sections
MORE

ഗുരുനിത്യയുടെ സമാധിയിടമായ ഊട്ടി ഫേൺഹിൽ ഗുരുകുലത്തിലേക്ക് ഒരു യാത്ര

fern-hill
SHARE

സഹയാത്രികരില്ലാത്ത യാത്ര എന്റെ സ്വപ്‌നങ്ങളുടെ ഭാഗമാണ്. വസ്‌ത്രങ്ങളടക്കം അത്യാവശ്യ വസ്തുക്കൾ ബാക്ക്‌പാക്കിലൊതുക്കി ഞാൻ വീടിനോടു യാത്ര പറഞ്ഞിറങ്ങി. സ്വാതന്ത്ര്യത്തിന്റെ, ആഹ്ലാദത്തിന്റെ, ഏകാന്തതയുടെ ആസ്വാദനം. തൃശ്ശൂരിൽനിന്ന് കോയമ്പത്തൂർ ബസിൽ കയറിയപ്പോൾ മുതൽ വല്ലാത്തൊരു അങ്കലാപ്പ്. വീടുവിട്ട് ആദ്യമായിപ്പോകുന്നതിന്റെ വേവലാതിയല്ല. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ എന്തെങ്കിലും വിഘ്‌നം വരുമോ എന്നായിരുന്നു ഭയം. റോഡുകൾ നിമിഷങ്ങളെപ്പോലെ നീണ്ടു നിവർന്നു കിടക്കുന്നു. കേരളത്തിലെ മഴമേഘങ്ങളിൽനിന്നു നീലഗിരിയുടെ ഹിമ മഴയിലേക്കൊരു പ്രയാണം. കാടും മലയും പുഴയും വെള്ളച്ചാട്ടങ്ങളും ഇടകലർന്ന ഭൂപ്രകൃതി എന്നിലെ ഉന്മാദാവസ്ഥയ്‌ക്ക് ആക്കം കൂട്ടി. 

fern-hill4

കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ അന്യഭാഷയുടെ സൗന്ദര്യം. ഭംഗിയുള്ള മുത്തുകൾ പെറുക്കിവയ്‌ക്കുന്ന പോലെ സംസാരിക്കുന്ന ഒരു തമിഴ് യുവതിയോട് ഊട്ടിയിലേക്കുള്ള ബസിനെക്കുറിച്ച് അന്വേഷിച്ചു. മേട്ടുപ്പാളയം ബസ്‌സ്റ്റാൻഡിൽനിന്ന് ഊട്ടി ബസ് എപ്പോഴുമുണ്ടെന്ന് അവർ പറ‍ഞ്ഞു.

മുല്ലപ്പൂമണമുള്ള ആ കുട്ടി നടന്നകലുന്നതും നോക്കി അടുത്തുള്ള സസ്യഭോജനശാലയിലേക്കു ഞാൻ കയറി. മേട്ടുപ്പാളയത്തേക്കുള്ള ബസിൽ കയറി സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ മനസ്സിൽ വല്ലാത്ത ആഹ്ലാദം. ജനലിനടുത്തുള്ള സീറ്റ് ബാല്യകാലം മുതൽ എന്റെ വാശികളിലൊന്നാണ്. കാഴ്‌ചകൾ തൊട്ടറിയാനും കണ്ടറിയാനും ആ ഇരിപ്പ് ഉപകരിക്കും എന്നാണെന്റെ വിശ്വാസം.

fern-hill1

ബസിൽ എനിക്ക് അപരിചിതമായ ചെന്തമിഴ് മൊഴികൾക്കു പുറമേ പിച്ചിയുടെയും കനകാംബരത്തിന്റെയും സുഗന്ധവും സൗന്ദര്യവും. വെള്ളരിക്കാപിഞ്ചിൽ ഉപ്പും മുളകുപൊടിയും തേച്ച് കഴിക്കുന്നതിന്റെ സ്വാദ് യാത്രയുടെ ആസ്വാദ്യതയേറി. ചുരം കയറിക്കൊണ്ടിരിക്കുമ്പോൾ എപ്പോഴോ ഞാനും ഈ തമിഴ്‌പെൺകൊടിമാരിലൊരുവളായി. മഞ്ഞു പുതച്ചു വീശുന്ന കാറ്റ് ശരീരത്തിൽ ഇരച്ചുകയറുന്നുണ്ടായിരുന്നു. ഇരുവശവും പ്രകൃതിഭംഗിയാൽ സമ്പന്നം. ആഴക്കാഴ്‌ചകൾ നമ്മുടെ മനസ്സിന്റെ അഗാധതലങ്ങളെ ഓർമിപ്പിച്ചു. നീണ്ട റോഡുകളിൽ മിഴി നട്ടിരിക്കുമ്പോൾ ഈ യാത്രയുടെ ആവശ്യകത ഞാൻ ഓർത്തു.

അജ്‌ഞാനമെന്ന അന്ധകാരത്തെ ഉരുക്കിക്കളഞ്ഞ് ജ്‌ഞാനമാർഗത്തിലേക്കു നയിക്കുന്ന വെളിച്ചത്തിന്റെ പ്രഭവമാകണം ഗുരു. സൗഹൃദങ്ങളിലൂടെയോ പുസ്തകങ്ങളിലൂടെയോ ലഭിക്കുന്ന തിരിച്ചറിവ് നമ്മെ ഗുരുവിലേക്കെത്താൻ സഹായിക്കുന്നുണ്ട്. 

fern-hill3

അന്വേഷണബുദ്ധിയോടെ നടക്കുന്ന എന്റെ കൈകളിലേക്ക് ഒരു സുഹൃത്ത് ടഗോറിന്റെ ‘ഗീതാഞ്ജലി’യുടെ മലയാള പരിഭാഷ സമ്മാനിച്ചു. പരിഭാഷകനാരെന്നു പോലും ശ്രദ്ധിക്കാതെ വായനയിൽ ഞാൻ മുഴുകി. ഒറ്റ ഒഴുക്കിലുള്ള വായന പരിഭാഷയുടെ മഹത്വം വ്യക്തമാക്കുന്നു. എന്റെ കണ്ണുകൾ പരിഭാഷകന്റെ പേരിലുടക്കിനിന്നു. ‘നിത്യ ചൈതന്യയതി’ എന്റെ പരിമിതമായ അറിവിന്റെ ലോകത്തേക്ക് ഒരു ചെരാതുമായി അദ്ദേഹം വന്നു കയറി. പിന്നീട്, ഭൂമിയിലെ ഓരോ ജീവത്തുടിപ്പിനെയും കുറിച്ച് സ്‌നേഹത്തോടെയും സഹിഷ്‌ണുതയോടെയും എഴുതിയ ടഗോറിന്റെ സാന്നിധ്യമല്ല മറിച്ച് യതിയുടെ ആത്മചലനങ്ങളുടെ വീക്ഷണമാണ് പുസ്തകത്തിലൂടെ ലഭ്യമായത്. അദ്ദേഹത്തെ അന്വേഷിച്ചുള്ള എന്റെ യാത്ര അന്നു തുടങ്ങി.

fern-hill6

ആ സമയത്താണ് ഗുരുവിന്റെ ശിഷ്യനായ ഷൗക്കത്തിനെ പരിചയപ്പെടുന്നതും അദ്ദേഹം എഴുതിയ ‘ഹിമാലയം’ എന്ന, യാത്രാനുഭവങ്ങളാൽ നിറഞ്ഞ പുസ്തകം എന്റെ കയ്യിലെത്തിച്ചേർന്നതും. അതിൽ പലയിടങ്ങളിലുമായി ഗുരുവിന്റെ നിറസാന്നിധ്യം എനിക്കനുഭവപ്പെട്ടു. കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞുപോയതറിയാതെ ഗുരുവിനെ കാണാൻ  ഞാൻ മോഹിച്ചു.

അജ്‌ഞാതനായ ശിൽപി വരയ്‌ക്കാൻ ശ്രമിക്കുന്ന അപൂർണ ചിത്രമായിരുന്നു എനിക്ക് യതി. ഷൗക്കത്തിന്റെ നമ്പർ അദ്ദേഹം തന്ന പുസ്തകത്തിൽ നിന്നു സംഘടിപ്പിച്ചു. ഫേൺഹില്ലിലെ ആശ്രമത്തെക്കുറിച്ചും അങ്ങോട്ട് പോകേണ്ട വഴിയെക്കുറിച്ചും നിത്യചൈതന്യമായി ഗുരു ഉറങ്ങുന്ന സമാധിയെക്കുറിച്ചും എനിക്ക് ഷൗക്കത്ത് വിവരിച്ചു തന്നു. ആശ്രമത്തിൽ ഇപ്പോഴുള്ള അന്തേവാസികൾ തന്മയസ്വാമിയും ജപ്പാനിൽ നിന്നു യതിയുടെ ശിഷ്യയായി വന്ന മിയാക്കോയും പിന്നെ ഒരു കെയർടേക്കറും ആണെന്നു പറഞ്ഞ് അവിടത്തെ ഫോൺ നമ്പർ തന്നു. ആ നമ്പറിൽ ബന്ധപ്പെടുകയും അങ്ങോട്ടുള്ള യാത്രയ്‌ക്ക് തയാറെടുക്കുകയും ചെയ്‌തു.

ഊട്ടി ബസ്‌സ്റ്റാന്റിൽ ഇറങ്ങിയ ഞാൻ എന്നിലെ ഏകാന്തതയിലേക്കു പാരവശ്യത്തോടെ നോക്കി. നാടൻ ചായക്കടയിലിരുന്നു കടുപ്പമുള്ള കട്ടൻ കാപ്പി ഊതിയൂതിക്കുടിക്കുമ്പോൾ എന്റെ മുടിയിഴകളിൽ മഞ്ഞിൻ കണങ്ങൾ മൃദുവായി തഴുകുന്നുണ്ടായിരുന്നു. അടുത്ത കാത്തിരുപ്പ് മഞ്ജനകൊറ ബസിനു വേണ്ടിയായിരുന്നു. ഗുരുകുലത്തിലേക്കെന്നെ എത്തിക്കേണ്ട ബസ് ഉച്ചത്തിൽ തമിഴ് സിനിമാഗാനത്തിന്റെ അകമ്പടിയോടെ മുന്നിൽവന്ന് ജാഡയോടെ നിന്നു. കടന്നു പോകുന്ന വഴിയിലെല്ലാം പേരറിയാ മരങ്ങളും ചെടികളും പൂക്കളും. യൂക്കാലിപ്‌റ്റ്സിന്റെ ഗന്ധം മൂക്കിലേക്കിരച്ചുകയറി. 

ഫേൺഹിൽ പാലസിന്റെ ഗാംഭീര്യമാർന്ന ഗേറ്റിനടുത്തെത്തുമ്പോൾ റോഡ് രണ്ട് വശത്തേക്കു വഴിപിരിഞ്ഞു. പാലസിനുള്ളിലേക്ക് ടൂറിസ്റ്റ് ബസുകളുടെ തിരക്ക്. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡിന്റെ വഴിയിൽ പരന്നു കിടക്കുന്ന സെമിത്തേരി. പച്ചപ്പുല്ലുകൾ നിറഞ്ഞ പരവതാനിയിൽ സ്വപ്‌നങ്ങൾ പൂർത്തീകരിച്ചിട്ടുള്ളവരും അല്ലാത്തവരുമായ ആത്മാവിന്റെ അടയാളങ്ങൾ മഞ്ഞപ്പൂക്കളായി നിറഞ്ഞു പൂത്തു നിൽക്കുന്നു. ബസ് പിന്നെയും മുകളിലേക്കു ചാഞ്ഞും ചെരിഞ്ഞും കയറിയിറങ്ങി ആശ്രമപരിസരത്തെത്തി. ഇറങ്ങുമ്പോൾ ‘‘ദാ, ആ കാണുന്നതാണ് ആശ്രമം’’. എന്ന് കണ്ടക്‌ടർ ചൂണ്ടിക്കാട്ടി. ഒരു ഭാഗത്ത് മുഴുവൻ തേയിലത്തോട്ടങ്ങളും കിളുന്തുനുള്ളുന്ന തമിഴ് സ്‌ത്രീകളും. മറുഭാഗത്ത് മുഴുവൻ കാരറ്റ്, കാബേജ്, കോളിഫ്ലവർ തുടങ്ങിയ വിളയുന്ന നിരപ്പായ കൃഷിസ്ഥലങ്ങൾ.

ചില്ലു കൊട്ടാരം പോലുള്ള ആശ്രമം. പല നിറത്തിലും ആകൃതിയിലുമുള്ള കെട്ടിടങ്ങൾ. അതിനിടയിൽ നാരായണഗുരുവിന്റെ കൂറ്റൻ പ്രതിമ സാക്ഷീഭാവത്തിൽ നിൽക്കുന്നു. ആശ്രമത്തിലേക്കു കയറിച്ചെല്ലുമ്പോൾ തന്മയ സ്വാമി ഹൃദ്യമായ പുഞ്ചിരിയോടെ സ്വീകരിച്ചു. വലിയ പ്രാർഥനാ ഹാളിന്റെ ഇരുവശത്തുമായി രണ്ട് മുറികളിലൊന്നെനിക്ക് അനുവദിച്ചുതന്നു. മഞ്ഞിന്റെ കുളിരു തരുന്ന സുഖവും ബുദ്ധിമുട്ടും ഞാനറിഞ്ഞു. കുളിച്ചു പുറത്തു വന്നപ്പോൾ ഹാളിന്റെ സൗന്ദര്യം ഞാനാസ്വദിച്ചു. വലിയ കൗതുകമേറിയ ഗണപതി വിഗ്രഹത്തിന്റെ വശങ്ങളിലായി ശ്രീ നാരായണഗുരു,  നടരാജഗുരു പിന്നെ നിത്യചൈതന്യ യതിയും. തണുപ്പ് അകറ്റാൻ ഉള്ള സ്വെറ്ററിന് മുകളിലൂടെ ചിത്രത്തുന്നലുകളാൽ അലംകൃതമായ ഷാൾ കൊണ്ട് ഞാൻ ശരീരത്തെ പൊതിഞ്ഞു.

സമൃദ്ധമായ അടുക്കളയിൽ കയറിയ എന്നോട് സ്വാമിജി പറഞ്ഞു: ‘‘ഇന്ന് കുട്ടിക്കുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. നാളെ മുതൽ സ്വയം പാചകം ചെയ്യേണ്ടി വരും. ഇവിടെ അതാണ് നിയമം.’’ ഞാൻ ഉത്സാഹത്തോടെ ചായ ഊതിക്കുടിച്ചു. പല ചിത്രകാരന്മാർ വരച്ച  പെയിന്റിങ്ങുകൾ, ധാരാളം പുസ്തകങ്ങൾ...

പുസ്തകം വിൽപനയിലൂടെ മാത്രം കിട്ടുന്ന പൈസയാണ് അവിടത്തെ പ്രധാന വരുമാന മാർഗം. നീണ്ട ലൈബ്രറി ഹാളിൽ പഴയ എഴുത്തുകാർ മുതൽ പുതിയ എഴുത്തുകാർ വരെ എഴുതിയ വിവിധ വിഷയങ്ങളിലെ പുസ്തകങ്ങൾ. ചുറ്റും ഏതോ ചിത്രകാരൻ വരച്ച വിശ്വസാഹിത്യകാരന്മാരുടെ ചാർക്കോൾ ചിത്രങ്ങൾ. അവിടെ കാണുന്ന ഓരോന്നിനു പിന്നിലും ഓരോ കഥയുണ്ടെന്ന് ആരോ മന്ത്രിച്ച പോലെ. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാൾ യതിക്ക് എഴുത്തെഴുതിയത്രേ. ഫേൺഹില്ലിൽ വരാൻ പറഞ്ഞ ആ വ്യക്തിയോട് സ്വന്തം കഴിവിനെക്കുറിച്ച് പറയാൻ പറഞ്ഞു. ചിത്രംവര മാത്രമേ തനിയ്‌ക്കറിയൂ എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ കയ്യിൽ ചാർക്കോളും പേപ്പറും കൊടുത്ത് ഇതൊക്കെ വരയ്‌ക്കാൻ പറഞ്ഞു; യതി. മാസങ്ങൾ പോകവേ മരിക്കാൻ മറന്ന് ജീവിക്കാൻ തുടങ്ങിയ ആ ചിത്രകാരൻ നന്ദി പറഞ്ഞിറങ്ങുമ്പോൾ യതി പറഞ്ഞത്രേ: ‘ഇതുപോലെ ആരെയെങ്കിലും കണ്ടാൽ സഹായിക്കണം’. അത് അദ്ദേഹം മനസ്സിൽ ആവാഹിച്ച് ജീവിതയാത്ര തുടങ്ങുകയും ചെയ്‌തു.

ആ മുറിയിൽനിന്നു പുറത്തിറങ്ങി ഗുരുവിന്റെ സമാധിസ്ഥലത്തിനു മുന്നിലെത്തുമ്പോൾ മനസ്സിൽ പലവിധ വികാര വിചാരങ്ങളുടെ വേലിയേറ്റം. ആദ്യപടി കയറുമ്പോൾ ഞാൻ എന്റെ സങ്കല്‌പത്തെക്കുറിച്ച് ആലോചിച്ചു. ആരായിരിക്കണം ഗുരു? അദ്ദേഹത്തിന്റെ ഭാവം എന്നിൽ എപ്രകാരമാണ് ഉണ്ടായിരിക്കുക? മനസ്സ് തന്നെ അതിനുത്തരം തന്നു, ഒപ്പം നിത്യചൈതന്യമായ യതിയുടെ ഫോട്ടോയും. നീഹാരചാരുത പകരുന്ന തരത്തിലാണ് ഗുരുവിന്റെ മുഖദർശനം. മിഴികളിൽ അലിവിന്റെ, അറിവിന്റെ മഹാസാഗരം. പതുക്കെ അകത്ത് പ്രവേശിച്ചപ്പോൾ ഒരു ചെറുവിളക്കിനു മുന്നിൽ നിതാന്ത നിദ്രയായി ഗുരു കിടക്കുന്നു. പൂജയ്‌ക്ക് എടുക്കാനും മാലയിൽ കൊരുക്കാനും ആഗ്രഹിക്കാത്ത കുഞ്ഞുപൂവിനെക്കുറിച്ചെഴുതിയ ഗുരുവിന്റെ സമാധിക്കു മുന്നിൽ ഞാൻ എന്റെ  മനസ്സാകുന്ന പുഷ്‌പം സമർപ്പിച്ചു. മിഴികളടച്ച് ധ്യാനത്തിലിരിക്കുമ്പോൾ എന്റെ കേൾവിക്കപ്പുറത്തെവിടെയോ ഗുരു വന്ന് താളത്തിൽ പതിഞ്ഞ ശബ്‌ദത്തോടെ പറയുന്ന മൊഴിമുത്തുകൾ എന്നിലെ ഗുരുഭക്തിക്ക് ആക്കം കൂട്ടി. അദ്ദേഹത്തിന്റെ അസാന്നിധ്യം സാന്നിധ്യമായി എന്നിൽ നിറഞ്ഞു. ആശ്രമത്തിലലയടിക്കുന്ന തണുത്ത കാറ്റിനൊപ്പം സഹോദര്യം, സ്‌നേഹം, സഹിഷ്‌ണുത എന്നിവയുടെ അലകളിൽ ഞാനലിഞ്ഞില്ലാതായി.

പുറത്തിറങ്ങി ആശ്രമം മുഴുവൻ ഒരു ബാല്യകാല മനസ്സുമായി ഞാൻ ഓടി നടന്നു. ആശ്രമാതിർത്തിക്കപ്പുറം നാലു കാട്ടുപോത്തുകൾ തലയുയർത്തി അപരിചിതഭാവത്തോടെ തലയുയർത്തി നോക്കി. പ്രകൃതി മഞ്ഞിൽ മുങ്ങി സൗന്ദര്യത്തോടെ മുന്നിൽ നിൽക്കുന്നു. പുറകിൽ മിയാക്കോയുടെ ‘ഗുഡ് ഈവനിങ്’. ഒരുപാട് സംസാരിച്ചു കൊണ്ട് ഞങ്ങൾ നടക്കുമ്പോൾ സ്വന്തം നാട് മിസ്സാവുന്നില്ലേ എന്ന് ചോദിച്ചു. എന്തൊരു സുന്ദരമായ ഭാവമായിരുന്നു അവർക്കപ്പോൾ. മനസ്സിൽ ഇല്ലാത്ത അതിർത്തി  ചിന്ത എന്തിനാണ് വിചാരങ്ങളിൽ നിറയ്‌ക്കുന്നത്. രാജ്യങ്ങളുടെ വ്യത്യാസം താൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു പറഞ്ഞവർ ഉറക്കെ ചിരിച്ചു. സ്വാമിജിയോട് സംസാരിക്കുന്നതിനിടയിൽ അവിടെയുള്ള രണ്ട് അന്തേവാസികൾ പരാതി പറയാനെത്തി. രണ്ട് ഭാഗങ്ങളും കേട്ടശേഷം സ്വാമി വിധി പ്രഖ്യാപിച്ചു. ഏതു വഴക്കായാലും, കാരണക്കാർ ആരായാലും രണ്ടു പേരും ഇവിടെനിന്ന് കുറച്ചു കാലം മാറിത്താമസിക്കണമെന്ന അലിഖിത നിയമം ശരിക്കും നമ്മിൽ അദ്ഭുതം ജനിപ്പിക്കും.

രാവിലെ 10നും രാത്രി 7നും ആണ് പ്രാർഥനാ സമയം. സംഗീത താളങ്ങളുടെ അകമ്പടിയുള്ള പ്രാർഥനാഗീതങ്ങളോ ആരവങ്ങളോ ഇല്ലാതെ ശാന്തമായ പ്രാർഥന. ആദ്യം ഗുരുവന്ദനം, പിന്നെ ദൈവദശകം, എന്തെങ്കിലും ഒരു ഉപനിഷത്ത് എന്നതിനപ്പുറം ഈ ഭൂമുഖത്ത് രചിക്കപ്പെട്ടിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളുടെയും ചർച്ചകൾ എന്നിൽ അദ്ഭുതം സൃഷ്‌ടിച്ചു. ബൗദ്ധികമായ ഔന്നത്യം, ലാളിത്യം ഇവ ആകർഷണീയമാണ്. ആശ്രമപരിസരത്തുള്ള പൂക്കളും പുൽനാമ്പുകളും വിവിധതരം കുഞ്ഞുപക്ഷികളും എനിക്ക് അറിവിന്റെ ഭണ്ഡാരങ്ങളായി. നാരായണ ഗുരുവിനെയും യതിയെയും വായിച്ച എനിക്ക് മുനി നാരായണപ്രസാദിന്റെ പാണ്ഡിത്യത്തിന്റെ നിറവും അനുഭവിക്കാൻ കഴിഞ്ഞു.  നീലഗിരിയെ അറിയാനും ആശ്രമത്തെ ഉൾക്കൊള്ളാനും എനിക്കു സാധിച്ചു. ഇടയ്‌ക്കെല്ലാം വരുമെന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ, മനസ്സിന് ആഗ്രഹം തോന്നുമ്പോഴൊക്കെ വരൂ എന്ന് തന്മയസ്വാമി മന്ത്രിച്ചു. ഒന്നുതിരിഞ്ഞു നോക്കുമ്പോൾ ഗുരുവിന്റെ അദൃശ്യ സാന്നിധ്യം.

നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും ആശ്രമത്തിലെത്തി നിൽക്കുമ്പോൾ എല്ലാം പഴയതുപോലെ തന്നെ. തന്മയ സ്വാമിക്കു പകരം സ്വാമി വ്യാസ പ്രസാദ്, കൂറ്റൻ ഗണപതിവിഗ്രഹത്തിനു പകരം നാരായണഗുരുവിന്റെ ഛായാചിത്രം എന്ന മാറ്റം മാത്രം. സാധിക്കുന്ന സമയത്തൊക്കെ വരാറുണ്ടെങ്കിലും ഇന്നും എന്നിൽ പുതിയ അനുഭവങ്ങളുടെ മിഴിയനക്കം.

തണുത്ത കാറ്റും നിറഞ്ഞ മഞ്ഞും നനുത്ത മഴയും നിറഞ്ഞ നീലഗിരിയുടെ ഫേൺഹിൽ ആശ്രമം എന്നെപ്പോലുള്ളവരുടെ നാടോടി സങ്കൽപത്തിന്റെ സങ്കേതമായി നിലനിൽക്കുന്നു. നിശ്ശബ്‌ദമായ രാത്രിഭംഗിയിൽ കുന്നിൻചരിവിലേക്കു നോക്കി ഞാൻ നിൽക്കുമ്പോൾ ഗുരുവിന്റെ സ്‌പർശനമേറ്റ കാറ്റ് ശക്തിയായി വീശിക്കൊണ്ടിരുന്നു: അങ്ങകലെനിന്ന് ആരോ മീട്ടുന്ന ഓടക്കുഴൽ നാദം ആസ്വദിച്ച് ഞാനും എന്റെ മനസ്സും പിന്നെ ഈ പ്രകൃതിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA