ADVERTISEMENT

ജർമനിയിലെ ബിയർ ഫെസ്റ്റിവലിനെക്കുറിച്ചും സ്പെയിനിലെ തക്കാളിയേറിനെക്കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്തൊരു ഉത്സവത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. ചാണക ഉത്സവം എന്നു കേട്ടിട്ടുണ്ടോ? മുഖം ചുളിക്കണ്ട കാര്യമില്ല.

 

ചാണക ഉത്സവം എന്ന് പറയുമ്പോൾ സാധാരണ ഒരു ഉത്സവമാണെന്ന് കരുതിയെങ്കിൽ തെറ്റി. പരസ്പരം ചാണകം എടുത്തെറിഞ്ഞും അതിൽ കിടന്നു കുളിച്ചും ഒക്കെയുള്ള വളരെ വ്യത്യസ്തമായ ഒരു ആഘോഷമാണ് ഗോരേ ഹബ്ബാ ചാണക ഉത്സവം. കർണ്ണാടക-തമിഴ്നാട് അതിർത്തിയോട് ചേര്‍ന്നുള്ള ഗുമാതാപുര ഗ്രാമത്തിലാണ് ഈ സൂപ്പർ ചാണക ഫെസ്റ്റിവൽ നടക്കുന്നത്. ചാണകത്തിന് രോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവുണ്ട് എന്ന വിശ്വാസത്തിലാണ് ഇവിടെ ഈ ആഘോഷം നടക്കുന്നതത്രെ. ദീപാവലി കഴിഞ്ഞു വരുന്ന ആഴ്ചയിലാണ് ഇത് നടത്തുന്നത്. ഗ്രാമവാസികളെ കൂടാതെ പുറമെ നിന്നും ആളുകൾ ഇതിൽ പങ്കെടുക്കുവാനെത്തുന്നുണ്ട്.

 

ചാണക ഉത്സവത്തിന്റെ ചരിത്രമിങ്ങനെ

 

ഗുമാതാപുര ഗ്രാമവാസികൾക്ക് ചാണകം വളരെ പ്രധാനപ്പെട്ടൊരു വസ്തുവാണ്. പണ്ട് ഇവിടെ ജീവിച്ചിരുന്ന ഒരു മഹാത്മാവിന്റെ ശേഷിപ്പുകൾ ഇവിടെ ശിവലിംഗ രൂപത്തിൽ കാണപ്പെട്ടിരുന്നു. കാലങ്ങൾ കഴിഞ്ഞ് അതിനു മുകളിൽ പശുക്കളുടെ ചാണകം നിറഞ്ഞ് കാണാതായി. പിന്നീട് അത് കണ്ടെടുക്കുകയും അതിനു ശേഷം ശിവലിംഗത്തോടൊപ്പം പുണ്യ വസ്തുവായി ചാണകം മാറുകയും ചെയ്തു എന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്.

 

കൃഷി ആവശ്യങ്ങൾക്കും അടുപ്പിൽ ഇന്ധനം ആയി ഉപയോഗിക്കുന്നതിനും വീട് മെഴുകാനുമെല്ലാം ഇവർ ചാണകം സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാൽ  ചാണകം വളരെയധികം ആവശ്യം വരുന്ന ഉത്സവത്തിന് ആഴ്ചകൾക്കു മുൻപേ തന്നെ ഗ്രാമവാസികൾ ചാണകം ശേഖരിച്ചു വയ്ക്കാൻ തുടങ്ങും. ഗുമാതാപുര ഗ്രാമത്തിൽ ആഘോഷ നാളുകളിൽ ചെന്നാൽ ഗ്രാമ വീഥികളിലെല്ലാം വലിയ ചാണകക്കൂനകൾ കാണാം.

 

ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങളിലൊന്നും ഇത് ആഘോഷിക്കുന്നില്ലെങ്കിലും ഉത്സവത്തെക്കുറിച്ച് കേട്ടറിഞ്ഞ നിരവധിയാളുകൾ ഇത് കാണാനായി ഗ്രാമത്തിൽ എത്തുന്നുണ്ട്. ദീപാവലി അവധിയ്ക്ക് ഒന്ന് ഗുമാതാപുര പോയാൽ ഈ തകർപ്പൻ ഉത്സവം ഒന്നാസ്വദിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com