sections
MORE

ബെംഗളൂരു യാത്രയിൽ ഒഴിവാക്കരുത് ഈ മനോഹര ഇടങ്ങൾ

bangalore
SHARE

ഇന്ത്യയിലെ ഏറ്റവും മികച്ച മെട്രോപൊളിറ്റൻ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. പഠനത്തിനും ജോലിക്കുമായി കേരളത്തിലുള്ളവർ വണ്ടി കയറുന്ന നാടാണ് ബെംഗളൂരു. ചെന്നുകയറുന്നവരെയെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട് ഈ മെട്രോ നഗരം. ധാരാളം മലയാളികൾ സ്ഥിരതാമസക്കാരായും ജോലിക്കാരെയും ഉള്ളതുകൊണ്ടുതന്നെ ബെംഗളൂരു നഗരത്തിന്റെ മുക്കിലും മൂലയിലും വരെ നമ്മുടെ നാട്ടിലെ ഭക്ഷണം സുലഭമാണ്.

ബെംഗളൂരുവിന് നിരവധി തലക്കെട്ടുകൾ ഉണ്ട്. 'സിലിക്കൺ വാലി ഓഫ് ഇന്ത്യ' എന്നും 'ഗാർഡൻ സിറ്റി' എന്നുമൊക്കെ ഈ നഗരം അറിയപ്പെടുന്നു. പബ്ബുകൾക്കും ​​റെസ്റ്റോറന്റുകൾക്കും നൈറ്റ് ലൈഫിനും പേരുകേട്ട ഈ ഹൈടെക് നഗരത്തിൽ എത്തിയാൽ നിരവധി മറ്റു കാര്യങ്ങളും ഉണ്ട് നിങ്ങൾക്ക് ചെയ്യാനും അറിയാനും. 

ദേവനഹള്ളി കോട്ട

ഭൂരിഭാഗം പേർക്കും ബെംഗുളൂരു കോട്ടയെക്കുറിച്ച് അറിയാമെങ്കിലും വളരെ കുറച്ച് പേർ മാത്രമേ നഗരത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ദേവനഹള്ളി കോട്ട സന്ദർശിക്കുന്നുള്ളൂ. ബെംഗുളൂരു കോട്ടയിൽ നിന്ന് വ്യത്യസ്തമായി 20 ഏക്കറോളം വിസ്തൃതിയുള്ള  ഈ കോട്ടയുടെ ഭൂരിഭാഗവും ഇന്നും വലിയ കേടുപാടുകളില്ലാതെ നിലനിൽക്കുന്നു. 1501 ൽ സാലുവ രാജവംശമാണ് ഇത് പണികഴിപ്പിച്ചതെങ്കിലും പിന്നീട് ഹൈദർ അലി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മകനും ഇന്ത്യ കണ്ട ഏറ്റവും മികച്ച രാജാക്കന്മാരിൽ ഒരാളുമായ ടിപ്പു സുൽത്താൻ ജനിച്ചതും ഈ കോട്ടയിൽ ആയിരുന്നു.

bangalore-palace

ബെംഗുളൂരു കൊട്ടാരം

വിൻഡ്‌സർ കാസിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കൊട്ടാരം 1878 ൽ വോഡയാറിന്റെ സ്വകാര്യ വസതിയായി പണികഴിപ്പിച്ചത്. മൈസൂർ സംസ്ഥാനത്തിലെ മഹാരാജാക്കന്മാരായിരുന്നു അവർ. അകത്തും പുറത്തും മനോഹരമായ കൊത്തുപണികളും പ്രശസ്ത രാജാ രവിവർമ്മയുടെ ചിത്രങ്ങളും കൊട്ടാരത്തിൽ കാണാം. അതിമനോഹരമായ ഫർണിച്ചറുകൾ കൊണ്ട് നിറഞ്ഞതാണ് കൊട്ടാരത്തിലെ അകത്തളം. കൊട്ടാരത്തിന്റെ വിശദാംശങ്ങൾ മികച്ച രീതിയിൽ നൽകുന്നതിന് ഗൈഡും ഒപ്പം ചേരും.

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻസ്

96 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ അദ്ഭുതകരങ്ങളായ മരങ്ങളും ലോകമെമ്പാടുമുള്ള 1,800 ഇനം സസ്യങ്ങളും നിറഞ്ഞിരിക്കുന്നു. 1760 ൽ ഭരിച്ചിരുന്ന ഹൈദർ അലിയാണ് ഇത് കമ്മീഷൻ ചെയ്തത്. ഇവിടെ അതിവസിക്കുന്ന നിരവധി പക്ഷികളെ കാണാൻ കഴിയുമെങ്കിൽ രാവിലെ തന്നെ എത്താൻ ശ്രമിക്കുക. പ്രശസ്തമായ ലാൽബാഗ് റോക്കും മുകളിൽ നിന്നുള്ള അതിശയകരമായ കാഴ്ചകളും നഷ്‌ടപ്പെടുത്തരുത്, കാരണം അവ ബെംഗുളൂരുവിൽ ചെയ്യേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ്.

bangalore-Lalbagh-Botanical-Garden

എം.ജി റോഡ്

ബെംഗുളൂരുവിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നായ ഇവിടം പലപ്പോഴും നഗരത്തിന്റെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. പരമ്പരാഗത ഷോപ്പുകൾ മുതൽ തിരക്കേറിയ മാളുകൾ വരെ (പ്രത്യേകിച്ച് അടുത്തുള്ള ബ്രിഗേഡ് റോഡിൽ) റെസ്റ്റോറന്റുകൾ, കഫേകൾ, പബ്ബുകൾ (ചർച്ച് സ്ട്രീറ്റിൽ കാണുന്നത്) എന്നിവ ഇവിടെ കാണാം. ആദ്യം സൗത്ത് പരേഡ് എന്നറിയപ്പെട്ടിരുന്ന ഇതിനെ 1948 ൽ മഹാത്മാഗാന്ധി റോഡ് എന്ന് പുനർനാമകരണം ചെയ്തു.

നന്ദി ക്ഷേത്രം

പതിനാറാം നൂറ്റാണ്ടിലെ ദ്രാവിഡ ശൈലിയിലുള്ള ഈ ക്ഷേത്രത്തിൽ നന്ദിയുടെ (ശിവന്റെ കാള) ഒരു വലിയ മോണോലിത്തിക് പ്രതിമയുണ്ട്. കെംപെഗൗഡ  ആണ് ഇത് പണികഴിപ്പിച്ചത്. ഒരു ഗ്രാനൈറ്റ് പാറയിൽ നിന്നാണ് വിഗ്രഹം കൊത്തിയെടുത്തത്. 

ബാനർഗട്ട ദേശീയ ഉദ്യാനം

നഗരത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ബാനർഗട്ട നാഷണൽ പാർക്ക് വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. 104 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഇതിന് നിരവധി വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ആന സങ്കേതം, മൃഗശാല, ബട്ടർഫ്ലൈ പാർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾക്ക് ഒരു ജംഗിൾ സഫാരിയിൽ പോയി മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാം, അല്ലെങ്കിൽ ബെംഗുളൂരുവി ഏറ്റവും ജനപ്രിയമായ കാര്യങ്ങളിൽ ഒന്നായ വൈവിധ്യമാർന്ന സാഹസിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാം.

കബ്ബൺ പാർക്ക്

Cubbon-Park

മെട്രോപോളിറ്റൻ സിറ്റി ആയ ബെംഗുളൂരുവിലെ നടുക്ക് ഏക്കറുകണക്കിന് വ്യാപിച്ചുകിടക്കുന്ന ഒരു കാട് ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. എങ്കിൽ അതാണ് കബ്ബൺ പാർക്ക്.ബെംഗുളൂരുവിന്റെ ഹൃദയഭാഗത്ത് 300 ഏക്കറിലായിട്ടാണ് വ്യാപിച്ചു കിടക്കുന്ന മനോഹര ഇടമാണ് ഈ പാർക്ക്. സമൃദ്ധമായ പച്ച സസ്യജാലങ്ങളും 6,000 ത്തിലധികം വൃക്ഷങ്ങളും പാർക്കിൽ സ്ഥിതി ചെയ്യുന്നു  അത്താര കച്ചേരി (ഹൈക്കോടതി), കബ്ബൺ പാർക്ക് മ്യൂസിയം, ബാംഗ്ലൂർ അക്വേറിയം, ശേശാദ്രി അയ്യർ മെമ്മോറിയൽ പാർക്ക് തുടങ്ങി നിരവധി കെട്ടിടങ്ങൾ പാർക്കിന് ചുറ്റുമുണ്ട്. വാരാന്ത്യങ്ങളിൽ, നിരവധി സംഗീതകച്ചേരികൾ, ഇവന്റുകൾ, മാർക്കറ്റുകൾ എന്നിവ ഇവിടെ സംഘടിപ്പിക്കപ്പെടുന്നുണ്ട്.

ടിപ്പു സുൽത്താന്റെ സമ്മർ പാലസ്

തിരക്കേറിയ കെആർ മാർക്കറ്റിൽ ഇങ്ങനെ ഒരു ഇടം ഉണ്ടോ എന്ന് ചിന്തിച്ചു പോകും. ഈ മനോഹര കൊട്ടാരം 1791 ൽ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താൻ നിർമിച്ചതാണ്. വേനൽക്കാല റിട്രീറ്റായി ഉപയോഗിച്ച ഈ തേക്ക് തൂണുകളിൽ മനോഹരമായ കമാനങ്ങളും ഫ്രെസ്കോകളും ഉള്ള ഒരു മ്യൂസിയവും ടിപ്പു സുൽത്താന് സമർപ്പിച്ചിരിക്കുന്ന ആർട്ട് ഗാലറിയും അടങ്ങിയിരിക്കുന്നു.ബെംഗുളൂരു കോട്ടയോട് വളരെ അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്.

ബെംഗുളൂരുവിൽ എത്തിയാൽ പബ്ബുകളിലും മാളുകളിലും കയറിയിറങ്ങി നടക്കുന്നതിനു പകരം ഇത്തരം ചില ചരിത്രപ്രാധാന്യമുള്ള ഇടങ്ങൾ കൂടി സന്ദർശിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA