ADVERTISEMENT

അവതാരകയായും അഭിനേത്രിയായും തിളങ്ങുന്ന രഞ്ജിനി ഹരിദാസിനെ പ്രേക്ഷകർക്കു പ്രിയങ്കരിയാക്കിയത് വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവുമാണ്. രഞ്ജിനിക്ക് യാത്ര പ്രാണനാണ്.  ജോലി സംബന്ധമായും അല്ലാതെയും ധാരാളം യാത്ര ചെയ്യുന്നയാളാണ് രഞ്ജിനി. ‘മനസ്സ് ആഗ്രഹിക്കുന്നിടത്തേക്കെല്ലാം യാത്രപോകണം’– രഞ്ജിനി പറയുന്നു. സാഹസിക യാത്രകളോടാണ് പ്രണയം. പോകേണ്ട സ്ഥലത്തെക്കുറിച്ച് നന്നായി പഠിക്കും. അവിടുത്തെ കൾച്ചർ, ആളുകൾ, ഭക്ഷണം, അടുത്തുള്ള സ്ഥലങ്ങൾ, ചരിത്രം എന്നുവേണ്ട സകലതും ഇന്റർനെറ്റിലൂടെ അരച്ചുകലക്കി പഠിച്ചാണ് താരത്തിന്റെ യാത്ര.

ഈയിടെയാണ് രഞ്ജിനി തന്‍റെ യാത്രയുടെയും മറ്റും വിശേഷങ്ങളുമായി യുട്യൂബ് ചാനല്‍ തുടങ്ങിയത്. മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നു രഞ്ജിനിക്ക് ലഭിക്കുന്നത്. അമ്മയ്ക്കൊപ്പമുള്ള മൂകാംബിക -കുടജാദ്രി യാത്രയുടെ വിശേഷങ്ങളാണ് ഏറ്റവും പുതുതായി രഞ്ജിനി ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.

മൂകാംബിക ദര്‍ശനം കഴിഞ്ഞ് സമയം ബാക്കി വന്നപ്പോഴാണ് കുടജാദ്രിയിലേക്കുള്ള യാത്രയെക്കുറിച്ച് ആലോചിച്ചത്. പ്രത്യേകിച്ച് തയാറെടുപ്പൊന്നും ഇല്ലാതെയാണ് യാത്ര. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ജീപ്പ് യാത്ര എന്നാണു രഞ്ജിനി ഇതിനെ വിശേഷിപ്പിക്കുന്നത്.

renjini-haridas-travel-1

മൂകാംബികയില്‍ നിന്നു കുടജാദ്രിയിലേക്ക് ജീപ്പില്‍

കർണാടകയിലെ കൊടുമുടികളില്‍ വച്ച് ഉയരത്തില്‍ പതിമൂന്നാമത്തെ സ്ഥാനമാണ് കുടജാദ്രിക്ക്. മഞ്ഞു മൂടിക്കിടക്കുന്ന മഴക്കാടുകളാണ് ഇതിനു ചുറ്റും. ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമാണ് ഈ പ്രദേശം. വര്‍ഷത്തില്‍ എട്ടു മാസം മഴ പെയ്യുന്ന പ്രദേശമാണിത്.

കൊല്ലൂരില്‍നിന്നു ജീപ്പിലാണ് കുടജാദ്രിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. നാലു പേര്‍ക്ക് പോകാവുന്ന വണ്ടി വാടകയ്ക്ക് എടുത്താല്‍ 2800 രൂപയാണ്. എട്ടു പേര്‍ ആണെങ്കില്‍ ഒരാള്‍ക്ക് 350 രൂപ. ഒരു വശത്തേക്ക് പോകാന്‍ ഒന്നര മണിക്കൂര്‍ സമയം എടുക്കും. കുടജാദ്രിയില്‍ചെന്ന് ഒന്നര മണിക്കൂര്‍ ചെലവഴിക്കാം. അതു കഴിഞ്ഞ് തിരിച്ചു ജീപ്പില്‍ കയറണം. അധികം ചെലവഴിക്കുന്ന ഓരോ മണിക്കൂറിനും 20 രൂപ വെയിറ്റിങ് ചാര്‍ജ് വരും. 10 കിലോമീറ്റര്‍ ഓഫ്റോഡ്‌ യാത്രയാണ്. കല്ലും ചരലും നിറഞ്ഞ വഴിയിലൂടെയാണ് ഈ യാത്ര. 

ടോപ്‌ സ്റ്റേഷന് ഒന്നര കിലോമീറ്റര്‍ അടുത്തുവരെ ജീപ്പ് എത്തും. അതു കഴിഞ്ഞ് മുകളിലേക്ക് ട്രെക്കിങ് ചെയ്യാം. ചെരിപ്പും മറ്റും ഇവിടെ സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. 

ജീപ്പ് വേണ്ടെങ്കില്‍ നടക്കാം

കൊല്ലൂരിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് കുടജാദ്രി. ജില്ലാ ആസ്ഥാനമായ ഷിമോഗയിൽനിന്ന് ഹസിരുമാകി ഫെറി വഴി കുടജാദ്രി കൊടുമുടിയിലെത്താൻ വ്യത്യസ്ത വഴികളുണ്ട്. ജീപ്പില്‍ പോകാന്‍ താൽപര്യം ഇല്ലെങ്കില്‍ കാട്ടിനുള്ളിലൂടെ നടന്നു പോകാം. ഈ വഴി തിരഞ്ഞെടുക്കുന്ന യാത്രികരും കുറവല്ല. ശുദ്ധവായു ശ്വസിക്കുകയും ചെയ്യാം, ആരോഗ്യവും നന്നാവും!

ഇങ്ങനെ പോകാനാണ് ഉദ്ദേശ്യമെങ്കില്‍ കൊല്ലൂരിൽനിന്നു ഷിമോഗയ്ക്കുള്ള വഴിയിൽ എട്ടു കിലോമീറ്ററോളം ബസിൽ യാത്ര ചെയ്യണം. വനപാതയുടെ തുടക്കത്തില്‍ ബസിറങ്ങി നടക്കാന്‍ തുടങ്ങാം. മലയാളി കുടുംബങ്ങളുള്ള ചെറിയ ഗ്രാമവും ഈ വഴിയിലുണ്ട്. ഏകദേശം നാലഞ്ചു മണിക്കൂർ നടന്നാല്‍ കുടജാദ്രിയുടെ ഏറ്റവും ഉയരത്തില്‍ എത്താം. 

മൂകാംബികയുടെ മൂലസ്ഥാനം ആയി കരുതപ്പെടുന്ന ആദിമൂകാംബിക ക്ഷേത്രം കുടജാദ്രിയിലാണ്. ശങ്കരാചാര്യര്‍ ധ്യാനിച്ച ശങ്കര പീഠവും ഇവിടെ കാ‍ണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com