sections
MORE

മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല ഇവിടേക്കുള്ള യാത്ര

Munsyari
SHARE

യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. കേരളത്തിലൂള്ള മിക്ക സഞ്ചാരികളും അവധിയായാൽ യാത്രയ്ക്കായി  ആദ്യം തിരഞ്ഞെടുക്കുക മൂന്നാർ പോലെയുള്ള ഇടങ്ങളണ്. ഇന്ത്യക്കകത്തുമുണ്ട് കിടിലൻ കാലാവസ്ഥയും കാഴ്ചകളും നിറഞ്ഞ ഹിൽസ്റ്റേഷനുകൾ.എന്നാല്‍ ബഹളം ഒന്നുമില്ലാതെ, ജനക്കൂട്ടത്തിന്‍റെ അസ്വസ്ഥതകളില്ലാതെ പോയിരിക്കാന്‍ ഏതെങ്കിലും ഹില്‍സ്റ്റേഷന്‍ ഉണ്ടാകുമോ എന്ന് ആലോചിച്ചിട്ടില്ലേ?

അങ്ങനെയുള്ള ഏതാനും ചില സ്ഥലങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

1. സിറോ, അരുണാചല്‍ പ്രദേശ്‌ 

അരുണാചല്‍ പ്രദേശിലെ സ്വര്‍ഗ്ഗതുല്യമായ താഴ്‌‌വരയാണ് സിറോ. നെല്‍പാടങ്ങളും പൈന്‍ മരക്കാടുകളും മുളകളും പര്‍വ്വതങ്ങളുമെല്ലാം നിറഞ്ഞ സിറോ അത്യന്തം മനോഹാരിത നിറഞ്ഞ ഇടമാണ്. അത്യപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങള്‍ നിറഞ്ഞ വൈവിധ്യമാര്‍ന്ന ജൈവസമ്പത്തും ഇവിടുത്തെ പ്രത്യേകതയാണ്. ടാലി വാലി വൈല്‍ഡ് ലൈഫ് സാങ്ച്വറി, ഹാപോലി, മേഘ്‌നാ ഗുഹാ ക്ഷേത്രം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവലിംഗമുള്ള സിദ്ധേശ്വര്‍നാഥ് ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. 

ziro-valley

ലോകത്തെമ്പാടു നിന്നും ആളുകള്‍ പങ്കെടുക്കുന്ന സീറോ മ്യൂസിക് ഫെസ്റ്റിവല്‍ ഇവിടെയാണ്‌ നടക്കുന്നത്. കൂടാതെ ഇവിടത്തെ ഗോത്ര വര്‍ഗ്ഗമായ അപ്താനികളുടെ ഡ്രീ ഫെസ്റ്റിവലും മനോഹരമായ ആഘോഷമാണ്.

2. മഷോബ്ര, ഹിമാചല്‍‌പ്രദേശ്

mashobra

സിനിമയിലൊക്കെ കാണാറില്ലേ, കഥയെഴുതാനും ചിത്രം വരയ്ക്കാനുമൊക്കെ ആളുകള്‍ യാത്ര പോകുന്ന മലനിരകള്‍? അങ്ങനെയൊരു ഇടമാണ് ഹിമാചൽ പ്രദേശിലെ മഷോബ്ര എന്ന ഈ മനോഹരമായ കൊച്ചു നഗരം. 1850 ൽ ഡല്‍ഹൌസി പ്രഭു നിർമിച്ച ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ് വഴി ഇത് ഷിംലയുമായി ബന്ധിപ്പിച്ചിരിക്കുന്നു.  വിനോദസഞ്ചാരികള്‍ അങ്ങനെ അധികം എത്തിച്ചേരാത്ത സ്ഥലമാണിത്.  ഓക്ക്, റോഡോഡെൻഡ്രോൺ, ഹിമാലയൻ ഡിയോഡാർ, ദേവദാരു വൃക്ഷങ്ങൾ എന്നിവയെല്ലാം നിറഞ്ഞ മനോഹരമായ പ്രകൃതിയാണ് മഷോബ്രയില്‍.

3. മുന്‍സ്യാരി, ഉത്തരാഖണ്ഡ്

Munsyari1

'മഞ്ഞുള്ള ഇടം' എന്നാണ് മുന്‍സ്യാരി എന്ന വാക്കിനര്‍ത്ഥം. മഞ്ഞണിഞ്ഞ തലപ്പുകളുമായി നില്‍ക്കുന്ന മലനിരകളുടെ കാഴ്ച ഈ പേരിനെ അര്‍ത്ഥവത്താക്കുന്നു. ഗോരിഗംഗ നദീതീരത്തുള്ള ഈ പ്രദേശം എളുപ്പത്തില്‍ വളരുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്. പര്‍വ്വതാരോഹകരും ട്രെക്കര്‍മാരുമൊക്കെ ബേസ് ക്യാമ്പായി ഇവിടം തെരഞ്ഞെടുക്കുന്നു.  ടിബറ്റിൽ നിന്നുള്ള പുരാതന ഉപ്പ് റൂട്ട് ഇതിലൂടെയാണ് കടന്നു പോകുന്നത്.  

4. അരക്കു താഴ്‌വര, ആന്ധ്രാപ്രദേശ്

വിശാഖപട്ടണം ജില്ലയില്‍ ഒഡിഷയുടെ അതിരിലാണ് അരക്ക് താഴ്വര സ്ഥിതി ചെയ്യുന്നത്. മികച്ച കാലാവസ്ഥയും പച്ച പുതച്ച മലനിരകളും സുന്ദരമായ താഴ്വരകളുമൊക്കെയായി ഒരു അടിപൊളി സ്ഥലമാണിത്. വനങ്ങള്‍ക്കിടയിലൂടെ ചുരം കയറി, 46 ഓളം ടണലുകളും പാലങ്ങളും കടന്ന് അരക്കിലേക്കുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ്. ട്രെക്കിംഗിനും ഏറെ അനുയോജ്യമാണ് ഈ സ്ഥലം. കാപ്പിക്കൃഷിക്ക് പേരുകേട്ട അനന്തഗിരിയും ബോറ ഗുഹകളുമെല്ലാം സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങളാണ്. 

5. കാസ, ഹിമാചല്‍‌പ്രദേശ്

ലോകത്തെ ഏറ്റവും ഉയരമുള്ള സ്ഥലത്തുള്ള പോസ്റ്റോഫീസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഹിമാചലിലെ ഹിക്കിം ഗ്രാമത്തിലാണ് അതുള്ളത്. ഇവിടെ നിന്നും വെറും 46 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍, കാസ എന്ന മനോഹരമായ പട്ടണത്തിലെത്താം.

kaza-himachal-pradesh

വർണ്ണാഭമായ ഉത്സവങ്ങളും താഴ്‌വരയിലെ പുരാതന സാക്യ താങ്‌യുഡ് മൊണാസ്ട്രിയുമാണ്‌ കാസയെ വേറിട്ടു നിര്‍ത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,650 മീറ്റർ (11,980 അടി) ഉയരത്തിൽ സ്പിറ്റി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന കാസ, സ്പിറ്റി താഴ്‌വരയിലെ തന്നെ ഏറ്റവും വലിയ ടൗൺഷിപ്പും വാണിജ്യ കേന്ദ്രവുമാണ്. ട്രെക്കിംഗ്, പർവതാരോഹണം, താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലേക്കുള്ള ടൂറുകൾ എന്നിവയ്ക്ക് അനുയോജ്യമായ ബേസ് ക്യാമ്പാണ് ഇവിടം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA