ജലമൊഴുക്കി മാതൃക കാണിക്കുന്ന പ്രദേശമാണ് സോഹ്റ എന്ന ചിറാപുഞ്ചി.

ചിറാപുഞ്ചിയിൽ വൈരുധ്യങ്ങളേറെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലങ്ങളിലൊന്നാണെങ്കിലും ജലദൗർലഭ്യമുണ്ടിവിടെ. മലയിടുക്കുകളിൽ കാണുന്ന ചോലക്കാടും വരണ്ട കാടുകളിൽ കാണപ്പെടുന്ന ചെടികളും ഒരുപോലെ വളരുന്നിടം.  സാധാരണഗതിയിൽ നമുക്ക് അപ്രാപ്യമായത് പർവതനിരകളും മറ്റ് ഉയരമുള്ള ഇടങ്ങളുമാണല്ലോ ..എന്നാൽ ഇവിടെയത് ആഴങ്ങളാണ്. അതായത് ചിറാപുഞ്ചിയിൽ നാം നിൽക്കുക കുന്നിൻമുകളിലാണ്. വെള്ളച്ചാട്ടങ്ങളുടെ ഉദ്ഭവത്തിൽ നമുക്കെത്താം. പക്ഷേ, പതനം കാണുക ബുദ്ധിമുട്ടാണ്. ഈ പ്രകൃതിയാണു വരൾച്ചയ്ക്കും കാരണം. അവിടെ പെയ്യുന്ന മഴയൊന്നാകെ ബംഗ്ലദേശ് സമതലങ്ങളിലേക്കു കുത്തിയൊലിച്ചു പായും.

cherrapunji-2

സോഹ്റ എന്നാണു മേഘാലയ സംസ്ഥാനത്തിലെ ഈ സ്ഥലത്തിന്റെ ആദ്യ പേര്. പിന്നീട് ചിറാപുഞ്ചിയായി. വീണ്ടും േസാഹ്റ എന്നു പേരു മാറ്റി.. ഗുവാഹത്തിയിൽനിന്നു സുഹൃത്തിന്റെ കാറിനാണ് ചിറാപുഞ്ചിയിലേക്കുള്ള യാത്ര. ഷില്ലോങ്ങിനടുത്തുള്ള ഉമിയാം എന്ന തടാകത്തിന്റെ കാഴ്ച മനോഹരം. മെയ്‌ലിം, മവ്ക്ഡോക് എന്നീ ചെറുഗ്രാമങ്ങൾ താണ്ടി മാലിന്യങ്ങൾ കാണപ്പെടാത്ത സുന്ദരമായ വഴിയാണ് ഏതാണ്ട് പീഠഭൂമി എന്നു പറയാവുന്ന സോഹ്റയിലെത്തിക്കുന്നത്. മേഘാലയ സംസ്ഥാനത്തിലെ ഖാസി മലനിരകളിൽ 4869 അടി ഉയരത്തിലാണ് സോഹ്റ എന്ന ചെറിയ അങ്ങാടി സ്ഥിതിചെയ്യുന്നത്. വാഗമണ്ണിലേതു പോലെ പച്ചയണിഞ്ഞ കുന്നുകളാണ് ചുറ്റും. പക്ഷേ, മേൽപ്പറഞ്ഞ താഴ്ചകൾ അല്ലെങ്കിൽ മലയിടുക്കുകൾ കുന്നുകളുടെ തുടർച്ചയെ ഭേദിക്കുന്നു. അങ്ങുതാഴെ ബംഗ്ലദേശ് സമതലങ്ങൾ. ബംഗാൾ ഉൾക്കടലിൽനിന്നെത്തുന്ന മൺസൂൺ കാറ്റിനെ തടുത്തുയർത്തി മഴപെയിക്കുന്നത് ഈ മലയിടുക്കുകളും നിരകളുമാണ്. ഈ മലയിടുക്കുകൾ ഫണലുകൾപോലെ കാറ്റിനെ ഉൾക്കൊള്ളുമത്രേ.

ഒരു വർഷം ശരാശരി 11777 മില്ലിമീറ്ററാണ് കിട്ടുന്ന മഴയെന്നു കണക്കുകൾ. കേരളത്തിനു കിട്ടുന്നതിന്റെ ഏതാണ്ടു നാലിരട്ടി. 1861 ൽ ചിറാപുഞ്ചിയിൽ പെയ്ത മഴ ഗിന്നസ്ബുക്കിനെ വരെ നനയിച്ചു. ഒരു പ്രദേശത്ത് ഒരു വർഷം ലഭിക്കുന്ന പരമാവധി മഴയാണിത്. ഒരു മാസത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞതിനുള്ള റെക്കോർഡും ചിറാപുഞ്ചിക്കുതന്നെ (ജൂലൈ 1861, 9300 മില്ലീമീറ്റർ). പക്ഷേ, ഇപ്പോൾ സോഹ്റയ്ക്കു വെള്ളിമെഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടിവരുന്നു. തൊട്ടടുത്തുള്ള മൗസിൻട്രാം ആണ് ലോകത്തിലേറ്റവും മഴ കിട്ടുന്ന സ്ഥലം. എങ്കിലും ലോകത്തെ ഏറ്റവും നനവേറിയ സ്ഥലമെന്ന ബോർ‍ഡ് നിൽപ്പുണ്ട് സോഹ്റയിൽ ഇപ്പോഴും.

സോഹ്റയിലെ ഓർമക്കോലങ്ങൾ

‍‍ഡേ ക്ലൗഡ് എന്ന ചെറിയൊരു ഗസ്റ്റ് ഹൗസിൽ റൂമെടുത്ത ശേഷം കറങ്ങാനാരംഭിച്ചു. വിശാലമായ പുൽമേടുകൾക്കിടയിൽ കെട്ടിടങ്ങൾ അപൂർവമാണ്. പക്ഷേ, ഖനികൾ കൊണ്ടു മുറിവേറ്റ കുന്നുകൾ ധാരാളമുണ്ട്. കെട്ടിടങ്ങളെല്ലാം വികൃതമായി രൂപകൽപ്പന ചെയ്തവയാണ്.. പണിപൂർത്തിയായ കെട്ടിടങ്ങൾ ചുരുക്കം. പഴയരീതിയിൽ പണിത കെട്ടിടങ്ങൾ നോംഗ്സ്‍വില്ലയിലെ പള്ളിക്കടുത്തു കണ്ടു. തൊട്ടടുത്തുള്ള കുന്നിൻമുകളിൽ മഞ്ഞിനിടയിലൂടെ ചില ഓർമക്കോലങ്ങൾ, തെളിഞ്ഞുവന്നു.. വാഹനം അങ്ങോട്ടുവിട്ടു.

cherrapunji-1

സോഹ്റയൊന്നാകെ കാണാവുന്ന ഒരു കുന്ന്. 1845 ലെ പ്രെസ്ബൈറ്റീരിയൻ സെമിത്തേരിയാണിത്. ഖാസി മലനിരകളിൽ സുവിശേഷത്തിനെത്തിയ ആദ്യ മിഷനറിമാരുടെതാണ് ഇവ. സന്ധ്യയ്ക്ക് ഈ പരേതാത്മാക്കളോടു സൊറ പറഞ്ഞിരിക്കാൻ നല്ല രസമാണ്. ചിറാപുഞ്ചിയിലും സമീപത്തും താമസിക്കുന്ന ജനവിഭാഗമാണ് ഖാസികൾ. അവരുടെ പേരു തന്നെയാണ് മലനിരകൾക്കും. ഇപ്പോഴും മരുമക്കത്തായസമ്പ്രദായം പിന്തുടരുന്നവരാണു ഖാസികൾ. അതുെകാണ്ടുതന്നെ സ്ത്രീകൾക്ക് വലിയ സ്വാതന്ത്രമുണ്ട്. വിവാഹത്തിൽ വരെ സ്വതാൽപര്യം സംരക്ഷിക്കാറുള്ള ഖാസി വനിതകൾ തന്നെയാണു സോഹ്റയുടെ പല മേഖലകളിലും മുന്നിട്ടുനിൽക്കുന്നത്. കടകളിലും ഹോട്ടലുകളിലും പ്രധാനറോൾ ഇവരുടേതാണ്.

കൃഷിയാണു മുഖ്യവരുമാനം. മുന്തിയ ഇനം ആപ്പിളും ഓറഞ്ചും ചിറാപുഞ്ചിയുടെ പ്രത്യേകതകളാണ്. ഓറഞ്ചിന്റെ നാട് എന്നാണത്രേ ചിറാപുഞ്ചി എന്ന പേരിന്റെ അർഥം. പൊതുഗതാഗതസൗകര്യം കുറവാണ്. മാരുതി ആൾട്ടോയാണ് ടാക്സി. ഖാസി ഭാഷയിൽ സോഹ്റ എന്നാൽ പഴങ്ങൾ വിൽക്കാനുള്ള സ്ഥലമെന്നാണ്. സ്വന്തമായ ഭാഷയുണ്ടെങ്കിലും ലിപിയില്ല. മിഷനറിമാരുടെ വരവോടെ ഇവർ ഇംഗ്ലിഷിൽ തങ്ങളുടെ ഭാഷ എഴുതിത്തുടങ്ങി. ഇ പ്പോൾ ഖാസിഭാഷയിൽ പത്രങ്ങളുണ്ട്. നമ്മുടെ മംഗ്ലിഷ് പോലെയാണു അച്ചടി. അതുെകാണ്ട് ഇംഗ്ലിഷ് ആണെങ്കിലും ഒന്നും മനസ്സിലാവില്ല.

സെമിത്തേരിയിൽനിന്നിറങ്ങി വരുമ്പോൾ ഒരു കുഞ്ഞ് അരുവി കാണാം. അതിനപ്പുറം സോഹ്റയുടെ നാട്ടുരാജാവിന്റെ ശവക്കല്ലറയുണ്ട്. സിയെം എന്നാണു രാജാവിനെ വിളിച്ചിരുന്നത്. രാജമാതാവും ഇവിടെ അന്തിയുറങ്ങുന്നു. 1921 ൽ അവസാനമായി ഇവിടെ സംസ്കാരം നടന്നുവെന്നു ബോർഡിൽ വായിക്കാം. ബോർഡുകളില്ലെങ്കിൽ ഈ സ്മാരകങ്ങൾ ആരറിയാൻ?

കുന്നിന്‍ മുകളിലെ കടൽഗുഹകൾ

സോഹ്റയിൽനിന്നുള്ള മറ്റൊരു കാഴ്ചയാണ് കടൽഗുഹകൾ. മേഘാലയ സംസ്ഥാനത്തെ ചുണ്ണാമ്പുകൽ ഗുഹകൾ ലോകപ്രശസ്തമാണ്. മുപ്പതു കിലോ മീറ്റ‍ർ ദൂരമുള്ള ഗുഹകൾ വരെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ ചുണ്ണാമ്പു പാറ ഗുഹകളിലൊന്ന് മേഘാലയയിലാണ്. ചിറാപുഞ്ചി പട്ടണത്തോട് വളരെ അടുത്തൊരു ഗുഹയുണ്ട് അർവ ലോഷ്യാന കേവ്സ്. െപൻഷ്നോങ് വനത്തിനുള്ളിലായി പർവതത്തിനുള്ളിലേക്കു നടന്നു കയറാവുന്ന, വിശാലമായ ഗുഹ.  താരതമ്യേന ചെറുതും എത്തിപ്പെടാൻ എളുപ്പമുള്ളതുമാണ് അർവാ ഗുഹ. ഉള്ളിൽ നീരുറവകളും ഭിത്തികളിൽ കടൽജീവികളുടെ ഫോസിലുമൊക്കെയുണ്ട്. പണ്ട് ഈ ഗുഹകൾ കടലിനടിയിലായിരുന്നുവെന്നതിന് ഈ ഫോസിലുകളാണ് തെളിവ്.

ശില്പവടിവാർന്ന ചുണ്ണാമ്പുപാറകൾ മാടിവിളിക്കുമെങ്കിലും ഇടുക്കവും ഇരുട്ടും ചിലപ്പോഴെങ്കിലും നമ്മെ പിന്നോട്ടുവലിക്കും. ഗുഹയിലെ തണുപ്പിൽനിന്ന് ഇറങ്ങുമ്പോൾ കുടയ്ക്കു പകരം മുളകൊണ്ടുണ്ടാക്കിയ വലിയ തടുക്ക് ധരിച്ചൊരു സഞ്ചാരി തണുപ്പാസ്വദിക്കുന്നു. സോഹ്റയിലെ മുള ഉപകരണങ്ങൾ പ്രശസ്തമാണ്. സോഹ്റയിൽ നിന്ന് അര മണിക്കൂർ യാത്രയേ അറവാ ഗുഹയിലേക്കുള്ളൂ. മേഘാലയ അഡ്‌വെഞ്ചർ അസോസിയേഷൻ നടത്തുന്ന കേവ് യാത്രകൾക്കായി വിദേശസഞ്ചാരികളടക്കം ഇവിടെെയത്താറുണ്ട്.

ജീവിക്കുന്ന പാലങ്ങൾ

സോഹ്റയിൽനിന്നുള്ള മറ്റൊരു അപൂർവ കാഴ്ചയാണ് തളിർക്കുകയും പൂക്കുകയും ചെയ്യുന്ന വേർപ്പാലങ്ങൾ. നദിക്കുകുറുകെ ഒരു തരം ആൽമരത്തിന്റെ വേരു വളർത്തിയുണ്ടാക്കുന്ന ജീവനുള്ള പാലങ്ങൾ. ലോകത്തിലെ അപൂർവമായ വിദ്യ. ഡേ ക്ലൗഡിലെ പയ്യനാണ് പാലങ്ങൾക്കടുത്തുള്ള ഹോംസ്റ്റേയുടെ നമ്പർ തന്നത്. ചിറാപുഞ്ചിയിൽനിന്ന് ഏകദേശം മുക്കാൽമണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. ശേഷം ടിർന എന്ന വില്ലേജ്. ഖാസി വിഭാഗക്കാർ താമസിക്കുന്ന ഗ്രാമമാണിത്. ഇവിടുന്ന് ഏതാണ്ട് 3000 ലധികം പടികൾ കാട്ടിലൂടെ ഇറങ്ങിയും കയറിയും മൂന്നുതൂക്കുപാലത്തിലൂടെ സാഹസിക യാത്ര നടത്തിയും മൂന്നു മണിക്കൂർ കൊണ്ട് എത്തുന്ന സ്ഥലമാണ് നോംഗ്രിയാ. ഖാസി വിഭാഗക്കാർക്ക് ഇപ്പോഴും നിർമാണ സാമഗ്രികൾ തങ്ങളുടെ വീട്ടിലെത്തിക്കുക പ്രയാസകരമാണ്. അപ്പോൾ ആധുനികരീതിയിൽ പാലം നിർമിക്കുന്നതിനെപ്പറ്റി പറയേണ്ടല്ലോ. ഇതിനായി ഖാസി പൂർവികർ കണ്ടുപിടിച്ച വിദ്യയാണ് വേര് വളർത്തി അരുവിക്കുകുറുകെ കടത്തുക എന്നത്.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA