ഗുവാഹത്തിയിലേക്കാണ് യാത്രയെങ്കില്‍ ഇവ ഒരിക്കലും മിസ്സാക്കല്ലേ

Nilachal-Hills
SHARE

ഗുവാഹത്തിയില്‍ വിമാനമിറങ്ങുന്നതിനു മുന്‍പേ തന്നെ കാണാം, താഴെയായി പരന്നുകിടക്കുന്ന പച്ച വിരിച്ച നെല്‍പ്പാടങ്ങളും ഹരിത കമ്പളമിട്ട മലനിരകളുടെയും കാഴ്ചകള്‍. ബ്രഹ്മപുത്ര നദി കനിഞ്ഞു നല്‍കിയ സമൃദ്ധി ഇവിടെയെങ്ങും ഓളം വെട്ടുന്നുണ്ട്.

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവുംഅനുയോജ്യം. ഈ സമയത്ത് കാലാവസ്ഥ പൊതുവേ മികച്ചതായിരിക്കും. ഏപ്രില്‍ മുതല്‍ ജൂലൈ അവസാനം വരെ നല്ല കിടുക്കന്‍ മഴയായതിനാല്‍, മഴ പ്രേമികള്‍ക്ക് ഈ സമയം തെരഞ്ഞെടുക്കാം. ഗുവാഹത്തിയിലെത്തുമ്പോള്‍ ചെയ്യാനും അനുഭവിക്കാനുമായി പ്രകൃതിദത്തവും അല്ലാത്തതുമായ ഒരുപാടു കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്നു നോക്കാം.

1. ബ്രഹ്മപുത്രയുടെ മാറിലൂടെ

ആസാമിലുടനീളം തന്‍റെ കയ്യൊപ്പു പതിപ്പിച്ചാണ് ബ്രഹ്മപുത്രയുടെ ഒഴുക്ക്. എന്നാല്‍ ഗുവാഹത്തിയെയാണ് ഏറ്റവും കൂടുതല്‍ അനുഗ്രഹിച്ചിരിക്കുന്നത് എന്ന് തോന്നും. ഹിമാലയത്തില്‍ നിന്നും ബംഗാൾ ഉൾക്കടലിലേക്കുള്ള യാത്രയിൽ, ബ്രഹ്മപുത്ര നഗരത്തെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. പ്രസിദ്ധമായ സാരായ്ഘട്ട് പാലത്തിനു പുറമേ, സംസ്ഥാനത്തെ ഏറ്റവും വ്യാവസായിക- രാഷ്ട്രീയ പ്രാധാന്യമുള്ള പ്രദേശം കൂടിയാണ് ഇവിടം.

ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി റിവർ ക്രൂയിസ് യാത്രക്കും സൗകര്യമുണ്ട്. ഭാരലു ഘട്ട്, കച്ചാരി ഘട്ട് എന്നിവിടങ്ങളില്‍ നിന്നും ക്രൂയിസ് ബുക്ക് ചെയ്യാം. ഇതുവഴി മൂന്നു മണിക്കൂറോളം ബ്രഹ്മപുത്രയിലൂടെ യാത്ര ചെയ്യാം. ഭക്ഷണപാനീയങ്ങളും ഇത്തരം ക്രൂയിസുകളില്‍ ഒരുക്കിയിട്ടുണ്ട്.

2. നീലാചല്‍ ട്രെക്കിംഗ്

മുഴുവന്‍ നഗരവും ഇവിടെ മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. നീലാചല്‍, നിസോരപാര്‍ തുടങ്ങിയ മലനിരകളില്‍ ട്രെക്കിംഗ് നടത്തുന്നത് മികച്ച ഒരു അനുഭവമായിരിക്കും. കാമാഖ്യ ക്ഷേത്രം വരെ ഓട്ടോക്കാര്‍ കൊണ്ടു വിടും. അവിടെ നിന്നാണ് നീലാചലിന്‍റെ സസ്യശ്യാമളമായ ഉന്നതങ്ങളിലേക്കുള്ള യാത്രയുടെ ആരംഭം. നിസോരപാര്‍ ട്രെക്കിംഗ് അല്‍പ്പം അപകടം നിറഞ്ഞതാണ്‌. പ്രസിദ്ധമായ ചന്‍മാരി പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

Guwahati

3. അക്കോലാന്‍ഡില്‍ അല്‍പ്പസമയം

യാത്ര ചെയ്യുമ്പോള്‍ കൂടെ കുട്ടികള്‍ കൂടി ഉണ്ടെങ്കില്‍ അക്കോലാന്‍ഡ് സന്ദര്‍ശിക്കുന്നത് നന്നായിരിക്കും. ഗുവാഹത്തിയിലെ ഏറ്റവും മികച്ച അമ്യൂസ്മെന്റ് പാര്‍ക്കാണ് ഇത്. എയര്‍പോര്‍ട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇങ്ങോട്ടേക്ക്.  പന്ത്രണ്ടു റൈഡുകളും പതിനാറോളം ആക്റ്റിവിറ്റികളും ഉണ്ട് ഇവിടെ. കളിച്ചു ക്ഷീണിക്കുമ്പോള്‍ കഴിക്കാന്‍ ഭക്ഷണവും ഇവിടെത്തന്നെ കിട്ടും.

4. സോനാപൂരിലേക്ക് ഒരു റൈഡ്
 
പ്രദേശവാസികളുടെ പ്രധാന പിക്നിക് സ്പോട്ട് എന്നൊക്കെ പറയാവുന്ന സ്ഥലമാണ് ഗുവാഹത്തിയിലെ ചെറു പട്ടണമായ സോനാപൂര്‍. സിറ്റിയില്‍ നിന്നും 38 കിലോമീറ്റര്‍ ആണ് ഇങ്ങോട്ടേക്കുള്ള ദൂരം. സഞ്ചാരികള്‍ക്ക് താമസിക്കാനായി റിസോര്‍ട്ട് സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ കുതിര സവാരി, ഒട്ടക സവാരി, ആന സവാരി, ബോട്ട് യാത്ര തുടങ്ങിയ വിനോദങ്ങളും.

5. നഗരം മുഴുവന്‍ നടന്നു കാണാം

പുരാതനമായ ഗുവാഹത്തി നഗരത്തിന്‍റെ ആത്മാവ് തൊട്ടറിയണം എന്നുണ്ടെങ്കില്‍ പ്രധാന പ്രദേശങ്ങളിലൂടെ ഒന്ന് ഇറങ്ങി നടക്കാം. ബുക്ക് സ്റ്റാളുകളും വിദ്യാര്‍ത്ഥികളും നിറഞ്ഞ പാന്‍ബസാര്‍, പഴയ കോളനിയായ ഉസാന്‍ബസാര്‍, നദിക്കരയിലെ ഹരിതമനോഹരമായ ഖര്‍ഘുലി, ബോട്ടിംഗ് സൗകര്യങ്ങളുള്ള ദിഘോലിപുഖുരി, ആംബാരി തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള കാല്‍നടയാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA