ബന്ദിപ്പൂർ കാടുകളിലെ ഏറ്റവും ഉയരംകൂടിയ പ്രദേശത്തിലേക്ക്

gopalaswami-hill
SHARE

ആനയും കടുവയുമടക്കമുള്ള വന്യജീവികൾ വിഹരിക്കുന്ന കാട്, അവിടെ മഞ്ഞുമൂടിയ മലമുകളിൽ ഒരു പുരാതന ക്ഷേത്രമുണ്ട്; ഗോപാലസ്വാമി ഹിൽസ്. യാത്രയെ ഇഷ്ടപ്പെടുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന ആരെയും നിരാശപ്പെടുത്താത്ത ഗോപാലസ്വാമി ഹിൽസ് ബന്ദിപ്പൂർ കാടുകളിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമാണ്.

ബെംഗളൂരുവിൽനിന്നു നാട്ടിലേക്കുള്ള യാത്രകളിൽ പലപ്പോഴും ഗുണ്ടൽപ്പെട്ട - ഗൂഡല്ലൂർ വഴി പോയിട്ടുണ്ടെങ്കിലും ഈ ഹിൽസ്റ്റേഷനെക്കുറിച്ച് അറിയുന്നതുതന്നെ വൈകിയാണ്. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം നാട്ടിലേക്കുള്ള യാത്രയിൽ ഗോപാലസ്വാമി ഹിൽസ് കൂടി കാണാമെന്ന തീരുമാനത്തിലെത്തി.

gopalaswami-hill4

പുലർച്ചെ നാലിനു പുറപ്പെടാമെന്ന തീരുമാനത്തിലാണ് ഉറങ്ങാൻ കിടന്നതെങ്കിലും ക്ഷീണം കാരണം അരമണിക്കൂർ വൈകിയാണ് എഴുന്നേറ്റത്. സുബ്ഹി നിസ്കരിച്ച് അഞ്ചരയ്ക്ക് ഇലക്ട്രോണിക് സിറ്റിയിലെ ഫ്ലാറ്റിൽനിന്നു പുറപ്പെട്ട ഞങ്ങൾ നൈസ്റോഡ് വഴി മൈസൂർ റോഡിൽ എത്തിയപ്പോഴേക്കും നേരം പുലർന്നിരുന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കും കൂടി.

റോഡിനിരുവശവുമുള്ള കരിമ്പിൻതോട്ടവും ജോലിക്കും മറ്റുമായി അതിരാവിലെ പോകുന്ന സ്ത്രീകളടക്കമുള്ള ഗ്രാമീണരും വഴിയരികിലെ പേരക്ക കച്ചവടക്കാരും പുതുമയുള്ള കാഴ്ചയായിരുന്നു. മൈസൂർ ബൈപ്പാസിൽ നിന്നു നഞ്ചൻകോട് റോഡിലേക്കു കയറിയ ഉടനെയുള്ള രുചിഗാർഡൻ റസ്റ്ററന്റിൽ നിന്നു ചൂടു പൂരി കഴിച്ചു വിശപ്പടക്കിയ ശേഷം യാത്ര തുടർന്നു. ഗുണ്ടൽപേട്ടിലെത്തുമ്പോൾ സമയം 10 കഴിഞ്ഞിരുന്നു. പുതുതായി തുടങ്ങിയ ടോൾ റോഡിൽ സമരക്കാരും പൊലീസുകാരുമുണ്ട്. സർവീസ് റോഡിന്റെ പണിപൂർത്തിയാവാതെ ടോൾപിരിവ്‌ ആരംഭിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാരായ കർഷകർ ആരംഭിച്ചതാണ് സമരം.

gopalaswami-hill1

മൈസൂരിൽ ഗൂഡല്ലൂർ ഭാഗത്തേക്ക്, വയനാട്ടിലേക്കുള്ള റോഡും കഴിഞ്ഞു കുറച്ചു മുന്നോട്ടുവരുമ്പോൾ പച്ചനിറത്തിലുള്ള ദിശാബോർഡിനോട് ചേർന്നു വലതുഭാഗത്ത് ഗോപാലസ്വാമി ക്ഷേത്രകവാടമുള്ള റോഡ് കണ്ടു. ഹൈവേയിൽനിന്ന് ഉൾറോഡിലേക്കു കയറിയതും റോഡിലൂടെ നടന്നുനീങ്ങുന്ന പശുക്കൾ ഞങ്ങളുടെ വഴിമുടക്കി. കൃഷി ഉപജീവനമാർഗ്ഗമാക്കിയ ഗ്രാമീണരാണ് ഇവിടെയുള്ളത്. ഗോപാലസ്വാമി ഹിൽസിലേക്കുള്ള റോഡ് കണ്ടാൽതന്നെ സഞ്ചാരികൾ വാഹനത്തിൽനിന്നിറങ്ങി ഒരു ഫോട്ടോയെങ്കിലും എടുത്തിട്ടേ മുന്നോട്ടുപോകൂ... അത്ര ഭംഗിയാണ്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കൃഷിത്തോട്ടങ്ങൾക്കു നടുവിലൂടെയുള്ള യാത്ര, റോഡിന്റെ അറ്റം കാണാൻ തന്നെ പ്രയാസമാണ്.

മലയടിവാരത്തെത്തിയപ്പോൾ സമയം പതിനൊന്നര. ബജിയും കൂൾഡ്രിങ്ക്സും വിൽക്കുന്ന വിരലിലെണ്ണാവുന്ന കടകൾ. മുപ്പതുരൂപ പാർക്കിങ് ഫീസ് കൊടുത്തു റോഡിന്റെ വലതുവശത്തുള്ള ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്തു. ഇവിടന്നങ്ങോട്ട് ഇനി സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല. ചെക്ക്പോസ്റ്റിനടുത്തുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നു ടിക്കറ്റ് എടുത്തു മുന്നോട്ട് നടക്കുമ്പോൾ കർണാടക ആർടിസിയുടെ ബസ്സുകൾ നിർത്തിയിട്ടിരിക്കുന്നത് കാണാം. ആൾക്ക് അൻപതു രൂപയാണ് അപ് ആൻഡ് ഡൗൺ ടിക്കറ്റ് നിരക്ക്.

gopalaswami-hill3

ബസ്സിൽ മുന്നിലെ സീറ്റ് കിട്ടിയതു കാരണം വഴിയിലെ കാഴ്ചകൾ നന്നായി ആസ്വദിക്കുവാനായി. താഴെ ബന്ദിപ്പൂർ കാടുകളുടെ ആകാശ ദൃശ്യം തെളിഞ്ഞു. ഹെലികോപ്റ്ററിൽ കാടിനു മുകളിലൂടെ പോകുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഇടുങ്ങിയ റോഡിലൂടെ താഴേക്കു വരുന്ന ബസ്സുകൾക്ക് സൈഡ്കൊടുത്തുകൊണ്ട് വളയം പിടിക്കുന്ന ഡ്രൈവർ. ദൂരെ ഹിമവദ് ഗോപാലസ്വാമി ക്ഷേത്രത്തിന്റെ കാഴ്ചകൾ കണ്ടുതുടങ്ങി. താഴെനിന്നു വരുന്ന ബസ്സ് നോക്കി സഞ്ചാരികൾ കാത്തുനിൽക്കുന്നുണ്ട്.

മഞ്ഞിൽപുതഞ്ഞു നിൽക്കുന്ന ഗോപാലസ്വാമി ക്ഷേത്രം കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ക്ഷേത്ര കവാടത്തിൽ ഷൂ അഴിച്ചുവെച്ചു ഞാൻ മുകളിലേക്കുള്ള പടികൾ കയറിച്ചെന്നു. പഴമയുടെ പ്രൗഢിയിൽ തലയുയർത്തിനിൽക്കുന്ന ക്ഷേത്രമുറ്റത്ത് ഒരുപാട് വിശ്വാസികളും സഞ്ചാരികളുമുണ്ട്. ക്ഷേത്രത്തിന്റെ പുറകുവശത്തുനിന്നുള്ള മലനിരകളുടെ ദൃശ്യം ഒരു ചിത്രകാരന്റെ പെയിന്റിങ് പോലെ തോന്നി. ഇടയ്ക്കെപ്പോഴോ വീശിയടിച്ച തണുത്ത കാറ്റിനൊപ്പം മഴനൂലുകൾ പെയ്തുതുടങ്ങി. മഴയയാലും വെയിലായാലും മഞ്ഞായാലും ക്ഷേത്രത്തിനും ഹിമവദ് ഗോപാലസ്വാമി ഹിൽസിനും പ്രത്യേക ഭംഗിയാണ്.

കുറച്ചു മണിക്കൂറുകൾ ആ മലമുകളിൽ ചെലവഴിച്ച ശേഷം മടങ്ങുമ്പോൾ പ്രകൃതിയൊരുക്കിയ ആ വിസ്മയലോകത്ത് ഇനിയും പലവട്ടം ഞാൻ വരുമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ മൂന്നുവരെ ഇവിടെ വിശ്വാസികൾക്ക് ഉച്ചഭക്ഷണമുണ്ടെന്നും ഹിമവദ് ഗോപാലസ്വാമി ഊരുകാരുടെ ദൈവമാണെന്നും മലയിറങ്ങുമ്പോൾ ബസ്സിൽവച്ചു പരിചയപ്പെട്ട നാട്ടുകാരനായ ചിക്കണ്ണ പറഞ്ഞുതന്നു. സഞ്ചാരികൾക്ക് ഗോപാലസ്വാമി ഹിൽസ് ഒരു വിസ്മയമാണ്. അതു കണ്ടുതന്നെ മനസ്സിലാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA