ഒറിജിനൽ ചെട്ടിനാട് ചിക്കൻ കറി വിളമ്പുന്ന കട ഇവിടെയുണ്ട്

karaikudy-mess.jpg44
SHARE

സിംഹത്തിനെ അതിന്റെ മടയിൽ പോയി വേട്ടയാടണമെന്ന് പണ്ടൊരു സിനിമയിൽ ഇതിഹാസ താരം എംജിആർ പറയുന്നുണ്ട്. ഒറിജിനൽ ചെട്ടിനാടൻ ഭക്ഷണം തിരഞ്ഞിറങ്ങിയപ്പോഴാണ് പൗരുഷം നിറഞ്ഞ ഡയലോഗ് ഓർത്തത്. ചെട്ടിനാട് എന്ന സ്ഥലപ്പേരും എംജിആറിന്റെ സംഭാഷണവും മോരും മുതിരയും പോലെ ചേരിചേരായ്മയാണെങ്കിലും അതിലൊരു നൊസ്റ്റാൾജിയയുടെ അന്തർധാരയുണ്ട്.

karaikudy-mess3

ചെട്ടിനാട് സിമന്റിന്റെ റേഡിയോ പരസ്യവും ജയന്റെ ക്ലാസിക് സിനിമകളുമൊക്കെ സജീവമായിരുന്നത് ഒരേകാലത്തായിരുന്നു. അതുകൊണ്ടു തന്നെ കാലം കുറേ കഴിഞ്ഞെങ്കിലും ചെട്ടിനാട് യാത്രയക്കൊരു സിനിമാറ്റിക് സുഖമുണ്ട്. സ്വാദിന്റെ ചങ്കു പിളർന്നു ‘ചോര കുടിക്കാൻ’ ഇറങ്ങിയപ്പോൾ കൊതി കോൺക്രീറ്റ് കെട്ടിടം പോലെ ഉയർന്നു. കാരൈക്കുടിയിൽ എത്തിയപ്പോഴേക്കും അതു വിശപ്പിന്റെ ഷോപ്പിങ് കോംപ്ലക്സായി മാറി.

karaikudy-mess2


കാരൈക്കുടി ബസ് സ്റ്റാന്റിന്റെ സമീപത്തു കവി കണ്ണദാസന്റെ പേരിലുള്ള സ്മാരക മന്ദിരത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കാരനോട് ചെട്ടിനാട് ഭക്ഷണം കിട്ടുന്ന കട അന്വേഷിച്ചു. ‘‘പ്രിയാ മെസ്. അതു താൻ പ്രമാദം.’’ നാലഞ്ചാളുകൾ ഇതേ പേരു പറഞ്ഞപ്പോൾ ചെട്ടിനാടിനു പ്രിയപ്പെട്ട ഭക്ഷണ ശാല ‘ശ്രീപ്രിയ മെസ്’ ആണെന്ന് വ്യക്തമായി.

അതൊന്ന് ഉറപ്പാക്കാനായി ഗൂഗിളിൽ സെർച്ച് ചെയ്തു. നാട്ടുപ്പുറപ്പാട്ടുകളുടെ സുവർണകാലം മുതൽ കാരൈക്കുടിയുടെ അലങ്കാരമാണ് ശ്രീപ്രിയ മെസ്. മനുഷ്യർ ഭക്ഷിക്കുന്ന സകല ഇറച്ചി വിഭവങ്ങളുടേയും അതിവിശാലമായ ഷോറൂം. വേണുഗോപാൽ നായിഡുവും അദ്ദേഹത്തിന്റെ പൊണ്ടാട്ടി സരസ്വതിയും ചേർന്ന് അൻപതു വർഷം മുൻപ് ആരംഭിച്ച ‘ടീ ഷാപ്പി’ന്റെ ചരിത്രം പൂർവകഥ സമേതം ഓൺലൈനിലുണ്ട്.

ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കു തുറക്കും. ഉച്ചകഴിഞ്ഞ് നാലിന് അടയ്ക്കും. പ്രഭാതഭക്ഷണവും അത്താഴവുമില്ല. നായിഡുവും പത്നിയും കച്ചവടം ആരംഭിച്ച കാലം മുതൽ ഇതാണ് രീതി. ഊണും പലവക മാംസ വിഭവങ്ങളുമാണ് ആകർഷണം.

സ്വന്തം വീടു പോലെ

ആർ.എ. സ്ട്രീറ്റിലുള്ള ‘സിനിമാ ഷൂട്ടിങ്’ ബംഗ്ലാവിന്റെ എതിർവശത്താണു ശ്രീപ്രിയ മെസ്. വട്ടത്തിൽ വെട്ടിയെടുത്ത വാഴയിലയുടെ വലുപ്പത്തിൽ സ്ഥാപകരുടെ ചിത്രം സഹിതം തമിഴ് അക്ഷരങ്ങൾ മുഴച്ചു നിൽക്കുന്ന ബോർ‍ഡ്. ‘‘ശാപ്പാട്, ബിരിയാണി, ചിക്കൻ, മട്ടൻ, ഈരാൾ, കാടൈ, നണ്ട് ’’ ബോർഡിൽ എഴുതി വച്ചിരിക്കുന്നു.

നമ്മുടെ ഗ്രാമങ്ങളിലെ നാടൻ ഹോട്ടലിന്റേതു പോലെ ചില്ലു പതിച്ച വാതിലിനു മുന്നിൽ പൂരം പോലെ പുരുഷാരം. തിരക്കിനിടയിലൂടെ കടയുടെ അകത്തേക്ക് എത്തി നോക്കി. ഓരോ കസേരയുടെ പുറകിലും ഒന്നും രണ്ടും പേർ ലോങ് ജംപ് താരങ്ങളെ പോലെ ഊഴം കാത്ത് അക്ഷമരായി നിൽക്കുകയാണ്.

പ്രധാന ഹാളിലെ ജനക്കൂട്ടത്തിൽ കറിപ്പാത്രങ്ങളുമായി ഓടിനടക്കുന്ന യുവതികളിൽ ഒരാളോട് ഉടമയെ അന്വേഷിച്ചു. ഇറച്ചിയും മീൻ വറുത്തതും നിറച്ചു വച്ച പാത്രങ്ങളുടെ അരികിലേക്ക് അവർ വിരൽ ചൂണ്ടി. ചെരുവത്തിൽ നിന്നു ചിക്കൻ കോരിയെടുത്ത് ചെറിയ പാത്രങ്ങളിൽ നിറച്ച് മേശപ്പുറത്ത് വയ്ക്കുന്നയാളാണ് പ്രിയ മെസിന്റെ ഉടമ ശിവകുമാർ. നായിഡുവിന്റെ മകൻ. തൊട്ടടുത്തു നിന്നു സാമ്പാർ പാഴ്സൽ ചെയ്യുന്നതു രാജാത്തി, ശിവകുമാറിന്റെ ഭാര്യ. ‘വാങ്ക സാർ ഉക്കാറുങ്കെ.’ വിശന്നു നിൽക്കുന്ന ആളുകളുടെ മുന്നിലേക്ക് ശിവകുമാർ വിനയം വാരിവിതറി. ഓടി നടന്ന് ചോറു വിളമ്പുന്ന ജോലിക്കാരുടെ കയ്യിലേക്ക് സർക്കസുകാരനെ പോലെ കറിപ്പാത്രങ്ങൾ എറിഞ്ഞു നൽകുന്ന ശിവകുമാറിനെ ആദരവോടെ കുറച്ചു നേരം നോക്കി നിന്നു. കേരളത്തിൽ നിന്നാണു വരുന്നതെന്നു പറഞ്ഞപ്പോൾ എസി മുറി ചൂണ്ടിക്കാണിച്ച് അവിടെ ഇരിക്കാൻ നിർദേശം. അതിനകത്താകട്ടെ പുറത്തു കണ്ടതിനെക്കാൾ ജനത്തിരക്ക്...

ഇറച്ചി വിഭവങ്ങളുടെ കലവറ

വിശന്നു കൺട്രോൾ നഷ്ടപ്പെട്ടു നിൽക്കുന്നവർ കഴിച്ചിറങ്ങുന്നതുവരെ കാത്തു നിൽക്കാമെന്നുറച്ച് ഒരു മൂലയിലേക്ക് ഒതുങ്ങി. അവിടെ നിന്ന് ആ കടയെ മൊത്തത്തിലൊന്നു നോക്കി. വാഴയിലയിൽ ചോറ്, കോഴിയിറച്ചിയുടെ ചാറ്, അച്ചാറ്, മെഴുക്കുവരട്ടി – യൂണിഫോമിട്ട സ്കൂൾ കുട്ടികളെ പോലെ എല്ലാ ഇലയും ഒരേപോലെ. വീട്ടിലെത്തിയ അതിഥിയെ സത്കരിക്കുന്ന പോലെ മേശയുടെ അരികിൽ നിന്ന് ‘അക്കമാർ’ ഇറച്ചി വിഭവങ്ങൾ വിളിച്ചു പറഞ്ഞ് വിളമ്പുന്നു.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA