sections
MORE

യാത്ര ലക്ഷദ്വീപിലേക്കാണോ? എങ്കില്‍ ഇവ നിര്‍ബന്ധമായും കണ്ടിരിക്കണം!

lekshadweep3jpg
SHARE

കടമ്പകൾ ഒരുപാടുണ്ട്. അല്‍പ്പം കഷ്ടപ്പാടാണ് പേപ്പര്‍ വര്‍ക്കൊക്കെ പൂര്‍ത്തിയാക്കാന്‍. എങ്കിലും അതൊക്കെ ഫലവത്തായി എന്ന് തീര്‍ച്ചയായും തോന്നും,  ലക്ഷദ്വീപിലെത്തിയാല്‍. പന്ത്രണ്ടോളം ദ്വീപുകളില്‍ ഒളിച്ചു വെച്ചിരിക്കുന്ന മായിക അനുഭവങ്ങള്‍ തേടിയുള്ള യാത്ര ഒരിക്കലും മറക്കാനാവാത്തതാക്കി മാറ്റുന്ന നിരവധി ഇടങ്ങളും കാര്യങ്ങളുമുണ്ട്. അതിഥികളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്ന, നന്മ നിറഞ്ഞ ആളുകളും നാവില്‍ കപ്പലോടിക്കുന്ന രുചികളും സുന്ദരമായ കാലാവസ്ഥയുമെല്ലാം ചേര്‍ന്ന് ലക്ഷദ്വീപിനെ സ്വര്‍ഗ്ഗതുല്യമായ അനുഭവമാക്കി മാറ്റുന്നു. ബീച്ച് പ്രേമികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ലക്ഷദ്വീപിനെ വേറിട്ടതാക്കുന്ന അഞ്ചിടങ്ങള്‍.

1. കവരത്തി

ലക്ഷദ്വീപിന്‍റെ തലസ്ഥാനമായ കവരത്തി ജലവിനോദങ്ങള്‍ക്ക് ഏറെ പ്രശസ്തിയാര്‍ജ്ജിച്ച സ്ഥലമാണ്.കയാക്കുകളും യാട്ടുകളുമെല്ലാം വാടകയ്ക്ക് എടുത്ത് കടലിനു മുകളിലൂടെ കുതിക്കാം. മറൈന്‍ അക്വേറിയത്തില്‍ പോയി ജലജീവികളുടെ അമൂല്യ ശേഖരം കാണാം. സുതാര്യമായ ജലനൗകകളില്‍ കടലിനുള്ളിലൂടെ സഞ്ചരിച്ച് അടിത്തട്ടിലെ ജീവിതം നേരിട്ട് കാണാം. കടലിനുള്ളിലെ മായക്കാഴ്ചകള്‍ കാണാന്‍ കൊതിയുള്ളവര്‍ക്ക് പറ്റിയ ഇടമാണ് കവരത്തി. ഇവിടത്തെ ജാംനാഥ്, ഉജ്ര പള്ളികളുടെ വാസ്‌തുശൈലി ഏറെ പ്രസിദ്ധമാണ്. 

kavaratti

2. കടമത്ത് 

നീര്‍ത്തുള്ളിയുടെ ആകൃതിയില്‍ കാണുന്ന ദ്വീപാണ് കടമത്ത്. കവരത്തി ദ്വീപിൽ നിന്നും 67 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. സുന്ദരമായ നീല നിറത്തില്‍ പരന്നുകിടക്കുന്ന ലഗൂണും പഞ്ചാരമണല്‍ വിരിച്ച ബീച്ചുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇവിടത്തെ സൂര്യാസ്തമനക്കാഴ്ച ഏതൊരു സഞ്ചാരിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട കാഴ്ചയാണ്. കടലില്‍ നിറയെ പവിഴപ്പുറ്റുകളാണ്.  അവയ്ക്കിടയിലൂടെ സ്കൂബാ ഡൈവിങ്ങും സ്നോർക്കലിങ്ങും സ്വിമ്മിങ്ങും ഡീപ് സീ ഡൈവിങ്ങുമെല്ലാം ചെയ്യുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ! ഗ്ലാസ് നിർമ്മിതമായ സെയിലിങ്ങ് ബോട്ടിലൂടെ കടലിനുള്ളില്‍ യാത്ര ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ഡീപ് സീ ഫിഷിങ്ങ് ഇവിടത്തെ മറ്റൊരു പ്രധാന വിനോദമാണ്‌.

Lakshadweep-travel

3. കല്‍പേനി

കൊച്ചിയില്‍ നിന്ന് ഏറ്റവും അടുത്തു കിടക്കുന്ന ദ്വീപാണ് കല്‍പേനി. ലക്ഷദ്വീപില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം ലഭിച്ച ആദ്യത്തെ ഇടമാണ് കല്‍പേനി. കയാക്കിങ്, സ്ക്യുബ, സ്‌നോർക്കളിങ്, ബനാന റൈഡ്, ബോട്ട് റൈഡ്, ഗ്ലാസ് ബോട്ടം റൈഡ്, ടര്‍ട്ടില്‍ റൈഡ് തുടങ്ങി നിരവധി ജലവിനോദങ്ങള്‍ ഇവിടെയും ഉണ്ട്. ലക്ഷദ്വീപില്‍ ഏറ്റവും വലിയ ലഗൂണ്‍ കാണപ്പെടുന്നത് ഇവിടെയാണ്‌. തിലക്കം, പിട്ടി, ചെറിയം തുടങ്ങിയ ദ്വീപുകള്‍ ഇതിനു തൊട്ടടുത്തായാണ് കാണുന്നത്. കടല്‍യാത്രക്കായി ബോട്ടുകള്‍ വാടകയ്ക്ക് ലഭിക്കും.

4. മിനിക്കോയ്

ഹണിമൂണ്‍ ആഘോഷിക്കാന്‍ വരുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ചന്ദ്രക്കല പോലെ കിടക്കുന്ന മിനിക്കോയ്. സുന്ദരവും വൃത്തിയുള്ളതുമായ ബീച്ചുകളും റിസോര്‍ട്ടുകളുമെല്ലാമുണ്ട് ഇവിടെ. ലക്ഷദ്വീപുകളില്‍ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപാണ് മിനിക്കോയ്. സ്നോര്‍ക്കലിംഗ് പോലെയുള്ള ജലവിനോദങ്ങളും പവിഴപ്പുറ്റിലൂടെയുള്ള നീന്തലുമെല്ലാം നടത്താന്‍ ഇവിടെയും സൗകര്യമുണ്ട്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ കടല്‍ത്തീരത്ത് നടക്കുന്ന അനുഭവം മനോഹരമാണ്.

5. അഗത്തി 

ലക്ഷദ്വീപിന്റെ കവാടം എന്നറിയപ്പെടുന്ന ദ്വീപാണ് അഗത്തി. ഇവിടെയാണ്‌ ലക്ഷദ്വീപ്‌ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ വിമാനമിറങ്ങുന്ന അഗത്തി എയര്‍പോര്‍ട്ട് ഉള്ളത്. 5 ചെറുദ്വീപുകളാൽ ചുറ്റപ്പെട്ട ദ്വീപാണിത്. പഞ്ചാര പോലെ വെളുത്ത മണൽ നിറഞ്ഞ ബീച്ചുകളും ഇളംനീലനിറത്തില്‍ വിശാലമായി കിടക്കുന്ന കടലുമെല്ലാം ചേര്‍ന്ന് അഗത്തിയെ അതിസുന്ദരിയാക്കുന്നു. ലക്ഷദ്വീപിലെ മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബംഗാരം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. കുറച്ചു ലക്ഷ്വറി ആവാം എന്നുണ്ടെങ്കില്‍ ഇവിടെ ഒരു സ്വകാര്യ റിസോര്‍ട്ട് കൂടി ഉണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA