ADVERTISEMENT

അംബാസമുദ്രത്തിലേക്കുള്ള വഴി മധ്യേ കന്മദം പൂത്ത മലനിരകൾ അദ്ഭുതക്കാഴ്ചയാണ്. പാറയ്ക്കു മുകളിൽ കിന്നരിത്തൊപ്പി വച്ച പോലെ കന്മദം  പരന്നൊഴുകുന്നു. കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ അഭിമാനമായ തെന്മല ശെന്തുരുണി വന്യമ‍ൃഗ സങ്കേതത്തിന്റെ ‘അയൽക്കാരനെ’ കാണാനുള്ള യാത്രയാണിത്. അതിർത്തിക്കപ്പുറം, തമിഴ്നാട്ടിലെ അംബാസമുദ്രം ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതം.  ഊട്ടിക്കു സമാനമായ ഇവിടത്തെ കാലാവസ്ഥയിൽ ശരീരവും മനസ്സും ‘ഫ്രഷ്’ ആക്കാൻ അതുതന്നെ ധാരാളം. തേയിലത്തോട്ടങ്ങൾക്കും ആകാശം മുട്ടുന്ന നിബിഡ വനങ്ങൾക്കും  മലനിരകൾക്കും നടുവിൽ ഒരു രാത്രി തങ്ങാം.

kollam-manjola-wild-animal

തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രം കഴിഞ്ഞു കഷ്ടിച്ച് 5 കിലോമീറ്റർ പിന്നിട്ടു കല്ലടക്കുറിച്ചിയിലെത്തി  വലത്തോട്ടു തിരിയുമ്പോൾ കളക്കാട് മുണ്ടൻതുറൈ ടൈഗർ റിസർവിന്റെ ബോർഡ് കാണാം. മാഞ്ചോലയിലേക്കും അതിനും മുകളിൽ കുതിരവെട്ടിയിലേക്കും പോകാൻ വനംവകുപ്പിന്റെ അനുമതി വേണം. കല്ലടക്കുറിച്ചിയിൽ നിന്നു മണിമുത്താർ സ്പെഷൽ പൊലീസ് ക്യാംപും കടന്നാൽ മണിമുത്താർ ഡാം സൈറ്റിലെത്തും. ഇവിടത്തെ ചെക്ക് പോസ്റ്റിലെത്തി അനുമതി വാങ്ങി മുകളിലേക്കു യാത്ര തുടരാം. സ്വകാര്യ വാഹനമില്ലെങ്കിൽ, മണിമുത്താറിൽ നിന്നും അംബാസമുദ്രത്തിൽ നിന്നും തമിഴ്നാട് സർക്കാർ ബസുകൾ ദിവസം 4 സർവീസ് നടത്തുന്നുണ്ട്. 

സമുദ്ര നിരപ്പിൽ നിന്നു 1000-1500 മീറ്റർ ഉയരെയാണു കുതിരവെട്ടി. മാഞ്ചോല എസ്റ്റേറ്റ് എന്നാണു പൊതുവേ അറിയപ്പെടുന്നതെങ്കിലും കുതിരവെട്ടിയാണ് അവസാന പോയിന്റ്. മണിമുത്താറിൽ നിന്നു കുതിരവെട്ടിയിലേക്കു ദുർഘടപാതയാണ്. കുതിരവെട്ടിയിലെ ഫോറസ്റ്റ് ഗെസ്റ്റ് ഹൗസിൽ അത്യാവശ്യം സൗകര്യങ്ങളോടെ താമസിക്കാം. 

kollam-manimuthar-dam

കണ്ടു കണ്ടു പോകാം...

കുതിരവെട്ടിയിലേക്കുള്ള യാത്രയിൽ 5 പ്രധാന കേന്ദ്രങ്ങളുണ്ട്- മണിമുത്താർ, മാഞ്ചോല, കാക്കാച്ചി, നാലുമുക്ക്, ഊത്ത്. മാഞ്ചോലയും കാക്കാച്ചിയും ഊത്തുമൊക്കെ ബോംബെ ബർമാ ട്രേഡിങ് കോർപറേഷനു കീഴിലുള്ള തേയിലത്തോട്ടങ്ങളും ഫാക്ടറികളുമാണ്. ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ ലയങ്ങളും കാണാം. കല്ലടക്കുറിച്ചിയിൽ നിന്നു മണിമുത്താറിലെ തമിഴ്നാട് സ്പെഷൽ പൊലീസിന്റെ ക്യാംപും പിന്നിട്ട് എത്തുന്നതു മണിമുത്താർ ഡാം സൈറ്റിലാണ്. മണിമുത്താർ വെള്ളച്ചാട്ടവും അരുവിയുമൊക്കെ കണ്ണിനു കുളിർമയാകും. ഇവിടെയാണു വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ്. ഇവിടെ നിന്നു അനുമതി വാങ്ങി യാത്ര തുടരാം. മണിമുത്താറിൽ നിന്നു 20 കിലോമീറ്റർ അകലെയാണു മാഞ്ചോല. കുതിരവെട്ടിയിലേക്ക് 48 കിലോമീറ്ററും. അയൽക്കൂട്ടം കൂടുന്ന പോലെ ചിത്രശലഭങ്ങൾ കൂടിയിരിക്കുന്ന റോഡിലൂടെ 30-35 കിലോമീറ്റർ വേഗത്തിലേ യാത്ര ചെയ്യാനാവൂ.

kollam-kanmandhapara

മണിമുത്താർ ഡാം നയനാനന്ദകരമായ കാഴ്ചയാണ്. ഇവിടെ നിന്നാൽ സഹ്യപർവതത്തിന്റെ അപാരഭംഗി ആസ്വദിക്കാം. മണിമുത്താർ അരുവിക്കു കുറുകെയുള്ള പാലത്തിൽ നിന്നാൽ സമീപത്തെ വെള്ളച്ചാട്ടം പുളകം കൊള്ളിക്കും. മുകളിലേക്കു ചെല്ലുംതോറും കാട് ഇരുണ്ടു തുടങ്ങും. മാഞ്ചോലയിൽ ചെറിയൊരു ചായക്കടയുണ്ട്. ചായയും സ്നാക്സും കിട്ടും. തേയില നുള്ളുന്ന സ്ത്രീകളെയും തൊഴിലാളികളായ പുരുഷന്മാരെയും ലോറികളിൽ കൊണ്ടുപോകുന്നതിന്റെയും വരുന്നതിന്റെയും ദൃശ്യങ്ങളാണെങ്ങും. തേയിലത്തോട്ടങ്ങൾക്കു നടുവിൽ തീ ജ്വാല പോലെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു- ഫ്ലെയിം ഓഫ് ദ് ഫോറസ്റ്റ് എന്നാണത്രെ ഈ മരത്തിനു പേര്.  ഊത്ത് എന്ന സ്ഥലത്താണു പിന്നെയൊരു കട. ആരോഗ്യ സ്വാമി എന്നയാളുടെ ചായക്കട. സഞ്ചാരികൾക്കു ഭക്ഷണം ഇവിടെ കിട്ടും. ഊത്തിൽ നിന്നു കുതിരവെട്ടിയിലേക്കു റോഡില്ല. 

കാടിനുള്ളിൽ ഉറങ്ങാം, ധൈര്യമുണ്ടെങ്കിൽ

കുതിരവെട്ടി ഫോറസ്റ്റ് ഗെസ്റ്റ് ഹൗസിലെ താമസം പുതിയൊരു അനുഭവമാണ്. നവംബർ മുതൽ ജനുവരി വരെ വൈകുന്നേരത്തോടെ കോടമഞ്ഞ് നിറയും. സന്ധ്യ മയങ്ങുമ്പോൾ കാട്ടുമൃഗങ്ങളുടെ ശബ്ദങ്ങൾ കേൾക്കാം. കാട്ടുപക്ഷികളുടെ കലപില കേൾക്കാം, പാറിപ്പാറി നടക്കുന്ന ചിത്രശലഭങ്ങൾ കുസൃതികാട്ടും. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാതോർക്കുക. പുറത്ത് എന്തൊക്കെ ശബ്ദങ്ങളാണ്. കാട് ഉറങ്ങാൻ കിടന്നാലും കാട്ടിലെ ജീവികൾ ഉറങ്ങാത്തതു പോലെ. ഇവിടെ നേരം പുലരുന്നതു കാണാനൊരു ഭാഗ്യം വേണം. മയിൽക്കൂട്ടങ്ങൾ തൊട്ടടുത്തെത്തും. കോടമഞ്ഞ് എട്ടൊൻപതു മണിവരെ പോകാൻ മടിച്ചു നിൽക്കും. കുതിരവെട്ടിയിലെ വനംവകുപ്പിന്റെ വാച്ച് ടവറിൽ നിന്നാൽ പാപനാശം പട്ടണവും മണിമുത്താർ ഡാമുമൊക്കെ കാണാം.

kollam-forest-guest-house

കാണാനുണ്ട്, കൺനിറയെ

മാഞ്ചോല, കാക്കാച്ചി, ഊത്ത് എന്നിവിടങ്ങളിൽ തേയില- കാപ്പിത്തോട്ടങ്ങളും ഫാക്ടറികളും കാണാം. കാടിന്റെ വശ്യമായ സൗന്ദര്യം നുകർന്നു പകൽ മുഴുവൻ ചുറ്റിയടിക്കാം. മടങ്ങിവരുമ്പോൾ പാപനാശവും സന്ദർശിക്കാം.   മണിമുത്താർ ഡാം, അരുവി, വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, പുൽമേടുകൾ, വന്യമൃഗങ്ങൾ... കാഴ്ചകൾ തീരുന്നില്ല.

ഒരുങ്ങാം ഇങ്ങനെ

മാഞ്ചോലയിലേക്കും കുതിരവെട്ടിയിലേക്കും പോകാൻ വനം വകുപ്പിന്റെ അനുമതി വാങ്ങുക. റൂമുകൾ ഓൺ ലൈൻ ബുക്കു ചെയ്യാം. കാട്ടിനുള്ളിൽ താമസിക്കണമെന്നാണെങ്കിൽ കുതിരവെട്ടിയിലെ ഗെസ്റ്റ് ഹൗസിൽ താമസിക്കാം. ഇവിടെ ആകെ 3 മുറികൾ. 2 എണ്ണം വാടകയ്ക്കു കൊടുക്കും. 3 കിടക്കകളുള്ള ഒരു മുറിക്ക് 3000 രൂപയാണു വാടക. നികുതി ഉൾപ്പെടെ 3640. നമ്പർഃ 94889 12270. മുറികൾ ബുക്ക് ചെയ്യാൻഃ www.kmtr.co.in  സ്വകാര്യ വാഹനങ്ങൾ കുതിരവെട്ടി വരെ പോകും.

കുറഞ്ഞ റേഡിയസ് ഉള്ള വാഹനം നല്ലത്.  ഭക്ഷണവും വെള്ളവും കരുതണം. ഊത്ത് കവലയിലെ ആരോഗ്യ സ്വാമിയുടെ കടയിൽ നേരത്തെ പറഞ്ഞാൽ ഭക്ഷണം തയാറാക്കി തരും. ആരോഗ്യ സ്വാമിയുടെ നമ്പർഃ 94447 56052.   കുതിരവെട്ടിയിലെ ഗെസ്റ്റ് ഹൗസ് മുറിയിൽ ബെഡ്ഷീറ്റും പുതപ്പും തരും. ജാക്കറ്റ്, കമ്പിളി, മങ്കി ക്യാപ് തുടങ്ങിയവ കരുതിയാൽ നല്ലത്. നവംബർ മുതൽ മാർച്ച് വരെയാണു പ്രധാന സീസൺ. ഇപ്പോൾ നല്ല മഞ്ഞുകാലമാണ്. രാവിലെ കുളിക്കാൻ ചൂടുവെള്ളം ഗെസ്റ്റ് ഹൗസിൽ കിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com