ADVERTISEMENT

സഹ്യാദ്രിയുടെ നിഗൂഢവും ആരെയും മോഹിപ്പിക്കുന്നതുമായ പച്ചപ്പ്‌. അതിനിടയില്‍ വിഷപ്പാമ്പുകളും അപൂര്‍വ്വ ഇനം ജീവികളുമടങ്ങുന്ന ജൈവവൈവിധ്യം നിറഞ്ഞ ഭൂപ്രദേശം. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയില്‍ സഹ്യാദ്രി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന അംബോളി പ്രകൃതിസ്നേഹികള്‍ക്ക് കണ്ണിനും മനസ്സിനും കുളിരേകുന്ന സുന്ദരാനുഭവമാണ്.

ഗോവ സമതലങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, മഹാരാഷ്ട്രയിലെ അവസാനത്തെ ഹിൽസ്റ്റേഷനാണ് അംബോളി. അധികമാരും അങ്ങനെ ചെന്നെത്താത്ത ഇടങ്ങളില്‍ ഒന്ന്. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നായതിനാല്‍ വര്‍ഷം മുഴുവന്‍ ഇവിടം പ്രസന്നമായിരിക്കും. ഗോവയിലും ബല്‍ഗാമിലുമൊക്കെ എത്തുന്ന സഞ്ചാരികള്‍ ഇവിടെയും എത്താറുണ്ട്. മണ്‍സൂണ്‍ കാലമായ ജൂണ്‍-ജൂലൈ സമയത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത്.

amboli-travel

ഇവിടത്തെ തവളകളുടെയും പാമ്പുകളുടെയും വൈവിധ്യമാണ് ഏറ്റവും പ്രശസ്തം. വടക്കൻ പശ്ചിമഘട്ടത്തിലെ മലബാർ പിറ്റ് വൈപ്പര്‍ എന്നയിനം പാമ്പിനെ ഇവിടെ കാണാം.  കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ഇതുകൂടാതെ ഡാൻസിംഗ് തവള (Micrixalus uttarghati) ലാറ്ററിറ്റിക് പീഠഭൂമിയിൽ ധാരാളമായി കാണപ്പെടുന്ന അംബോളി ടോഡ്‌ (Amboli Toad) മുതലായവ ഇവിടത്തെ പ്രത്യേകതകളാണ്.

മലബാർ ഗ്ലൈഡിംഗ് തവള (Malabar Gliding Frog), ഇടുങ്ങിയ വായയുള്ള അലങ്കാര തവള (Ornate Narrow-mouthed Frog), മാർബിൾഡ് രാമനെല്ല (Marbled Ramanella), രാത്രി തവള (Night Frog), ചുവപ്പ് നിറത്തിലുള്ള തവള(Reddish Burrowing Frog), ബാംബൂ പിറ്റ് വൈപ്പർ(Bamboo Pit Viper), ബെഡ്‌ഡോംസ് കീൽബാക്ക്(Beddome's Keelbac), പെയിന്റഡ് ബ്രോൺസ്ബാക്ക് (Painted Bronzeback), സിലോൺ ക്യാറ്റ് സ്‌നേക്ക് (Ceylon Cat Snake) തുടങ്ങിയ പ്രത്യേക ഇനം ജീവികളെയും ഇവിടെ കാണാന്‍ സാധിക്കും.

കാണാനും അറിയാനും നിരവധിയുണ്ട് കാര്യങ്ങള്‍

പ്രകൃതിയുടെ മനോഹാരിത വഴിഞ്ഞൊഴുകുന്ന അംബോളിയില്‍ ഒരു ദിവസം ചെലവഴിക്കുന്നത് ഒരിക്കലും ഒരു നഷ്ടമല്ല എന്ന് ഇവിടം ഒരിക്കല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മനസിലാകും. കാണാനും അറിയാനുമായി നിരവധി കാര്യങ്ങളുണ്ട് ഇവിടെ.അംബോളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായി ഒരു വെള്ളച്ചാട്ടമുണ്ട്. ഇവിടെ നിന്നും യാത്ര തുടങ്ങാം. 

amboli-travel2

അംബോളി ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ദൂരെയായാണ്‌ മഹാദേവ് ഗഡ് സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ താഴ്‍‍വരയും കാലാവസ്ഥയും ഇവിടത്തെ പ്രത്യേകതയാണ്.

സാവന്ത്വാടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരെ ഒരു സണ്‍സെറ്റ് പോയിന്‍റുണ്ട്. സൂര്യാസ്തമനക്കാഴ്ച ആസ്വദിക്കാന്‍ ആളുകള്‍ ധാരാളമായി എത്തുന്ന സ്ഥലമാണിത്.അംബോളി ബസ്സ്റ്റാന്‍ഡില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് ഹിരണ്യകേശി ക്ഷേത്രം. ഗുഹകൾക്ക് ചുറ്റുമായി പരന്നുകിടക്കുന്ന ക്ഷേത്രമാണിത്. ഹിരണ്യകേശി നദി തുടങ്ങുന്നത് ഇവിടെ നിന്നാണ്.കൂടാതെ കാവ്ലെഷെത് പോയിന്‍റ്, മാരുതി ക്ഷേത്രം, നംഗാര്‍ട്ട വെള്ളച്ചാട്ടം എന്നിവയും സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ്.

amboli-travel3

എങ്ങനെയാണ് എത്തുക?

കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ഇങ്ങോട്ടേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. 

െട്രയിനിനാണ് എത്തുന്നതെങ്കില്‍ സാവന്ത്വാടി റോഡ്‌ ആണ് ഏറ്റവും അടുത്തുള്ള സ്റ്റേഷന്‍. കോലാപ്പൂര്‍, സാംഗ്ലി, ബെല്‍ഗം, മിറാജ് എന്നീ സ്റ്റേഷനുകളും നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവയാണ്. ബെല്‍ഗാമില്‍ നിന്നും സാവന്ത്വാടിയില്‍ നിന്നും സ്റ്റേറ്റ് ബസുകള്‍ ഇതുവഴി ഓടുന്നുണ്ട്. നൂറു രൂപയില്‍ താഴെ മാത്രമേ ഇതിനു ചെലവു വരൂ.

amboli-travel4

വിമാനമാര്‍ഗം വരുന്ന ആളുകള്‍ക്ക് 57 കിലോമീറ്റര്‍ അകലെ ഗോവയിലെ ദബോലിം എയര്‍പോര്‍ട്ടിലോ 70 കിലോമീറ്റര്‍ ദൂരെയുള്ള ബെല്‍ഗാമിലെ സാംബ്രെ എയര്‍ പോര്‍ട്ടിലോ ഇറങ്ങാം. 

ബെൽഗാമിനെയും സാവന്ത്വാഡിയെയും ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ121 ലാണ് അംബോളി ഉള്ളത്. ഈ വഴിയെ നേരെ പിടിച്ചാല്‍ സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് സുഖമായി ഇവിടെ എത്താം. ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് റോഡുകള്‍ മികച്ചതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com