അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിന് തയാറായിക്കോളൂ, ബുക്കിങ് ജനുവരി 8 മുതൽ

agasthyakoodam
Image from keralatourism page
SHARE

ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതാണ് അഗസ്ത്യാർകൂടം. സപ്തർഷികളിലൊരാളായ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച മലനിരകളാണ് അഗസ്ത്യാർകൂടമെന്നും ചിരഞ്ജീവിയായ അഗസ്ത്യൻ അവിടെയെവിടെയോ ഇപ്പോഴും തപസ്സ് ചെയ്യുന്നുണ്ടെന്നും ഇവിടുത്തെ ചില ഗോത്രവർഗക്കാർ  വിശ്വസിക്കുന്നു.

agasthyakoodam-1

നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടുകളും ഈറ്റക്കൂട്ടങ്ങളും പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് അതിരുമലയും പൊങ്കാലപ്പാറയും കടന്ന് വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റർ കാൽനടയായി വേണം അഗസ്ത്യന്റെ ഗിരിമകുടത്തിലെത്താൻ. അഗസ്ത്യമലയുടെ പവിത്രതയും പ്രകൃതിസൗന്ദര്യവും വനസമ്പത്തും പരിപാലിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇവിടെ സന്ദർശകനിയന്ത്രണമുണ്ട്. വർഷത്തിൽ ഒരു മാസം മാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ.

ബുക്കിംഗ് ജനുവരി എട്ട് മുതൽ

അഗസ്ത്യാര്‍കൂടം സന്ദര്‍ശനത്തിനായുള്ള ബുക്കിംഗ് ജനുവരി എട്ട് മുതൽ ആരംഭിക്കും.  ശാരീരിക ക്ഷമതയുളളവര്‍ക്ക് മാത്രമേ ട്രെക്കിങ്ങിന് പങ്കെടുക്കുവാൻ സാധിക്കുള്ളൂ.  സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതല്ല. 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാൻ സാധിക്കില്ല.പരമാവധി 100 പേര്‍ക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ.  സന്ദര്‍ശന പാസ്സുകള്‍ക്ക് ഓണ്‍ലൈനായോ അക്ഷയകേന്ദ്രം മുഖേനയോ  അപേക്ഷിക്കാം. വനം വകുപ്പിന്റെ  ഓദ്യോഗിക വെബ്സൈറ്റായ www.forest.kerala. gov.in അല്ലെങ്കില്‍ serviceonline.gov.in/trekking സന്ദര്‍ശിച്ച്  ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ബുക്കിംഗ് ജനുവരി 8 ന് രാവിലെ 11 മണി മുതല്‍ ലഭ്യമാകുന്നതാണ്. അക്ഷയകേന്ദ്രങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ അവരുടേയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകൂടി കൊണ്ടുവരേണ്ടതാണ്.ട്രക്കിങ്ങിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

പരമാവധി 10സന്ദർശകരെ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്തുകയുള്ളു.  ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്  1,100/ രൂപയാണ്. അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബുക്ക് ചെയ്യുമ്പോള്‍ അഞ്ചുപേര്‍ വരെയുളള ടിക്കറ്റിന്  50 രൂപയും പത്തുപേര്‍  വരെയുള്ള ടിക്കറ്റിന് 70 രൂപയും അധികമായി നല്‍കണം. ടിക്കറ്റ് പ്രിന്റ്ഔട്ടിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സലും സഹിതം ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ ട്രക്കിങ് ദിവസം രാവിലെ 7 മണിക്ക് എത്തിച്ചേരേണ്ടതാണ്. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട ഒരാളെങ്കിലും ടിക്കറ്റ് പ്രിന്റ് ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ട് നല്‌കേണ്ടതാണ്. 10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും  ഒരു ഗൈഡിന്റെ സേവനം ലഭ്യമാക്കും.

ശ്രദ്ധിക്കാം

സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍,  പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.  വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവയും അനുവദിക്കുന്നതല്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളില്‍ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ-ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പി ടി പി  നഗറിലുള്ള തിരുവനന്തപുരം വെല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ബന്ധപ്പെടാം.

ഫോൺ - 0471  2360762

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA