ADVERTISEMENT

ന്യൂ ഇയറിന്‍റെ കൗണ്ട് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു. എങ്ങോട്ട് പോവണം എന്നാണോ ഇപ്പോഴും ചിന്തിക്കുന്നത്? ന്യൂ ഇയര്‍ രാവ് അടിച്ചു പൊളിക്കാന്‍ ഇന്ത്യയില്‍ പോകാവുന്ന ചില സ്ഥലങ്ങള്‍ ഇതാ...

1. ഗോവ 

goa-trip

ന്യൂ ഇയര്‍ പാര്‍ട്ടി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ മനസ്സിലേക്ക് ഓടി വരുന്ന സ്ഥലം ഗോവയല്ലാതെ മറ്റേതാണ്! ഇന്ത്യയിലെ ലാസ് വേഗസ് എന്നറിയപ്പെടുന്ന ഗോവ പുതുവർഷ ആഘോഷങ്ങളുടെയും പാര്‍ട്ടിയുടെയും കോട്ടയാണ്. ബാഗുമെടുത്ത് നേരെയങ്ങു പോയാല്‍ മതി, പുതുവർഷ രാവ് ഗംഭീരമാക്കാം.

2. കസോള്‍

kasol-trip1

'ട്രിപ്പി' കസോള്‍, പാര്‍ട്ടികളുടെയും സുന്ദരമായ പ്രകൃതിയുടെയും ഒരു പെര്‍ഫെക്റ്റ് മിശ്രണമാണ്. സ്ഥലം കാണുമ്പോഴേ മൊത്തം പൊസിറ്റീവാകും! ബാക്ക്പാക്കര്‍മാരുടെ സ്വര്‍ഗ്ഗം എന്ന് പറയാം. അഭൗമമായ സൗന്ദര്യമുള്ള ഇടങ്ങള്‍ ഇനിയും ഈ ലോകത്ത് അവശേഷിക്കുന്നുണ്ട്. ആരോ വരച്ചത് അല്ലെങ്കില്‍ നമുക്ക് ചെന്നെത്താവുന്നതിനും അപ്പുറത്തുള്ളൊരിടം എന്ന ധാരണയില്‍ ചുവരിനൊരു അലങ്കാരമായി മാത്രം കണ്ട് എങ്ങു നിന്നോ വാങ്ങിയ ചിത്രങ്ങള്‍ക്കു ജീവന്‍ വച്ചതു പോലുള്ളൊരിടം. ഹിമാചല്‍ പ്രദേശിലെ കസോള്‍ അങ്ങനെയുള്ളൊരിടമാണ്. പാര്‍വ്വതി മലനരികളുടെ ഭംഗിയില്‍ വിരിഞ്ഞൊരു നാട്. പാര്‍ട്ടിയും ട്രെക്കിങ്ങും ഒക്കെ കഴിഞ്ഞ് തിരിച്ചു പോരാം!

3. പുതുച്ചേരി 

pondicherry

ഇത്തവണത്തെ ന്യൂ ഇയറിന് അല്‍പ്പം ഫ്രഞ്ച് ടച്ച് കൊടുത്താലോ? പുതുച്ചേരിയില്‍ പോയി ന്യൂ ഇയര്‍ പാര്‍ട്ടി കൂടാം. പുതുവര്‍ഷാഘോഷത്തിന് മൊത്തം ഒരു ക്ലാസിക് ഛായ വരട്ടെന്നേ! ഓരോരുത്തരേയും ഓരോ രീതിയിൽ സ്വീകരിക്കാനുള്ള കഴിവ് ആ നഗരത്തിനുണ്ട്. പുതുച്ചേരിക്ക് വെറും ഇരുപത്തിരണ്ടു കിലോമീറ്റർ വിസ്താരമേയുള്ളൂ. അതിനുള്ളിൽ കടലുണ്ട്, കായലുണ്ട്, കണ്ണെത്താദൂരത്തോളം രസകരമായ കാഴ്ചകളുണ്ട്.

4. റാന്‍ ഓഫ് കച്ച്

വരും വര്‍ഷത്തെ നന്മകളുടെ മുഴുവന്‍ തുടക്കം ഒരു മരുഭൂമിയില്‍ നിന്നാവുന്നതിനെക്കുറിച്ച് എന്തു തോന്നുന്നു? ആയിരം നക്ഷത്രങ്ങള്‍ വിരിഞ്ഞു നില്‍ക്കുന്ന ആകാശത്തിന് ചുവട്ടിലെ ഭീമന്‍ കബാനയില്‍ ചിയേഴ്സ് പറഞ്ഞു കൊണ്ട് തുടങ്ങാം, പുതുവര്‍ഷം!  ആരാണ് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്! തെക്കുഭാഗത്ത് കച്ച് ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന കച്ചിലെ ഗ്രേറ്റ് റാന്‍ ഓഫ് കച്ച് എന്ന ഈ മരുപ്രദേശം ഗുജറാത്ത് സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഇടമാണ്.

മരുഭൂമിയാണെങ്കിലും ഇവിടുത്തെ ജൈവവൈവിധ്യം ആകര്‍ഷണീയമാണ്. ഇന്ത്യന്‍ കാട്ടുകഴുത, ഫ്ലമിംഗോ മുതലായ പക്ഷിമൃഗാദികളെ ഇവിടെ കാണാം. ഇന്ത്യന്‍ വൈല്‍ഡ് ആസ് സാങ്ങ്ച്വറി, കച്ച് ഡിസര്‍ട്ട് വൈല്‍ഡ് സാങ്ങ്ച്വറി മുതലായവയുടെ ഭാഗം കൂടിയാണ് റാന്‍ ഓഫ് കച്ച്. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഒപ്പിയെടുക്കാനായി ഒരുപാടു ദൃശ്യങ്ങള്‍ ലഭിക്കും. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ സേനയുടെ നിരീക്ഷണത്തിലാണ് ഈ പ്രദേശം. അതിനാല്‍ യാത്ര പോകുമ്പോള്‍ കൃത്യമായ ഐഡി പ്രൂഫുകള്‍ കയ്യില്‍ കരുതുക.

5. ഓളി

പുതുവര്‍ഷം കളറാക്കാന്‍ അല്‍പ്പം സാഹസികതയുടെ മേമ്പൊടി ചേര്‍ക്കണം എന്ന് ആഗ്രഹമുണ്ടോ? ആപ്പിള്‍ തോട്ടങ്ങളും ഓക്ക് മരങ്ങളും പൈന്‍ വനങ്ങളും നിറഞ്ഞ, ഉത്തരാഖണ്ഡിലെ ഓളി നിങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്! ഹിമാലയന്‍ മഞ്ഞിലൂടെ ട്രെക്കിംഗും സ്കീയിംഗും ഒക്കെ ചെയ്ത് തിരിച്ചു പോരാം. വിന്‍റര്‍ ആയതിനാല്‍ നല്ല കിടുക്കന്‍ തണുപ്പായിരിക്കും. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടു വേണം യാത്ര ചെയ്യാന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com