ADVERTISEMENT

ലേ ലഡാക്കിലേക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന മിക്കവാറും ആള്‍ക്കാരെ നോക്കിയാല്‍ ഒരു കാര്യം പിടികിട്ടും! നാലോ അഞ്ചോ തവണ മാറ്റി വച്ച്, അവസാനം ധൈര്യം സംഭരിച്ച് എത്തുന്ന ആളുകളാണ് ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ഏറിയൊരു പങ്കും. മഞ്ഞുകാലത്ത്  −28 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു പോകുന്ന, കാലാവസ്ഥാ പ്രശ്നങ്ങള്‍ കൊണ്ട് വല്ലപ്പോഴും മാത്രം തുറക്കുന്ന ഒരു പാതയിലൂടെ യാത്ര ചെയ്യാന്‍ അല്‍പം ധൈര്യമൊന്നും പോരല്ലോ! 

സമുദ്രനിരപ്പിൽനിന്ന് 3,500 മീറ്റർ, അതായത്, 11,483 അടി ഉയരത്തിലാണ് ലേ. 434 കി.മീ. നീളമുള്ള ശ്രീനഗർ- ലേ ദേശീയ പാതയും 473 കി.മീ നീളമുള്ള മണാലി - ലേ ദേശീയ പാതയുമാ‍ണ് ലേയെ റോഡ് വഴി ബന്ധിപ്പിക്കുന്നത്. പ്രത്യേക തരം സംസ്കാരവും വ്യത്യസ്തമായ രുചികളും അങ്ങേയറ്റം സാഹസികതയും ഒത്തു ചേരുന്ന ലേ, സഞ്ചാരികൾക്കു സ്വപ്നഭൂമിയാണ്.

ശ്വാസം നിലച്ചു പോകുന്ന സൗന്ദര്യം!

ഹിമാലയത്തിന്‍റെയും കാരക്കോറം  പർവതനിരകളുടെയും ഇടയിലാണ് ലേ. തെളിഞ്ഞ നീല ജലാശയങ്ങളില്‍ ആഴത്തില്‍ പ്രതിഫലിക്കുന്ന മഞ്ഞിന്‍ തൊപ്പിയിട്ട പര്‍വതങ്ങളുടെ കാഴ്ച അവര്‍ണ്ണനീയമാണ്. നഗരത്തിരക്കുകളില്‍നിന്ന് ഓടിയെത്തുന്നവര്‍ക്ക് ഇവിടുത്തെ മനോഹരങ്ങളായ താഴ്‌വരകളും ശാന്തവും വിജനവുമായ പ്രകൃതിയും നല്‍കുന്ന ആശ്വാസം ചെറുതല്ല

ബാക്ട്രിയന്‍ ഒട്ടകസവാരി

ലേയില്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു അനുഭവമാണ് ഇരട്ടക്കൂനുള്ള ഒട്ടകപ്പുറത്തുള്ള സവാരി. ഇത്തരം ഒട്ടകങ്ങള്‍ വളരെ അപൂര്‍വമായതിനാല്‍  ഇവയെ കാണുന്നതു തന്നെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന ഭാഗ്യമാകാം.

യാക്ക് ചീസ് മോമോസ്

നമ്മള്‍ പാലിനും മറ്റുമായി കൂടുതലും ആശ്രയിക്കുന്നത് പശുക്കളെയാണല്ലോ. അതുപോലെ ലഡാക്കിലെ നാടോടി ജനത ആശ്രയിക്കുന്ന മൃഗമാണ്‌ യാക്ക്. മാംസം, വെണ്ണ, പാൽ എന്നിവയ്ക്കായി അവര്‍ യാക്കുകളെ ഉപയോഗിക്കുന്നു. ഈ മൃഗത്തില്‍നിന്നു ലഭിക്കുന്ന ചീസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇന്തോ-ടിബറ്റന്‍ രീതിയിലുള്ള മോമോസ് ഏറെ പ്രശസ്തമാണ്. പ്രാദേശികമായി ചുര്‍പ്പി എന്നും പേരുള്ള ഈ വിഭവം ലഡാക്കില്‍ എത്തുന്നവര്‍ തീര്‍ച്ചയായും രുചിക്കേണ്ടതാണ്. 

ബുദ്ധവിഹാരങ്ങളും ഗോമ്പകളും

പര്‍വതങ്ങള്‍ എപ്പോഴും ആത്മീയമായ ശാന്തിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. ഇന്ത്യയിലും പുറത്തും ബുദ്ധമതം വ്യാപിച്ച കാലം മുതലുള്ള പുരാതന ബുദ്ധവിഹാരങ്ങളും ഗോമ്പകളും ലേയിലുണ്ട്. സന്ദര്‍ശകരെ പഴയ കാലത്തേക്കു കൈപിടിച്ചു കൂട്ടിക്കൊണ്ടു പോകാന്‍ ഇവയ്ക്കാകും. 

പര്‍വതപാതകള്‍ക്കിടയിലൂടെയുള്ള ഡ്രൈവിങ്

ചുറ്റും പഞ്ഞിക്കെട്ടു പോലെ കിടക്കുന്ന വെളുത്ത മഞ്ഞിന്‍കട്ടകള്‍ക്കിടയിലൂടെ വണ്ടിയോടിച്ചു പോകുന്നത് ഒന്നോര്‍ത്തു നോക്കൂ. ലോകത്തെ ഏറ്റവും ഉയര്‍ന്ന മോട്ടറബിള്‍ പാതകളില്‍ ചിലത് ഇവിടെയാണ്‌. കര്‍ദുംഗ് ലാ മുതല്‍ നുബ്ര താഴ്‌വര വരെയുള്ള യാത്ര ഉദാഹരണം. മികച്ച ഡ്രൈവിങ് വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രമേ ഇതിലൂടെ വണ്ടിയോടിച്ചു പോകാനാവൂ. ഈ സാഹസിക അനുഭവത്തിനു വേണ്ടി മാത്രം നിരവധി സഞ്ചാരികള്‍ ലേയില്‍ എത്താറുണ്ട്.

ഭാഗ്യമുണ്ടെങ്കില്‍ ഹിമക്കടുവയെ കാണാം

ലോകത്തെ ഏറ്റവും അപൂര്‍വ ജീവികളുടെ ഗണത്തില്‍ പെടുന്നവയാണ് ഹിമക്കടുവകള്‍. ലഡാക്കിലെ ഹെമിസ് നാഷനല്‍ പാര്‍ക്കില്‍ ഇവയെ കാണാം. ഇതും ജീവിതത്തില്‍ ഒരുപാടു തവണയൊന്നും കൈവരാത്ത അപൂര്‍വ അനുഭവമായതിനാല്‍ ഒരിക്കലും വിട്ടുകളയാന്‍ പാടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com