sections
MORE

ഹിമാലയന്‍ താഴ്‌‌‌വരയിലെ ഏറ്റവും സുന്ദരികളായ സ്ത്രീകള്‍ വസിക്കുന്നത് ഇവിടെയാണ്‌

ziro-valley
SHARE

സൗന്ദര്യം ഒരു ശാപമാണോ എന്നൊക്കെ ചോദിക്കുന്നത് തമാശ ആയിട്ടാണല്ലോ നമ്മള്‍ സാധാരണ പറയാറ്. എന്നാല്‍ അത് അച്ചട്ടാവുന്ന ചില ജീവിതങ്ങളുണ്ട്‌. അരുണാചല്‍ പ്രദേശിലെ സിറോ താഴ്‌‌‌വരയുടെ കാര്യം തന്നെ എടുക്കാം. ഇവിടെയെത്തിയാല്‍ ആദ്യം ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. കാതില്‍ വലിയ കമ്മലിട്ട് ഇളക്കിക്കൊണ്ടു നടക്കുന്ന അമ്മൂമ്മമാരെ കണ്ടിട്ടില്ലേ? അതേപോലെ മൂക്കില്‍ വലിയ തോട പോലെ മുക്കുത്തിയിട്ടു നടക്കുന്ന സ്ത്രീകള്‍ ആണ് ഇവിടെയുള്ളത്. അന്യപുരുഷന്മാര്‍ മോഹിക്കാതിരിക്കാന്‍ വേണ്ടി സൗന്ദര്യം കുറയ്ക്കുകയാണ് ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ കാരണം.

മഴക്കാടുകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന സുന്ദരഭൂമി

നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്ന അരുണാചല്‍ പ്രദേശിലാണ് പൈന്‍ മരങ്ങളും നെല്‍ച്ചെടികളും നിറഞ്ഞു കിടക്കുന്ന സിറോ എന്ന മലയോര ഗ്രാമം. ഇവിടെയാണ്‌ അപതാനികള്‍ വസിക്കുന്നത്. മറ്റു ഗോത്രവിഭാഗക്കാരുടെതു പോലെ ഇവര്‍ അലഞ്ഞുതിരിഞ്ഞു നടക്കാറില്ല. മലകളെ പകുത്ത് കിളച്ചൊരുക്കി നെല്ലു വിളയിക്കുന്ന കൂട്ടരാണ് ഇവര്‍. 

പ്രായമായ സ്ത്രീകളാണ് അപതാനികളിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന വിഭാഗം എന്ന് പറയാം. വലിയ മൂക്കുത്തിയും മുഖത്ത് പച്ച കുത്തിയതും ഒക്കെ കണ്ടാല്‍ ആരായാലും ഒന്നു നോക്കിപ്പോകും! എന്നാല്‍ പുതിയ തലമുറയില്‍ പെട്ട പെണ്‍കുട്ടികള്‍ക്കിടയില്‍ ഈ ആചാരം പതിയെ മാഞ്ഞു തുടങ്ങിയിട്ടുണ്ട്.

Tourism-Festival

അരുണാചല്‍ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യം കൂടിയ സ്ത്രീകള്‍ ആണ് ഈ താഴ്‌‌‌വരയിൽ ഉള്ളത്. അതിനാല്‍ പുരുഷന്മാര്‍ വന്ന് ഇവരെ തട്ടിക്കൊണ്ടു പോകുന്നത് പതിവായിരുന്നു. ഭംഗി കൂടിയതു കൊണ്ടുണ്ടാകുന്ന ആപത്ത് കുറയ്ക്കാന്‍ വേണ്ടിയാണ് വിചിത്രമായ മുക്കുത്തി, മുഖത്തെ പച്ച കുത്തല്‍ തുടങ്ങിയ ആചാരങ്ങള്‍ ഇവര്‍ തുടങ്ങിയത്. 

സ്മാര്‍ട്ടാണ് ഇവിടത്തെ സ്ത്രീകള്‍ 

പൊതുവേ മികച്ച അധ്വാനശീലമുള്ളവരാണ് അപതാനികള്‍. കാര്‍ഷിക വൃത്തിയാണ് പ്രധാന വരുമാന മാര്‍ഗ്ഗം. കോലാട്, പന്നി, കോഴി, മത്സ്യം തുടങ്ങിയവയെ ഇവര്‍ വളര്‍ത്തുന്നു. കുന്തവും കെണിയും ഒക്കെ ഉപയോഗിച്ച് വേട്ടയാടാനും ഇവര്‍ മിടുക്കരാണ്. മികച്ച നെയ്ത്തുകാരാണ് അപതാനി സ്ത്രീകള്‍. 

അപതാനികളെ കാണാന്‍ പോകാം

ജനുവരിയിലെ മുരുംഗ് അനുഷ്ടാന സമയത്തോ ജൂലായ്‌ മാസത്തില്‍ മൃഗങ്ങളെ ബലി കൊടുത്ത് ദേവതകളെ പ്രസാദിപ്പിക്കുന്ന ഡ്രീ ഫെസ്റ്റിവല്‍ സമയത്തോ സിറോ സന്ദര്‍ശിക്കാം. കൃഷി നടക്കുന്ന സമയത്ത് ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് അവരുടെ കൂടെക്കൂടാനും നെൽപാടങ്ങളിലെ മത്സ്യക്കൃഷി കാണാനും പറ്റും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്, ആസാമിലെ ജോര്‍ഹാറ്റ് ആണ്. 98 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 449 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഗുവാഹത്തി ആണ് ഏറ്റവും അടുത്തുള്ള ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.

ട്രെയിന്‍ വഴി വരുന്നവര്‍ക്ക് നഹാരലഗുന്‍, നോര്‍ത്ത് ലാഖിംപൂര്‍ എന്നിവിടങ്ങളില്‍ ഇറങ്ങാം. ഗുവാഹത്തിയില്‍ നിന്ന് ഇങ്ങോട്ടേക്ക് ദിവസവും ട്രെയിന്‍ സര്‍വീസ് ഉണ്ട്. ഡല്‍ഹിയില്‍ നിന്നാകട്ടെ ആഴ്ചയില്‍ ഒരു ദിവസവും.

റോഡ്‌ മാര്‍ഗ്ഗമാണ് വരുന്നതെങ്കില്‍ ഗുവാഹത്തിയില്‍ നിന്നും സ്റ്റേറ്റ് ബസ് പിടിക്കാം. ആഴ്ചയില്‍ നാലു ദിവസം ഈ ബസ് യാത്ര പുറപ്പെടുന്നുണ്ട്. നോര്‍ത്ത് ലാഖിംപൂരില്‍ നിന്നും ഇറ്റനഗറില്‍ നിന്നുമൊക്കെ സിറോയിലേക്ക് ഷെയര്‍ ടാക്സി കിട്ടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA