ADVERTISEMENT

ഹിമാലയത്തിനു ചുവട്ടില്‍ ഗംഗാനദിക്കരയിലായി സ്ഥിതി ചെയ്യുന്ന ഡെറാഡൂണ്‍ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. മസൂറി, ഓളി, ഹരിദ്വാര്‍, ഋഷികേശ് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടുത്തു തന്നെയായതിനാല്‍ എപ്പോഴും തിരക്കാണ് ഇവിടെ. ബസ്മതി അരിക്കും മധുരപലഹാരങ്ങള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് സുഖകരമായ കാലാവസ്ഥയും പ്രകൃതിഭംഗിയും സമ്മേളിക്കുന്ന ഡെറാഡൂണ്‍. 

രാമായണവും മഹാഭാരതവുമൊക്കെയായി ഇതിന്‍റെ ചരിത്രം ഇഴ ചേര്‍ന്നു കിടക്കുന്നു. ഏഴാമത്തെ സിഖ് ഗുരുവായ ഹര്‍ റായിയുടെ മകന്‍ റാം റായ് ആണ് ഡെറാഡൂണിന് ആ പേരിട്ടതത്രേ. ഇവിടെ എത്തുന്ന ആളുകള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്.

har-ki-dun-trek-gif

റോബേഴ്സ് കേവ്

ഗുച്ചു പാനി എന്നാണ് ഈ സ്ഥലത്തെ പ്രദേശവാസികള്‍ വിളിക്കുന്നത്. ഡെറാഡൂൺ നഗരത്തിന്റെ മധ്യത്തില്‍നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് ഇത്.  ഇരുവശത്തും കുത്തനെയുള്ള മലയിടുക്ക്. നടുവിലൂടെ ഒഴുകുന്ന നദി. വെള്ളച്ചാട്ടവും ഉണ്ട് ഇവിടെ. ദിവസവും നിരവധി ആളുകളാണ് തികച്ചും പ്രകൃതിദത്തമായ ഈ മലയിടുക്കിലൂടെ നടക്കാന്‍ വേണ്ടി എത്തുന്നത്. 

ഹര്‍ കി ദുന്‍

സാഹസികയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഹര്‍ കി ദുനിലേക്ക് ട്രെക്കിങഅ ചെയ്യാം. സമുദ്രനിരപ്പില്നിന്ന് 3,566 മീറ്റര്‍ മുകളിലാണ് തൊട്ടിലിന്റെ രൂപത്തിലുള്ള മനോഹരമായ ഈ താഴ്‍വര സ്ഥിതി ചെയ്യുന്നത്.  മായികമായ പര്‍വതത്തലപ്പുകളും പച്ചയില്‍ നിറഞ്ഞാടുന്ന പൈന്‍ മരങ്ങളും നിറഞ്ഞ ഈ പ്രദേശം ബൊരാസു പാസ് വഴി ബസ്പ താഴ്‍വരയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Har-Ki-Dun-Trek-Uttarakhand

നക്ഷത്രപ്പുതപ്പിനടിയില്‍ മയങ്ങാം 

രാത്രി മുഴുവന്‍ ആകാശത്തെ നക്ഷത്രങ്ങളെയും നോക്കി മലമുകളില്‍ കിടന്നാലോ? അത്തരമൊരു മനോഹരമായ അനുഭവമാണ് ജോര്‍ജ് എവറസ്റ്റ് പീക്ക് നല്‍കുന്നത്. മൗണ്ട് എവറസ്റ്റിന് ആ പേരു വരാന്‍ കാരണക്കാരനായ സര്‍ ജോര്‍ജ് എവറസ്റ്റിന്‍റെ പേരിലുള്ള പര്‍വതഭാഗമാണിത്. 1830 മുതല്‍ 1843 വരെ ഇന്ത്യയിലെ സര്‍വേയര്‍ ജനറല്‍ ആയിരുന്നു സര്‍ ജോര്‍ജ് എവറസ്റ്റ്. മസൂറിയില്‍നിന്ന് 6 കിലോമീറ്റര്‍ അകലെയാണ് ഇത്. ഇവിടെനിന്നു നോക്കിയാല്‍ ഒരു വശത്ത് ഡൂൺ താഴ്‌വരയുടെ മനോഹരമായ കാഴ്ചയും മറുവശത്ത് മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകളും കാണാം. 

മൈന്‍ഡ്റോളിങ് മൊണാസ്ട്രി

ആത്മീയശാന്തി തേടി നടക്കുന്നവര്‍ക്ക് പറ്റിയ ഒരു ഇടമാണ് ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധിസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ങാങ്ങ്യുര്‍ നിംഗ്മ കോളജ് ഇവിടെയാണ്. ഡെറാഡൂണിലെ ക്ലെമന്റ് ടൗണിലാണ്‌ 1965ല്‍ ബുദ്ധസന്യാസിമാർ സ്ഥാപിച്ച ഈ ബുദ്ധവിഹാരം. ബുദ്ധിസത്തെക്കുറിച്ച് പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ ഇവിടെ കിട്ടും. ടിബറ്റന്‍ ഭക്ഷണം രുചിക്കാനും ഇവിടെ അവസരമുണ്ട്. ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് എന്നതിനാല്‍ എളുപ്പത്തില്‍ എത്തിച്ചേരാം. 

ലച്ചിവല്ല

ഏറ്റവും പോപ്പുലറായ പിക്നിക് സ്പോട്ടുകളില്‍ ഒന്നാണ് ലച്ചിവല്ല. മനുഷ്യനിർമിതമായ കുളങ്ങളും പച്ചപ്പു നിറഞ്ഞ കാടുമൊക്കെയാണ് ഇവിടെ കാണാനുള്ളത്. ഓരോ വര്‍ഷവും രണ്ടര ലക്ഷത്തോളം ആളുകള്‍ ഇവിടെ എത്തുന്നു എന്നാണു കണക്ക്. 

പാരാഗ്ലൈഡിങ്

അല്‍പം സാഹസികതയൊക്കെ ആവാമെന്നു തോന്നുന്നുണ്ടെങ്കില്‍ പാരാഗ്ലൈഡിങ് ചെയ്യാന്‍ ഒരിക്കലും മറക്കരുത് ഈ യാത്രയില്‍. ഡെറാഡൂണില്‍ മാത്രമല്ല, മസൂറി, ചക്രത, ഋഷികേശ് എന്നിവിടങ്ങളിലും ഇതിനുള്ള സൗകര്യം ഉണ്ട്. നാഷനല്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് അക്കാദമിയും ഗ്രേറ്റ് ഹിമാലയന്‍ അഡ്വഞ്ചെഴ്സുമെല്ലാം വഴി ബുക്ക് ചെയ്യാം.

സഹസ്രധാര 

ആയിരം അരുവികള്‍ ഒന്നിച്ചു ചേരുന്ന ഇടം എന്നാണു ഈ പേരിനർഥം. ഗുഹകളും വെള്ളച്ചാട്ടങ്ങളും തട്ടുതട്ടായ കൃഷിയും എല്ലാം ചേര്‍ന്ന മനോഹരമായ ഇടമാണിത്. സള്‍ഫര്‍ അടങ്ങിയ ജലമാണ് ഇവിടുത്തെ പ്രത്യേകത. ഇത് മുറിവുകള്‍ ഉണക്കും എന്ന് പറയപ്പെടുന്നു. ശരീരവും മനസ്സും ഒരുപോലെ ശുദ്ധിയാക്കുന്ന ഇടമാണിത്. ഡെറാഡൂണില്‍നിന്ന് 11 കിലോമീറ്റര്‍ ദൂരെയാണ് ഈ പ്രദേശം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com