ഡിസംബറില്‍ പോകാൻ പറ്റിയ ചില കിടുക്കൻ സ്ഥലങ്ങളെ അറിയാം

chopta1
SHARE

മഞ്ഞിന്റെ നനുത്ത കൈകൾ നമ്മെ വന്ന് മൂടുന്ന കാലമാരംഭിച്ചു.കുളിരുള്ളൊരു വെളുപ്പാൻകാലത്ത് പെട്ടെന്നൊരു യാത്ര പോകാന്‍ തോന്നുന്നു. എങ്ങോട്ട് പോകുമെന്നാണോ ചിന്ത. ഡിസംബർ എന്ന മഞ്ഞിന്റെ സ്വന്തം കൂട്ടികാരിയുടെ സമയം യാത്രികർക്കുള്ളതാണ്. ഈ തണുത്ത ഡിസംബർ മാസത്തിൽ പോകാൻ പറ്റിയ ചില കിടുക്കൻ സ്ഥലങ്ങളെ പരിചയപ്പെടാം. 

ചോപ്തയെന്ന മഞ്ഞിൻ കൂടാരം

ഉത്തരാഖണ്ഡ് തണുപ്പിന്റെ നാടാണെന്ന് പറയാം. മഞ്ഞുകാഴ്ച്ചകൾ കാണാൻ നിരവധിയിടങ്ങൾ ഉള്ള ഉത്തരാഖണ്ഡിൽ ഏറ്റവും പ്രമുഖം ചോപ്തയെന്ന നാടാണ്. ഇന്ത്യയുടെ സ്വിറ്റ്സർലാൻഡ് അഥവാ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ചോപ്ത സാഹസികപ്രേമികളുടെ പ്രിയ ‍ഡെസ്റ്റിനേഷനാണ്.ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ് ജില്ലയിലാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്.

chopta

കേദര്‍നാഥ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായുളള ചെറിയ ഗ്രാമമാണ് ചോപ്ത. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളില്‍ തുങ്കനാഥ് ക്ഷേത്രവും ചന്ത്രശിലയും മുഴുവനായും മഞ്ഞില്‍ കുളിക്കും. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചോപ്ത സഞ്ചാരികള്‍ മുന്നില്‍ തീര്‍ക്കുന്നതു വിസ്മയങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് 8,790 അടി മുകളിലാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്. ചുറ്റും മലകള്‍ അതിര്‍ത്തി തീര്‍ക്കുന്ന ചോപ്തയില്‍ നിന്നു നോക്കിയാല്‍ ഹിമാലയന്‍ മലനിരകളെ അങ്ങിങ്ങായി കാണാം. 

അളകനന്ദയും ഭാഗീഥിയും ഒന്നിക്കുന്ന ദേവപ്രയാഗ്, അളകനന്ദയും മന്ദാകിനിയും ഒന്നിക്കുന്ന രുദ്രപ്രയാഗ്, അളകനന്ദയും പിന്താറും കൂടിച്ചേരുന്ന കര്‍ണപ്രയാഗ് എന്നിങ്ങനെ മൂന്ന് സംഗമസ്ഥാനങ്ങളിലൂടെയാണ് ചോപ്തയിലേക്കുള്ള യാത്ര. ഗാര്‍വാലാ പഞ്ചായത്തിലൂടെ ഒരു ബസ് യാത്ര നടത്തിനോക്കിയാൽ അറിയാം ചോപ്തയുടെ സൗന്ദര്യം.  ചോപ്തയിലെത്തിയാല്‍ അടരുകളായി വീഴുന്ന മഞ്ഞുതുളളികളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

ശീതകാലങ്ങളില്‍ വഴികളും താഴ്‌വാരവുമെല്ലാം വെളള പഞ്ഞിപുതപ്പ് പുതച്ചതുപോലെയാവും. മലകളാവട്ടെ വെളളകല്ലില്‍ തീര്‍ത്ത മാലകള്‍ പോലെയും. ട്രക്കിംഗില്‍ താത്പര്യമുളളവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ചോപ്തയിലെ തുങ്കനാദിലുളള ചന്ദ്രശിലാ ട്രക്ക്. വനത്തിനും പുല്‍മേടിനുമിടയിലൂടെ ട്രക്കിംഗിനായി നിരവധി സ്ഥലങ്ങള്‍ ചോപ്തയിലുണ്ട്. ചന്ദ്രശില, തുങ്കനാഥ്, ദേവറിയാത്താല്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങള്‍.  പക്ഷി നിരീക്ഷകരുടെ ഇഷ്ടസങ്കേതം കൂടിയാണ് ചോപ്ത. 

തജിവാസ് ഗ്ലേസിയർ

കാശ്മീരിലെ സോൻമാർഗ്ഗിന് സമീപത്തുള്ള തജിവാസ് ഗ്ലേസിയർ മഞ്ഞുകാലത്ത് സന്ദര്‍ശിച്ചിരിക്കേണ്ടയിടമാണ്. കാശ്മീരിലെ മഞ്ഞു വീഴ്ചയുടെ തുടക്കം ഇവിടെ നിന്നാണ്.  സോൻമാർഗ്ഗിൽ നിന്നും ഏഴ് കിലോമീറ്റർ ദൂരം ട്രക്ക് ചെയ്തു വേണം ഇവിടെ എത്തിചേരാൻ. 

thajiwas-glacier

ശൈത്യകാലത്ത്  പൂജ്യം ഡിഗ്രിയിലും താഴെയായിരിക്കും ഇവിടെ തണുപ്പ്. സ്ലെഡ്ജ് റൈഡ് ചെയ്യാം എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 

ഡൽഹൗസി 

ഡിസംബർ മാസത്തിൽ ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികൾ  എത്തിച്ചേരുന്ന മഞ്ഞുകാല വിനോദസഞ്ചാരകേന്ദ്രമാണ് ഹിമാചൽ പ്രദേശിലെ ഡൽഹൗസി. ഒരപാട് പ്രത്യേകതകൾ ഉള്ളയിടമാണിത്. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഹില്‍സ്‌റ്റേഷന്‍ കന്റോണ്‍മെന്റുകളിലൊന്നായിരുന്നു ഒരു കാലത്ത് ഇവിടം. പഞ്ചാബ്-ഹിമാചല്‍ ബോര്‍ഡറിലെ പത്താന്‍കോട്ട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പ്രകൃതി സൗന്ദര്യം വാരിവിതറിയ വഴിയിലൂടെ 75 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താൻ.  സമുദ്രനിരപ്പില്‍ നിന്ന്  ഏകദേശം 2036 മീറ്റര്‍ ഉയരത്തിലുളള 'ചമ്പ' ജില്ലയിലാണ് ഡല്‍ഹൗസി സ്ഥിതിചെയ്യുന്നത്.

dalhousie

വർഷം മുഴുവനും തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടെ. ഡിസംബർ ആകുമ്പോൾ മരംകോച്ചുന്ന തണുപ്പായിരിക്കും.  ബലൂന്‍, കത്ലോഗ്, പെട്രെയിന്‍, തെഹ്റ, ബക്രൊട്ട എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മലനിരകള്‍ ചേർന്നതാണ് ഡൽഹൗസിയുടെ  പ്രകൃതി. സെന്റ് പാട്രിക്സ് ചര്‍ച്ച്‌,  സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച്‌, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്‌, സെന്‍റ് ജോണ്‍സ് ചര്‍ച്ച്‌ തുടങ്ങി നിരവധിപുരാതന ദേവാലയങ്ങൾ ഉണ്ട് ഇവിടെയെത്തിയാൽ സന്ദർശിക്കാൻ. 150 വര്‍ഷം പഴക്കമുള്ള  ലക്ഷ്മി നാരായണ്‍ ക്ഷേത്രവും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു.

ഗാംഗ്ടോക്ക്

തണുപ്പിന്റെ കാര്യത്തിൽ ഒട്ടും കോംപ്രമൈസ് ഇല്ലാത്ത സ്ഥലമാണ് ഗാംഗ്ടോക്ക്. നേപ്പാളിനും ചൈനയ്ക്കും ഭൂട്ടാനും ഇടയിലായി ഇന്ത്യയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം സിക്കിം പ്രദേശിന്റെ ഭാഗമാണ്. രാജ്യത്തെ ഒട്ടേറെ കൊടുമുടികളോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ആർക്കും പ്രിയപ്പെട്ടതാവുന്ന ഇടമാണ് ഇത് .എല്ലാ വശവും പർവ്വത നിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സോംഗോ തടാകമാണ് മഞ്ഞുകാലത്ത് ഗാംടോക്കിൽ  ഏറ്റവും ആകർഷണീയമാകുന്നത്.സമുദ്രനിരപ്പിൽ നിന്നും 12,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകത്തെ സിക്കിമിലുള്ളവർ ഏറെ വിശുദ്ധമായാണ് കണക്കാക്കുന്നത്.

Gangtok

സ്ഥിരം ഇടങ്ങളെ മാറ്റി അപൂർവ്വമായൊരു അനുഭൂതി നുകരാൻ ഈ യാത്രകൾ നിങ്ങൾക്ക് കൂട്ടാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA