ADVERTISEMENT

മലമുകളില്‍ നിന്ന് നോക്കിയാല്‍ ദൂരെ, ആനയുടെ രൂപത്തില്‍ മനോഹരമായി പരന്നുകിടക്കുന്ന തടാകം കാണാം. എലിഫന്‍റ് തടാകം എന്നാണു പേരുതന്നെ. പ്രാദേശികമായി ബിതാൻ ചൂ എന്നും വിളിക്കുന്ന ഈ തടാകത്തിനു ചുറ്റുമായി മഞ്ഞു പുതച്ചു കിടക്കുന്ന പര്‍വ്വത നിരകള്‍. പറഞ്ഞു വരുന്നത്  സിക്കിമില്‍ സമുദ്രനിരപ്പില്‍ നിന്നും 13000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുപ്പപ്പ് എന്ന മനോഹരഗ്രാമത്തെക്കുറിച്ചാണ്.

മഞ്ഞു മൂടിക്കിടക്കുന്ന വഴിയിലൂടെ വേണം ഇവിടെയെത്താന്‍. തടാകത്തിനരികിലൂടെ വെറും 15 അടി മാത്രം വീതിയുള്ള റോഡിലൂടെയുള്ള അത്യാവശ്യം ദുര്‍ഘടമായ യാത്രയാണിത്‌.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോഴ്സ്

ലോകത്തിലെ ഏറ്റവും ഉയർന്ന ഗോൾഫ് കോഴ്‌സായി കണക്കാക്കപ്പെടുന്ന യാക്ക് ഗോൾഫ് കോഴ്‌സാണ് കുപ്പപ്പിലെ പ്രധാന ആകർഷണം. സമുദ്രനിരപ്പിൽ നിന്ന് 13025 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യാക്ക് ഗോൾഫ് കോഴ്‌സ് ലോകത്തെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഗോൾഫ് കോഴ്‌സായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 1972 ലാണ് ഇത് ആരംഭിച്ചത്. 6025 യാർഡ് നീളമുള്ള ഗോൾഫ് കോഴ്‌സ് ആണിത്.

ത്യാഗത്തിന്‍റെ സ്മരണയില്‍

ഗ്നാഥംഗ് താഴ്‌വരയെയും ഓൾഡ് ബാബ മന്ദിറിനെയും കടക്കുമ്പോൾ തുക്ല താഴ്വരയുടെ ആരംഭമായി.1968ല്‍ ഈ പ്രദേശത്ത് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വന്നപ്പോള്‍ ദുരിതാശ്വാസ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികൻ ഹർഭജൻ സിങ്ങിന്റെ ധീരതയും ത്യാഗവും ഇവിടെ അനുസ്മരിക്കപ്പെടുന്നു.

Kupup-Lake

 

മെമെൻക്കോ തടാകം

കുപ്പപ്പിൽ നിന്ന് 5 കിലോമീറ്റർ അകലെയായി മെമെൻക്കോ തടാകം എന്ന മറ്റൊരു തടാകമുണ്ട്. നാഥുല ചുരത്തിലേക്ക് പോകുന്ന വഴിയില്‍ നിന്നും തിരിഞ്ഞു പോയാല്‍ ഇവിടെയെത്താം. കിഴക്കൻ സിക്കിം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പർവത തടാകമാണ് ഇത്. സോംഗോ തടാകത്തിന് 20 കിലോമീറ്റർ മുന്നിലായാണ് ഇത് സ്ഥിതിചെയ്യുന്നത്.  ടീസ്റ്റ നദിയുടെ പോഷകനദിയായ റാങ്‌പോ ചു ജലപാതയുടെ ഉറവയാണ് ഇത്. വേനൽക്കാലത്ത് മഞ്ഞ് ഉരുകിയും മഴക്കാലത്ത് മഴവെള്ളവുമാണ് തടാകത്തില്‍ ജലം നിറയ്ക്കുന്നത്.

ജെലെപ് ലാ

“മനോഹരമായ പർവതനിര” എന്നാണ് ജെലെപ് ലാ എന്ന വാക്കിനര്‍ത്ഥം. ഈ പേര് അന്വര്‍ത്ഥമാക്കി ലാസയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന 13,999 അടി ഉയരമുള്ള പർവതനിരയാണ് ജെലെപ് ലാ. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിൽ സിക്കിമിന്റെ കിഴക്കൻ ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. സിക്കിമിലെ ഏറ്റവും മനോഹരമായ പാസും വിനോദ സഞ്ചാര കേന്ദ്രവുമാണ്
ജെലെപ് ലാ.

കുപ്പപ്പില്‍ എത്താന്‍

ഗാങ്‌ടോക്കിൽ നിന്ന് 62 കിലോമീറ്റർ അകലെയുള്ള കുപപ്പ് തടാകത്തിലേക്ക് ജവഹർലാൽ നെഹ്‌റു സ്ട്രീറ്റ് വഴി എത്താൻ 2.5 മണിക്കൂർ എടുക്കും. മെമെൻക്കോ തടാകത്തിൽ നിന്ന് തുക്ല താഴ്‌വരയിലേക്ക്  6 കിലോമീറ്റർ സഞ്ചരിക്കണം.തുക്ല താഴ്‌വരയിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് ജെലെപ് ലാ പാസ്.

സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്ത് കുപപ്പ് തടാകം, തുക്ല താഴ്വര, ജെലെപ് ലാ പാസ് എന്നീ പ്രദേശങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്ചയായിരിക്കും. ഇത് ജനുവരി മുതൽ ഏപ്രിൽ അവസാനം വരെ നീണ്ടുനില്‍ക്കും. മികച്ച കാലാവസ്ഥ വരുന്നത് മെയ്, ജൂൺ മാസങ്ങളിലാണ്.  ഈ സമയത്ത് വന്നാല്‍ ഏറെ പ്രശസ്തമായ റോഡെൻഡെറോണ്‍ പുഷ്പങ്ങള്‍ ഇവിടെ നിറഞ്ഞു കാണാം. ഒക്ടോബർ - നവംബർ കാലം ട്രെക്കിംഗിന് അനുയോജ്യമാണ്.

English Summery: Kupup Lake, elephant shaped lake in Sikkim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com