sections
MORE

കാടു കയറും മുമ്പ് ബാഗ് പായ്ക്ക് ചെയ്യേണ്ടത് ഇങ്ങനെ

travel-tips
SHARE

ബാക്ക്പാക്കേഴ്സ് ഡയറി ഉയർത്തിയ ഒരു ചോദ്യമുണ്ട്, ‘ഒരു ബാക്ക്പായ്ക്കുമായി അഞ്ജലി തോമസിനു ലോകം കറങ്ങാമെങ്കിൽ എന്തുകൊണ്ടു നമുക്കും അങ്ങനായിക്കൂടാ?’ മനസ്സിൽ ലഡു പൊട്ടിയ മിക്ക ആളുകൾക്കും ‘ബാക്ക്പാക്കർ’ എന്ന എന്ന സങ്കൽപം ഇങ്ങനെയായിരുന്നു– സ്വന്തം ഉത്തരവാദിത്തം മാത്രം നോക്കി നടക്കുന്ന ഒരു ഫ്രീക്ക് ട്രാവലർ...

ആരാണ് ബാക്ക്പാക്കർ? ഒരു ബാഗിലൊ തുങ്ങുന്ന സാധനങ്ങളുമായി പല നാടുകളിലെ വഴികളിലൂടെ നീന്തിത്തുടിക്കുന്നവർ. അവരുടെ സമ്പാദ്യം അനുഭവങ്ങളാണ്, മനോഹരമായ അനുഭവങ്ങൾ. കുറഞ്ഞ ചെലവിൽ, കാഴ്ചയുടെ അനുഭവങ്ങൾ തേടിപ്പോകുന്നവർ.

അച്ചടക്കത്തോടെ തുടങ്ങാം

സഞ്ചാരപ്രിയനായ സുഹൃത്തേ, താങ്കൾ ഒറ്റയ്ക്കാണോ അതോ കൂട്ടുകാരോടൊപ്പമാണോ ബാക്ക്പാക്ക് ട്രിപ്പ് നടത്തുന്നതെന്ന കാര്യം ആദ്യം തീരുമാനിക്കുക. കൂട്ടുകാരോടൊപ്പം ഉല്ലസിച്ചുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ സംഘത്തിൽ പരമാവധി ആറു പേർ. അതേസമയം, കൊടും കാടിനുള്ളിലേക്കു സാഹസിക സഞ്ചാരമാണ് ലക്ഷ്യമെങ്കിൽ 12 പേരെ ഉൾപ്പെടുത്താം. അതിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കർക്കശസ്വഭാവമുള്ള ഒരാൾ തയാറാകേണ്ടി വരും. ഈ ഉത്തരവാദിത്തം നല്ല ക്ഷമയുള്ളവർക്കായി മാറ്റിവയ്ക്കുക. ‌സഹയാത്രികരെ കൃത്യമായ പെരുമാറ്റച്ചട്ടങ്ങൾ പരിശീലിപ്പിക്കുക, മാർഗനിർദേശങ്ങൾ നൽകുക. പുതിയ കാഴ്ചകൾ ആസ്വദിക്കാനും ലോകം ചുറ്റിക്കാണാനും ആത്മാർഥമായി അഗ്രഹിക്കുന്നവരെ മാത്രം തിരഞ്ഞെടുക്കുക.

ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോഴുള്ള ത്രിൽ പ്രത്യേക സുഖം തന്നെയാണ്. എന്നാൽ, കൂട്ടുകാരോടൊപ്പമുള്ള യാത്രകൾ ഓർമകളുടെ ചില്ലുകൂടാരത്തിൽ സൂക്ഷിക്കാൻ ഒരുപാട് അനുഭവങ്ങൾ പകർന്നു നൽ‌കും. ബാക്ക്പാക്ക് യാത്ര പരിചയമുള്ള സീനിയർ സഞ്ചാരിയെ ഉൾപ്പെടുത്തിക്കൊണ്ടു ടീം രൂപീകരിക്കുക. സുരക്ഷിതമായ വഴി, ഇ ടത്താവളങ്ങൾ, താമസം തുടങ്ങിയ കാര്യങ്ങൾ പരിചയ സമ്പന്നരായ ബാക്ക് പാക്കർമാർക്ക് ഒരുക്കാൻ കഴിയും.

യാത്ര എവിടേക്കാണെന്ന കാര്യത്തിൽ സംഘത്തിന്റെ പൊതു അഭിപ്രായം ചോദിച്ചറിയുക. എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് യാത്ര ഉറപ്പിക്കുക. കുട്ടികളെ കൊണ്ടുപോകുന്നുണ്ടെങ്കിൽ സാഹസിക സഞ്ചാരങ്ങൾ ഒഴിവാക്കണം. വളർത്തു നായ്ക്കളുമായി കാനന യാത്രയ്ക്കിറങ്ങരുത്.

വേണം തയാറെടുപ്പ്

ഇന്ത്യയിലെ മികച്ച ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു വിവരം നൽകുന്ന മനോരമ ട്രാവലർ പോലെയുള്ള പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റുകളുമുണ്ട്. പോകാനുള്ള സ്ഥലത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതു യാത്ര സുരക്ഷിതമാക്കാൻ സഹായിക്കും. ബാക്ക് പാക്ക് ട്രിപ്പുകൾ പരിചയമുള്ള സീനിയർ സഞ്ചാരികളോടു കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുക.

ഓരോ പ്രദേശങ്ങളിൽ കുറ്റകൃത്യത്തിനുള്ള സാധ്യത, അപകടകരമായ സ്ഥലങ്ങൾ, പ്രാദേശിക ഭക്ഷണം, ആചാര രീതികൾ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുക. പ്രകൃതിയെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണം. കാട്ടിനുള്ളിൽ പോകുമ്പോൾ പ്ലാസ്റ്റിക് പൂർണമായും ഉപേക്ഷിക്കുക.

ദേശീയ പാർക്കുകൾ, റിസർവ് വനങ്ങൾ, പൈതൃക കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനു മുമ്പ് അതാതു സ്ഥലങ്ങളിലെ നിയന്ത്രണങ്ങളും നിരോധനങ്ങളും വ്യക്തമായി മനസ്സിലാക്കുക. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക : വനയാത്ര എവിടേക്കാണെങ്കിലും പൊടുന്നനെ പ്ലാൻ ചെയ്ത് ഇറങ്ങരുത്. സസ്പെൻസായി ചെന്നിറങ്ങിയാൽ ഫോറസ്റ്റ് റേഞ്ചർക്ക് യാതൊരു ആശ്ചര്യവും തോന്നില്ലെന്നു മാത്രമല്ല, കാട്ടിലേക്കു പ്രവേശനത്തിനുള്ള പെർമിറ്റ് കിട്ടുകയുമില്ല.

ബാക്ക് പാക്ക് യാത്രയ്ക്കും റിഹേഴ്സൽ വേണം. ടെന്റ് കെട്ടലാവട്ടെ ആദ്യം. വീടിനടുത്തുള്ള പുൽമേടുകളിൽ ടെന്റ് സ്ഥാപിച്ച് പരിശീലിക്കുക. സ്ലീപ്പിങ് പാഡ് വിരിച്ച് ടെന്റിനുള്ളിൽ കിടന്നു പരിശീലനം നേടുക. ഭക്ഷണം പാകം ചെയ്യാൻ കാട്ടിലേക്ക് സ്റ്റൗവ് കൊണ്ടു പോകുന്നുണ്ടെങ്കിൽ തകരാറൊന്നുമില്ലെന്ന് ഉറപ്പു വരുത്തണം. ഹെഡ് ലാംപ് നെറ്റിയിൽ ചുറ്റി പ്രവർത്തിപ്പിച്ച് ഗുണം ഉറപ്പു വരുത്തുക.

എവിടെയെല്ലാമാണ് പോകുന്നത്, ആരൊക്കെയാണു സംഘത്തിലുള്ളത്, ഏതൊക്കെ സ്ഥലത്താണു ക്യാംപ്, എന്തൊക്കെയാണ് കൂടെ കൊണ്ടുപോകുന്നത്, എപ്പോൾ മടങ്ങിയെത്തും തുടങ്ങിയ കാര്യങ്ങൾ നാട്ടിലുള്ള ഏതെങ്കിലുമൊരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ വിശദമായി പറഞ്ഞുവയ്ക്കണം.

ആദ്യ യാത്രയ്ക്കിറങ്ങുന്നവർ 20 കിലോമീറ്ററിനുള്ളിൽ ഏതെങ്കിലും സ്ഥലം നിശ്ചയിക്കുക. ‘ദൂരെയൊന്നുമല്ലല്ലോ...’ എന്നൊരു തോന്നൽ എപ്പോഴും മനസ്സിനു ധൈര്യം പകരും. ആദ്യ യാത്രയുടെ ദൈർഘ്യം രണ്ടു രാത്രികളും മൂന്നു പകലുമായി നിശ്ചയിക്കുക. അതായത്, വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തുന്ന ടൂർ.

ആദ്യത്തെ പകൽ സഞ്ചാരത്തിന്. രാത്രിയി ൽ ക്യാംപ് ഫയർ. അടുത്ത പകൽ മല കയറ്റം/കാഴ്ചകൾ ആസ്വദിക്കൽ. രാത്രി സ്വസ്ഥമായി ഉറക്കം. തൊട്ടടുത്ത ദിവസം രാവിലെ മടക്കയാത്ര, വൈകിട്ട് വീട്ടിലെത്താം– സിംപിൾ ട്രിപ്പ്.

ഏതു ബാഗ് വാങ്ങണം?

ഏതു ബാഗ് വാങ്ങണം, എങ്ങനെ നിറയ്ക്കണം എന്ന കാര്യം പ്രധാനമാണ്. നല്ല ബ്രാൻഡുകളുടെ ബാഗ്, ടെന്റ് എന്നിവ വാങ്ങുക. ബാഗ് തിരഞ്ഞെടുക്കുമ്പോൾ സ്ട്രാപ്പ്, മെറ്റീരിയൽ, സിപ്, ലോക്ക്, വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റി, ഗാരന്റി എന്നീ കാര്യങ്ങൾ മികച്ചതെന്ന് ഉറപ്പു വരുത്തുക. ഓരോ സാധനങ്ങളും ക്രമപ്രകാരം അടുക്കിവയ്ക്കാനുള്ള അറകൾ ഉള്ള ബാഗുകൾ വാങ്ങാൻ ശ്രദ്ധിക്കുക. ടെക്നിക്കൽ ഫാബ്രിക് ഉപയോഗിച്ച് നിർമിച്ചവയാണ് നല്ലത്. കോട്ടണിൽ നിർമിച്ചവ മുതുകു ചൂടാക്കും.

ബാക്ക് പാക്കുകളുടെ അളവ് ലീറ്റർ കണക്കിലാണ്. അതായത്, എത്ര കിലോ നിറയ്ക്കാമെന്നല്ല, എത്ര ലീറ്റർ എന്ന കണക്കിലാണ് വലുപ്പം നിശ്ചയിക്കുക. നേരത്തേ പറഞ്ഞതുപോലെ, മൂന്നു പകൽ യാത്രയ്ക്ക് 35–50 ലീറ്റർ ബാഗ് മതി. മീഡിയം സൈസുള്ളതാണ് ഈ ബാക്ക് പാക്ക്. അഞ്ചു ദിവസത്തെ യാത്രയാണെങ്കിൽ 50–80 ലീറ്റർ വലുപ്പമുള്ളതു വാങ്ങണം. കുട്ടികളും കുടുംബവുമായുള്ള യാത്രയ്ക്ക് 70 ലീറ്ററിനു മുകളിൽ വലുപ്പമുള്ള ബാഗാണ് അനുയോജ്യം.

ഇനി വലുപ്പത്തിന്റെ കാര്യം. ഒരാളുടെ ഉയരത്തിനൊത്തല്ല ബാഗിന്റെ വലുപ്പം കണക്കാക്കേണ്ടത്. ഉടലിന്റെ നീളം നോക്കിയാണ് എത്ര വലുപ്പമുള്ള ബാഗ് വാങ്ങണമെന്നു നിശ്ചയിക്കേണ്ടത്. നട്ടെല്ല് അവസാനിക്കുന്നിടം മുതൽ കഴുത്ത് ആരംഭിക്കുന്നിടം വരെ ഉടലിന്റെ നീളം ഒരു സുഹൃത്തിന്റെ സഹായത്തോടെ അളന്നു നോക്കുക. ബാക്ക് പാക്കുകൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ഇതിനുള്ള സംവിധാനമുണ്ട്. ഈ അളവിനൊത്ത് മുതുകിൽ ചേർന്നു കിടക്കുന്ന ബാഗ് വാങ്ങുക. ചുമലിൽ ഭാരം കുറച്ച് ഇടുപ്പിലേക്കു കനം തൂങ്ങുന്ന രീതിയിലാണ് ബാക്ക് പാക്കുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ഇടുപ്പിൽ ചുറ്റിക്കെട്ടാനുള്ള സ്ട്രാപ്പിന്റെ മുറുക്കത്തിൽ, അധികഭാരം തോന്നാത്ത വിധം ശരീരത്തോടു ചേർന്നു നിൽക്കും.

ബാഗ് നിറയ്ക്കുമ്പോൾ

ബാക്ക്പാക്ക് യാത്രകളിൽ സുരക്ഷയ്ക്കു പ്രാധാന്യം നൽകണം. പനി–തലവേദന, അതിസാരം, ഛർ‌ദി.... തുടങ്ങി യാത്രകളിൽ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾക്കു പ്രതിവിധി, മുറിവുകളിൽ പുരട്ടാനുള്ള മരുന്ന്, കയർ മുറിക്കാനും ടെന്റ് കെട്ടാനുള്ള ഉപകരണങ്ങൾ എന്നിവ ബാഗിനുള്ളി‍ൽ വയ്ക്കണം. വിളക്ക്, വിളക്കു തെളിക്കാനുള്ള ലൈറ്റർ എന്നിവ എടുക്കാൻ മറക്കരുത്.

മനുഷ്യനല്ലേ, മറവി സംഭവിക്കാം. ബാഗിൽ നിറയ്ക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് (Check List)തയാറാക്കിയാൽ ഈ പ്രശ്നത്തിനു പരിഹാരമാകും. ഓരോന്നായി ബാഗിൽ വയ്ക്കുമ്പോൾ ലിസ്റ്റുമായി ഒത്തുനോക്കുക. ഭാരക്കൂടുതലുള്ള വസ്തുക്കൾ ബാഗിൽ നിറയ്ക്കരുത്. കാരണം, അതു ചുമക്കാൻ വേറെ ആളെ കിട്ടില്ല. സ്റ്റൗ, സ്ലീപ്പിങ് പാഡ്, തലയിണ തുടങ്ങിയ സാധനങ്ങളാണ് മിക്കപ്പോഴും തുടക്കക്കാരായ യാത്രക്കാർ ബാഗിൽ കയറ്റുന്ന അമിത ഭാരം. സുഖകരമായി ഉറങ്ങണമെന്നതിൽ തർക്കമില്ല. പക്ഷേ, കാടിനുള്ളിൽ അത്രയ്ക്ക് ആഡംബരം ആവശ്യമില്ല.

ക്യാമറ, ടോയ്‌ലെറ്റ് പേപ്പർ, ഹെഡ് ലാംപ്, റാന്തൽ വിളക്ക്, വെള്ളമെടുക്കാനുള്ള കുപ്പി എന്നിവ നിർബന്ധമായും ബാഗിൽ നിറയ്ക്കേണ്ട വിഭാഗത്തിൽപ്പെടുന്നു. വലിയ ചിന്തകളും ചെറിയ ഭാരവുമായാണ് വനയാത്ര നടത്തേണ്ടത്. വാട്ടർ ബോട്ടിൽ എടുക്കുമ്പോൾ ഫിൽട്ടർ ഘടിപ്പിച്ച കുപ്പി വാങ്ങുക. സാധനങ്ങൾ നിറച്ച ശേഷം ബാഗിന്റെ പരമാവധി ഭാരം 15 കിലോ.

വസ്ത്രം, ചെരുപ്പ്

ബാക്ക്പാക്ക് യാത്രയിൽ വസ്ത്രങ്ങളുടെ പ്രാധാന്യം പ്രത്യേകം വിലയിരുത്തണം. മുട്ടോളം ഇറക്കമുള്ള ഷോട്സാണ് നടത്തം എളുപ്പമാക്കുക. അതേസമയം, പുൽമേടുകളിലെ യാത്രകളിൽ കാലുകൾ മറയ്ക്കുന്ന പാന്റ്സ് ധരിക്കണം. പുല്ലുരഞ്ഞ് മുറിവുണ്ടാകാതിരിക്കാൻ ഇതു മാത്രമാണ് പോംവഴി. വായുസഞ്ചാരത്തിന് സിപുകൾ ഘടിപ്പിച്ച Convertible pants ഇപ്പോൾ ലഭ്യമാണ്. വിയർപ്പ് അറിയാതിരിക്കാനുള്ളവയും സുഗന്ധം പരത്തുന്നതുമായ ടീഷർട്ടുകളും വിപണിയിലുണ്ട്. തണുപ്പ് അരിച്ചിറങ്ങാത്ത വാട്ടർ പ്രൂഫ് സ്വെറ്ററുകളും ലഭ്യം.

ബാക്ക് പാക്ക് യാത്രയ്ക്കായി പെട്ടന്ന് ഉണങ്ങിക്കിട്ടുന്ന (quick dry) വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

ട്രക്കിങ്ങിന് ഇറങ്ങി പുറപ്പെടുന്നതിനു മുമ്പ് നഖങ്ങൾ നന്നായി വെട്ടി വൃത്തിയാക്കുക. കാലിൽ മുറിവുള്ളവർ ഉണങ്ങിയ ശേഷം മാത്രം യാത്രയ്ക്ക് ഇറങ്ങുക. രക്തം പൊടിയുന്ന കാലുകൾ അട്ടകളെ ക്ഷണിച്ചു വരുത്തുമെന്ന കാര്യം ഓർക്കണം.

ഫുൾ – മിഡ് കട്ട് ഷൂവാണ് സീനിയർ ബാക്ക് പാക്കർമാർ നിർദേശിക്കുന്നത്. ഹൈക്കിങ് ഷൂ, ട്രെയിൽ റണ്ണേഴ്സ് എന്നിവ ഉപയോഗിക്കുന്നവരുമുണ്ട്. വേരുകളും കല്ലും മറികടക്കാൻ ടെന്നിസ് ഷൂ അനുയോജ്യമാണ്. നനവുള്ള പ്രദേശങ്ങളിൽ യാത്രയ്ക്ക് വാട്ടർ പ്രൂഫ് ഷൂസും വരണ്ട സ്ഥലങ്ങളിൽ ട്രക്കിങ്ങിനുള്ള ഷൂസും ലഭ്യമാണ്.

ഷൂ വാങ്ങുന്നതിനൊപ്പം ഒരു ജോഡി ലൈറ്റ് വെയ്റ്റ് ‘സ്‌ലിപ്പർ‌’ വാങ്ങി ബാഗിൽ കരുതണം. ട്രക്കിങ് കഴിഞ്ഞ് ക്യാംപിൽ വിശ്രമിക്കുമ്പോൾ അത് ഉപകാരപ്പെടും. കോട്ടൻ മെറ്റീരിയലിൽ നിർമിച്ച സോക്സ് എടുക്കരുത്. വിയർത്തുര‍ഞ്ഞ് കാലുകൾ പൊട്ടാനും കുമിളയുണ്ടാകാനും കോട്ടൻ സോക്സ് ഇടയൊരുക്കും. കമ്പിളി, സിന്തറ്റിക് സോക്സുകൾ തിരഞ്ഞെടുക്കുക.

വെയിൽ, മഴ – ഇതിലേതെങ്കിലുമൊന്ന് മുന്നിൽ കണ്ടുകൊണ്ടാണല്ലോ ഓരോ യാത്രകളും പ്ലാൻ ചെയ്യുക. തൊപ്പി, തലയിൽ കെട്ടാനുള്ള ട വ്വൽ, മഴ നനയാതിരിക്കാനുള്ള കുടത്തൊപ്പി എന്നിവ വിവിധ ഡിസൈനുകളിൽ ലഭ്യമാണ്. ബാഗ് ഉൾപ്പെടെ ശരീരം മൂടാൻ വലുപ്പമുള്ള റെയിൻ വിയറുകളും ഇപ്പോൾ വിപണിയിലുണ്ട്.

വെയിലാണെങ്കിലും മഴയാണെങ്കിലും ട്രക്കിങ് സമയത്ത് റെയിൻ ജാക്കറ്റുകൾ ധരിക്കുന്നതു നല്ലതാണ്. പ്രാണികളുടെ ശല്യം ഒഴിവാക്കാൻ ഇത് ഉപകരിക്കും. ക്യാംപുകളിലെ വിശ്രമ സമയത്തും പ്രാണികളുടെ ശല്യം ഒഴിവാക്കാം. രാത്രിയുടെ കുളിരിൽ ജാക്കറ്റ് ഉപകാരപ്പെടും. ഉറങ്ങാൻ സ്ലീപ്പിങ് ബാഗുകൾ ലഭ്യമാണ്.

പൂർണരൂപം വായിക്കാം


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA