ADVERTISEMENT

സംയുക്ത മേനോന്‍ എവിടെപ്പോയി എന്ന് തിരഞ്ഞു നടക്കുന്ന ആരാധകര്‍ക്കായി ഇതാ പുതിയ വിശേഷം; പ്ലാന്‍ ചെയ്യാത്ത ഒരു യാത്രയിലാണ് നടിയിപ്പോള്‍. തുംഗനാഥിലെ കൊടും മഞ്ഞു മൂടിക്കിടക്കുന്ന പാതയിലൂടെ യാത്ര ചെയ്ത്, ശിവരാത്രി ദിനത്തില്‍ തന്നെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശിവക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്താന്‍ പറ്റിയതിന്‍റെ നിര്‍വൃതി സംയുക്ത തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്.

രാവിലെ തന്നെ കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ട്രെക്കിംഗിനു കൂടെയുണ്ടായിരുന്ന കുറേപ്പേര്‍ മടങ്ങിപ്പോയി. കാലാവസ്ഥ മോശമാകുന്നു എന്ന് ആളുകള്‍ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. താപനില ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ വിട്ടു കൊടുക്കാന്‍ തനിക്കു മനസു വന്നില്ലെന്ന് സംയുക്ത പറയുന്നു. ധൈര്യത്തോടെ മഞ്ഞിലൂടെ നീങ്ങി അവസാനം ഏറ്റവും മുകളിലെത്തി ശിവനെ കണ്ടു. ആദ്യം കണ്ടപ്പോള്‍ സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞുവെന്നും താരം പറയുന്നു.

'ഏറ്റവും ഉയരത്തില്‍ ഇരിക്കുന്ന നാഥന്‍' എന്നാണു തുംഗനാഥിന്‍റെ അര്‍ത്ഥം. ആയിരം കൊല്ലം പഴക്കമുള്ള ക്ഷേത്രമാണിതെന്നു പറയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 3860 മീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ രുദ്രപ്രയാഗ് ജില്ലയിൽ ഉഖിമഠ് എന്ന ചരിത്രപ്രസിദ്ധമായ പ്രദേശത്തിനു സമീപമാണ് ഇത്. ശിവക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട പഞ്ചകേദാരങ്ങളില്‍ വച്ച് ഏറ്റവും ഉയരത്തിലുള്ളതും തുംഗനാഥ് ആണ്.

ഉഖിമഠിൽ നിന്നും ഗോപേശ്വറിലേക്ക് പോകുന്ന വഴിയിലെ ചോപ്ത എന്ന ചെറുഗ്രാമം വരെ മാത്രമേ വാഹനസൗകര്യം ലഭ്യമാകൂ . അവിടെ നിന്നും 4 കിമി കയറ്റം കയറി വേണം തുംഗനാഥിലെത്താന്‍. മൂന്നാല് മണിക്കൂര്‍ സമയമെടുക്കും ഈ യാത്രക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com