sections
MORE

മീന്‍പിടിത്തം, ട്രെക്കിങ്, ബോട്ടിങ്... ബെംഗളൂരുകാര്‍ക്ക് വീക്കെന്‍ഡ് അടിച്ചു പൊളിക്കാന്‍ ഭീമേശ്വരി

b-cauveri
SHARE

ഭീമേശ്വരിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ബെംഗളൂരുവില്‍നിന്നു നൂറു കിലോമീറ്റര്‍ അകലെ മാണ്ഡ്യ ജില്ലയില്‍ കാവേരി നദിയുടെ കരയില്‍ പരന്നങ്ങനെ കിടക്കുന്ന സുന്ദരഭൂമി. ജൈവസമൃദ്ധികൊണ്ടു സമ്പന്നമായ ഈ പ്രദേശം സാഹസികര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ഒരേപോലെ ഇഷ്ടപ്പെടും. നദിയിലൂടെ ബോട്ടിങ്ങിനു പോകാം, ക്യാംപ് ചെയ്യാം, ട്രെക്കിങ് നടത്താം, പക്ഷിനിരീക്ഷണം ഇഷ്ടമുള്ളവര്‍ക്ക് അതുമാവാം. ഫിഷിങ് ക്യാംപുകള്‍ക്കും പേരുകേട്ട സ്ഥലം. യാത്രാപ്രേമികള്‍ക്ക് ഒരു വീക്കെന്‍ഡ് അടിച്ചുപൊളിച്ചു തിരിച്ചു വരാന്‍ പറ്റിയ എല്ലാ ഐറ്റങ്ങളും ഉണ്ടെന്നർഥം! 

ബെംഗളൂരുവില്‍നിന്നു ഭീമേശ്വരിയിലേക്ക് ഡ്രൈവ് ചെയ്ത് പോകുന്നതാണ് നല്ലത്. പ്രകൃതിരമണീയമായ പ്രദേശങ്ങള്‍ കടന്നും കണ്ടുമങ്ങനെ പോകുമ്പോള്‍ത്തന്നെ മനസ്സിനൊരു പ്രത്യേക സുഖം കിട്ടും. ഭീമേശ്വരിയിലെത്തിയാല്‍ രണ്ടു ദിവസം അഡ്വഞ്ചര്‍ ആന്‍ഡ്‌ നേച്ചര്‍ ക്യാംപില്‍ കൂടാം. കര്‍ണാടക സര്‍ക്കാരിന്‍റെ ജംഗിള്‍ ലോഡ്ജസിന് കീഴിലുള്ള സംരംഭമാണിത്. സിപ്പര്‍ റൈഡ്, റോപ് വാക്ക്, കൊറാക്കിള്‍ റൈഡ്, കയാക്ക്, ട്രെക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യമുണ്ട് ഇവിടെ. ഭീമേശ്വരി, ഗാലിബോര്‍, ദൊഡ്ഡമാക്കലി എന്നിവിടങ്ങളിലായി ഫിഷിങ് ക്യാംപുകളുമുണ്ട്. ഫോണിന് തരി പോലും റേഞ്ച് കിട്ടില്ല എന്നതാണ് മറ്റൊരു ആശ്വാസകരമായ കാര്യം!

bheemeshwari-room1

മണ്‍സൂണ്‍ കഴിഞ്ഞ് ഓഗസ്റ്റ്‌ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

ഭക്ഷണവും താമസ സൗകര്യവും

വീക്കെന്‍ഡ് താമസത്തിന് പറ്റിയ ഇടമാണ് ഇവിടം. മരക്കുടിലുകള്‍, ലക്ഷ്വറി ടെന്റ് കോട്ടേജുകള്‍, ബാംബൂ ഹട്ടുകള്‍ തുടങ്ങി താമസത്തിനു വിവിധ ഓപ്ഷനുകള്‍ ലഭ്യം. രാവിലെ 11 മണിയാണ് ചെക്കിന്‍ ടൈം. റൂമുകള്‍ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. രാവിലെ ഉണരുമ്പോള്‍ത്തന്നെ കിളികളുടെ കളകളനാദവും ഒഴുകുന്ന ജലത്തിന്‍റെ നേര്‍ത്ത ആരവവും കേള്‍ക്കാം.

bheemeshwari-coracle2

വൃത്തിയും രുചിയുമുള്ള സൗത്തിന്ത്യന്‍ / നോര്‍ത്തിന്ത്യന്‍ ഭക്ഷണമാണ് ഇവിടെ നല്‍കുന്നത്. റസ്റ്ററന്‍റ് ഇല്ല, പകരം ഗോല്‍ ഘര്‍ എന്ന പേരില്‍ ഒരു ഡൈനിങ് ഏരിയയാണ് ഉള്ളത്. ക്യാംപ് ഫയര്‍ സമയത്ത് ബാര്‍ബിക്യൂ പാകം ചെയ്യുന്ന പരിപാടിയുമുണ്ട്. പുതിയ ആളുകളെ  പരിചയപ്പെടാനുള്ള ഒരു വേദി കൂടിയാണിത്.

bheemeshwari3

ഫോണിനു സിഗ്നല്‍ കിട്ടാത്ത സ്ഥലമായതിനാല്‍ രണ്ടു ദിവസം ബഹളങ്ങളൊഴിഞ്ഞ് സമാധാനമായിരിക്കാം. പിറ്റേ ദിവസം രാവിലെ എണീറ്റ്‌ രണ്ടു കിലോമീറ്റര്‍ ട്രെക്ക് ചെയ്യുമ്പോള്‍ സിഗ്നല്‍ വരും.

മുതലകളെയും കുരങ്ങന്മാരെയും സൂക്ഷിക്കുക!

കാവേരി നദിയിലെ ബോട്ടിങ് സുന്ദരമായ അനുഭവമാണ്. എന്നാല്‍ നദിയില്‍ ഇറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മുതലകള്‍ ഉള്ള സ്ഥലമായതിനാല്‍ അപകടസാധ്യത ഉണ്ട്. കൂടാതെ ഭക്ഷണ സാധനങ്ങള്‍ തട്ടിപ്പറിച്ച് ഓടുന്ന കുരങ്ങന്മാരും സര്‍വ സാധാരണം. അതിനാല്‍ കയ്യില്‍ ഭക്ഷണപ്പൊതിയുമായി യാത്ര ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ റൂമിന്‍റെയും വാഹനത്തിന്‍റെയും വാതില്‍ അടയ്ക്കാന്‍ ശ്രദ്ധിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA