ADVERTISEMENT

സ്ഥിരമായി കേട്ടും കണ്ടും പഴകിയ സ്ഥലങ്ങൾ ഇത്തവണത്തെ ട്രിപ്പ് ചാർട്ടിൽ നിന്ന് ആദ്യമേ അങ്ങ് വെട്ടിയേക്കാം.  28 സംസ്ഥാനങ്ങളിലായി കിടക്കുന്ന നമ്മുടെ സ്വന്തം രാജ്യത്ത്  വ്യത്യസ്തമാർന്ന വിനോദ സഞ്ചാരയിടങ്ങൾക്ക് ഒട്ടും പഞ്ഞമില്ല. അങ്ങനെ അധികം ആരും അറിയാത്ത എന്നാൽ നല്ല തകർപ്പൻ ഫീൽ നൽകുന്ന ചിലയിടങ്ങൾ ഇതാ... 

ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട്

തമിഴ്നാട്ടിലാണെങ്കിലും മലയാളികൾക്ക് തീരെ പരിചിതമല്ലാത്ത ഇടമാണ് ഗൾഫ് ഓഫ് മാന്നാർ. ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തിയിലുള്ള കടലിടുക്കാണ് മാന്നാര്‍ ഉള്‍ക്കടല്‍ അഥവാ ഗള്‍ഫ് ഓഫ് മാന്നാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അത്യപൂര്‍വ്വമായ ജൈവവൈവിധ്യ സമ്പത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ആഴം കുറഞ്ഞ ഈ കടലിടുക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായാണുള്ളത്. ജൈവ വൈവിധ്യത്തിന്റ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായിട്ടുള്ള സ്ഥലം കൂടിയാണ് ഗൾഫ് ഓഫ് മാന്നാർ. 

മാന്നാര്‍ ഉള്‍ക്കടലില്‍ 21 ചെറു ദ്വീപുകളും പവിഴപ്പുറ്റുകളുമായി ചേര്‍ന്നു കിടക്കുന്ന മാന്നാര്‍ ഉള്‍ക്കടല്‍ മറൈന്‍ ദേശീയോദ്യാനം ലോകമെമ്പാടുo പ്രസിദ്ധമാണ്, നമ്മൾ മലയാളികൾക്ക് അത്ര ചിരപരിചിതമല്ലെങ്കിലും. തമിഴ്‌നാടിന്റെ കടലോരങ്ങളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മാന്നാര്‍ ഉള്‍ക്കടല്‍ മറൈന്‍ ദേശീയോദ്യാനം തൂത്തുക്കുടിക്കും ധനുഷ്‌കോടിക്കും ഇടയിലാണുള്ളത്. തമിഴ്‌നാട് തീരത്തു നിന്നും 1 മുതല്‍ 10 കിലോമീറ്റര്‍ വരെ അകലത്തിലായി സ്ഥിതി ചെയ്യുന്ന ഇത് 160 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന ഒരു ദേശീയോദ്യാനം കൂടിയാണ്. തെക്കു കിഴക്കന്‍ ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വാണ് ഗള്‍ഫ് ഓഫ് മാന്നാര്‍ ബയോസ്ഫിയര്‍ റിസര്‍വ്വ്. ഇനി അയൽനാട്ടിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ പതിവ് ഇടങ്ങൾ കാണാതെ ഈ സുന്ദരമായ കാഴ്ച്ചകൾ കാണാൻ പോകാം. 

മജുലി ദ്വീപ്

ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ്‌ മജുലി. അസമിൽ ബ്രഹ്മപുത്ര നദിയിലാണ്‌ ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. 421 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപിന്റെ വലിപ്പം ഇപ്പോൾ മണ്ണൊലിപ്പുമൂലം കുറഞ്ഞുകൊണ്ടിരിക്കുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപുകൂടിയാണ് മജുലി.

majuli

അസമിന്റ സംസ്കാരിക തലസ്ഥാനമായി വേണമെങ്കിൽ മാജുലിയെ വിളിക്കാം. പരമ്പരാഗത മതപരമായ ആചാരങ്ങൾ, കല, സാഹിത്യം, നൃത്തം, നാടകം എന്നിവയുടെ ആവാസ കേന്ദ്രമായ സത്രകളിലൂടെ ദ്വീപിന്റെ പൈതൃകം വളരെയധികം സംരക്ഷിക്കപ്പെടുന്നു. അസാം സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന അദ്ഭുതമാണ് മജുലി ദ്വീപ്.  പക്ഷി നിരീക്ഷണത്തിനു പറ്റിയ ഇടം കൂടിയാണിത്. ഈ ദ്വീപിനുള്ളിലും ആളുകൾ വസിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.സ്കൂളുകൾമുതൽ ആശുപത്രികളും കടകളും ചെറിയ വ്യവസായ സ്ഥാപനങ്ങളും ഇതിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. 

ഷെട്ടി ഹളളി

മഴക്കാലത്ത് വെള്ളത്താല്‍ ചുറ്റപ്പെട്ടതും  വേനല്‍കാലത്ത്‌ മുഴുവനായി കാണാന്‍ സാധിക്കുന്നതുമായ ഒരു ക്രിസ്ത്യന്‍ പള്ളിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഈ പള്ളി നേരില്‍ കാണാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? കര്‍ണ്ണാടകത്തിലെ ഹസ്സന്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രാമാണ് ഷെട്ടിഹള്ളി. ഹസ്സനില്‍ നിന്ന് ഇരുപത്തിരണ്ട് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ പ്രധാനാകര്‍ഷണം ഫ്രഞ്ച് മിഷനറിമാര്‍ നിര്‍മിച്ച ഒരു ക്രിസ്ത്യന്‍ പള്ളിയാണ്. 1860 - ല്‍  ഗോത്തിക് വാസ്തു  ശൈലിയില്‍ ആണ് ഈ പള്ളി നിര്‍മ്മിച്ചത്. 1960-ല്‍ ഹേമവതി നദിക്ക് കുറുകെ അണകെട്ട് നിര്‍മ്മാണത്തിന്‍റെ ഭാഗമായി ചുറ്റുമുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിച്ചു. എന്നാല്‍ ഈ പള്ളിയെ അവിടെനിന്നും മാറ്റാന്‍ സാധികാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. 

shellihali-travel

അണകെട്ട് നിര്‍മിക്കുന്നതിന് മുന്‍പ് വരെ പൂര്‍ണ്ണ പ്രൌഡിയോടെ നിന്നിരുന്ന ഈ പള്ളിയുടെ ചെറിയൊരു രൂപം മാത്രമേ ഇന്നുള്ളൂ.അമ്പതു വര്‍ഷത്തിനു മുകളില്‍ വെള്ളത്തില്‍ ആയിരുന്നിട്ടു പോലും പല ഭാഗങ്ങള്‍ക്കും ഇപ്പോഴും കാര്യമായ  കേടുപാടുകള്‍ പറ്റിയിട്ടില്ല.  ഇപ്പോള്‍ ഉള്ള ഭാഗങ്ങള്‍ കണ്ടാല്‍ തന്നെ നമ്മുക്ക് മനസിലാക്കാന്‍ സാധിക്കും, മുന്‍പ് ഈ പള്ളി എത്ര മനോഹരമായിരുന്നു എന്ന്. മലയാളികളുടെ യാത്ര ലിസ്റ്റിൽ ഒരിക്കലും ഇടം പിടിക്കാത്ത ഒരു സ്ഥലമാണ്  ഷെട്ടിഹള്ളി.  എന്നാൽ ഇനി ലിസ്റ്റ് ഇടുമ്പോൾ ഈ കാഴ്ചയെ മറക്കല്ലേ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com