sections
MORE

ഇന്റർനെറ്റിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും രക്ഷപ്പെടാനിതാ ഇന്ത്യയിലെ 6 സ്ഥലങ്ങൾ

Kalpa-village-and-Kinnaur-Kailash
SHARE

മൊബൈൽ സ്ക്രീനിലേക്ക് തല കുമ്പിട്ട് നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിലും ഇന്റർനെറ്റിന്റെയോ മറ്റു സാങ്കേതിക വിദ്യകളുടെയോ സാമീപ്യവും ആവശ്യവുമില്ലാതെ കഴിയാൻ ആഗ്രഹമുണ്ടോ. എങ്കിൽ ഇനിപറയാൻ പോകുന്ന സ്ഥലങ്ങൾ ഒന്ന് ഓർത്തുവച്ചോ. ഇവിടങ്ങളിൽ എത്തിക്കഴിഞ്ഞാൽ, ഫോട്ടോ എടുക്കാനല്ലാതെ ഫോണിന്റെ ആവശ്യമില്ല. കാരണം ഇവിടെ ഇന്റർനെറ്റ് കണക്‌ഷനില്ല. 

ധാവ്കി, മേഘാലയ

meghalaya-dawki-lake

മേഘാലയയില്‍ ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയോടു ചേർന്നുള്ള ചെറിയൊരു പട്ടണമാണ് ധാവ്കി. ഇതുവഴി ഒഴുകുന്ന ധാവ്കി നദിയുടെ സൗന്ദര്യമാണ് ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത്. പളുങ്കു പോലെ തിളങ്ങുന്ന നദി കണ്ണാടി പോലെ നിങ്ങളുടെ നിഴലിനെ പ്രതിഫലിപ്പിക്കും. തിരക്കുകളില്‍നിന്നും ബഹളങ്ങളില്‍ നിന്നുമൊക്കെ മാറി പ്രകൃതിയുടെ ശബ്ദത്തില്‍ ലയിച്ചിരിക്കുവാന്‍ എന്തുകൊണ്ടും അനുയോജ്യമായ സ്ഥലമാണ്. മൊബൈല്‍ ഫോണ്‍ ശല്യപ്പെടുത്തുമെന്ന പേടിയും വേണ്ട. അതിര്‍ത്തിയുമായി അടുത്തു കിടക്കുന്ന പ്രദേശമായതിനാല്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇവിടെ മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടില്ല. 

കൽപ, ഹിമാചൽ പ്രദേശ്

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ഹിമാലയന്‍ ഗ്രാമങ്ങളിലൊന്നാണ് കല്‍പ. തിരക്കുകളോ ബഹളങ്ങളോ തീരെയില്ലാത്ത ഗ്രാമം. മൊബൈലില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നുമൊക്കെ മോചനം ലഭിക്കണമെങ്കില്‍ ഈ ഗ്രാമത്തിലെത്തി ഒന്നോ രണ്ടോ ദിവസം തങ്ങാം. ഈ നൂറ്റാണ്ടിലാണോ നിങ്ങള്‍ ജീവിച്ചിരിക്കുന്നതെന്ന് പോലും സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് ഈ ഗ്രാമത്തിന്റെ സംസ്‌കാരവും ഇവിടത്തെ പ്രകൃതിയും. ഷാംഗ്രി ലായുമായി അടുത്തു കിടക്കുന്ന സ്ഥലം കൂടിയാണ് ഈ ഗ്രാമം.

Kalpa-Roghi-Road

സത്‌ലജ് നദിയുടെ തീരത്തുള്ള കല്‍പ കിന്നൗര്‍ ഗ്രാമത്തിന്റെ ഭാഗമാണ്. കിന്നൗര്‍-കൈലാഷ് മലനിരകള്‍ സത്‌ലജ് നദിക്കരയില്‍നിന്ന് കാണുന്നതിന് ഒരു പ്രത്യേക സൗന്ദര്യമുണ്ടാകും. രാത്രിയില്‍ ഇവിടെ തങ്ങിയാല്‍ അതിരാവിലെ സത്‌ലജ് നദിക്കരയിലൂടെ ഒരു പ്രഭാതസവാരിയും നടത്താം. 

ലാചെനും ലാച്ചുങും

സിക്കിമിലെ മനോഹരമായ രണ്ടു ഗ്രാമങ്ങളാണ് ലാചെനും ലാച്ചുങും. ഗുരുഡോങ്‌മാർ തടാകത്തിലേക്കുള്ള യാത്രയിൽ വിനോദസഞ്ചാരികൾ പതിവായി ഇവിടം സന്ദർശിക്കുന്നു. ഈ പ്രദേശത്തെ സാധാരണ, പരുക്കൻ ഹിമാലയൻ ഭൂപ്രകൃതി കാരണം, രണ്ട് സ്ഥലങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയോ ഫോണിന് റേഞ്ചോ ഉണ്ടാകില്ല. ചില ദിവസങ്ങളിൽ പവർകട്ട് വരെ ഉണ്ടാകും, അതും 24 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ ഇവിടെ കഴിയാം. 

ചത്പാൽ, കശ്മീർ

കശ്മീരിലെ ഏറ്റവും ഓഫ്‌ബീറ്റ് സ്ഥലങ്ങളിലൊന്നായ ചത്പാലിൽ മിക്ക ദിവസവും ഇന്റർനെറ്റ് സേവനം ഉണ്ടാകില്ല. അടുത്ത അവധിക്കാലം എവിടെയാക്കണമെന്നാണ് അന്വേഷിക്കുന്നത് എങ്കിൽ  ഇതാണ് ആ സ്ഥലം. ചുറ്റുമുള്ള പുൽമേടുകളിലെ ചെറിയ ട്രെക്കിങ്, അല്ലെങ്കിൽ നദീതീരങ്ങളിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നത് തുടങ്ങി ഇവിടെയുള്ള ദിവസങ്ങൾ  നിങ്ങൾ തീർച്ചയായും സ്വയം മറന്ന് ആസ്വദിക്കും.

നുബ്ര വാലി, ലഡാക്ക്

പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ലഡാക്കെങ്കിലും തിരക്കില്‍ നിന്നൊക്കെ മാറി ശാന്തമായി ഇരിക്കാനും ഇവിടെ നിരവധി സ്ഥലങ്ങൾ ഉണ്ട്. ലേക്ക് ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുണ്ട്. ഭംഗിയുള്ള നുബ്ര വാലി, ചെറിയ ഗ്രാമമായ അൽചി എന്നിവ മിക്കവാറും ഇന്റർനെറ്റ് നെറ്റ്‌വർക്കിന് പുറത്താണ്. എന്നാൽ ഇവിടെയെത്തിയാൽ സ്വർഗ്ഗതുല്യമായ അനുഭൂതിയായിരിക്കും ലഭിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA