ADVERTISEMENT

കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതിമാരായ നിവേദിന്റെയും റഹിമിന്റെയും സ്വപ്നം സാക്ഷാത്കരിച്ചു. വിവാഹം അതിഗംഭീരമായിത്തന്നെ നടന്നു. സദാചാരക്കോട്ടകൾ ഇളക്കിമറിച്ച്, ഇഷ്ടപ്പെട്ടവന്റെ കൈപിടിക്കുമെന്നു മനസ്സിനോടും പിന്നെ സമൂഹത്തോടും പ്രഖ്യാപിച്ച ഇവർ ഇന്ന് സമൂഹമാധ്യമങ്ങളില്‍ താരങ്ങളാണ്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒതുക്കി വച്ച് ജീവിതം നഷ്ടപ്പെടുത്താതെ സ്വപ്നങ്ങളെ ധൈര്യത്തോടെ സമൂഹത്തിലേക്കെത്തിച്ചു. അഞ്ചു വർഷം നീണ്ട പ്രണയം വിവാഹത്തിലെത്തിയപ്പോള്‍ അവരെ സ്നേഹിക്കുന്നവർ ഹൃദയം കൊണ്ട് ഏറ്റെടുക്കുകയും ചെയ്തു. ഇംഗ്ലിഷ് രീതിയിലുളള വിവാഹം ബെംഗളൂരുവിലെ ചിന്നപ്പനഹള്ളി ലേക്കില്‍ വെച്ചായിരുന്നു. വിവാഹശേഷം ഹണിമൂൺ യാത്രയും ഇവരുടെ മനസ്സിലുണ്ട്. നിവേദിന്റെയും റഹിമിന്റെയും യാത്രാവിശേഷങ്ങൾ അറിയാം.

nived-travel2

‘യാത്രകൾ ഇഷ്ടമല്ലാത്തവരായി ആരുമില്ല. അതുപോലെയാണ് ഞാനും’ –. നിവേദ് പറയുന്നു. ‘ഇക്കു എന്ന് ഞാൻ വിളിക്കുന്ന റഹിമിനും യാത്രകൾ ഇഷ്ടമാണ്. ഞാൻ യാത്ര പോകുവാൻ എന്തുമാത്രം ആഗ്രഹിക്കുന്നു എന്നതാണ് ഇക്കുവിന്റെ ഇഷ്ടം. എനിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്കെല്ലാം ഇക്കുവും വരാറുണ്ട്. തിരക്കിൽനിന്ന് ഒളിച്ചോടാനുള്ള മാർഗം തന്നെയാണ് യാത്ര. തിരക്കുകളിൽ നിന്നൊക്കെ മാറി വളരെ ശാന്തസുന്ദരമായ ഇടങ്ങളിലേക്ക് പോകാനാണ് ഞങ്ങൾക്ക് ഏറെ താൽപര്യം. കേരളത്തിലും ഇന്ത്യയിലുമായി വ്യത്യസ്ത കാഴ്ചകളും വിഭവങ്ങളുമൊക്കെ സമ്മാനിക്കുന്ന നിരവധിയിടങ്ങളുണ്ട്, അവിടെ എല്ലായിടങ്ങളിലും പോകുവാൻ സാധിച്ചിട്ടില്ലെങ്കിലും മനസ്സിന് സന്തോഷം കിട്ടുന്ന ഒരുപാട് ഇടത്തേക്ക് പോയിട്ടുണ്ട്.’

nived-travel6

ഞങ്ങള്‍ക്ക് രണ്ടുപേർക്കും ഇഷ്ടപ്പെട്ട ഇടം

കേരളത്തിൽ കാസർകോട് ഒഴികെയുള്ള ജില്ലകളിലെല്ലാം പോയിട്ടുണ്ട്. ഇക്കുവിന്റെ നാട് ആലപ്പുഴയാണ്. ആ നാടും എനിക്ക് പ്രിയപ്പെട്ടതാണ്. ഡൽഹി, മണാലി, പഞ്ചാബ് ഒക്കെ പോയിട്ടുണ്ട്. ഒാരോ നാടിന്റെയും കൾച്ചറാണ് എന്നെ ഏറെ ആകർഷിച്ചത്. ഇക്കു അബുദാബിയിലാണ്. അതുകൊണ്ടുതന്നെ നേരത്തെ 3 മാസത്തേക്ക് അവിടെ ഞാനും പോയിട്ടുണ്ട്. യുഎഇയിലെ ഒട്ടുമിക്ക ഇടത്തേക്കും ഞങ്ങളൊരുമിച്ച് പോയി. ഞങ്ങളുടെ സ്വപ്ന യാത്ര യൂറോപ്പിലേക്കാണ് അടുത്തകാലത്തു പോകുവാൻ സാധിക്കുമോ എന്നറിയില്ല. എന്നാലും ആദ്യ വെഡ്ഡിങ് ആനിവേഴ്സറിക്കെങ്കിലും യൂറോപ്പിൽ പോയിരിക്കും. യാത്രകളൊക്കെ പ്ലാൻ ചെയ്യുന്നത് ഞാനാണ്. ഇക്കുവിന് സർപ്രൈസായാണ് ഒാരോ യാത്രയും ഞാൻ പ്ലാൻ ചെയ്യുന്നത്.

nived-travel3

മൂന്നാം പ്രണയവര്‍ഷം ആഘോഷിച്ചതിവിടെ

ഞങ്ങളുടെ പ്രണയത്തിന് മൂന്നുവർഷം തികഞ്ഞ ദിവസം ഒരു ട്രിപ് പോയിരുന്നു മണാലിലേക്ക്. പ്രകൃതിഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും കിടിലൻ സ്ഥലം. പ്രകൃതി സൗന്ദര്യത്തിനും പൊഴിഞ്ഞു വീഴുന്ന മഞ്ഞിനുമിടയിൽ പ്രണയത്തിന്റെ ഭംഗി ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവരാരുണ്ട്.  പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല മണാലി സന്ദർശകരെ സ്വീകരിക്കുന്നത്. ട്രെക്കിങ് പ്രിയരായ സാഹസികർക്കും ഏറെ ഇഷ്ടപ്പെടും ഈ ഭൂമി. വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്, പാരാഗ്ലൈഡിങ്, സ്കീയിങ്, മലകയറ്റം, ഹൈക്കിങ് തുടങ്ങി നിരവധി വിനോദോപാധികൾ ഉണ്ട്. ഞങ്ങൾ റോപ്‌വേയും പാരാഗ്ലൈഡിങ്ങുമൊക്കെ ശരിക്കും ആസ്വദിച്ചു. അന്നാട്ടിലെ സംസ്കാരവും ട്രെഡിഷനും ഫൂഡുമൊക്കെ ഒരുപാട്  ഇഷ്ടമായി. ഒന്നര ആഴ്ചയോളം നീണ്ട ആ യാത്ര ഒരിക്കലും മറക്കാനാവില്ല.

nived-travel4

വിവാഹത്തിന് മുമ്പ് ഹണിമൂൺ പാക്കേജ് കിട്ടി

nived-travel5

ജീവിതത്തിൽ മറക്കാനാവാത്ത യാത്ര മണാലി ട്രിപ്പ് തന്നെയാണ്. മുമ്പ് പറഞ്ഞപോലെ ഞങ്ങളുടെ മൂന്നാം പ്രണയവർഷം ആഘോഷിച്ചുള്ള യാത്രയായിരുന്നത്. ഡൽഹിയിൽ നിന്നു മണാലിയിലേക്ക് വോൾവോ ബസ്സിലായിരുന്നു യാത്ര. മണാലി മധുവിധു ആഘോഷിക്കാനെത്തുന്നവരുടെയും പ്രിയയിടമാണെന്ന് നിക്ക് മനസ്സിലായത് ആ ബസ്സിലെ കപ്പിളുകളെ കണ്ടപ്പോഴാണ്. ഞങ്ങളൊഴികെയുള്ളവരെല്ലാം ഹണിമൂൺ യാത്രക്കാരായിരുന്നു.  പെണ്ണുങ്ങളിൽ മിക്കവരും ചുവന്ന സാരി ചുറ്റി ചുവപ്പും വെള്ളയും വളകളും അണിഞ്ഞ് ആകെ കളർഫുളായിരുന്നു. ഞങ്ങൾ മാത്രമേ ഗേ കപ്പിളായി ഉണ്ടായിരുന്നുള്ളൂ. അതവർക്കും മനസ്സിലായിരുന്നു. മേക്ക് മൈ ട്രിപ്പ് വഴിയായിരുന്നു യാത്ര ബുക്ക് ചെയ്തിരുന്നത്. അവർ എന്തൊക്കെയാണ് വേണ്ടതെന്നും താമസസൗകര്യവുമൊക്കെ ചോദിച്ചിരുന്നു. അവിടെ എത്തിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. ഞങ്ങള്‍ക്കും ഹണിമൂൺ പാക്കേജായിരുന്നു അവർ ബുക്ക് ചെയ്തിരുന്നത്.  കാൻഡിൽ ലൈറ്റ് ഡിന്നറും എല്ലാം ഉണ്ടായിരുന്നു. ന്യൂലി മാര്യേജ് കപ്പിളിനുള്ള സകല സ്പെഷലിറ്റിയും ഞങ്ങൾക്കും  നൽകി.

nived-travel1

വിവാഹ ശേഷമുള്ള യാത്ര

‌വിവാഹശേഷം ഹംപിയിലേക്കുള്ള യാത്രയായിരുന്നു പ്ലാൻ ചെയ്തത്. നിർഭാഗ്യവശാൻ ഇക്കുവിന് വേഗം അബുദാബിയിലേക്കു തിരിച്ചു പോകേണ്ടി വന്നു. ഞാൻ അടുത്തുതന്നെ  അബുദാബിയിലേക്കു പോകുകയാണ്.  ഇനിയുള്ള ഞങ്ങളുടെ യാത്ര അവിടെയാണ്. മുമ്പ് പോയിട്ടുണ്ടെങ്കിലും ഇക്കുവിനൊപ്പമുള്ള യാത്ര എപ്പോഴും ത്രില്ലിങ്ങാണ്. 

nived-travel

സ്വപ്നയാത്ര

അടുത്ത വിദേശയാത്ര യൂറോപ്പാണ്. ഞങ്ങളുടെ സ്വപ്നം കാനഡയിലേക്ക് മൂവ് ചെയ്യണം എന്നതാണ്. കുറച്ച് വർഷങ്ങൾക്കു ശേഷം കാനഡയിൽ സെറ്റിലാകണം. ആ കാത്തിരിപ്പിലാണ് ഞാനും ഇക്കുവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com