ADVERTISEMENT

അഭിനയത്തോടൊപ്പം വ്ലോഗും ചെയ്യുന്ന അനുവിന്റെ ഇത്തവണത്തെ യാത്ര കൊൽക്കത്തയിലേക്കായിരുന്നു. കൊൽക്കത്തയുടെ നഗര ഹൃദയങ്ങളിലൂടെ വിവിധതരം രുചികൾ അറിഞ്ഞാണ് ഇത്തവണ അനു യാത്ര അവസാനിപ്പിച്ചത് . അനുവിന്റെ യൂട്യൂബ് ചാനലിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. അനുവിൻറെ കൊൽക്കത്തൻ വിശേഷങ്ങളിലേക്ക്..

കൊച്ചിയിൽ നിന്നും വിമാനത്തിന് കൊൽക്കത്തയിലേക്ക് മൂന്ന് മണിക്കൂറോളം യാത്രയുണ്ട്. അവിടെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു അനു നഗരപ്രദക്ഷിണം നടത്തിയത്. കൊൽക്കത്തയിലെ അനുവിന്റെ ആദ്യ സന്ദർശനം ഗരിയാഹട്ട് മാർക്കറ്റിൽ ആയിരുന്നു. ഗരിയാഹട്ട് അവിടുത്തെ  പ്രശസ്തിയാർജ്ജിച്ച ഒരു മാർക്കറ്റാണ്. ഏതു സാധനവും വളരെ വിലകുറഞ്ഞ് കിട്ടുന്ന ഒരു മാർക്കറ്റ്. അനു കൂടുതലായും  ഇത്തവണത്തെ യാത്രയിൽ പരീക്ഷിച്ചത് ഭക്ഷണങ്ങൾ ആയിരുന്നു. 

കൊൽക്കത്തയുടെ തനത് രുചികൾ ഒക്കെയും തൻറെ യാത്രയിൽ പരീക്ഷിച്ചു. കൊൽക്കത്തയുടെ രുചികൾ വിളമ്പുന്ന ചെറിയ ചെറിയ ഭക്ഷണശാലകൾ ആണ് ഈ മാർക്കറ്റിന്റെ വലിയൊരു പ്രത്യേകത. തെരുവോരങ്ങളിൽ നിറയെ ഇത്തരം ഭക്ഷണ സാധനങ്ങളുമായി കച്ചവടക്കാർ നിരന്നിരിക്കും.

ഗരിയാഹട്ടിൽ   നിന്നും അനു പോയത് അണ്ടർഗ്രൗണ്ട് മെട്രോ കാണാനായിരുന്നു. തൻറെ ആദ്യ അനുഭവം ആണ് ഇതെന്നാണ് അനു വീഡിയോയിൽ പറയുന്നത്.  കൊൽക്കത്ത സന്ദർശിക്കുന്നവർ ഒരിക്കലെങ്കിലും അവിടുത്തെ അണ്ടർഗ്രൗണ്ട് മെട്രോയിൽ യാത്ര നടത്തണം. ആ നാടിന് മാത്രം പങ്കുവയ്ക്കാൻ ആവുന്ന കുറെയേറെ വിശേഷങ്ങൾ ഉണ്ട്. അവയൊക്കെ അറിയണമെങ്കിൽ ആ നാട്ടിലൂടെ ഒരു യാത്ര അനിവാര്യം ആണ്. കാളിഘട്ട് മെട്രോ സ്റ്റേഷൻ എന്നാണ് ഈ അണ്ടർഗ്രൗണ്ട് മെട്രോയുടെ പേര്. 

കൊൽക്കത്തയിൽ എത്തിയാലും ഗുരുവായൂരപ്പനെ കാണണമെന്നു തോന്നിയാൽ എന്ത് ചെയ്യും.  മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ചു അങ്ങ് നിൽക്കും എന്നായിരിക്കും ചിന്തിക്കുന്നത് അല്ലേ. എന്നാൽ നിങ്ങൾ കൊൽക്കത്തയിൽ ആണെങ്കിൽ ഗുരുവായൂരപ്പനെ നേരിട്ട് കാണാം.  ഗുരുവായൂരപ്പൻ ക്ഷേത്രം കൊൽക്കത്തയിലും ഉണ്ട് എന്നർത്ഥം. വീഡിയോയിലൂടെ അനുവും അവിടെ ദർശനം നടത്തുന്നത് കാണാം.

യാത്ര അവസാനിപ്പിക്കുന്നതിനു മുൻപ് അനു കൊൽക്കത്തയുടെ വളരെ പ്രശസ്തമായ ന്യൂ മാർക്കറ്റിലും പോയി.  ന്യൂ മാർക്കറ്റ് ഷോപ്പിംഗ് പ്രിയരെ സംബന്ധിച്ച് ഒരു പറുദീസയാണ്. വില കുറച്ചും വില പേശിയും ഇവിടെ നിന്നും എന്തും വാങ്ങാം. ഗൃഹോപകരണങ്ങൾ മുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ എന്തും ഇവിടെ വിലകുറച്ചു കിട്ടും. ആഭരണങ്ങൾ വസ്ത്രങ്ങൾ തുടങ്ങി അനേകായിരം സാധനങ്ങൾ ഉണ്ട് ന്യൂ മാർക്കറ്റിൽ. 

വീഡിയോയിൽ ഉടനീളം കാണാം കൊൽക്കത്തയുടെ മുഖച്ഛായ ആയ മഞ്ഞ ടാക്സി കാറിലാണ് അനു യാത്ര ചെയ്യുന്നത് അധികവും എന്ന്. കൂടുതൽ യാത്ര വിശേഷങ്ങൾ വരും ദിനങ്ങളിൽ പ്രതിക്ഷിക്കാമെന്ന് പറഞ്ഞ് അനു തന്റെ കൊൽക്കത്ത യാത്ര അവസാനിപ്പിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com