ബീച്ച് പ്രേമികൾക്കായൊരു സുവർണ്ണ തീരം

ohm-beach
SHARE

ഈന്തപ്പനകളുടെയും നീലക്കടലുകളുടെയും സ്വർണ്ണ മണലുകളുടെയും നാട്. അതിമനോഹരമായ കടൽത്തീരങ്ങളും പ്രകൃതിദൃശ്യങ്ങളുമുള്ള ഗോകർണത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കർണാടകയിലെ പ്രശസ്ത തീർത്ഥാടന നഗരവും ബീച്ച് പ്രേമികളുടേയും സഞ്ചാര പ്രിയരുടേയും ഉത്സാഹതിമിർപ്പുകൾക്ക് പുതിയ മാനം നൽകുന്ന ഗോകർണ്ണത്തേക്ക് യാത്ര തിരിക്കാം.

കാർവാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോകർണ കർണാടകയിലെ ഒരു ചെറിയ പട്ടണമാണ്, പ്രധാനമായും രണ്ട് കാരണങ്ങളാൽ ഈ നാട് അറിയപ്പെടുന്നു. ബീച്ചുകളും ക്ഷേത്രങ്ങളും. വ്യത്യസ്തരായവർക്ക് ഗോകർണയും തികച്ചും  വ്യത്യസ്തമാണ്. എല്ലായിപ്പോഴും  വിനോദസഞ്ചാരികൾ ഒരു വശത്ത് പവിത്രതയും രക്ഷയും തേടി ഗോകർണ സന്ദർശിക്കുമ്പോൾ, മറുവശത്ത് ചിലർ വശ്യസുന്ദരമായ കടലോരങ്ങളിൽ സ്വയം മറന്ന് ഇല്ലാതാകാൻ എത്തുന്നു. പട്ടണത്തിനുള്ളിലെ ജീവിതത്തിന് വിപരീതമാണ് പുറത്തുള്ള ബീച്ചുകൾ. 

gokarna-beach

ഗോകർണ ബീച്ച് 

കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഗോകർണ്ണ ബീച്ച് തീർത്ഥാടന നഗരമായ ഗോകർണയുടെ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്.  വൃത്തിയുള്ളതും സുരക്ഷിതവുമായ ബീച്ചുകൾ ആണ് ഇവിടെയുള്ളത്. വലിയ മരങ്ങളാൽ തണൽ തീർത്ത ഗോകർണയിൽ ചൂടിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ബീച്ചിന്റെ ഇരുവശത്തും വനമേഖലയുള്ള മലകയറ്റ റോഡുകൾ ഒരു ട്രെക്കിംഗിനോ ഫാമിലി പിക്നിക്കിനോ പറ്റിയ അവസരം നിങ്ങൾക്ക് ഒരുക്കി തരും. ഗോകർണയിൽ ആയിരിക്കുമ്പോൾ, യോഗയിൽ ഒരു ക്രാഷ് കോഴ്‌സ് എടുക്കുന്നതും രാവിലെ ചെലവഴിക്കാനുള്ള മികച്ച മാർഗമാണ്. ഈ പുരാതന ഇന്ത്യൻ കല അഭ്യസിക്കുന്നതും ഉദിക്കുന്ന സൂര്യന്റെ ഓറഞ്ച് വെളിച്ചത്തിൽ ശുദ്ധമായ കടൽ വായു ശ്വസിക്കുന്നതും വാരാന്ത്യത്തിന് ഒരു പുതിയ അർത്ഥം നൽകും. 

ക്യാമ്പ് സൈറ്റ് അറ്റ് ബീച്ച്

ഒരു ബീച്ചിലാണ് ക്യാമ്പ് സൈറ്റ് സ്ഥിതിചെയ്യുന്നത്. ചിലപ്പോൾ ഇത് അവിശ്വസനീയമെന്ന് തോന്നിയേക്കാം. എന്നാൽ ഗോകർണ്ണ ബീച്ചിന്റെ മാത്രം പ്രത്യേകതയാണിത്.നീല തിരമാലകൾ അടിക്കുന്ന കടലിനഭിമുഖമായി നിങ്ങൾക്ക് ഒരു ക്യാമ്പ് സെറ്റ് ചെയ്യാം. ടെൻറ് കെട്ടി നല്ല അടിപൊളി ആയി ഈ ബീച്ചിൽ സമയം ചെലവഴിക്കാം. രാവിലെ ഉദിച്ചുയരുന്ന സൂര്യനെ കണ്ടു കൊണ്ടായിരിക്കും നിങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ. എപ്പോൾ വേണമെങ്കിലും കടലിലേക്കിറങ്ങി ചെല്ലാം. നിങ്ങൾക്ക് ഒരിക്കലും സൂര്യോദയവും സൂര്യാസ്തമയവും നഷ്ടമാകില്ല. നിരവധി സ്വകാര്യ സ്ഥാപനങ്ങൾ ബീച്ചിൽ ക്യാമ്പ് സെറ്റുകൾ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. 

ഓം ബീച്ച്

ഗോകർണത്ത് സ്ഥിതിചെയ്യുന്ന മറ്റൊരു അത്ഭുതകരമായ ബീച്ചാണ് ഓം ബീച്ച്. 'ഓം' ചിഹ്നം പോലെ രൂപപ്പെടുത്തിയ ഈ ബീച്ച് നിരവധി സാഹസിക വിനോദങ്ങൾ ജങ്കികൾക്ക് വാഗ്ദാനം ചെയ്യുന്നു. സൂര്യാസ്തമയ സമയത്ത് ഈ ബീച്ചിന്റെ കാഴ്ച എന്നെന്നേക്കും മായാതെ നിൽക്കും. 

gokarna-beach2

ഓം ബീച്ചിന് അതിന്റെ ആകൃതിയിൽ നിന്നാണ് പേര് ലഭിച്ചത്, ഇത് രണ്ട് അർദ്ധ ചന്ദ്രക്കലകൾ ചേർന്നതാണ്.  വിലകുറഞ്ഞ താമസസൗകര്യവും വിശിഷ്ടമായ മെനുകൾ ഉള്ള റെസ്റ്റോറന്റുകളും ഓം ബീച്ചിനെ കൂടുതൽ ജനപ്രിയമാക്കുന്നു. സ്പീഡ് ബോട്ടുകൾ, സർഫിംഗ് തുടങ്ങി നിരവധി രസകരമായ വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങളും ലഭ്യമാണ് ഇവിടെ. സന്ദർശകർക്ക് ഇവിടെ ബോട്ടിംഗും ആസ്വദിക്കാം.

കുഡ് ​ലെ ബീച്ച് 

ഗോകർണ ബീച്ചിൽ നിന്നോ ഓം ബീച്ചിൽ നിന്നോ ഏതാനും മിനിറ്റുകൾ മാത്രം നടന്നാൽ എത്തുന്ന സുന്ദരമായ ബിച്ചാണ് കുഡ് ലെ. ഇവിടെ സഞ്ചാരികൾക്ക് ധാരാളം ലളിതമായ കുടിലുകളും ബീച്ച് സൈഡ് ഭക്ഷണ സ്ഥലങ്ങളും ലഭിക്കും. ഈന്തപ്പനകളാൽ ചുറ്റപ്പെട്ട ഒരു കിലോമീറ്റർ നീളമുള്ള ശുദ്ധമായ വെളുത്ത മണൽ കടൽത്തീരമാണ് ഇത്. യാത്ര ചെയ്യുമ്പോൾ സമാധാനവും ശാന്തതയും ഇഷ്ടപ്പെടുന്നവർക്ക് പറുദീസയാണ് ഈ ബീച്ച്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള തിരക്കേറിയ മാസങ്ങളിലൊഴികെ ബാക്കി സമയമെല്ലാം ബീച്ച് സാധാരണയായി വിജനമായിരിക്കും. ഏകാന്തതയ്‌ക്കും സ്വകാര്യതയ്‌ക്കുമായി നിങ്ങൾ ഒരിടം തേടുകയാണെങ്കിൽ കുഡ്‌ലെ ബീച്ച് തിരഞ്ഞെടുക്കാം. ഇവിടെ കടൽ ശാന്തവും സുരക്ഷിതവുമാണ്. ഒരു കുന്നിൻ പുറകിൽ മറഞ്ഞിരിക്കുന്ന ഈ ബീച്ച് കടൽപ്രേമികൾക്കായി നിരവധി അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.  

മഹാബലേശ്വര ക്ഷേത്രം

ദക്ഷിണ കാശിയെന്നും ഭൂകൈലാസമെന്നുമൊക്കെ അറിയപ്പെടുന്ന ഗോകര്‍ണ്ണത്തെ മഹാബലേശ്വര ക്ഷേത്രം ഹിന്ദു ചരിത്രത്തില്‍ വളരെയധികം പരാമര്‍ശിക്കപ്പെടുന്ന ഒരിടമാണ്. ശിവലിംഗത്തിന്റെ ആത്മലിംഗ പ്രതിഷ്ഠ നടന്നയിടം എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ രാവണന്‍ പൂജ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു.ഇന്ത്യയിലെ പ്രമുഖ 108 ശിവക്ഷേത്രങ്ങളില്‍ ഏറ്റവും വടക്കുള്ള ക്ഷേത്രം കൂടിയാണിത്. തേത്രായുഗത്തില്‍ ഇവിടെ ആത്മലിംഗ പ്രതിഷ്ഠ നടന്നു എന്നാണ് വിശ്വാസം. ശിവന്‍ തന്റെ ഹൃദയത്തില്‍ നിന്നെടുത്ത് രാവണനു നല്കിയ ശിവലംഗംമാണ് ആത്മലിംഗം എന്നറിയപ്പെടുന്നത്.ഹിന്ദുമതവിശ്വാസ പ്രകാരം കര്‍ണ്ണാടകത്തിലെ ഏഴ് മുക്തിസ്ഥലങ്ങളിലൊന്നായാണ് മഹാബലേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ഉഡുപ്പി, കൊല്ലൂര്‍,സുബ്രഹ്മണ്യ,കുംഭസി,കോടേശ്വര,ശങ്കരനാരായണ എന്നിവയാണ് മറ്റ് ആറു സ്ഥലങ്ങള്‍.

യാന 

ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായ യാന ഒരു ചെറിയ ഹിൽ‌സ്റ്റേഷനാണ്, അതിൽ‌ കണ്ണുകൾ‌ പതിക്കുന്ന ഏതൊരു ആത്മാവിനെയും ആകർഷിക്കാൻ‌ പര്യാപ്തമായ സൗന്ദര്യമുണ്ട് അതിന്. ഹുബ്ലിയിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണിത്. 

പശ്ചിമഘട്ടത്തിലെ സഹ്യാദ്രി കുന്നുകളുടെ എക്കാലത്തെയും ആകർഷകമായ പച്ചപ്പും പുതുമയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട യാന, രണ്ട് ഭീമൻ പ്രകൃതിദത്ത ചുണ്ണാമ്പുകല്ല് മോണോലിത്തുകളാൽ പ്രശസ്തമാണ്. ഇത് വർഷം തോറും ആയിരക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്നു. ഭൈരവേശ്വര കൊടുമുടി, മോഹിനി കൊടുമുടി എന്നിങ്ങനെയാണ് ഈ ചുണ്ണാമ്പു കല്ലുകൾ അറിയപ്പെടുന്നത്.  യഥാക്രമം ശിവനെയും പാർവതി ദേവിയെയും ഇവ പ്രതിനിധീകരിക്കുന്നു. മതപരമായ പ്രാധാന്യത്തോടൊപ്പം ട്രെക്കിംഗിനും പക്ഷിനിരീക്ഷണത്തിനും പറ്റിയ സ്ഥലമാണിത്. ഇരട്ട കൊടുമുടികളിലേക്കുള്ള ഒരു ട്രെക്കിങിൽ 3 കിലോമീറ്റർ നീളമുള്ള കുത്തനെയുള്ള ട്രെക്ക് ഉൾപ്പെടുന്നു. പഴയ ജീവിതശൈലികളാൽ സമ്പന്നമായ ഇന്ത്യൻ ഗ്രാമീണ ജീവിതത്തെ പ്രതീകപ്പെടുത്തുന്ന യാന ഗ്രാമം പശ്ചിമഘട്ടത്തിലെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ നേടാൻ നിങ്ങളെ അനുവദിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA