sections
MORE

അപകടം പതിയിരിക്കുന്ന പാര്‍വതി താഴ്‌വര... സുരക്ഷിത ട്രെക്കിങ്ങിന് ഇതു ശ്രദ്ധിക്കൂ

parvati-valley
SHARE

ട്രെക്കിങ് പ്രേമികള്‍ക്ക് അധികം പരിചയപ്പെടുത്തലൊന്നും വേണ്ടാത്ത സ്ഥലമാണ് ഹിമാചല്‍ പ്രദേശിലെ പാര്‍വതി താഴ്‌വര. വനപ്രദേശമായ കസോളും ചുടുനീരുറവയുള്ള മണികരനും ഹിമാലയന്‍ കൊടുമുടികളുടെ മനോഹരമായ കാഴ്ചകള്‍ കണ്ണിനാനന്ദം പകരുന്ന ബര്‍ഷാനിയിലെ ഗ്രാമങ്ങളുമെല്ലാം പാര്‍വതി താഴ്‌വരയിലൂടെയുള്ള യാത്രയെ അതിമനോഹരമായ അനുഭവമാക്കുന്നു. ഡല്‍ഹിയില്‍നിന്നും ചുറ്റുമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രക്കാർ വീക്കെന്‍ഡുകളില്‍ റിലാക്സ് ചെയ്യാനെത്തുന്ന ഇടമാണ് ഈ പ്രദേശങ്ങള്‍. കള്‍ഗ, പുല്‍ഗ തുടങ്ങിയവയും ടോഷുമെല്ലാം യുവാക്കളുടെ ഹരമാണ്.

kasol-trip2

ചെലവു തുച്ഛം, ഹരമോ മെച്ചം!

പാര്‍വതി താഴ്‌വരയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ എത്തുന്നവര്‍ക്ക് അധികം കാശ് ചെലവാകില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. അതുകൊണ്ടുതന്നെ ധാരാളം ബാക്ക്പാക്കര്‍മാരും ഹിപ്പികളും ഇവിടെ എപ്പോഴും കാണും. താമസ സൗകര്യങ്ങള്‍ക്കാവട്ടെ അധികനിരക്ക് നല്‍കേണ്ടതില്ല. രുചിയുള്ള ഭക്ഷണവും സംഗീതാത്മകമായ അന്തരീക്ഷവുമായിരിക്കും ഇവയില്‍ മിക്കതിലും. വരുന്നതില്‍ കൂടുതലും  യുവാക്കളായതിനാല്‍ അവരുടെ അഭിരുചിക്കനുസരിച്ചാണ് ഈ ഇടങ്ങള്‍ മിക്കതും രൂപകല്‍പന ചെയ്തിരിക്കുന്നത്. ഹിമാചലില്‍ തന്നെയുള്ള മറ്റൊരു ഗ്രാമമായ മലാന, ലഹരി ഉല്‍പന്നമായ ചരസിന് ഏറെ പ്രശസ്തമാണ്. ഇത് കടത്തുന്നുണ്ടോ എന്നറിയാനും മറ്റുമായി ഇത്തരം താമസ സ്ഥലങ്ങളില്‍ ചിലപ്പോഴൊക്കെ സ്പോട്ട് പരിശോധനയും ഉണ്ടാവാറുണ്ട്.

kasol-trip4

അപകടം പതിയിരിക്കുന്നു, സൂക്ഷിക്കുക

പാര്‍വതി താഴ്‌വരയോടു ചേര്‍ന്നുള്ള ട്രക്കിങ് സ്പോട്ടുകളില്‍നിന്നു സഞ്ചാരികളെ കാണാതായി എന്ന വാര്‍ത്ത പതിവാണ്. ഈ പട്ടികയുടെ നീളം കൂടി വരുന്നുമുണ്ട്. എന്താണ് ഇതിനു പിന്നില്‍? ആരെയും മയക്കുന്ന സൗന്ദര്യത്തിനു പിന്നില്‍ പാര്‍വതി താഴ്‌വര ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ അപകടം എന്താണ്? പേടിക്കേണ്ട, നിഗൂഢമെന്ന് തോന്നാവുന്ന ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന അപകടങ്ങളേ ഇവിടെയുള്ളൂ. 

kasol-trip

ട്രെക്കിങ്ങിന് പരിചയ സമ്പന്നരായ ഗൈഡുകളെ മാത്രം കൂടെ കൂട്ടുക. വഴി തെറ്റിപ്പോയാല്‍ തിരിച്ചു വരാന്‍ ഏറെ ബുദ്ധിമുട്ടും. മലയിടുക്കുകളില്‍ ചെന്നു പെട്ടാല്‍ എങ്ങോട്ടു പോകണമെന്ന് ഒരു പിടിയും കിട്ടില്ല. ഇവിടെയൊക്കെ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്.

കള്ളന്മാരുടെയും കൊള്ളക്കാരുടെയും ആക്രമണവും ഇവിടെ പ്രതീക്ഷിക്കാവുന്നതാണ്. 2001ല്‍ മണികരനില്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഓസ്ട്രിയയില്‍നിന്നു വന്ന രണ്ടു ടൂറിസ്റ്റുകള്‍ക്ക് ഇത്തരത്തില്‍ അപകടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ വെടിയേറ്റു മരിക്കുകയും മറ്റേയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. രക്ഷപ്പെടുത്താന്‍ ആര്‍ക്കും ഇവിടെ അത്ര പെട്ടെന്ന് എത്താന്‍ കഴിഞ്ഞെന്നും വരില്ല. 

kasol-trip1

താഴ്‌വരയിൽ ലഹരിമരുന്നു കച്ചവടക്കാരും ധാരാളമുണ്ട്. ഇത്തരക്കാരുമായി ഇടപെടുന്നത് അപകടം ക്ഷണിച്ചു വരുത്തലാവും.മണ്‍സൂണ്‍ കാലത്തെ യാത്രയാണ് മറ്റൊരു ശ്രദ്ധിക്കേണ്ട സംഗതി. മിക്ക വഴികളും വഴുക്കുള്ളതായതിനാല്‍ വീണു പോകാന്‍ എളുപ്പമാണ്. മണ്ണിടിച്ചില്‍ മുതലായ അപകടങ്ങളും ഈ വഴികളില്‍ പതിയിരിക്കുന്നു. കാട്ടുവഴികളില്‍ പാമ്പുകളും മറ്റ് ഉപദ്രവകാരികളായ ജീവികളുമുണ്ടാകാൻ സാധ്യതയുള്ള സമയമാണ് ഇത്.

എപ്പോഴാണ് ഏറ്റവും സുരക്ഷിതമായ സമയം?

kasol-trip3

വേനല്‍ക്കാലമാണ് എപ്പോഴും ഇവിടെയെത്താന്‍ ഏറ്റവും നല്ല സമയം. ഏപ്രില്‍, മേയ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ ഇവിടം സന്ദർശിക്കാം. ഈ സമയത്തെ കാലാവസ്ഥ വളരെ നല്ലതാണ്. അധികം ചൂടോ അസഹനീയമായ തണുപ്പോ കാണില്ല.

എങ്ങനെ എത്താം?

പാര്‍വതി താഴ്‌വരയില്‍ എത്തിച്ചേരാൻ വളരെ എളുപ്പമാണ്. ഡല്‍ഹിയില്‍നിന്നു മണാലിയിലേക്കുള്ള ബസ്സിൽ കയറുക. മജ്നു കാ ടില്ലയില്‍ നിന്നാണ് ഈ ബസുകള്‍ പുറപ്പെടുന്നത്. ഒറ്റ രാത്രിയിലേക്കുള്ള യാത്രയേ ഉള്ളൂ. കുളുവിന് 10 കിലോമീറ്റർ അകലെയുള്ള ഭുന്തറിൽ ഇറങ്ങുക. ഇവിടെനിന്നു കസോളിലേക്ക് ലോക്കല്‍ ബസുകളും ടാക്സികളും ധാരാളമുണ്ട്. ദൂരെ നിന്നു വരുന്നവര്‍ക്കായി ഇവിടെത്തന്നെ കുളു-മണാലി വിമാനത്താവളവുമുണ്ട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA