ADVERTISEMENT

നാഗാലാന്‍ഡ്‌ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ, കയ്യില്‍ കുന്തവും പിടിച്ച് തലയില്‍ തൂവല്‍ത്തൊപ്പിയുമൊക്കെയായി നില്‍ക്കുന്ന നാഗാ ആദിവാസി ഗോത്രവീരന്മാരുടെ ചിത്രമാണ് മനസ്സിലേക്ക് ഓടിയെത്തുക. അവരുടെ കൂടെ, അവരുടെ തനതായ സംസ്കാരവും രീതികളുമൊക്കെ പങ്കിട്ട് കുറച്ചു ദിവസങ്ങള്‍ ചെലവഴിക്കണം എന്നാഗ്രഹിച്ചിട്ടുണ്ടോ? അതു വെറും ആഗ്രഹം മാത്രമായി അവശേഷിപ്പിക്കണ്ട... നേരെ നാഗാലാന്‍ഡിലേക്കു വണ്ടി പിടിച്ചോളൂ. വഴിയുണ്ട്!

‘ഏഴു സഹോദരിമാര്‍’ എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും സുന്ദരമാണ് നാഗാലാ‌‍ന്‍ഡ്. ദിമാപൂര്‍, കൊഹിമ, മോകോക്ചുങ്, മോണ്‍, ഫെക്, തുയെന്‍സാങ്, വോഖ, സുന്‍ഹിബോട്ടോ എന്നിങ്ങനെ എട്ടു ജില്ലകളാണ് ഇവിടെയുള്ളത്.  മോണ്‍, മോകോക്ചുങ് എന്നീ ജില്ലകള്‍ ഒഴികെ ബാക്കിയെല്ലാം കൊഹിമയില്‍നിന്ന് എത്തിച്ചേരാന്‍ എളുപ്പമാണ്. തങ്ങളുടെ ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറുന്നവരുടെയും ശത്രുക്കളുടെയും ശിരസ്സ് കൊയ്തെടുത്ത് വീടിനു മുന്നിൽ പ്രദർശിപ്പിച്ചിരുന്ന കൊന്യാക് വംശം വസിക്കുന്ന മോണും മോകോക്ചുങ്ങുമൊക്കെ എത്തിച്ചേരാന്‍ അല്‍പം പ്രയാസമാണെങ്കിലും ചെന്നു കഴിഞ്ഞാല്‍ യാത്ര മുതലായി എന്ന തോന്നല്‍ തരും. ആദിവാസി ഗോത്രങ്ങള്‍ക്കൊപ്പം ഇടപഴകാനുള്ള അവസരം ലഭിക്കും ഇവിടങ്ങളിലെല്ലാം.

Nagaland-Konyak-tribe

മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന നാഗാലാ‌‍ന്‍ഡില്‍ പതിനാറു പ്രധാന ഗോത്ര വര്‍ഗ്ഗങ്ങളാണ് ഉള്ളത്. ടൂറിസം ഇവിടെ പുതിയ കാര്യമായതിനാല്‍  തദ്ദേശവാസികള്‍ സഞ്ചാരികളെ കൗതുകത്തോടെയും ആവേശത്തോടെയുമാണ്‌ സ്വാഗതം ചെയ്യുന്നത്. എവിടെ പോകണം എന്നാണ് ആലോചനയെങ്കില്‍ അത് നമ്മുടെ കയ്യില്‍ എത്ര സമയമുണ്ട് എന്നതിനെയും എത്രത്തോളം നാഗാലാ‌‍ന്‍ഡിനെപ്പറ്റി മനസ്സിലാക്കാന്‍ ആഗ്രഹമുണ്ട് എന്നതിനെയും ആശ്രയിച്ചിരിക്കും. 

longwa-nagaland-gif

പോകുന്നിടത്തെല്ലാം തലയില്‍ തൂവല്‍തൊപ്പിയും കളര്‍ഫുള്‍ വസ്ത്രങ്ങളുമുള്ള ആളുകളെ കാണാമെന്നു പ്രതീക്ഷിക്കല്ലേ! ഉള്‍ഗ്രാമങ്ങളില്‍ മാത്രമാണ് ഇവയൊക്കെ കാണാനാവുക. നഗരങ്ങളില്‍ സാധാരണ പോലെ മോഡേണ്‍ ജീവിതം തന്നെയാണ്. 

nagaland-travel3

നാഗാലാ‌‍ന്‍ഡ് സന്ദര്‍ശിക്കണമെങ്കില്‍ ആദ്യം പെര്‍മിറ്റ്‌ എടുക്കേണ്ടതുണ്ട്. അധികം ബുദ്ധിമുട്ടാന്‍ വയ്യ എന്നുണ്ടെങ്കില്‍ Kipepeo, Greener Pastures, Holiday Scout മുതലായ ഏതെങ്കിലും ടൂര്‍ ഓപ്പറേറ്റര്‍മാരെ ആശ്രയിക്കുന്നതാണ് നല്ലത്.

1. ദിമാപൂര്‍

നാഗാലാ‌‍ന്‍ഡിന്‍റെ വ്യാവസായിക തലസ്ഥാനം എന്നൊക്കെ വിളിക്കാം ദിമാപൂരിനെ. സംസ്ഥാനത്തെ ഏക എയര്‍പോര്‍ട്ടും പ്രധാന റെയില്‍വേ സ്റ്റേഷനും ഇവിടെയാണ്.

nagaland-travel2

പുരാതന കചാരി ഗോത്രത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തുന്ന രാജ്ബാരി പാര്‍ക്ക്‌ ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇതിനടുത്തായാണ് ബുധനാഴ്ച തോറും നാഗന്മാരുടെ പ്രധാന ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ചന്ത കൂടുന്നത്. പട്ടിയിറച്ചി കഴിക്കണം എന്നുണ്ടെങ്കില്‍ അതും കിട്ടും, പച്ചയ്ക്ക്! ഇവിടെ നിന്നു വെറും 2-3  മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ കൊഹിമയിലെത്താം. തിരക്കാണെങ്കില്‍ ഹെലികോപ്റ്റര്‍ പിടിക്കാം, വെറും അര മണിക്കൂറില്‍ കൊഹിമയിലെത്തും!

2. കൊഹിമ 

നാഗാലാന്‍ഡിന്‍റെ തലസ്ഥാന നഗരമായ കൊഹിമ, അത്യാവശ്യം വികസിതമായ ഒരു നഗരമാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത്  ജാപ്പനീസ് സൈന്യത്തോട് അടരാടി വീരചരമം പ്രാപിച്ച സൈനികരുടെ ദേഹങ്ങള്‍ അടക്കം ചെയ്ത കൊഹിമ വാര്‍ സെമിത്തേരി ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. 1,100 ഓളം ബ്രിട്ടിഷുകാരുടെയും 330 ഇന്ത്യൻ സൈനികരുടെയും മൃതദേഹങ്ങൾ അവിടെ അടക്കം ചെയ്തിട്ടുണ്ട്.

എല്ലാ ഡിസംബറിലും ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന കിസാമ പൈതൃക ഗ്രാമം ഇവിടെയാണ്‌. മുഴുവന്‍ നാഗാ ഗോത്രക്കാരുടെയും ഏറ്റവും വലിയ ഒത്തു കൂടലാണിത്. കൊഹിമയില്‍നിന്നു പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

1007193306

നോഹോമ വില്ലേജ്, തൌഫീമ ടൂറിസ്റ്റ് കോംപ്ലക്സ് തുടങ്ങിയവയും ഇവിടെയുണ്ട്.

3. മോകോക്ചുങ്

നാഗാലാന്‍ഡിലെ മൂന്നാമത്തെ പ്രധാന നഗരമാണ് മോകോക്ചുങ്. കൊഹിമയില്‍നിന്ന് ആറു മണിക്കൂര്‍ യാത്ര. ആവോ ഗോത്രവര്‍ഗ്ഗക്കാരുടെ സ്ഥലമാണിത്. എല്ലാ വര്‍ഷവും മേയ് മാസത്തില്‍ ഇവിടത്തെ ചുച്ചുയിംലാംഗ് ഗ്രാമത്തില്‍ ഇവരുടെ പ്രധാന ആഘോഷമായ മോത്സു ഫെസ്റ്റിവല്‍ നടക്കുന്നു. മോകോക്ചുങ്ങില്‍നിന്ന് ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ മലമുകളിലെ ഈ ഗ്രാമത്തില്‍ എത്താം. ഗ്രാമത്തിലെ ഓരോ വീടും മലനിരകളിലേക്ക് മുഖം നീട്ടുന്നു. സൂര്യപ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ക്കൊപ്പം അവയുടെ മുഖപ്പുകളില്‍ വ്യത്യസ്ത വര്‍ണ്ണങ്ങള്‍ മാറി മാറി വരുന്നത് മനോഹരമായ കാഴ്ചയാണ്.

ആവോകളുടെ ഹൃദയഭൂമി എന്നറിയപ്പെടുന്ന മോപുങ്ങ്ചുകേത് ആണ് അടുത്ത ഡെസ്റ്റിനേഷന്‍. എല്ലാ വീടിനു മുന്നിലും പൂന്തോട്ടമൊക്കെയുള്ള സുന്ദരമായ ഗ്രാമമാണിത്. ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഇവിടെ സഞ്ചാരികള്‍ക്കു വേണ്ട താമസസൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. 

4. മോണ്‍ 

അടുത്തത് തലവേട്ടക്കാരായ കൊന്യാക്കുകളുടെ ഗ്രാമമായ മോണാണ്. പേടിക്കേണ്ട, തലവെട്ടൽ തുടങ്ങിയ പ്രാകൃതരീതികളെല്ലാം സർക്കാർ 1959 ൽ നിയമം മൂലം നിരോധിച്ചതിനാല്‍ തിരിച്ചു പോരുമ്പോള്‍ തല കാണില്ലെന്ന ഭയം വേണ്ട!

ഇവിടത്തെ ഉയർന്ന മലനിരകളിൽനിന്ന് നോക്കിയാല്‍ അസമിലെ സമതലങ്ങൾ മനോഹരമായി കാണാം. ജില്ലയിലെ ഏറ്റവും വലിയ ഗ്രാമമായ ലോങ്‌വ മ്യാൻമർ അതിർത്തിയിലാണ്. ഇവിടുത്തെ ഗോത്രരാജാവിന്‍റെ കൊട്ടാരം പകുതി ഇന്ത്യയിലും പകുതി മ്യാൻമറിലുമായാണ് സ്ഥിതി ചെയ്യുന്നത്.

ഏപ്രിലിലാണ് യാത്രയെങ്കില്‍ കൊന്യാക്കുകളുടെ വാര്‍ഷിക കൊയ്ത്തുത്സവമായ ആവോലിയോങ് മോന്യു ഫെസ്റ്റിവലില്‍ പങ്കെടുക്കാം. 

കൊഹിമയിൽനിന്ന് അസമിലെ ജോർഹട്ട് വഴിയും ഇവിടേക്കെത്താം. രണ്ടാമത്തെ റൂട്ട് ദൈർഘ്യമേറിയതാണെങ്കിലും റോഡ്‌ താരതമ്യേന നല്ലതാണ്.

5. വോഖ 

കൊഹിമയില്‍നിന്നു നാലു മണിക്കൂര്‍ ഡ്രൈവ് ഉണ്ട് ലോത്ത വോഖയിലേക്ക്. തട്ടുതട്ടായ കൃഷിയിടങ്ങളും ശോഭയുള്ള സസ്യജാലങ്ങളും മനോഹരമായ പുഷ്പങ്ങളും മൂടൽമഞ്ഞു കൊണ്ട് പൊതിഞ്ഞ പട്ടണങ്ങളുമെല്ലാം കൂടി ഇങ്ങോട്ടേക്കുള്ള യാത്ര തന്നെ ഒരു സുന്ദരാനുഭവമാണ്.

കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാത്ത ഓറഞ്ച്, പൈനാപ്പിൾ എന്നിവയ്ക്ക് ഇവിടം പ്രശസ്തമാണ്. ഗോത്രവർഗ മൂപ്പന്മാർ സ്ഥാപിച്ച പുരാതന ഏകശിലകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. 

രണ്ടാം ലോകമഹായുദ്ധസമയത്ത് കുതിരകളെ പാർപ്പിച്ചിരുന്ന ഒരു പഴയ കൊളോണിയൽ കോട്ടേജ് ഉണ്ടിവിടെ. ഇപ്പോഴത് സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ഇന്‍സ്പെക്‌ഷന്‍ ബംഗ്ലാവ് ആണ്. വനങ്ങളിലൂടെ കടന്നുപോകുന്ന എണ്ണമറ്റ പാതകളാണ് സഞ്ചാരികള്‍ക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം. ടൂറിസ്റ്റ് ലോഡ്ജിനടുത്തുള്ള വ്യൂപോയിന്റിലേക്ക് പോയാല്‍ ഡോയാൻ നദിയിലെ ഡാമിന്റെ മനോഹരമായ കാഴ്ച കാണാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com