ADVERTISEMENT

സംഗീതവും അഭിനയവും അവതരണവുമെല്ലാമായി തിരക്കിലാണെങ്കിലും ഇടക്കുള്ള സമയം യാത്രക്കായി മാറ്റി വയ്ക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക റിമി ടോമി. മേഘാലയയിലൂടെയാണ് റിമിയുടെ ഇപ്പോഴത്തെ യാത്ര. മേഘാലയയുടെ പരമ്പരാഗത വേഷമണിഞ്ഞ്‌ നില്‍ക്കുന്ന ഫോട്ടോ റിമി തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഒപ്പം ഡോകി നദിയിലൂടെ പാട്ടു പാടുന്ന തോണിക്കാരനൊപ്പം യാത്ര ചെയ്യുന്ന വീഡിയോയുമുണ്ട്. ലിവിംഗ് റൂട്ട് ബ്രിഡ്ജിനരികില്‍ നിന്നും  മാവ്ല്യാനോങ്ങ് പട്ടണത്തില്‍ നിന്നുമൊക്കെയുള്ള ഫോട്ടോകള്‍ പങ്കു വയ്ക്കുകയാണ് റിമി.  

 

മേഘാലയന്‍ യാത്രക്കൊരുങ്ങാം 

മേഘങ്ങളുടെ വീടെന്നറിയപ്പെടുന്ന മേഘാലയ സഞ്ചാരികളുടെ പറുദീസയാണ്. ഏഴു സഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും സുന്ദരമായ സംസ്ഥാനം എന്ന് പറയാം.  മഴക്കാടുകൾ, ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ, വെള്ളച്ചാട്ടങ്ങൾ, പർവതങ്ങളിലൂടെയുള്ള ഡ്രൈവുകൾ, നിഷ്കളങ്കത നിറഞ്ഞു തുളുമ്പുന്ന ഗ്രാമങ്ങൾ, നിഗൂഡത തളം കെട്ടി നില്‍ക്കുന്ന പ്രകൃതിദത്ത ഗുഹകൾ, തെളിവോടെ ഒഴുകുന്ന ജലാശയങ്ങള്‍ തുടങ്ങി മേഘാലയയെ മനോഹരമാക്കിത്തീര്‍ക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്.

 

അധികം കാശു ചെലവില്ലാതെ പോയി വരാം എന്നതാണ് മറ്റൊരു ആകര്‍ഷകമായ കാര്യം! ഓരോ സ്ഥലത്ത് നിന്നും അടുത്ത പ്രധാന സ്ഥലത്തേക്ക് പോകണമെങ്കില്‍ രണ്ടു മണിക്കൂര്‍ നേരത്തെ യാത്ര മതി. നല്ല റോഡുകളാണ് ഇവിടെയുള്ളത്. ക്ലിഫ് ജമ്പിംഗ്, കേവിംഗ്, ട്രെക്കിംഗ്, റാപ്പെല്ലിംഗ് പോലുള്ള സാഹസിക പ്രവൃത്തികള്‍ക്കുള്ള സൗകര്യങ്ങള്‍ ഇവിടെ എല്ലായിടത്തുമുണ്ട്.  

 

ആസാമിലെ ഗുവാഹത്തിയാണ് ഏറ്റവും അടുത്തുള്ള ട്രാന്‍സ്പോര്‍ട്ട്‌ ഹബ്. ഇവിടെ നിന്നും ഷില്ലോംഗിലേക്ക് ടാക്സികളും ഷെയര്‍ ക്യാബുകളും ധാരാളം കിട്ടും. ഇവിടെ നിന്നും 2-3 മണിക്കൂര്‍ നേരത്തെ യാത്രയാണ് ഷില്ലോങ്ങിലേക്കുള്ളത്. 

ഡ്രൈവ് ചെയ്ത് പോകണം എന്നുണ്ടെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നോ ഓണ്‍ലൈനില്‍ നിന്നോ സൂം കാറുകള്‍ റെന്റിനു കിട്ടും. 

ഷില്ലോംഗിലെത്തിയാല്‍ പിന്നെ മറ്റു സ്ഥലങ്ങളിലേക്കുള്ള യാത്ര ആരംഭിക്കാം. അതിനു മുന്നേ ഇവിടുത്തെ രുചികരമായ ഖാസി സ്ട്രീറ്റ് ഫുഡ് കഴിച്ചു നോക്കണം. പോലീസ് ബസാറില്‍ പോയാല്‍ ഒരു ബജറ്റ് ഷോപ്പിങ്ങിനുള്ള വകയുമുണ്ട്. ഇതിനടുത്താണ് ഉമിയം തടാകവും അമ്പ്രല്ല ഫാള്‍സും ഉള്ളത്. കുറച്ചു നേരം അവിടെയും ചെലവഴിക്കാം.

നോണ്‍ഗ്രിയാത് ഗ്രാമത്തിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവം നല്‍കും. ഇവിടത്തെ ഡബിള്‍ ഡക്കര്‍ ലിവിംഗ് റൂട്ട് ബ്രിഡ്ജ് ഒരിക്കലും കാണാന്‍ മറക്കരുത്. ഷില്ലോംഗില്‍ നിന്നും വെറും രണ്ടു മണിക്കൂര്‍ ദൂരത്തിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന സ്ഥലങ്ങളില്‍ രണ്ടാമത്തേതായ ചിറാപുഞ്ചി ഉള്ളത്. 

ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന മാവ്ല്യാനോങ്ങ് ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. മരം കൊണ്ടുണ്ടാക്കിയ വീടുകളും സമാധാനപ്രിയരായ ആളുകളുമാണ് ഇവിടെയുള്ളത്. ഗ്രാമത്തിന്‍റെ ഓരോ മുക്കിലും മൂലയിലും മുള കൊണ്ടുണ്ടാക്കിയ പ്രത്യേക തരം ചവറ്റുകൊട്ടകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. ഇവിടത്തുകാര്‍ പരിസരശുചിത്വത്തിന് എത്രത്തോളം വില കല്‍പ്പിക്കുന്നു എന്ന് നേരിട്ട് കണ്ടറിയാം.

ഇവ കൂടാതെ ഏഷ്യയിലെ രണ്ടാമത്തെ വലിയ നദീദ്വീപായ നോംഗ്ഖ്നും ദ്വീപ്‌, ആയിരം വര്‍ഷം പഴക്കമുള്ള പുണ്യ പുരാതനമായ മാഫ്ലാംഗ് വനം, പ്രകൃതി രമണീയമായ മലയോരഗ്രാമം മാലിംഗ്ബ്ന, അത്രയധികം ആള്‍ത്തിരക്കില്ലാതെ പോയി വരാവുന്ന ക്രാംഗ് സൂരി വെള്ളച്ചാട്ടം എന്നിവയും സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com