ADVERTISEMENT

10 വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ഒരു സ്ഥലത്ത് കാണാൻ കിട്ടിയാൽ ആരെങ്കിലും പോകാതെ ഇരിക്കുമോ. എങ്കിൽ വേഗം റെഡി ആയിക്കോ ഹൊഗനക്കലിലേക്ക് വണ്ടി കയറാം. ദക്ഷിണേന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം കാണാൻ ഇനി താമസിക്കേണ്ട. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടം. തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം. സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം. 

 

തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ കാവേരി നദിയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ഹൊഗെനക്കൽ വെള്ളച്ചാട്ടം. ചുറ്റുമുള്ള സവിശേഷമായ പാറ ക്രമീകരണം കാരണം ഈ സ്ഥലത്തിന് 'പുകവലി പാറകൾ' എന്നർഥമുള്ള ഹൊഗെനക്കലിൽ നിന്നാണ് പേര് ലഭിച്ചത്.  ബാംഗ്ലൂരില്‍ നിന്ന് ഹൊസൂർ വഴി റോഡുമാർഗം 180 കിലോമീറ്ററാണ് ഹൊഗനക്കലിലേക്ക്. ധർമപുരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ 50 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്.

 

പേര് വന്ന വഴി

 

കന്നട വാക്കുകളായ  പുക എന്നര്‍ത്ഥം വരുന്ന ഹൊഗെ,പാറ എന്നര്‍ത്ഥം വരുന്ന കല്‍ എന്നീ വാക്കുകളില്‍ നിന്നാണ് ഹൊഗെനക്കല്‍ എന്ന പേര് വന്നത്. ഹൊഗനക്കല്‍ എന്നതിനര്‍ത്ഥം പുകമൂടിയ പാറക്കൂട്ടം  എന്നാണ്. പുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെള്ളച്ചാട്ടത്തിലെ ജലപാതത്തില്‍ നിന്നുയരുന്ന നീരാവിയെയാണ്. ഈ വെള്ളച്ചാട്ടത്തിന്റെ കാർബണറ്റൈറ്റ് പാറകൾ തെക്കേ ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നവയാണ്. വെള്ളച്ചാട്ടത്തിൽ നിന്നും കുടിവെള്ളം ലഭിക്കും, രസകരമെന്നു പറയട്ടെ, ഇവിടുത്തെ വെള്ളത്തിൽ ഔഷധഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, കാരണം അതിന്റെ പാതയിൽ വളരെയധികം സസ്യങ്ങൾ വളരുന്നുണ്ട്. 

 

ഈ വെള്ളച്ചാട്ടത്തിൽ കുളിക്കാനും കഴിയും. കാവേരി നദിയുടെ ഒഴുക്കിന്‍റെ സ്വരവും, അപ്പപ്പോൾ പിടിക്കുന്ന മീനുകൾ  പൊരിച്ച് നല്കുന്ന അനേകം ഭക്ഷണശാലകളും, ശരീരത്തിന് നവോന്മേഷം നല്കുന്ന ഓയില്‍ മസാജ് കേന്ദ്രങ്ങളും ഇവിടെയുണ്ട്. പരമ്പരാഗതമായി കൈമാറി വരുന്ന ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത എണ്ണ ഉപയോഗിച്ചാണ് ഇവിടെ മസാജിങ്ങ് നടത്തുന്നത്. ഉത്സവപ്പറമ്പുകളിലെ വളക്കടകൾ പോലെ മുളക് പുരട്ടി മീൻ വച്ചിരിക്കുന്ന ചുവപ്പൻ കാഴ്ചകൾ വഴി നീളെ. ഫിഷ് ഫ്രൈ റെഡി എന്ന് ഇംഗ്ലിഷിലും തമിഴിലും എഴുതിയ ബോർഡുകൾ. നൂറു രൂപയ്ക്ക് നാലു തിലോപ്പിയ പൊരിച്ചത്. വലിയ കട്‌ലയുടെയും രോഹുവിന്റെയും വളയൻ പീസുകൾ. നീളൻ ആരൽ, വരാൽ. വഴിയരികിൽ മീൻ പാചകം ചെയ്യുന്ന സ്ത്രീകളെ കാണാം. അവർ പാചകം ചെയ്തത് വാങ്ങി കഴിക്കാം അല്ലെങ്കിൽ മീൻ വാങ്ങി പാചകം ചെയ്യിച്ചെടുക്കാം. ഫ്രൈ ചെയ്ത മീൻ തുക്കിയും വാങ്ങാം. 

 

കുട്ടവഞ്ചി സവാരി

 

ഹൊഗനക്കലിലെ പ്രധാന ആകര്‍ഷണം കാവേരിനദിയിലൂടെ  വട്ടത്തോണിയിലുള്ള യാത്രയാണ്. പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ കുട്ടകളാണ് ഇവിടെ തോണിയായി ഉപയോഗിക്കുന്നത്. കണ്ടാല്‍ ചെറുതെന്ന് തോന്നാമെങ്കിലും എട്ടുപേര്‍ക്ക് വരെ ഒരു തോണിയില്‍ യാത്ര ചെയ്യാം.വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കണമെങ്കിൽ കുട്ടവഞ്ചി സവാരി നടത്തണം.500 രൂപ മുതലാണ് കുട്ടവഞ്ചിയുടെ വാടക നിരക്ക്. വർഷം മുഴുവനും നദി ഒഴുകുന്നതിനാൽ ഹൊഗനക്കൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം.

 

ധർമ്മപുരിയിൽ നിന്നും കൃഷ്ണഗിരിയിൽ നിന്നും ആവശ്യമായ ഗതാഗത സൗകര്യമുണ്ട്. തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയിലുള്ള  ഈ ഗ്രാമം ബംഗളുരുവിൽ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ്. തദ്ദേശീയരും, വിദേശികളുമായ അനേകം പേര്‍ ഇവിടം സന്ദര്‍ശിക്കാനെത്തുന്നു. ഹൊഗനക്കലിന് സമീപമുള്ള മേലാഗിരി കുന്നുകളിലേക്ക് ഒരു ട്രെക്കിങ്ങും ഇവിടെയെത്തിയാൽ നടത്താം.  ചേതോഹരങ്ങളായ പ്രകൃതിദൃശ്യങ്ങള്‍ കണ്ടുകൊണ്ടുള്ള സാഹസികമായ ഈ യാത്ര ഒരു നല്ല അനുഭവമാകും.  മിക്ക ചലച്ചിത്രങ്ങൾക്കും ലൊക്കേഷൻ ആയിട്ടുള്ള ഹൊഗനക്കലിലേയ്ക്ക് ആവട്ടെ നിങ്ങളുടെ അടുത്ത യാത്ര.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com