sections
MORE

25 കൂട്ടം ഇറച്ചി വിഭവങ്ങളുമായി ഒരു വീട്ടിലൂണ്! വിലയെത്രയെന്നോ?

eatouts-namma-veettu-shappadu
SHARE

ഉച്ചയ്ക്ക് ഒരു മണിക്ക് ഹോട്ടലിൽ എത്താനാണ് കരുണൈവേൽ പറഞ്ഞിരുന്നത്. മലയാളികളെ അദ്ഭുതപ്പെടുത്തിയ പാചകപ്പുരയുടെ കലവറ കാണാമെന്നു കരുതി അൽപം നേരത്തേ പുറപ്പെട്ടു. കോയമ്പത്തൂർ – ഈറോഡ് റൂട്ടിൽ നീലാമ്പൂരിൽ നിന്ന് ഇടത്തോട്ടുള്ള വഴിയിലേക്ക് കയറിയതിനാൽ പ്രതീക്ഷിച്ചതിലും നേരത്തേ ആയിക്കൊണ്ടാൻപാളയത്ത് എത്തി.

പുളിമരങ്ങൾ തണലിട്ട റോഡിന്റെ അരികിൽ തമിഴ് തറവാട്ടു വീടിന്റെ മുന്നിൽ ബോർഡുണ്ട് – യുബിഎം നമ്മ വീട്ട് ശാപ്പാട്. ബന്ധുവിനെ വരവേൽക്കുന്ന പോലെ തൊഴുകയ്യുമായി കരുണൈവേൽ സ്വീകരിച്ചു. ‘‘ശമയൽ‌ തുടങ്ങിയിട്ടേയുള്ളൂ. ശാപ്പാട് റെഡിയാകുമ്പോഴേക്കും ഒരു മണിയാകും. അതു വരെ കാത്തിരിക്കണം.’’ ഉച്ചയൂണ് കഴിക്കാൻ രാവിലെ പത്തരയ്ക്ക് എത്തിയവരോട് കരുണൈവേലിന്റെ അഭ്യർഥന. കാത്തിരിപ്പു സംഘത്തിൽ ബംഗളൂരുവിൽ നിന്നും കൊല്ലത്തു നിന്നും വന്നവരുണ്ട്. ഇരുപത്തഞ്ചു കൂട്ടം നോൺ വെജ് കറി കൂട്ടി സ്പെഷൽ ഊണിനു വേണ്ടി മൂന്നു മണിക്കൂറല്ല മൂന്നു ദിവസം കാത്തിരിക്കാൻ അവരെല്ലാം റെഡി.

നാട്ടു വിശേഷങ്ങൾ പറഞ്ഞു തീർന്നപ്പോൾ കരുണൈവേലിനോട് യുബിഎമ്മിന്റെ തുടക്ക കാലത്തെ കുറിച്ച് ചോദിച്ചു. ഏഴു തലമുറയുടെ കൃഷിപ്പെരുമയാണ് അദ്ദേഹം പറഞ്ഞത്. നാടൻ കോഴികൾ ചിക്കിച്ചികഞ്ഞു നടക്കുന്ന വഴിയോരമാണ് ആയിക്കൊണ്ടാൻപാളയം. പണ്ട് കടലയും പച്ചപയറും വിളഞ്ഞിരുന്ന കൃഷി ഗ്രാമം. വിഷപ്പാമ്പുകളെ പേടിച്ച് ആളുകൾ ആ വഴി നടക്കാറില്ലായിരുന്നു. വഴിയും വണ്ടിയുമില്ലാതിരുന്ന സമയത്ത് കല്ലാകുളം, വാണിയോടംപാളയം പ്രദേശങ്ങളിലെ പട്ടിണിപ്പാവങ്ങൾക്ക് അന്നമൂട്ടിയിരുന്ന തറവാടാണ് രാജൻചെട്ട്യാരുടെ വീട്. പെരുന്തുറൈ, നീലാമ്പൂർ, ഈറോഡ് പ്രദേശങ്ങളിൽ ‘ജ്യോത്സ്യൻ രാജൻ ചെട്ടിയാർ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രാജൻ ചെട്ട്യാരുടെ മകൻ കരുണൈവേൽ കുട്ടിക്കാലത്ത് അച്ഛനൊപ്പം നിന്ന് തറി ചവിട്ടി പുടവ നെയ്യാൻ പഠിച്ചു. പാട്ടിയൊടൊപ്പം (അമ്മയുടെ അമ്മ) അടുക്കളയിൽ കയറി പാചകം പരിശീലിച്ചു.


‘‘ഒരിക്കൽ സേലത്തു പോയ അച്ഛൻ എന്റെ കല്യാണം നിശ്ചയിച്ചിട്ടാണ് മടങ്ങി വന്നത്. പെണ്ണിന്റെ പേര് സ്വർണലക്ഷ്മി – അച്ഛൻ പറഞ്ഞു. കല്യാണ മണ്ഡപത്തിൽ വച്ചാണ് ‘സ്വർണത്തെ’ ആദ്യമായി കണ്ടത്. അന്ന് എനിക്ക് പത്തൊൻപതു വയസ്സ്. സ്വർണത്തിന് പതിമൂന്ന്. ഞങ്ങളുടെ വീട്ടിൽ എത്തിയ ശേഷമാണ് സ്വർണലക്ഷ്മി ചോറും കറിയും ഉണ്ടാക്കാൻ പരിശീലിച്ചത്.’’ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കയറി വന്നതിനെ കുറിച്ച് സിനിമാ കഥ പോലെ കരുണൈവേൽ പറഞ്ഞു.

സേലത്തിനു സമീപത്തും ഈറോഡിലെ ഗ്രാമങ്ങളിലും ഇപ്പോഴും കൂട്ടുകുടുംബങ്ങളുണ്ട്. അതിലൊന്നാണ് കരുണൈവേലിന്റേത്. ഇരുപത്തേഴു വർഷം മുൻപ് ‘പാപ്പ’ തയാറാക്കിയ ഭക്ഷണം കഴിക്കാൻ ആളുകൾ ഇവരുടെ വീട്ടുമുറ്റത്ത് എത്തുമായിരുന്നു. വട നുറുക്കി സാമ്പാറൊഴിച്ച് നെയ്യു കുഴച്ചുണ്ടാക്കിയ പലഹാരം കഴിച്ചവർ സ്നേഹത്തോടെ സ്വർണലക്ഷ്മിക്കു ചാർത്തി നൽകിയ പേരാണ് പാപ്പ (കുട്ടി). കരുണൈവേലും ഭാര്യ പാപ്പാക്കുട്ടിയും ചേർന്ന് പിൽക്കാലത്ത് ഹോട്ടൽ ആരംഭിച്ചപ്പോൾ ഗ്രാമത്തിലുള്ളവർക്കു സന്തോഷമായി.


നോൺ വെജ് – 16 ഇനം

ഇരുപത്തേഴു വർഷം മുൻപാണ് കരുണൈവേൽ ഹോട്ടൽ തുടങ്ങിയത്. അവർ സ്വന്തം വീട്ടിലുണ്ടാക്കിയ ചോറിന്റെയും കറിയുടെയും അളവു കൂട്ടി ഹോട്ടലിൽ വിളമ്പി. ഗ്രാമത്തിലുള്ളവർ അതു സ്വാദിഷ്ടമായി കഴിച്ചു. ഈറോഡിൽ നിന്നു കേരളത്തിലേക്കു യാത്ര ചെയ്തവർ വീട്ടിലൂണിന്റെ പെരുമയെ കുറിച്ച് സ്വന്തം നാട്ടിലെത്തി പ്രശംസിച്ചു. ഇരുപത്തഞ്ചു തരം വിഭവങ്ങൾ ഉൾപ്പെടുന്ന ഊണിനെ കുറിച്ച് ടിവി ചാനലിലും സമൂഹ മാധ്യമങ്ങളിലും ഫോട്ടോയും വിഡിയോകളും വന്നു. അതോടെ വിദേശത്തും യുബിഎം അറിയപ്പെട്ടു.

യുബിഎം ഊണിന്റെ പ്രത്യേകത എന്താണെന്നു ചോദിച്ചപ്പോൾ കരുണൈവേൽ ഹോട്ടലിന്റെ ഹാളിലേക്ക് നടന്നു. വാഴയില തണ്ടോടെ മുറിച്ചെടുത്ത് മേശപ്പുറത്തു വിരിച്ചു. അതിനു ശേഷം ഉമ്മറത്തെ വാതിൽ തുറന്ന് നിലവിളക്കു തെളിച്ച ശേഷം അതിഥികളെ ക്ഷണിച്ചു.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA