ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ബംഗാൾ ഉൾക്കടലിലെ 600 ഓളം വരുന്ന ദ്വീപുകളുടെ സമൂഹമാണ് ഇത്. ഇതില്‍ ആന്‍ഡമാനിലെ 9 ദ്വീപുകള്‍ ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാനാവും.ഇന്ത്യയുടെ ഭാഗമാണെങ്കില്‍പ്പോലും മ്യാൻമറും തായ്‌ലൻഡുമൊക്കെയായാണ്‌ ഇവയ്ക്ക് കൂടുതല്‍ അടുപ്പം. ഇന്ത്യയിൽ നിന്ന് 1400 കിലോമീറ്ററും തായ്‌ലൻഡിൽ നിന്ന് 1000 കിലോമീറ്ററും ദൂരം സഞ്ചരിച്ചാല്‍ മാത്രമേ ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ എത്താനാവൂ. 

andaman-islands6

 

പുറംലോകവുമായി അധികം ബന്ധമില്ലാത്ത ആദിമ ആദിവാസി ഗോത്രങ്ങളെ ഇവിടെ കാണപ്പെടുന്നു. മുഖ്യധാരയുടെ ഭാഗമാവാത്ത ജനവിഭാഗമാണിത്.

andaman-islands5

വിനോദസഞ്ചാരത്തിന്‍റെ കാര്യത്തിലും ആന്‍ഡമാന്‍ ഒട്ടും പിറകിലല്ല. സ്കൂബ ഡൈവിംഗ്, സ്നോര്‍ക്കലിംഗ്, സര്‍ഫിംഗ്, സീ വാക്കിംഗ് തുടങ്ങിയ സമുദ്ര സാഹസിക വിനോദങ്ങളും രുചികരമായ ഫ്രഷ്‌ കടല്‍ വിഭവങ്ങളും മനോഹരമായ അന്തരീക്ഷവുമൊക്കെയായി നിരവധി സഞ്ചാരികളെയാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. 

 

andaman-islands1

ആന്‍ഡമാനിലെ ആരും കാണാ ദ്വീപുകള്‍ 

ഇവിടത്തെ അധികം ബഹളമില്ലാത്ത ഓഫ്ബീറ്റ് ബീച്ചുകള്‍ സമാധാനപ്രിയരായ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇങ്ങനെയുള്ള ചില ബീച്ചുകള്‍ പരിചയപ്പെടാം.

andaman-islands

 

1. സിൻക് (Cinque Island)

പോർട്ട് ബ്ലെയറിനടുത്തായാണ് സിൻക് ദ്വീപ്‌ സ്ഥിതിചെയ്യുന്നത്. സ്കൂബ ഡൈവിംഗ് ചെയ്യാൻ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടെയാണ്‌ ഏറ്റവും ബെസ്റ്റ്. ഇവിടത്തെ ജലജീവികളുടെ വൈവിദ്ധ്യവും ധാരാളം സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു.

Havelock-Island

 

2. ഫിഷ്‌ റോക്ക് (Fish Rock)

പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ മനോഹരമായ ധാരാളം പാറകളും കല്ലുകളുമൊക്കെ നിറഞ്ഞ പ്രദേശമാണിത്. ഉണ്ട്, ഇത് ബീച്ചിനെ കൂടുതൽ മനോഹരമാക്കുന്നു. സമുദ്ര ജൈവ വൈവിധ്യത്തിന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല. സർജൻ ഫിഷ്‌, ബരാക്യൂഡ, ബാരൽ സ്പോഞ്ച് എന്നിങ്ങനെയുള്ള ചില പ്രത്യേക ഇനങ്ങളെ ഇവിടെ കാണാന്‍ സാധിക്കും.

 

3. ഹാവ്ലോക്ക് (Havelock Island)

ആൻഡമാന്‍ നിക്കോബാറിലെ ഏറെ പ്രശസ്തമായ ഓഫ്‌ബീറ്റ് ബീച്ചാണ് ഹാവ്ലോക്ക് ദ്വീപ്. സ്കൂബ ഡൈവിംഗ് പ്രേമികളുടെ പ്രധാന കേന്ദ്രം കൂടിയായ ഈ ദ്വീപില്‍ ഇതിനായി മാത്രം എത്തുന്ന സഞ്ചാരികളുമുണ്ട്. സമുദ്രത്തിനടിയിലെ മായക്കാഴ്ചകളുടെ മനോഹരമായ അനുഭവം പകര്‍ന്നു തരുന്ന ഇടമാണ് ഹാവ്ലോക്ക്.

 

ഇവ കൂടാതെ നീല്‍, ബാരാതങ്ങ്, ബാരന്‍, ലോങ്ങ്, ലിറ്റില്‍ ആന്‍ഡമാന്‍, ജോളി ബോയ്‌, റുട്ട്ലാന്‍ഡ്‌, വണ്ടൂര്‍ തുടങ്ങിയ ദ്വീപുകളും സഞ്ചാരികള്‍ സ്ഥിരം സന്ദര്‍ശിക്കുന്ന ഇടങ്ങളാണ്.

 

വീസ വേണോ?

ഇന്ത്യൻ പൗരന്മാർക്ക് ആൻഡമാൻ സന്ദർശിക്കാൻ പ്രത്യേക അനുമതിയൊന്നും ആവശ്യമില്ല. എന്നാല്‍ നിക്കോബാർ ദ്വീപുകളും മറ്റ് ആദിവാസി പ്രദേശങ്ങളും സന്ദർശിക്കാൻ പ്രത്യേകം അനുമതി തേടണം. ഇതിനായി പോർട്ട് ബ്ലെയറിലെ ആൻഡമാൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷ നല്‍കണം. വിദേശികള്‍ക്ക് ഇവിടം സന്ദർശിക്കാൻ നിയന്ത്രിത ഏരിയ പെർമിറ്റ് ആവശ്യമാണ്.

 

എങ്ങനെ ഇവിടെ എത്താം?

 

പോർട്ട് ബ്ലെയറിലാണ് ആൻഡമാന്‍റെ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ചെന്നൈ, കൊൽക്കത്ത മുതലായ പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഇങ്ങോട്ടേക്ക് വിമാനസര്‍വീസ് ഉണ്ട്.

ഇതു കൂടാതെ കടല്‍ മാര്‍ഗവും ആൻഡമാനിലെത്താം. കൊൽക്കത്ത, ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നും കപ്പല്‍ സര്‍വീസ് ലഭ്യമാണ്. പോർട്ട് ബ്ലെയറിലെത്താൻ ഏകദേശം 4 ദിവസമെടുക്കുമെന്നു മാത്രം. എന്നാല്‍ അധികം കാശു ചെലവാകില്ല എന്നതാണ് പ്രധാന മെച്ചം. ലഭിക്കുന്ന സൌകര്യങ്ങള്‍ അനുസരിച്ച് 7700 മുതല്‍ 2000 രൂപ വരെ നിരക്കിലുള്ള ടിക്കറ്റുകള്‍ കിട്ടും. 

 

യാത്രകള്‍ക്ക് ഹെലികോപ്റ്ററും ഫെറിയും

ദ്വീപുകളിലെ ഗതാഗത സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സർക്കാർ നടത്തുന്ന ഡയറക്ടറേറ്റ് ഓഫ് ഷിപ്പിംഗ് സർവീസസ് (ഡി‌എസ്‌എസ്) ആണ്. വിവിധ ദ്വീപുകളിലേക്കുള്ള യാത്രക്കായി ചെറിയ ടൂറിസ്റ്റ് ഫെറികൾ, വലിയ ലോക്കൽ ഫെറികൾ എന്നിങ്ങനെ രണ്ടു തരം സര്‍വീസുകള്‍ ഉണ്ട്. ഇതു കൂടാതെ അല്‍പ്പം കൂടി കാശു ചെലവാക്കാന്‍ റെഡിയാണെങ്കില്‍ ഒരു ദ്വീപില്‍ നിന്നും മറ്റൊന്നിലേക്ക് ഹെലികോപ്റ്ററില്‍ പറക്കുകയുമാവാം!

 

പോകാന്‍ ഏറ്റവും മികച്ച സമയം 

ജനുവരി പകുതി മുതല്‍ മേയ് പകുതി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത്. മേയ് മുതല്‍ ജൂലൈ വരെയുള്ള മണ്‍സൂണ്‍ സമയത്ത് കടല്‍ പ്രക്ഷുബ്ധമാവാന്‍ ഇടയുള്ളതിനാല്‍ ഈ സമയത്തെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com