ADVERTISEMENT

ബ്രഹ്മപുത്രാ നദിയുടെ കരയില്‍ സന്ദര്‍ശകരെ കാത്ത് ചരിത്രമുറങ്ങുന്ന ഗുവാഹത്തി. പഴമയും പുതുമയും ഒരുമിച്ചു സമ്മേളിക്കുന്ന ഈ നഗരത്തിന് അതിന്‍റേതായ ഒരു ആകര്‍ഷണീയതയുണ്ട്. പുരാതനക്ഷേത്രങ്ങളുടെ പ്രൌഡിയും കിടുക്കന്‍ നൈറ്റ് ലൈഫിന്‍റെ വര്‍ണ്ണപ്രഭയും ഒരേപോലെ കാത്തു വയ്ക്കുന്നു ഈ നഗരം. ഗുവാഹത്തിയില്‍ വന്നു കഴിഞ്ഞാല്‍ ഒരിക്കലും മിസ്സാക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

സാരായ്ഘട്ടിലൂടെ ഒരു ഡ്രൈവ്

ആസാം ഭരണാധികാരികളും മുഗള്‍ ചക്രവര്‍ത്തിമാരും തമ്മില്‍ യുദ്ധം നടന്ന സ്ഥലമാണിത്. അതുകൊണ്ടുതന്നെ ഈ റെയില്‍-റോഡ്‌ പാലത്തിലൂടെയുള്ള ഒരു ഡ്രൈവ് നിങ്ങളെക്കൂടി ചരിത്രത്തിലൂടെയുള്ള യാത്രയുടെ ഭാഗമാക്കും! ഗുവാഹത്തിയില്‍ ചെന്നാല്‍ ഒരിക്കലും ഈ ഭാഗം വിട്ടു കളയരുത്. 

 

ബ്രഹ്മപുത്രയുടെ മാറിലൂടെ 

ശാന്തമായി ഒഴുകുന്ന ബ്രഹ്മപുത്രയുടെ മുകളിലൂടെ ജലയാത്ര നടത്തുന്നത് സ്വപ്നസമാനമായ അനുഭവമാണ്. റിലാക്സ് ചെയ്യാനും പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും അതിമനോഹരമായ സൂര്യാസ്തമയക്കാഴ്ച ആസ്വദിക്കാനുമൊക്കെ ഈ യാത്ര അവസരമൊരുക്കും.

മോമോ ഫെസ്റ്റിവല്‍

നവംബര്‍ മാസത്തിലാണ് മോമോ ഫെസ്റ്റിവല്‍ നടക്കുന്നത്. ഗുവാഹത്തിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന പല രുചിയിലും വിധത്തിലുമുള്ള മോമോസ് രുചിക്കാനുള്ള അവസരമാണിത്. കൂടാതെ അരുണാചല്‍ പ്രദേശ്‌, മേഘാലയ, ഭൂട്ടാന്‍, ഡാര്‍ജിലിങ്ങ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും മോമോസുകള്‍ എത്തും. 

കാമാഖ്യ ക്ഷേത്രം 

Guwahati1

ശക്തിദേവിയുടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് കാമാഖ്യ. നീലാചല്‍ മലനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ മുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്ന മൊത്തം നഗരത്തിന്റെ കാഴ്ച അതിസുന്ദരമാണ്. മലനിരകളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിന്‍റെ കനത്ത താഴികക്കുടം തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ചയും ആരുടേയും മനം മയക്കും. 

ദിപോര്‍ ബില്‍

ബ്രഹ്മപുത്രയില്‍ നിന്നും ഉത്ഭവിക്കുന്ന ഈ ശുദ്ധജലതടാകത്തിന് 40  കിലോമീറ്റര്‍ നീളമുണ്ട്. സമ്പന്നമായ ജൈവ വൈവിധ്യമുള്ള പ്രദേശമാണിത്. അത് കാരണം 1989ല്‍ ഇവിടം പക്ഷിസങ്കേതമായി പ്രഖ്യാപിച്ചു. വിവിധ നിറത്തിലും ഇനത്തിലും പെട്ട ധാരാളം അപൂര്‍വ്വ പക്ഷികളെ ഈ പ്രദേശത്ത് കാണാം.

കഫേ ഹെന്‍ഡ്രിക്സ്‌

ഇലക്ട്രോണിക് മ്യൂസിക് ഇഷ്ടമുള്ളവര്‍ക്ക് വൈകുന്നേരം ഈ കഫേയില്‍ ഒരു സന്ദര്‍ശനം നടത്താം. നോര്‍ത്തീസ്റ്റില്‍ നിന്നുള്ള മികച്ച കലാകാരന്മാരുടെ പ്രകടനങ്ങള്‍ അരങ്ങേറുന്ന വളരെ പ്രസിദ്ധമായ ഒരു കഫേയാണിത്‌. ഒരു കാപ്പിയൊക്കെ കുടിച്ച്, മ്യൂസിക് ആസ്വദിച്ച് അല്‍പ്പനേരമിരുന്ന് തിരിച്ചു പോകാം. പുതിയ ആളുകളെ പരിചയപ്പെടാനുള്ള ഒരു വേദി കൂടിയാണ് ഈ കഫേ.

English Summery:  guwahati travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com