ADVERTISEMENT

സാധാരണ ഹണിമൂൺ ട്രിപ്പ് പോകുന്നത് കല്യാണം കഴിഞ്ഞ് അടുത്ത ദിവസങ്ങളിലൊക്കെയാണല്ലോ. നമ്മുടെ ഈ കഥയിലെ നായിക- നായകനും അങ്ങനെയൊക്കെ തന്നെയായിരുന്നു പ്ലാൻ ചെയ്തതും. എന്നാൽ അത് സാധ്യമായത് 32 വർഷങ്ങൾക്കിപ്പുറമായിപ്പോയി എന്നു മാത്രം. ആ കഥയൊന്ന് കേൾക്കാം. 

ഹണിമൂൺ പൊളിച്ചത് സ്വന്തം അമ്മ

എറണാകുളം സ്വദേശിയായ ടോമി അയൽജില്ലയായ കോട്ടയത്തുനിന്നാണ് തന്റെ നല്ല പാതിയെ കണ്ടെത്തിയത്. ഒരു പ്രമുഖ കമ്പനിയിൽ അതിന്റെ മുതലാളിയുടെ സ്വന്തം ഡ്രൈവറായി ജോലി ചെയ്തിരുന്ന ടോമി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. യാത്രകളോട് ഏറെ ഇഷ്ടമുള്ളയാൾ കൂടിയായിരുന്ന അദ്ദേഹം വിവാഹത്തിന് ശേഷം കോട്ടയത്തിനപ്പുറം വേറെ രാജ്യം കണ്ടിട്ടില്ലാത്ത സഹധർമ്മിണി മേരിയെ ഗോവ കാണിക്കാൻ തീരുമാനിച്ചു. 

goa-travel2

വിവാഹം കഴിഞ്ഞ് അടുത്ത ആഴ്ച തന്നെ പോകാനായിരുന്നു തീരുമാനം. ബാഗും പെട്ടിയും എല്ലാം റെഡിയാക്കി രണ്ടുപേരും കാത്തിരുന്നു ആ ദിവസത്തിനായി. എന്നാൽ ആ ദിവസത്തിന് മുമ്പ് അവർക്ക് ഒരു പണിയും കിട്ടി അതും സ്വന്തം അമ്മ വഴി. ഇവരുടെ ഇടവക ദേവാലയത്തിൽ നിന്നായിരുന്നു ഈ ട്രിപ്പ് സംഘടിപ്പിച്ചിരുന്നത്. 

ഇനി പണിയിലേക്ക് വരാം.  പോകാൻ ഉള്ള ദിവസം അടുത്തപ്പോൾ ടോമിയുടെ അമ്മ പറഞ്ഞു , നിങ്ങൾ ചെറുപ്പക്കാർ അല്ലേ നിങ്ങൾക്ക് ഇനിയും സമയമുണ്ട് ഞാനും ഭർത്താവും വയസ്സായി അതുകൊണ്ട് യാത്ര ഞങ്ങൾ അങ്ങ് പോയേക്കാം നിങ്ങൾക്ക് സമയം ഉള്ളതുപോലെ പിന്നീട് പോയാൽ മതി എന്ന്. അമ്മയുടെ വാക്കിന് മറുവാക്കില്ലാത്ത മകൻ അത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. അന്നു മുടങ്ങിയ ആ യാത്രയാണ് 32 വർഷങ്ങൾക്കിപ്പുറം രണ്ടുപേരും ചേർന്ന് പൂർത്തിയാക്കിയത്. 

സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു

goa-travel1

തങ്ങളുടെ മുപ്പത്തിരണ്ടാം വിവാഹവാർഷികം ഗോവയിൽ ആഘോഷിക്കാൻ അങ്ങനെ ഇരുവരും തീരുമാനിച്ചു. എന്നാൽ അവരുടെ യാത്രയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു പണ്ട് തനിയെ പോകാൻ തീരുമാനിച്ച ആ സഞ്ചാരം ഇത്തവണ പക്ഷേ പൂർത്തീകരിച്ചത് കൊച്ചു മക്കൾക്കൊപ്പം ആയിരുന്നു എന്ന് മാത്രം. 

ഹണിമൂൺ ട്രിപ്പ് ഒന്നുമല്ലല്ലോ ഒറ്റയ്ക്ക് പോകാൻ അതുകൊണ്ട് മക്കളെയും കൂട്ടി എന്നാണ് ഇതിന് മറുപടിയായി ഇരുവരും പറഞ്ഞത്. ട്രെയിൻ യാത്രകളോട് രണ്ടുപേർക്കും അത്ര താല്പര്യമില്ല. എന്നാൽ വിമാനക്കമ്പനികളുടെ കൊള്ള നിരക്ക് കേട്ടപ്പോൾ ട്രെയിൻ തന്നെ ഉറപ്പിച്ചു. ടോമിയുടെയും മേരിയുടെയും യാത്രകളെല്ലാം സംഭവിക്കുന്നത് അവിചാരിതം ആയിട്ടായിരിക്കും.  ആരുമറിയാതെ ആരെയും അറിയിക്കാതെ രണ്ടുപേരും ഒരു പോക്ക് പോകും.  മക്കൾ രണ്ടുപേരോടും ചോദിച്ചപ്പോൾ മകൻ ഇപ്പോൾ യാത്ര വേണോ എന്നും മകൾ പോയേക്കാം എന്നും പറഞ്ഞ യാത്രയിൽ അവർക്ക് കൂട്ടായി ഒടുവിൽ മകളെയും ചെറുമക്കളെയും കൂട്ടുകയായിരുന്നു.  

ഭക്തിനിർഭരമായ യാത്ര നടത്താനാണ് രണ്ടുപേർക്കും താല്പര്യം.  എങ്ങനെയൊക്കെ പോയാലും ഏതെങ്കിലും ഒരു പള്ളിയിൽ കയറിയിട്ടേ അവർ യാത്ര അവസാനിപ്പിക്കാറുള്ളു.  ഈ പറഞ്ഞ ഗോവൻ യാത്രയും അത്തരത്തിലൊന്ന് തന്നെയായിരുന്നു. നേരത്തെ പറഞ്ഞില്ലേ ഗോവയിലേക്ക് പള്ളിയിൽ നിന്ന് ട്രിപ്പ് പോകുമെന്ന്.  അതുകേട്ട് ചിരിക്കണ്ട, പള്ളികളിൽ നിന്ന് ഗോവയ്ക്ക് കൊണ്ടുപോകും, കാരണം ക്രിസ്ത്യാനികളെ സംബന്ധിച്ച് ഗോവ ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇന്ത്യയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ സെന്റ് സേവ്യർ ദേവാലയം സ്ഥിതിചെയ്യുന്നത് ഗോവയിലാണ്.  ഇവിടെയെത്തുന്ന സഞ്ചാരികളെല്ലാം തന്നെ ഈ ദേവാലയത്തിൽ ദർശനം നടത്തും. തീർത്ഥാടന കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവും ഒക്കെയായ ആ ദേവാലയം ആയിരുന്നു ഇവരുടെയും ലക്ഷ്യം. 

goa-travel4

ഒരു വെളുപ്പാൻ കാലത്താണ് രണ്ടുപേരും ഗോവയിൽ ചെന്നിറങ്ങിയത്. അവിടെ സഹായത്തിനായി  വൈദികനായ ഒരു ബന്ധു ഉണ്ടായിരുന്നതുകൊണ്ട് നേരെ പള്ളിയിലേക്ക് തന്നെ വച്ചുപിടിച്ചു.  ബന്ധുവായ വൈദികന് അത്യാവശ്യം ആ ദേവാലയത്തിൽ പരിചയം ഉണ്ടായിരുന്നതുകൊണ്ട് ഇരുവർക്കും വലിയ തടസ്സങ്ങളില്ലാതെ പള്ളിക്കകത്ത് കയറാൻ സാധിച്ചു. അങ്ങനെ തങ്ങളുടെ ദീർഘനാളത്തെ കാത്തിരിപ്പിനു വിരാമമായി. തിരിച്ച് ട്രെയിൻ ബുക്ക് ചെയ്തിരിക്കുന്നത് മൂന്ന് ദിവസം കഴിഞ്ഞാണ്. അതായത് 3 ദിവസം ഗോവയിൽ തന്നെ. പള്ളിയിൽ പോവുക എന്നതു മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇനി ഞങ്ങളെ നീയങ്ങ് ഏറ്റെടുത്തോയെന്ന് മകളോട് പറഞ്ഞു.  ഗോവയിലെ പ്രധാന ബീച്ചുകൾ ആയ ബാഗ,  അഞ്ജുന, കലംഗുട്ടെ എന്നിവിടങ്ങളും നോർത്ത് ഗോവയും ഓൾഡ് ഗോവയും ഭൂരിഭാഗവും രണ്ടുപേരും കണ്ടു തീർത്തു ഈ മൂന്നു ദിവസം കൊണ്ട്. ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയമായതിനാൽ അവിടവും കണ്ടു തൃപ്തരായി.

അൺഎക്സ്പെറ്റഡ്  ട്രിപ്പ്സ്

നേരത്തെ പറഞ്ഞില്ലേ ഇവരുടെ പല യാത്രകളും ആകസ്മികമാണെന്ന്.  അതുപോലെ ഒരു യാത്രയുടെ വിശേഷം പങ്കു വയ്ക്കാം.  ടോമി മലപ്പുറത്ത് ജോലി ചെയ്യുന്ന കാലം.  ഒരുദിവസം തന്റെ ബുള്ളറ്റും എടുത്ത് മേരിയേയും കൂട്ടി അദ്ദേഹം ഇറങ്ങി.  മലപ്പുറത്തേക്ക് എന്നാണ് വീട്ടിൽ പറഞ്ഞത് മക്കളോട് പോലും ഒരു വാക്ക് മിണ്ടിയില്ല.  മലപ്പുറത്തുനിന്നും രണ്ടുപേരും ആരോടും ഒന്നും പറയാതെ നേരെ പോയത്  മൈസൂർക്കായിരുന്നു. തൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അത് എന്നാണ് മേരി ഇതിനെ വിശേഷിപ്പിച്ചത്. ആദ്യം ബുള്ളറ്റിന് പോകാൻ തീരുമാനിച്ചെങ്കിലും പിന്നീട് മഴ കാരണം ബസിലാക്കി. കോഴിക്കോട് നിന്നും അങ്ങനെ രണ്ടാളും മൈസൂർക്കുള്ള ബസ് പിടിച്ചു.  കോഴിക്കോട് നിന്നും ബന്ദീപ്പൂർ ദേശീയോദ്യാനം വഴി മൈസൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തവർക്കറിയാം ആ വഴി എങ്ങനെയാണെന്ന്. 

goa-travel

ഒരു 15 കൊല്ലം മുമ്പത്തെ കാര്യമാണ്  ഇനി പറയുന്നത്. അന്ന് ബന്ദിപ്പൂർ ഒക്കെ കൊടും കാടാണ്. രാത്രിയിലാണ് ബസിലെ യാത്ര. സഞ്ചാരം പുരോഗമിക്കവേ കൊടും കാടിന് നടുവിൽ ബസ് നിന്നു. പെരും മഴയത്ത് റോഡിൽ വെള്ളം പൊങ്ങിയതിനാൽ വാഹനത്തിന് മുന്നോട്ടുപോകാൻ ആവുന്നില്ല. വളരെ കുറച്ച് ആളുകൾ മാത്രമുള്ള ആ ബസ്സിനകത്ത് മേരി മാത്രമായിരുന്നു ഒരു സ്ത്രീ.  ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും ഇല്ലാത്ത ആ കൂറ്റാകൂരിരുട്ടിൽ തനിക്ക് നേരെ നടന്നു വരുന്ന രൂപം കണ്ട് മേരി പേടിച്ചരണ്ടു.  നേരത്തെ വീരപ്പൻ അതിവസിക്കുന്ന കാടാണിതെന്ന് പറഞ്ഞ ടോമിയുടെ വാക്കുകൾ ആ ഭയം ബലപ്പെടുത്തി.  നടന്നടുക്കുന്ന രൂപത്തെ കണ്ടു അലറിവിളിച്ച മേരിയെ ആശ്വസിപ്പിക്കാൻ താൻ ഏറെ പണിപ്പെട്ടുവെന്ന് ടോമി. മൈസൂർ മുഴുവൻ കണ്ടെങ്കിലും ഏറെനാൾ ആ ഭയം തന്നെ  പിന്തുടർന്നതായി മേരി. തിരികെ പോരും വഴി കാട്ടാന കൂട്ടത്തെ തൊട്ടടുത്ത് കണ്ടിട്ടും പുള്ളിക്കാരി കുലുങ്ങിയില്ലത്രേ. 

വിശുദ്ധനാടെന്ന സ്വപ്നഭൂമി  

വലിയ യാത്ര ലക്ഷ്യങ്ങൾ ഒന്നുമില്ല രണ്ടുപേർക്കും.  ഇനി അവശേഷിക്കുന്നത് ഒന്നു മാത്രമാണ് വിശുദ്ധനാട് സന്ദർശനം.ഗോവ പോലെ തന്നെ ഇസ്രയേലും മനസിൽ കയറിക്കൂടിയിട്ട് നാളേറെയായി.ഇസ്രയേൽ വരെ ഒന്ന് പോയി വരിക എന്നത് മാത്രമാണ് തങ്ങളുടെ അടുത്ത ലക്ഷ്യം എന്ന് രണ്ടുപേരും പറഞ്ഞു അവസാനിപ്പിക്കുന്നു. ആ യാത്രയ്ക്ക് ആയുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com