ഇന്ത്യയിലെ ചില അപകടകരമായ സ്ഥലങ്ങളെ അറിയാം

rohtang-pass
SHARE

ഇന്ത്യ ഏറ്റവും മനോഹരമായ സ്ഥലങ്ങളുള്ള രാജ്യമാണ്. സുന്ദരമായ കാഴ്ചകളും ട്രെക്കിങ്ങും സാഹസികതയും നിറഞ്ഞ  ഇടങ്ങൾ ആരെയും മോഹിപ്പിക്കും. അവ ദുർബലഹൃദയർക്കുള്ളതല്ല. നിങ്ങൾ ഒരു ധീരഹൃദയത്തിനുടമയാണെങ്കിൽ, ഇന്ത്യയിലെ ഏറ്റവും സാഹസികമായ സ്ഥലങ്ങളിലേക്ക് ഒന്നു പോയി വന്നാലോ.

ദ്രാസ് , ജമ്മു കശ്മീർ

drass

‘ഗേറ്റ് വേ ടു ലഡാക്ക്’ എന്നറിയപ്പെടുന്ന ദ്രാസ് ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാണ്. ഏകദേശം 10,597 അടി ഉയരത്തിൽ, ഇവിടെ എല്ലായ്പ്പോഴും ഒരു മഞ്ഞുവീഴ്ച അനുഭവപ്പെടാം. താപനില പലപ്പോഴും -45 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നു, ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -60 ഡിഗ്രി സെൽഷ്യസ് ആണ്. ജമ്മു കശ്മീരിലെ ഈ ചെറിയ പട്ടണം 1999 ലെ കാർഗിൽ യുദ്ധത്തിൽ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് വാർത്തകളിൽ നിറഞ്ഞു. തണുത്തുറഞ്ഞ ഈ കൊച്ചു പർവതഗ്രാമത്തിന്റെ തീവ്രമായ സൗന്ദര്യമാണ് മഞ്ഞുവീഴ്ചയുള്ള കടുത്ത സമയത്തു പോലും സഞ്ചാരികളെ ഇവിടെയെത്താൻ  പ്രലോഭിപ്പിക്കുന്നത്. 

ഡുമാസ് ബീച്ച്, ഗുജറാത്ത്

beach-Dharmadam

അദ്ഭുതകരമായ കടലിനും കറുത്ത മണലിനും പേരുകേട്ടതാണ് ഗുജറാത്തിലെ ഡുമാസ് ബീച്ച്. അറേബ്യൻ കടലിനടുത്തുള്ള ബീച്ച് മുമ്പ് ഹിന്ദുക്കളുടെ ശ്മശാമായിരുന്നു. കത്തിച്ച ശേഷം മൃതദേഹങ്ങളുടെ ചാരം ഇവിടെ നിക്ഷേപിക്കുമായിരുന്നു. ഇത് മണലിൽ കലർന്നിട്ടുണ്ടെന്നും അങ്ങിനെയാണ് ഡുമാസ് ബീച്ചിൽ മറ്റെവിടെയും ഇല്ലാത്ത ഇരുണ്ട കറുത്ത മണൽ ഉണ്ടായതെന്നുമാണ് വിശ്വസിക്കുന്നത്. പകൽ, സന്ദർശകരുടെ എണ്ണത്തിൽ ഈ ബീച്ച് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമല്ല. എന്നാൽ രാത്രി രംഗങ്ങൾ തികച്ചും  വ്യത്യസ്തമാണ്. സൂര്യാസ്തമയത്തിനുശേഷം, അതിശക്തമായ തിരമാലകളുണ്ടാവും ഇവിടെ. അതു കൊണ്ട് കടൽത്തീരത്ത് ചുറ്റിക്കറങ്ങുന്നത് സർക്കാർ കർശനമായി നിരോധിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്നായി ഡുമാസ് ബീച്ച് കണക്കാക്കപ്പെടുന്നതിൽ അതിശയിക്കാനില്ല.

റോഹ്താങ് പാസ്, ഹിമാചൽ പ്രദേശ്

സമുദ്രനിരപ്പിൽനിന്ന് 13,054 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉയർന്ന പർവതനിരയാണ് റോഹ്താങ് പാസ്. ഈ പാസ് കുളുവിനെ ലാഹോളുമായും സ്പിതിയുമായും ബന്ധിപ്പിക്കുന്നു. ഏറ്റവും ഉയർന്ന റോഡുകളിൽ ഒന്നായ ഇത് വാഹനങ്ങൾക്ക് വെല്ലുവിളിയാണ്. ഇടുങ്ങിയ  വളവുകൾ, പെട്ടെന്നുള്ള മഞ്ഞുവീഴ്ച, പ്രവചനാതീതമായ മണ്ണിടിച്ചിൽ, ഹിമപാതങ്ങൾ എന്നിവ ഇന്ത്യയിലെ ഏറ്റവും അപകടകരമായ ഈ വഴിയിൽ സർവസാധാരണം മാത്രം. എന്നിരുന്നാലും, മഞ്ഞുമൂടിയ പർവതനിരകളിലെ റോഹ്താങ് ചുരത്തിന്റെ സൗന്ദര്യം ഒരു കാഴ്ചയാണ്. മേയ് മുതൽ നവംബർ വരെ പാസ് തുറന്നിരിക്കും. 

കുൽധാര, രാജസ്ഥാൻ

വിജനമായ കുൽദാര ഗ്രാമം ഒരു കാലത്ത് പാലിവാൾ ബ്രാഹ്മണരുടെ സമൂഹം വസിച്ചിരുന്ന സ്ഥലമായിരുന്നു. അവർ ഒറ്റരാത്രികൊണ്ട് ഓടിപ്പോയി എന്നും പിന്നീട് ഒരിക്കലും ഇവിടേക്കു മടങ്ങി വന്നിട്ടില്ല എന്നും  വിശ്വസിക്കപ്പെടുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം, അവർ കുൽധാര വിട്ടുപോകുന്നത് ആരും കണ്ടില്ല എന്നതാണ്. പാലിവാളുകൾ എവിടെയാണ് പുനരധിവസിച്ചതെന്ന് ഇന്നും ആർക്കും അറിയില്ല. ഗ്രാമം ശപിക്കപ്പെട്ടതാണെന്നും ഇനി ഒരിക്കലും ഇവിടെ താമസിക്കാൻ ആർക്കും കഴിയില്ലെന്നുമാണ് പറയപ്പെടുന്നത് .നിവാസികൾ വിട്ടുപോകുമ്പോൾ ഉള്ള അതേ അവസ്ഥയിലാണ് വീടുകൾ ഇപ്പോഴും. ഈ ചരിത്ര സൈറ്റ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്നു, മാത്രമല്ല പകൽ മാത്രമേ സഞ്ചാരികളെ ഇവിടെ അനുവദിക്കൂ.

താർ മരുഭൂമി, രാജസ്ഥാൻ

താർ മരുഭൂമി മണലാരണ്യവും അതിമനോഹരമായ സൗന്ദര്യവും കൊണ്ട് യാത്രക്കാരെ ആകർഷിക്കുന്നു, പക്ഷേ ഇത് പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്ന അനുഭവങ്ങളുമായി കൂടിച്ചേർന്നതാണ്. രാജസ്ഥാനിൽ സ്ഥിതിചെയ്യുകയും ഗുജറാത്തിന്റെ ചില ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന താർ മരുഭൂമി എണ്ണമറ്റ മാരക ജീവികളുടെ ആവാസ കേന്ദ്രമാണ്. ബ്ലാക്ക് കോബ്ര, സാൻഡ് ബോവ, സോ സ്കെയിൽഡ് വൈപ്പർ എന്നിങ്ങനെ 20 ലധികം ഇനം വിഷപ്പാമ്പുകൾ ഇവിടെയുണ്ട്. മരുഭൂമിയിലെ വരണ്ട കാലാവസ്ഥയെ അതിജീവിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ, ചുറ്റുമുള്ള അപകടത്തെക്കുറിച്ച് ജാഗ്രത പാലിച്ചുകൊണ്ട്  ഒരു യാത്ര നടത്താം. 

ഭംഗഡ്, രാജസ്ഥാൻ

Bhangarh

രാജസ്ഥാനിലെ അൽവാർ ജില്ലയിലുള്ള ഭംഗഡ് ഗ്രാമവും അതിലെ കോട്ടയും ഇന്ത്യയിൽ സന്ദർശിക്കാൻ ഏറ്റവും അപകടകരമായ സ്ഥലമാണ്. അടുത്തുള്ള ഗ്രാമത്തിൽ ജനവാസമുണ്ടെങ്കിലും ഭംഗഡ് കോട്ടയിലേക്കുള്ള  ഡ്രൈവ് പോലും വിചിത്രമാണെന്ന് തോന്നും. കോട്ടയുടെ അകത്തളങ്ങളിൽ നിഗൂഢ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ കരുതുന്നു.  ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ ഒരു രാത്രി കോട്ടയിൽ താമസിക്കാൻ പോയിട്ട് തിരിച്ചെത്താതിരുന്ന സംഭവവം നാട്ടുകാർ പറയും. ഭംഗഡ് കോട്ട വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും സൂര്യാസ്തമയത്തിനുശേഷം സന്ദർശകരെ വിലക്കിയിട്ടുണ്ട്.

ചമ്പൽ വാലി, മധ്യ ഇന്ത്യ

ചമ്പൽ വാലിക്ക് ഔപചാരിക ആമുഖം ആവശ്യമില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ചമ്പൽ വാലി, ഒരു കാലത്ത് രാജ്യംഏറ്റവും അധികം  ഭയപ്പെട്ടിരുന്ന കൊള്ളക്കാരുടെ കേന്ദ്രമായിരുന്നു. ഈ സ്ഥലത്തു നിന്നാണ് കുപ്രസിദ്ധ കൊള്ളക്കാരിയും പിന്നീട് പാർലമെന്റ് അംഗവുമായ ഫൂലൻ ദേവി കൊള്ളക്കാരിയുടെ ജീവിതം തുടങ്ങിയത്. ധാരാളം നിഗൂഢഗുഹകൾ,  ഇടതൂർന്ന വനങ്ങൾ, ചെങ്കുത്തായ മലയിടുക്കുകൾ, കൂറ്റൻ നദി എന്നിവയാൽ ചമ്പൽ പ്രദേശം പലപ്പോഴും കൊള്ളക്കാരെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും ഓർമപ്പെടുത്തും.  എന്നാൽ ചമ്പൽ വാലിയിൽ ധാരാളം കാഴ്ചകൾ ഉണ്ട്. വന്യജീവികൾ, ചരിത്രം അങ്ങനെ ആ പട്ടികയിൽ ഉൾപ്പെടുത്താൻ ഏറെയുണ്ട് ഇവിടെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA