ADVERTISEMENT

പ്രേതകഥകള്‍ കേള്‍ക്കാന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അങ്ങനെയുള്ള ഭീകരകഥകള്‍ തങ്ങി നില്‍ക്കുന്ന ഇടങ്ങളില്‍ പോകാന്‍ പലരും ഒന്നു മടിക്കും! ഉള്ളില്‍ പേടിയോടെയാണെങ്കിലും, ഒന്നു പോയി നോക്കാം എന്ന് ചിലരൊക്കെ കരുതും. മറ്റു ചിലരാണെങ്കിലോ... ഈ കഥകളൊന്നും വക വയ്ക്കാതെ നേരെയങ്ങ് പോവുകയും ചെയ്യും. 

ഇന്ത്യയിലാകമാനം ഇത്തരത്തിലുള്ള 35 ഓളം ഭയാനക സ്ഥലങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഈ ലിസ്റ്റില്‍ പെടുന്നതാണ് ഗുജറാത്തില്‍ സൂറത്തിനു പതിമൂന്നു മൈല്‍ തെക്കുപടിഞ്ഞാറായി അറബിക്കടലിനോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ദുമാസ് ബീച്ച്. പകല്‍സമയത്ത് അതിമനോഹരമായി കാണുന്ന ഈ ബീച്ച്, രാത്രിയാകുന്നതോടെ ചെകുത്താന്‍റെ താവളമായിത്തീരുന്നതായാണ് കഥകള്‍. അതുകൊണ്ടുതന്നെ അന്തി മയങ്ങിക്കഴിഞ്ഞാല്‍ ആരും പിന്നീട് ഈ സ്ഥലത്തേക്ക് വരാറില്ല സാധാരണയായി. ധൈര്യം സംഭരിച്ച് ഇവിടെ രാത്രി കഴിഞ്ഞവരില്‍ ചിലര്‍ പിന്നീട് മടങ്ങി വന്നില്ല എന്ന് പറയപ്പെടുന്നു. തിരിച്ചു വന്നവര്‍ക്ക് പറയാനുണ്ടായിരുന്നതോ, അസ്ഥി ഉറഞ്ഞു പോകുന്ന ഭീകര കഥകളും.

എന്താണ് ഈ കഥകള്‍ക്കു പിന്നില്‍?

രണ്ടു കാര്യങ്ങള്‍ക്കാണ് ദുമാസ് ബീച്ച് പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളത്‌. കരിമണലും പിന്നെ എണ്ണിയാലൊടുങ്ങാത്ത പ്രേതകഥകളും. പണ്ട് ഈ പ്രദേശം ഹിന്ദുക്കളുടെ ശ്മശാനമായിരുന്നത്രേ. ഇവിടങ്ങളില്‍ അടക്കം ചെയ്യപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കള്‍ ഈ പ്രദേശത്തു തന്നെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്നും രാത്രി സമയങ്ങളില്‍ ഈ പ്രേതശല്യം കൂടും എന്നുമൊക്കെയാണ് കഥകള്‍.അപ്രതീക്ഷിതമായി ചില സമയങ്ങളില്‍ അശരീരികളായി പൊട്ടിച്ചിരികളും തേങ്ങലുകളും സംസാരങ്ങളും അലര്‍ച്ചകളും ഒക്കെ ഇവിടെ നിന്നും കേട്ടതായി പല സഞ്ചാരികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

'പ്രേതബീച്ച്' മാത്രമല്ല

ബീച്ച് കാണാന്‍ വരുന്നവര്‍ക്ക് സന്ദര്‍ശിക്കാനായി അടുത്തുതന്നെയായി മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. മെയിന്‍ ബീച്ചിന് തൊട്ടടുത്താണ് ധരിയ ഗണേഷ് ക്ഷേത്രം. ഗുജറാത്തിന്‍റെ തനതു രുചികളും ഒപ്പം ചൈനീസ് ഭക്ഷണങ്ങളുമെല്ലാം കിട്ടുന്ന ചെറിയ ചെറിയ കടകള്‍ ഇവിടെ കാണാം. സുല്‍ത്താന്‍ബാദ് സര്‍ക്കിള്‍ എന്ന് വിളിക്കുന്ന ഇടവും സഞ്ചാരികള്‍ക്ക് കറങ്ങിത്തിരിയാന്‍ പറ്റുന്ന സ്ഥലമാണ്.

എങ്ങനെയാണ് ഇവിടെ എത്തിച്ചേരുക?

സൂറത്തില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ അകലെയാണ് ദുമാസ് ബീച്ച്. കഷ്ടിച്ച് അരമണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ മതി. ഇവിടേക്ക് ആളുകളെ കൊണ്ടു പോകുന്നതിനായി സൂറത്തില്‍ നിന്നുതന്നെ പ്രാദേശിക വാഹന സൗകര്യങ്ങളും ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com