ADVERTISEMENT

 

രാവണന്‍ തട്ടിക്കൊണ്ടു പോയ സീതാദേവിയെ രക്ഷിക്കാനായി ശ്രീരാമന്‍ പാലം നിര്‍മിച്ച സ്ഥലമാണ് രാമേശ്വരം എന്നാണ് കഥ. ഇവിടെയാണ്‌ ഇന്ത്യയുടെ അഭിമാനവും മുന്‍രാഷ്ട്രപതിയുമായ  ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദേശം. ഇന്ത്യയിലെ നാലു ഹിന്ദുമഹാക്ഷേത്രങ്ങളില്‍ ഒന്നായ രാമനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഇവിടെത്തന്നെയാണ്. അതുകൊണ്ടുതന്നെ ടൂറിസ്റ്റുകള്‍ക്ക് പുറമേ നിരവധി ഭക്തരും ദിനംപ്രതി ഇങ്ങോട്ടേക്ക് ഒഴുകിയെത്തുന്നു.

 

കേരളത്തില്‍ നിന്ന് രാമേശ്വരത്തേക്ക് പോവുകയെന്നാല്‍ അധികം ബുദ്ധിമുട്ടുള്ള കാര്യമല്ല. ട്രെയിനിലാണ് പോകുന്നതെങ്കില്‍ അധികം കാശു ചെലവുമില്ല. കായംകുളത്ത് നിന്ന് രാമേശ്വരം വരെ വെറും 730 രൂപ കൊണ്ട് പോയി വന്ന കഥ യുട്യൂബിലൂടെ പങ്കു വയ്ക്കുകയാണ് അക്നി വ്ലോഗ്സ്. 

 

എല്ലാ ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലും കന്യാകുമാരിയില്‍ നിന്നും രാമേശ്വരം വരെ രാത്രി പത്തു മണിക്ക് ഒരു ട്രെയിന്‍ ഉണ്ട്. രാവിലെ അഞ്ചരയോടെ ഇത് രാമേശ്വരത്തെത്തും. കായംകുളത്ത് നിന്ന് രാമേശ്വരം വരെയുള്ള യാത്രയുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് 430 രൂപയും ഭക്ഷണത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി 300 രൂപയും അടക്കം വെറും 730 രൂപ കൊണ്ട് എങ്ങനെയാണ് രാമേശ്വരം പോയി വന്നത് എന്ന കഥ ഇതില്‍ വിശദമായി പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കണ്ടു നോക്കൂ.

വിസ്മയങ്ങളും വിശ്വാസങ്ങളും ഇടകലരുന്ന രാമേശ്വരം

ശ്രീലങ്കയുമായി ഏറ്റവുമടുത്ത് കിടക്കുന്ന പ്രദേശമാണ് രാമേശ്വരം.  ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും വെറും അൻപത് കിലോമീറ്റർ അകലെയുള്ള പാമ്പൻ ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിന്ദുക്കള്‍ മോക്ഷം ലഭിക്കുന്നതിനായി സന്ദര്‍ശിക്കുന്ന നാലു പുണ്യക്ഷേത്രങ്ങളില്‍ ഒന്ന് ഇവിടെയാണ്‌. 

 

ദേവന്‍റെ വലതു വശത്തായി ദേവീരൂപം കുടികൊള്ളുന്ന സവിശേഷതയുള്ള രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വടക്ക് ബദരീനാഥ്‌, കിഴക്ക് പുരി ജഗന്നാഥ്‌, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിങ്ങനെയാണ് പുണ്യക്ഷേത്രങ്ങളായി കണക്കാക്കുന്നത്. മറ്റു മൂന്നു ക്ഷേത്രങ്ങളും വിഷ്ണുക്ഷേത്രങ്ങള്‍ ആണ്, എന്നാല്‍ രാമേശ്വരം ശിവക്ഷേത്രമാണ്. മനോഹരമായ വാസ്തുവിദ്യയാണ് ഈ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. മഹാശിവരാത്രി സമയത്ത് ഇവിടം ജനസമുദ്രമായി മാറും.

അഗ്നിതീര്‍ത്ഥം

രാമനാഥസ്വാമി ക്ഷേത്രത്തിലും പരിസരത്തും ഉള്ള 23 തീർത്ഥങ്ങളിൽ മുങ്ങുന്നത് പാപങ്ങൾ കഴുകിക്കളയും എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിന് മുന്‍പായി കാണപ്പെടുന്ന കടല്‍ഭാഗമാണ് അഗ്നിതീര്‍ത്ഥം എന്നറിയപ്പെടുന്നത്. ബലിതര്‍പ്പണത്തിനും പൂജകള്‍ക്കുമായി ആളുകള്‍ ഇവിടെയാണ്‌ എത്തുന്നത്. തന്‍റെ ചാരിത്ര്യം തെളിയിക്കാന്‍ സീതാദേവി അഗ്നിസ്നാനം നടത്തിയ സ്ഥലമാണ് ഇതെന്നാണ് വിശ്വാസം.

 

ഉപേക്ഷിക്കപ്പെട്ട നഗരം: ധനുഷ്കോടി

 

'പ്രേതനഗരം' എന്നാണ് ധനുഷ്കോടിയെ വിളിക്കുന്നത്. രാമേശ്വരത്തിന്‍റെ തെക്കേ അറ്റമായ ഇവിടം 1964 ൽ ഉണ്ടായ അതിഭയങ്കരമായ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. ഇന്നും കാര്യമായ ജനവാസമൊന്നുമില്ല ഇവിടെ.  ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കപ്പൽ ഗതാഗതം നടന്നിരുന്നത് ഈ ചെറിയ തുറമുഖം വഴിയായിരുന്നു. 

 

2017 പകുതി വരെ ധനുഷ്കോടിയിലെത്താനുള്ള ഏക മാർഗം മണലിലൂടെ ഡ്രൈവ് ചെയ്ത് പോവുക എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ധനുഷ്കോടി വഴി ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും കൂടിച്ചേരുന്ന അരിചൽ മുനായി (എറോഷൻ പോയിന്റ്) എന്ന സ്ഥലത്തിന്റെ അവസാന ഭാഗത്തേക്ക് മനോഹരമായ ഒരു പുതിയ റോഡുണ്ട്. രാമേശ്വരത്ത് നിന്ന് ഏകദേശം 30 മിനിറ്റ് എടുക്കും ഇവിടെയെത്താന്‍.

 

ഇന്ത്യയുടെ തെക്കു തെക്കേ അറ്റം 

 

സാങ്കേതികമായി നോക്കിയാല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അതിർത്തിയാണ്, ധനുഷ്കോടിക്ക് അപ്പുറത്തുള്ള അരിചൽ മുനായി എന്ന പ്രദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൂരം 18 നോട്ടിക്കൽ മൈൽ മാത്രമാണ്.  ഇവിടെ നിന്നും ശ്രീലങ്കയുടെ തീരത്തേക്ക് വ്യാപിക്കുന്ന 'ആദംസ് ബ്രിഡ്ജ്' എന്നറിയപ്പെടുന്ന ചുണ്ണാമ്പുകല്ലുകളുടെ നിരയാണ് 'രാം സേതു' എന്നറിയപ്പെടുന്നത്. രാമൻ പണിത പാലത്തിന്റെ അവശിഷ്ടങ്ങളായിട്ടാണ് വിശ്വാസികള്‍ ഇത് കണക്കാക്കുന്നത്.  

പാമ്പന്‍ പാലത്തിലൂടൊരു ട്രെയിന്‍ യാത്ര

പാമ്പൻ ദ്വീപ് ഇന്ത്യൻ പ്രധാന ഭൂപ്രദേശവുമായി ചേരുന്നത് രണ്ടു പാലങ്ങള്‍ വഴിയാണ്. ഇന്ത്യയിലെ ഏറ്റവും പഴയ കടൽ പാലമായ പാമ്പൻ റെയിൽ പാലമാണ് അതിലൊന്ന്. 1988 ൽ ആരംഭിച്ചതും റെയിൽ പാലത്തിന് സമാന്തരമായി ഉണ്ടാക്കിയതുമായ അന്നായ് ഇന്ദിരാഗാന്ധി റോഡ് പാലം ആണ് രണ്ടാമത്തേത്. 2.35 കിലോമീറ്റർ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാലം ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ കടൽ പാലമാണ്(മുംബൈയിലെ ബാന്ദ്ര-വർലി സീലിങ്ക് ആണ് ഏറ്റവും നീളമേറിയത്). കടലിനോട് വളരെയടുത്തുള്ള ഈ ട്രെയിന്‍ യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരിക്കും.

കൈറ്റ് സര്‍ഫിംഗ്

സ്നോര്‍ക്കലിംഗ്, കയാക്കിംഗ്, പാഡില്‍ ബോര്‍ഡിംഗ് തുടങ്ങിയ വിനോദങ്ങള്‍ക്ക് പുറമേ കൈറ്റ് സര്‍ഫിംഗ് വിനോദങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്. സീസണ്‍ നോക്കി വേണം വരാന്‍ എന്ന് മാത്രം. ഇന്ത്യയിലെ ഏറ്റവും മികച്ച കൈറ്റ് സര്‍ഫിംഗ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് രാമേശ്വരം.

 

തീനാളം പോലെ ഫ്ലെമിംഗോ!

 

അരിച്ചമുനൈ, ചിത്രന്‍ഗുഡി, കാഞ്ഞിരംകുളം, സക്കരക്കോട്ടയ് എന്നിങ്ങനെ അനവധി പക്ഷിസങ്കേതങ്ങളും രാമേശ്വരത്തുണ്ട്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് അരിച്ചമുനൈയില്‍  പോയാല്‍ ആസ്ട്രേലിയയില്‍ നിന്നും വിരുന്നു വരുന്ന ഫ്ലമിംഗോ പക്ഷികളെ കാണാം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് സക്കരക്കോട്ടയില്‍ പെലിക്കന്‍, ഇബിസ്, ഇഗ്രറ്റ്, സ്റ്റോര്‍ക്ക് മുതലായ ദേശാടന പക്ഷികളും വിരുന്നെത്താറുണ്ട്.

 

ക്ഷേത്രങ്ങളും തീര്‍ത്ഥങ്ങളും

 

ഇവ കൂടാതെ ഗന്ധമാദനപർവതം, ശ്രീ കോദണ്ഡരാമക്ഷേത്രം, ആഞ്ജനേയക്ഷേത്രം മുതലായവയും രാമതീർഥം, ലക്ഷ്മണതീർഥം, സീതാതീർഥം, ജടായുതീർഥം മുതലായ തീര്‍ത്ഥങ്ങളും തങ്കച്ചിമഠം, തിരുപുല്ലാണി, ദേവിപട്ടണം എന്നിവയും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com