sections
MORE

ബീച്ച് ട്രെക്കിങ് എന്നുകേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ച് ട്രെക്കിങ്ങിന് സ്ഥലങ്ങള്‍ ഇതാ

Elephant-Beach-Trek
SHARE

ട്രെക്കിങ്ങും ബീച്ചും എങ്ങനെ ഒരുമിച്ച് നടക്കുമെന്നായിരിക്കും നമ്മളില്‍ പലരും ചിന്തിക്കുന്നത്. എന്നാല്‍ അങ്ങനെയൊരു സംഭവുണ്ട്. മാത്രമല്ല, ബീച്ച് ട്രക്കിംഗ് നടത്താന്‍ പറ്റിയ അടിപൊളി സ്ഥലങ്ങളും നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. സാധാരണ കാടുകയറി ഇറങ്ങിയുള്ള ട്രക്കിങ്ങുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ബീച്ച് ട്രെക്കിങ്ങുകള്‍. ഇവിടെ, കാടിനുള്ളിലൂടെ കയറിയിറങ്ങിയുള്ള യാത്രകള്‍ ചെന്നവസാനിക്കുക അതിമനോഹരമായ ബീച്ചിന്റെ കാഴ്ചകളിലേക്കാണ്.

ബീച്ചിലൂടെ നടത്താവുന്ന ട്രക്കിങ് ഇവിടെ വ്യാപകമായിട്ട് അധികമൊന്നും ആയില്ലെങ്കിലും ഇതില്‍ ആകൃഷ്ടരാകാത്തവര്‍ നന്നെ കുറവാണ്. കടലിന്റെ സൗന്ദര്യവും കാടിന്റെ വന്യതയും ഒരേ സമയം ആസ്വദിക്കുവാന്‍ കഴിയുന്ന ബീച്ച് ട്രക്കിങ്ങിനായി ഒരുങ്ങാം.ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ബീച്ച് ട്രെക്കിങ്ങ് നടത്താന്‍ കഴിയുന്ന 5 സ്ഥലങ്ങള്‍ ഇതാ. 

ബേക്കല്‍ ബീച്ച് 

നമ്മുടെ കേരളത്തില്‍ നിന്ന് തന്നെ തുടങ്ങാം. കാസര്‍ഗോഡ് ജില്ലയുടെ മാത്രമല്ല., കേരളത്തിന്റെ മുഴുവന്‍ അഭിമാനമായ, ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണല്ലോ ബേക്കല്‍ ബീച്ചും കോട്ടയുമെല്ലാം.ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമകളുടെ ലൊക്കേഷന്‍ ആയിട്ടുള്ള ഇവിടം ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലം കൂടിയാണ്. കടലും കായലും ഗ്രാമങ്ങളും അഴിമുഖവുമെല്ലാം അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ബേക്കല്‍ ബീച്ച് ട്രക്കിങ്ങിനു പറ്റിയ സ്ഥലം ആണ്. 

bekal-beach

ഇവിടെ താല്പര്യമുള്ളഴര്‍ക്ക് 7 കിലോമീറ്റര്‍ ദൂരത്തില്‍ ട്രക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. മുന്‍പ് പറഞ്ഞതുപോലെ മത്സ്യബന്ധന ഗ്രാമങ്ങളും ബേക്കല്‍ കോട്ടയും കുന്നുകളും പിന്നിട്ട് ബീച്ചിലെ സണ്‍സെറ്റ് പോയിന്റില്‍ എത്തി നില്‍ക്കുന്നതാണ് ഈ അതിഗംഭീര യാത്ര. ചെറുപാറക്കെട്ടുകള്‍ നിറഞ്ഞ് കോട്ടയോട് ചേര്‍ന്ന കടല്‍ തീരത്തേയ്ക്കുള്ള ട്രക്കിങ് അവിസ്മരണീയമായിരിക്കുമെന്നതില്‍ സംശയം വേണ്ട. ആഴമില്ലാത്ത ബേക്കല്‍കോട്ട കടല്‍ത്തീരം സന്ദര്‍ശകര്‍ക്ക് രസകരമായ അനുഭവമാണ്. 

കുംതാ ബീച്ച്

ബെംഗളൂരുവിൽ നിന്നും 400 ല്‍ അധികം കിലോമീറ്റര്‍ അകലെയുള്ള ഈ ബീച്ച്  തിരക്കുകള്‍ മാറ്റിവെച്ച് രണ്ടു മൂന്നു ദിവസത്തേയേയ്‌ക്കൊരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പറ്റിയ ഇടമാണ്. വൃത്തിയില്‍ സംരക്ഷിക്കുന്ന അതിമനോഹരമായ ബീച്ചും കയറിപ്പോരുവാന്‍ തോന്നിപ്പിക്കാത്തത്ര ഭംഗിയിലുള്ള നീലവെള്ളവും ഒക്കെ ചേര്‍ന്ന് കുംതാ ബീച്ച് ആരുടേയും മനസ് കീഴ്‌പ്പെടുത്തും. ബീച്ചിനേക്കാളും ഭംഗി ഇവിടേക്കുള്ള യാത്രയ്ക്കാണ്.

കുന്നുകള്‍ കയറിയിറങ്ങി എത്തിച്ചേരുന്ന ഇവിടെ ട്രക്കിങ്ങിനു മാത്രമല്ല, മീന്‍ പിടിക്കുവാനും കക്ക പെറുക്കുവാനും പ്രദേശവാസികളെ പരിചയപ്പെടുവാനും അവിടുത്തെ രുചികള്‍ ആസ്വദിക്കുവാനുമെല്ലാം സൗകര്യങ്ങളുണ്ട്. ഏകദേശം 18 കിലോമീറ്ററോളം വിസ്തൃതിയില്‍ നിരവധി ബീച്ചുകളിലൂടെയുള്ള യാത്രയാണ് കുംതാ ട്രക്കിങ്ങിന്റെ ആകര്‍ഷണം. സാധാരണ ഗതിയില്‍ വാനല്ലി ബീച്ചില്‍ നിന്നും തുടങ്ങി നിര്‍വ്വാണ ബീച്ചില്‍ അവസാനിക്കുന്ന വിധത്തിലാണ് ട്രക്കിങ് പ്ലാന്‍ ചെയ്യുക. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കുംതാ ട്രക്കിങ്ങിനു പറ്റിയ സമയം.

എലിഫന്റ് ബീച്ച്, ആന്‍ഡമാന്‍

ആന്‍ഡമാന്‍സിലെ ഹാവ്‌ലോക്ക് ദ്വീപിലെ സ്പീഡ് ബോട്ടിംഗ്, സ്‌നോര്‍ക്കെല്ലിംഗ്, സീ വാക്കിംഗ് എന്നിവ പോലുള്ള വാട്ടര്‍ സ്‌പോര്‍ട്‌സിനുള്ള പ്രശസ്തമായ പ്രദേശമാണ് എലിഫന്റ് ബീച്ച്. വിനോദസഞ്ചാരികള്‍ സാധാരണയായി ബോട്ടിലൂടെയാണ് എലിഫന്റ് ബീച്ചിലേക്ക് പോകുന്നതെങ്കിലും, ദ്വീപുകളുടെ ഭംഗിയില്‍ മുഴുകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ എലിഫന്റ് ബീച്ചിലേക്ക് ട്രെക്കിംഗ് നടത്തുന്നു.

പ്രകൃതിപ്രേമികള്‍ക്കുള്ള മികച്ച ഓപ്ഷനാണ് എലിഫന്റ് ബിച്ചിലേയ്ക്കുള്ള ട്രക്കിങ്. കുന്നുകള്‍, ഗ്രാമങ്ങള്‍ എന്നിവ ഈ ചെറിയ ദ്വീപിനുണ്ട്. ഉച്ചകഴിഞ്ഞ് വെയില്‍ ശക്തമാവുകയും വൈകുന്നേരങ്ങളില്‍ വിഷ ജന്തുജാലങ്ങളെയും കുറിച്ച് ആശങ്കയുണ്ടാകുകയും ചെയ്യുന്നതിനാല്‍ രാവിലെ ഈ ട്രെക്ക് പൂര്‍ത്തിയാക്കുന്നത് നല്ലതാണ്.

ഹാഫ് മൂണ്‍ ബീച്ച് ഗോകര്‍ണ

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പുണ്യഭൂമിയാണ് ഗോകര്‍ണ. എന്നാല്‍ വിശ്വാസികളെക്കാളധികം വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. ഇവിടുത്തെ ബീച്ചുകളും അതിനോട് ചേര്‍ന്നു കിടക്കുന്ന കാടുകളും ഒക്കെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.വ്യത്യസ്തരായവര്‍ക്ക് ഗോകര്‍ണയും തികച്ചും വ്യത്യസ്തമാണ്.

gokarna-beach2

പ്രശസ്തമായ നാല് ബീച്ചുകള്‍ ഗോകര്‍ണയില്‍ ഉണ്ടെങ്കിലും ഇതില്‍ ഹാഫ് മൂണ്‍ ബീച്ചാണ് ബീച്ച് ട്രക്കിങ്ങിന്റെ രസങ്ങള്‍ നല്കുന്നത്.മംഗലാപുരത്തു നിന്നും 231 കിലോമീറ്ററാണ് ഗോകര്‍ണ്ണത്തേയ്ക്കുള്ള ദൂരം. ദേശീയ പാത 17 വഴിയാണ് ഇവിടെ എത്തുന്നത്.ഒക്ടോബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള സമയമാണ് ഇവിടെ ബീച്ച് ട്രക്കിങ്ങിനു പറ്റിയ സമയം. ട്രക്ക് ചെയ്ത് ബീച്ചിലെത്തി ചെറിയൊരു ടെന്റടിച്ച് ആകാശത്തിന് കീഴെ കടലിന്റെ ഇരമ്പല്‍ കേട്ട് ഒരു രാത്രി കഴിയുക. കേള്‍ക്കുമ്പോല്‍ തന്നെ ആശ്ചചര്യമുണ്ടാകുന്നുണ്ടോ. എങ്കില്‍ ഹാഫ് മൂണ്‍ ബീച്ചിലെത്തിയാല്‍ ഇത് സാക്ഷാത്കരിക്കാം. 

ഗോവയിലെ ന്യൂട്ടി ബീച്ചിലേക്കുള്ള ഓഷ്യന്‍ ട്രെക്ക്

ഗോവയുടെ ഹൃദയമിടിപ്പാണ് ഓരോ കടല്‍ത്തീരങ്ങളിലേയും അലയടിക്കല്‍. ബീച്ച് ലൈഫ് അല്ലാതെ ഗോവയില്‍ എന്തുണ്ട് എന്നു ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ന്യൂട്ടി ബിച്ചിലെ ട്രെക്കിങ്. അറബിക്കടലിലെ മനോഹരമായ നീല ജലാശയത്തെ മറികടന്ന് ഒരു പര്‍വതത്തിലൂടെയുള്ള നടത്തമാണ് ഈ മനോഹരമായ സമുദ്ര ട്രെക്ക്. കടലിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് നിങ്ങള്‍ ഒരു മലഞ്ചെരിവിലൂടെ കാല്‍നടയായി പോകുന്നത് സങ്കല്‍പ്പിച്ചുനോക്കു. ആ യാത്രയ്ക്കിടയില്‍ വിശ്രമിക്കാന്‍ കഴിയുന്ന നിരവധി ആളൊഴിഞ്ഞ ബീച്ചുകള്‍ വേറെ.

അറബിക്കടലിനെ നോക്കി നില്‍ക്കുന്ന കുന്നിന്‍ മുകളിലൂടെയുള്ള ട്രക്കിങ് എന്തൊരനുഭവമായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് ഗോവയിലെ ന്യൂട്ടി ബീച്ച് നല്കുന്ന ട്രെക്കിങ്. ചെങ്കുത്തായ മലകളും ക്ലിഫും കുന്നും ഒക്കെയുള്ള ഇവിടെ ബീച്ചില്‍ നിന്നും ബീച്ചിലേക്കുള്ള യാത്രയാണ് ഏറെ പ്രധാനപ്പെട്ടതും രസകരവും. പോര്‍വോറിമില്‍ ആരംഭിക്കുന്ന ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ട്രെക്കിങ്ങാണിത്, അവിടെ നിന്ന് വെന്‍ഗുര്‍ലയ്ക്കും മാല്‍വാനും ഇടയിലുള്ള കടല്‍ത്തീര ഗ്രാമമായ കൊക്ര-ശ്രീരാംവാടിയിലേക്ക് നിങ്ങള്‍ പോകും. ഇവിടെ നിന്ന് നടത്തം ആരംഭിക്കുന്നു, നിങ്ങള്‍ മലയോരത്ത് കാല്‍നടയായി പോകുമ്പോള്‍ നിരവധി കന്യക ബീച്ചുകളും ഒറ്റപ്പെട്ട കോവുകളും കാണാം.

ഇനിയൊരു യാത്ര പ്ലാന്‍ ചെയ്യാം. വെറുതെ കടല്‍ത്തീരങ്ങളില്‍ ചെന്നിരുന്ന് സമയം ചെലവഴിക്കാതെ ഈ പറഞ്ഞ തീരങ്ങളിലൂടെയൊരു ട്രെക്കിങ്  നടത്തിനോക്കൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA