ഒരു നാടിനെ വിഴുങ്ങിയ മഹാദുരന്തം; പ്രേതഭൂമിയിൽ ഒരു ദിവസം

Rameswaram-Dhanushkodi-trip3
SHARE

ചില സ്ഥലങ്ങൾ അങ്ങനെയാണ്. നമ്മെ മാടി വിളിച്ചുകൊണ്ടേയിരിക്കും. ഒരു നിയോഗം പോലെ ഒരിക്കൽ അവിടെ എത്തിച്ചേരുന്നതു വരെ. ഏറെ നാളുകളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ഒരു ആഗ്രഹം. അതിഭീകരമായ ഒരു ചുഴലി കൊടുങ്കാറ്റിന്റെ ഉഗ്രതാണ്ഡവം ബാക്കി വച്ചു പോയ പ്രേതനഗരത്തിന്റെ അവശിഷ്ടങ്ങളിലേക്ക് ഒരു യാത്ര. കേട്ടറിവുകളും നാട്ടറിവുകളും ചരിത്രവും എല്ലാം സാക്ഷ്യപ്പെടുത്തുന്നത് അരനൂറ്റാണ്ടിനു മുൻപ് അതൊരു തിരക്കുള്ള തുറമുഖ പട്ടണമായിരുന്നു എന്നാണ്. ഒരു സ്‌കൂളും പോസ്റ്റ് ഓഫിസും പള്ളിയും ഒരു ചെറിയ റെയില്‍വേ സ്‌റ്റേഷനും അവിടെ പ്രവര്‍ത്തിച്ചിരുന്നു.

Rameswaram-Dhanushkodi-trip4

മത്സ്യബന്ധനം തൊഴിലാക്കിയ രണ്ടായിരത്തോളം മനുഷ്യരും. ഒരു നൂലു പോലെ സമുദ്രത്തിലേക്ക് നീണ്ടു കിടക്കുന്ന ഒരു പട്ടണം. ഇന്നേക്ക് 56 വർഷങ്ങൾക്കു മുൻപ് പ്രകൃതിയുടെ വികൃതിയായി പാഞ്ഞെത്തിയ അതിഭീകരമായ ചുഴലിക്കാറ്റും ഭ്രാന്തു പിടിച്ച വൻതിരമാലകളും കടലാഴങ്ങളിലേക്കു കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊന്നു. ആയിരക്കണക്കിന് മനുഷ്യരുടെ ഗതി കിട്ടാത്ത പ്രേതങ്ങൾ വിജനമായ കടൽക്കരയിൽ ഇന്നും അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രേതഭൂമി. ഒരു കാലഘട്ടത്തിന്റെ ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണ്. ഇത് ‘ധനുഷ്കോടി’ എന്ന പ്രേതനഗരം.

തിരുവനന്തപുരത്തു നിന്നും തീവണ്ടിയിൽ ഒരു രാവിന്റെ യാത്രയാണ് മധുരയിലേക്ക്. പുലർച്ചെ മധുരയിലെത്തിയ ശേഷം രാമേശ്വരത്തേക്കു യാത്ര തുടർന്നു. പാമ്പൻ പാലം കടന്നു ഒരു മണിയോടെ രാമേശ്വരത്തു എത്തിച്ചേർന്നു. നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ചെന്നു. ഹോട്ടലിനു തൊട്ടു പുറകിൽ ബംഗാൾ ഉൾക്കടൽ. അൽപ്പനേരത്തെ വിശ്രമത്തിനു ശേഷം പുറത്തിറങ്ങി കടൽക്കരയിലേക്കു നടന്നു. രാമേശ്വരം ഒരു ക്ഷേത്രനഗരമാണ്. മുക്കിലും മൂലകളിലും ക്ഷേത്രങ്ങളാണ്. അവിടെയുള്ള തീർത്ഥങ്ങളിൽ ബലിയിടാനും പൂജാദികർമ്മങ്ങൾ അനുഷ്ഠിക്കുവാനുമായി നൂറു കണക്കിന് ഭക്തജനങ്ങൾ സമുദ്രത്തിലെ ആഴം കുറഞ്ഞ തീരങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നു.

Rameswaram-Dhanushkodi-trip1

ധനുഷ്‌കോടി

രാമേശ്വരത്ത് നിന്ന് ധനുഷ്‌കോടിയിലേക്ക് 20 കിലോമീറ്ററാണ് ദൂരം. സമുദ്രത്തിലേക്കു ഒരു നേർരേഖ പോലെ കടലിനു നടുവിലേക്ക് നീണ്ടു കിടക്കുന്ന ഒരു തുരുത്താണ് ധനുഷ്കോടി. ഇരുവശവും അനന്തമായി പരന്നു കിടക്കുന്ന കടല്‍. വലതുവശത്തു ഇന്ത്യൻ മഹാസമുദ്രവും ഇടതുവശത്തു ബംഗാൾ ഉൾക്കടലും. റോഡ് ചെന്നവസാനിക്കുന്നിടത്ത് ഭാരതം അവസാനിക്കുകയാണ്. ഇവിടെയാണ് ഇന്ത്യയുടെ അവസാനത്തെ ഭൂപ്രദേശം. ഇവിടെ വച്ച് ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും സംഗമിക്കുന്നു. ധനുഷ്കോടിയിൽ നിന്നും വെറും 18 കിലോമീറ്റർ കടലിലൂടെ സഞ്ചരിച്ചാൽ ശ്രീലങ്കയിലെത്താം.

Rameswaram-Dhanushkodi-trip

ശ്രീലങ്കയിൽ നിന്നുള്ള മൊബൈൽ സിഗ്നലുകൾ ചിലപ്പോഴൊക്കെ ഇവിടെ കിട്ടാറുണ്ടത്രെ! സമുദ്രത്തിന് തീരെ ആഴമില്ല. രണ്ടു കടലുകൾ ഒന്നിച്ചു ചേരുന്ന ത്രികോണാകൃതിയിലുള്ള സ്ഥലത്തു ഇറങ്ങി നിൽക്കുമ്പോൾ വലതുകാലിനെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള തിരമാലകളും ഇടതുകാലിനെ ബംഗാൾ ഉൾക്കടലിൽ നിന്നും എത്തുന്ന തിരമാലകളും തഴുകി കടന്നു പോകുമ്പോൾ ഉളവാകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്. കടലിന്റെ അടിത്തട്ടു വരെ തെളിഞ്ഞുകാണാം. സീതയെ വീണ്ടെടുക്കാനായി വാനരസൈന്യത്തിന്റെ സഹായത്തോടെ ശ്രീരാമൻ കടലിൽ ചിറകെട്ടി ലങ്കയിലേക്ക് പോയത് ഇതുവഴിയാണ് എന്നാണു ഐതിഹ്യം. കടലിനടിയിൽ രാമസേതു ഇന്നും തെളിഞ്ഞു കാണാമത്രെ!

അതിരാവിലെ തന്നെ ധനുഷ്കോടിയിലേക്ക് യാത്ര തിരിച്ചു. മഴമേഘങ്ങൾ മാനത്ത് ഉരുണ്ടു മറിയുന്നുണ്ടായിരുന്നു. ഒളിച്ചും പാത്തും കടന്നു വന്ന ചാറ്റൽ മഴയോട് നന്ദി പറഞ്ഞു. ഇന്ന് വെയിൽ തീരെയില്ല. തണുത്ത കടൽക്കാറ്റേറ്റ് തുറന്ന ഒരു പിക്ക് അപ്പ് ജീപ്പിലാണ് യാത്ര. വിജനമായ റോഡ്. വഴിയിലെങ്ങും ഒരു മനുഷ്യനെപ്പോലും കാണാനില്ല. നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് വല്ലപ്പോഴും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ മാത്രം.

rameshwaram

പകുതി ദൂരം പിന്നിട്ടപ്പോൾ മിക്കവാറും നശിച്ചുപോയ ചില കെട്ടിടങ്ങളുടെ ഇന്നും അവശേഷിക്കുന്ന ഭാഗങ്ങൾ കാണാൻ തുടങ്ങി. പൊട്ടിപ്പൊളിഞ്ഞു ജീർണ്ണിച്ചു നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പഴയ ധനുഷ്‌കോടി റെയിൽവേ സ്റ്റേഷൻ, വാട്ടർ ടാങ്ക്, കസ്റ്റംസ് ഓഫിസ്, പോസ്റ്റ് ഓഫീസ്, സ്‌കൂൾ അങ്ങനെ പലതിന്റെയും അവശിഷ്ടങ്ങൾ കടലിന്റെ ഉപ്പുകാറ്റേറ്റു അനാഥമായി നില കൊള്ളുന്നു. അക്കൂട്ടത്തിൽ എനിക്ക് ഏറ്റവും ഹൃദയസ്‌പർശിയായിത്തോന്നിയത് പവിഴപ്പുറ്റുകളും പാറക്കല്ലും കൊണ്ട് നിർമ്മിച്ച പൊളിഞ്ഞു തകർന്നു നശിച്ചു കിടക്കുന്ന വിശുദ്ധ അന്തോണീസിന്റെ ദേവാലയമാണ് (St. Antony’s church). ഉപ്പുകാറ്റേറ്റ് ദ്രവിച്ചു തുടങ്ങിയ പള്ളി. കടൽ എടുക്കാതെ ബാക്കിവച്ച പള്ളിയുടെ അൾത്താര മാത്രം ഒരു മഹാദുരന്തത്തിന്റെ മൂകസാക്ഷിയായി ഇന്നും നശിക്കാതെ കിടക്കുന്നു.

danushkodi-trip14

വിശുദ്ധ ബലിയർപ്പിക്കാൻ ആരും എത്തിച്ചേരാതെ അനാഥമായിക്കിടക്കുന്ന ദേവാലയത്തിന്റെ അൾത്താരയുടെ മുകളിൽക്കയറി നിന്ന് സെൽഫി എടുത്തു രസിക്കുന്ന യാത്രക്കാരെ കണ്ടപ്പോൾ അതിയായ ദേഷ്യവും സങ്കടവും വന്നു. ഒരുകാലത്തു ധാരാളം ജനവാസമുണ്ടായിരുന്ന തിക്കും തിരക്കും നിറഞ്ഞ ഒരു പട്ടണം ഇന്ന് ആർക്കും വേണ്ടാത്ത ഒരു പ്രേത ഭൂമിയായത് എങ്ങനെയായാണെന്നറിയാൻ നിങ്ങളെ അര നൂറ്റാണ്ട് പിന്നിലേക്ക് ഞാൻ കൂട്ടിക്കൊണ്ടു പോവുകയാണ്.

ആ നശിച്ച ദിവസം. 1964 ഡിസംബര്‍ 22

1964 ഡിസംബർ 22. സമയം അർദ്ധരാത്രി 12 മണിയോടടുക്കുന്നു. രണ്ടുമൂന്നു ദിവസമായി നിർത്താതെ മഴ കോരിച്ചൊരിയുകയാണ്. കൊടുങ്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന മദ്രാസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഒരാഴ്ച മുൻപ് ആൻഡമാൻ കടലിൽ രൂപം കൊണ്ട ഒരു ചുഴലിക്കാറ്റ് ദിനംപ്രതി ശക്തി പ്രാപിച്ചു ഉഗ്രരൂപം കൊണ്ടിരിക്കുന്നതു ആരും കാര്യമായെടുത്തില്ല. ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതയില്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്.

danushkodi-trip16

പെരുംമഴ തിമിർത്തു പെയ്യുന്നു. വൈകുന്നേരം ആയപ്പോഴേക്കും മഴ കനത്തു. ഭ്രാന്തു പിടിച്ചപോലെ തിരമാലകള്‍ 23 അടി ഉയരത്തില്‍ വരെ ആഞ്ഞടിക്കാൻ തുടങ്ങി. രാത്രിയായിക്കൊണ്ടിരിക്കുന്നു. ഉഗ്രപ്രതാപിയായ കൊടുങ്കാറ്റ് അപ്രതീക്ഷിതമായി ദിശമാറി ശ്രീലങ്കയിലെ ചില പ്രദേശങ്ങളെ തകർത്തു തരിപ്പണമാക്കി ധനുഷ്കോടിയെ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി.

danushkodi-beach-at-arichalmunai

കടലിൽ തിരമാലകൾ ഉയരത്തിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു. സമയം അർദ്ധരാത്രിയോടടുക്കുന്നു. അൽപസമയത്തിനു ശേഷം ഒരു മഹാദുരന്തം ധനുഷ്കോടിയെ കാത്തിരിക്കുന്നു. ഇതൊന്നുമറിയാതെ മദ്രാസില്‍ നിന്നും പുറപ്പെട്ട 'ബോട്ട് മെയില്‍' എന്ന പേരിലറിയപ്പെട്ടിരുന്ന 653ആം നമ്പർ പാമ്പന്‍-ധനുഷ്‌ക്കോടി പാസ്സഞ്ചര്‍ ട്രെയിൻ മഴയെ വകവെയ്ക്കാതെ യാത്ര തുടരുകയായിരുന്നു. ടിക്കറ്റെടുത്തു യാത്ര ചെയ്യുന്ന ഏകദേശം 110 യാത്രക്കാരും അതിൽക്കൂടുതൽ ടിക്കറ്റില്ലാതെയും യാത്ര ചെയുന്നവരും കൂടാതെ 5 ട്രെയിൻ ജോലിക്കാരുമായി 'ബോട്ട് മെയിൽ' അർധരാത്രിക്ക് തൊട്ടുമുൻപ് പാമ്പൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ധനുഷ്കോടിയിലേക്ക് നീങ്ങി. ഏതാനും നിമിഷങ്ങൾക്കകം വരാനിരിക്കുന്ന ഒരു മഹാവിപത്തിനെക്കുറിച്ചു ഒന്നുമറിയാതെ തീവണ്ടി ധനുഷ്‌കോടി റെയിൽവേ സ്റ്റേഷനിലേക്കടുത്തു കൊണ്ടിരിക്കുകയാണ്.

റയിൽപ്പാളത്തിന് രണ്ടുവശവുമായി ആർത്തിരമ്പുന്ന കടൽ. സ്റ്റേഷന്റെ ഔട്ടറിൽ എത്തിയപ്പോൾ മുന്നോട്ട് പോകുവാനുള്ള സിഗ്നൽ കിട്ടാതെ ട്രെയിൻ ഇടക്കു നിറുത്തി ലോക്കോപൈലറ്റ് സിഗ്‌നലിനായി കാത്തു കിടന്നു. കാറ്റും കോളും പതിവായിരുന്ന ധനുഷ്‌കോടിയില്‍ സിഗ്‌നല്‍ കേടാവുന്നത് സാധാരണമാണ്. നിരന്തരമായി ചൂളമടിച്ചിട്ടും സിഗ്നൽ കിട്ടാതിരുന്നപ്പോൾ, പത്തു മിനിറ്റു കാത്തു കിടന്ന ശേഷം, ലോക്കോപൈലറ്റ് റയിൽവേ ട്രാക്കിലിറങ്ങി നോക്കി.

ചുറ്റും കൂരിരുട്ട്. ട്രാക്കിൽ മുട്ടോളം പൊക്കത്തിൽ വെള്ളം പൊങ്ങിയിരിക്കുന്നു. ഇനിയും കാത്തുകിടന്നാൽ അപകടമാണെന്നു മനസ്സിലാക്കിയ ഡ്രൈവർ അവസാനമായി ഒരിക്കൽ കൂടി ഒരു നീണ്ട ചൂളമടിച്ച ശേഷം രണ്ടും കൽപ്പിച്ചു ഒരു വിളിപ്പാടകലെയുള്ള ധനുഷ്‌കോടി സ്റ്റേഷനിലേക്ക് ട്രെയിൻ മുന്നോട്ടെടുത്തു. സമയം അർധരാത്രി 11.55. ട്രെയിൻ അൽപദൂരം മുന്നോട്ട് നീങ്ങിയതേയുള്ളു. പെട്ടെന്ന്, ഓർക്കാപ്പുറത്ത്, ഉഗ്രരൂപിയായ ചുഴലിക്കൊടുങ്കാറ്റും രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തിലുള്ള തിരമാലകളും കടലിൽ നിന്നും കരയിലേക്ക് ആഞ്ഞടിച്ചു ധനുഷ്കോടിയെ തൂത്തെറിഞ്ഞു. തീവണ്ടിയും അതിലെ മുഴുവൻ യാത്രക്കാരും ഒന്നാകെ അഗാധമായ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയി.

കടലാഴങ്ങളിലേക്ക് ചൂളമിട്ട് മുങ്ങിത്താഴ്‌ന്നു പോയ ഒരു തീവണ്ടി! ധനുഷ്കോടിയിൽ താമസിച്ചിരുന്ന രണ്ടായിരത്തോളം മനുഷ്യരിൽ ഒരാളെപ്പോലും അവശേഷിപ്പിക്കാതെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കി ഭീമൻ തിരമാലകൾ കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ടു പോയി. നേരം പുലർന്നപ്പോൾ ധനുഷ്കോടിയിൽ ആരും ശേഷിച്ചിരുന്നില്ല. ധനുഷ്‌ക്കോടി നഗരം തകര്‍ന്നു തരിപ്പണമായിക്കഴിഞ്ഞിരുന്നു. എല്ലാവിധ വാർത്താവിനിമയ മാർഗങ്ങളും തകർന്നു പോയതു കൊണ്ട് ഈ മഹാദുരന്തത്തിന്റെ യഥാർത്ഥ ചിത്രം പുറം ലോകം അറിയുന്നത് 48 മണിക്കൂറുകൾക്കു ശേഷമായിരുന്നു.

പഴയ റെയിവേപാളത്തിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ഇന്നും അവിടെ ഒരു ദുരന്ത സ്മരണയായി മണൽ മൂടി കിടക്കുന്നുണ്ട്. കടലില്‍ യാത്ര അവസാനിപ്പിച്ച ഒരു തീവണ്ടി അവസാനമായി സഞ്ചരിച്ചത് ഈ ട്രാക്കിലൂടെയായിരുന്നു. ദുരന്തത്തിനു ശേഷം സർക്കാർ ധനുഷ്‌കോടിയെ പ്രേതനഗരമായി (GHOST TOWN) പ്രഖ്യാപിക്കുകയും ആ പ്രദേശം മനുഷ്യവാസയോഗ്യമല്ല എന്ന് തീരുമാനിക്കുകയും ചെയ്തു. ഇന്ന് ആ പ്രദേശത്തു താൽക്കാലികമായി നിർമ്മിച്ച ഓല മേഞ്ഞ ചില മുക്കുവക്കുടിലുകൾ കാണാമെങ്കിലും സ്ഥിരമായി ആൾത്താമസമില്ല. വൈദ്യുതിയും ഇന്റർനെറ്റും മൊബൈൽ കവറേജും ഒന്നും ഇവിടെ ലഭ്യമല്ല. വൈകുന്നേരം ആറു മണിക്കു മുൻപായി ടൂറിസ്റ്റുകളായി എത്തിയവരെയെല്ലാം പോലീസുകാർ തിരിച്ചയക്കും. രാത്രി അവിടെ തങ്ങാൻ ആർക്കും അനുവാദമില്ല. എല്ലാവരും പോയ ശേഷം പോലീസുകാരും സ്ഥലം വിടും.

ദുരന്തം ബാക്കി ശേഷിപ്പിച്ച അവശിഷ്ടങ്ങള്‍ പ്രേതങ്ങളെപ്പോലെ തലയുയർത്തി നിൽക്കുന്ന ശ്മശാനഭൂമിയാണ് ഇന്ന് ധനുഷ്‌ക്കോടി. പാതിരാകൊടുങ്കാറ്റില്‍ മാഞ്ഞുപോയ ധനുഷ്‌ക്കോടിയെ ചുറ്റിപ്പറ്റി ധാരാളം കെട്ടുകഥകളും അന്ധവിശ്വാസങ്ങളും നിലനിൽക്കുന്നു. ഇവിടം ഒരുപാടു ദുരൂഹതകൾ നിറഞ്ഞതാണ്. രാത്രിയായാൽ, കടലിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയ നിസ്സഹായരായ മനുഷ്യരുടെ ആത്മാക്കൾ മോക്ഷം കിട്ടാതെ അലഞ്ഞു തിരിയുന്ന സ്ഥലമാണ് ധനുഷ്‌കോടി എന്ന് കരുതപ്പെടുന്നു. സന്ധ്യ കഴിഞ്ഞ് അവിടെ നിന്നാൽ അപകടം സംഭവിക്കും എന്നാണു വിശ്വസിക്കപ്പെടുന്നത്. ഇവിടെയെല്ലാം ആത്മാക്കൾ ചുറ്റിത്തിരിയുന്നുണ്ടത്രേ! ഗതി കിട്ടാതെ അലയുന്ന പ്രേതങ്ങളുടെ വിഹാരഭൂമി; ധനുഷ്‌കോടി.

മടക്കയാത്രയിൽ മനസ്സു ഏറെ അശാന്തവും അസ്വസ്ഥവുമായിരുന്നു. വല്ലാത്ത ഒരു ശൂന്യത മനസ്സിനെ കീഴ്പ്പെടുത്തുന്നു. ഒരു നിമിഷാർദ്ധത്തിന്റെ ഇടവേളയിൽ നിനച്ചിരിക്കാതെ കടലാഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നുപോയ അസംഖ്യം ആത്മാക്കളുടെ അവസാനത്തെ ആർത്തനാദങ്ങൾ ഒരു ചുഴലികൊടുങ്കാറ്റായി കർണ്ണപുടങ്ങളിൽ ആർത്തിരമ്പുന്നു. മനസ്സ് തേങ്ങുന്നു. അജ്ഞാതരായ ആത്മാക്കൾക്ക് കണ്ണീരുപ്പിന്റെ നനവുള്ള മനസ്സോടെ നേരുന്നു, പ്രണാമം, സ്വസ്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA