sections
MORE

നൂറോളം മുതലകളുള്ള നദി; മൂന്നാർ–ഉഡുമൽപേട്ട വഴിയിലെ അമരാവതി

Amaravathi-trip7
SHARE

അമരാവതി– ആ പേരു കേൾക്കുമ്പോൾ ഏതോ പുരാതനനഗരമെന്നു കരുതും. ആന്ധ്രപ്രദേശിൽ‍ കൃഷ്ണാനദിക്കരയിലെ ആസൂത്രിത നഗരമാണിത്. എന്നാൽ നമ്മുടെ അതിർത്തിയിൽ ഒരു അമരാവതിയുണ്ട്. മൂന്നാർ–ഉഡുമൽപേട്ട വഴിയിലെ ഈ അമരാവതി മുതലകൾക്കു പ്രസിദ്ധമാണ്. നമ്മുടെ ആനമല ദേശീയോദ്യാനത്തിൽനിന്നുദ്ഭവിച്ച് ചിന്നാറിലൂടെയൊഴുകി കൂട്ടാറുമായി ചേർന്ന് തമിഴ്നാട്ടിലേക്കു ചെല്ലുന്ന നദിയ്ക്ക് തമിഴ്നാട് നൽകിയ പേരാണ് അമരാവതി. കാവേരിയുടെ ഏറ്റവും ദൈർഘ്യമേറിയ പോഷകനദിയുടെ ഓരം ചേർന്നു നടന്നാൽ കാഴ്ചകളുടെ പെരുങ്കളിയാട്ടം കാണാം. അതിൽ പുൽമേടുകളും നിത്യഹരിതവനങ്ങളും തൊട്ട് മഴനിഴൽകാടു വരെയുണ്ട്. ആനയും പുലിയും മുതൽ മുതലകൾ വരെയുണ്ട്. അമരാവതിയിലേക്കെത്തുന്ന ചെറുനദികളെ കണ്ട് ഓരം ചേർന്ന് അമരാവതി ഡാമിലേക്കെത്തി  മുതലകളെ കാണാൻ ഒരു ചെറുയാത്ര.

Amaravathi-trip2

ചിന്നാറിന്റെയും പാമ്പാറിന്റെയും വിശേഷങ്ങൾ നിങ്ങൾ ഏറെ കേട്ടിരിക്കുമല്ലോ? മൂന്നാർ–മറയൂർ–ചിന്നാർ–ഉഡുമൽപേട്ട വഴിയിൽ നിങ്ങൾ ഈ നദികളെ കാണും. അവയെ മറികടക്കും. മൂന്നാർ മറയൂർ  പാതയിൽ ലക്കം വെള്ളച്ചാട്ടത്തിൽ കുളിച്ചിട്ടുണ്ടോ? ആ വെള്ളം അങ്ങുദൂരെ അമരാവതിയിലേക്കു ചെന്നു ചേരുന്നതാണെന്ന് അറിയാമോ? നിറഞ്ഞ പച്ചപ്പിനിടയിലൂടെ പതഞ്ഞൊഴുകിയ ശേഷം പാമ്പാർ അങ്ങുതാഴെ വരണ്ടുണങ്ങിയ ചിന്നാർ എന്ന മഴനിഴൽ കാട്ടിലേക്കു ചേരും. അവിടെ തൂവാനം വെള്ളച്ചാട്ടം സൃഷ്ടിച്ച് കാഴ്ചക്കാരെ അതിശയിപ്പിക്കും. ഇനിയും മുന്നോട്ടുപോയാൽ ചിന്നാർ വനംവകുപ്പിന്റെ ഓഫീസ് കാണാം.

Amaravathi-trip6

അതിനപ്പുറമാണ് ചിന്നാർ. അവിടെയും ട്രക്കിങ്ങിനുള്ള അനുമതി വാങ്ങിയശേഷം നിങ്ങൾക്ക് ഇറങ്ങാം. ചിന്നാറും പാമ്പാറും കൂട്ടാറിൽ ചെന്നു ചേരും. രണ്ടു പുഴകളുടെ ഗതിവേഗവ്യത്യാസം ആ ജലമുക്കവലയിൽനിന്നാൽ കാണാം. പാമ്പാർ കുതിച്ചൊഴുകും. ചിന്നാർ ശാന്തമായും. കൂട്ടാറിന്റെ സ്വഭാവം  അറിയണമെങ്കിൽ തമിഴ്‌നാടിന്റെ ആനമല ടൈഗർ റിസർവിലേക്കു കടക്കണം. തൽക്കാലം അതിന് അനുമതിയില്ലാത്തതിനാൽ നാം റോഡുവഴി പോകുന്നു. ഈ നദി ചെല്ലുന്നത് അമരാവതി ഡാമിലേക്കാണ്. പുഴയ്ക്കക്കരെ കുട്ടവഞ്ചികൾ കാണാം. മീൻപിടിത്തക്കാരുടേതാണ്. സഞ്ചാരികൾക്ക് അവിടെ പ്രവേശനമില്ല. കാരണം അതൊരു വനത്തിന്റെ കോർ ഏരിയയാണ്. രണ്ട് മുതലകളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലൊന്നാണ്. 

Amaravathi-trip

ചിന്നാറിൽനിന്ന് ഉഡുമൽപേട്ടിലേക്കുള്ള വഴിയിലൂടെ തന്നെ പോകുമ്പോൾ ആ ബോർ‍ഡ് കണ്ണിൽപ്പെടും. അമരാവതി  മുതല പാർക്ക്.  അമരാവതി ഡാമിനടുത്ത് മുതലകൾക്കായി ഒരു പാർക്ക്! എന്തിനു മടിച്ചുനിൽക്കണം. വണ്ടി വലത്തോട്ടു തിരിച്ചു.  റോഡിനിരുവശത്തും ആർമി സ്കൂളും പരിസരങ്ങളും. ചെറുവൈദ്യുതപദ്ധതിയുള്ളതാണ്  അമരാവതി ഡാം. 1957 ൽ ആണ് ഡാം നിർമിച്ചത്. ഡാമിനിപ്പുറം ചെറിയ കവല. ജോലിയില്ലാത്തവരാണോ അതോ മടിയൻമാരാണോ എന്നറിയില്ല. രാവിലെത്തന്നെ ആൾക്കൂട്ടം കടകൾക്കു മുന്നിൽ. ചെറുവഴിയിൽ  ഇരുനൂറുമീറ്റർ ദൂരത്തിൽ രണ്ടിടത്ത് കാറിന് പ്രവേശനടിക്കറ്റ് എടുക്കേണ്ടി വന്നു. ആദ്യം ഡാമിന്റെ വകുപ്പിൽനിന്ന്. പിന്നെ മുതലപാർക്കിലും.

ഡാമിൽ മഗ്ഗർ മുതലകൾ ധാരാളമുണ്ട്.  എന്നാൽ പൊതുജനങ്ങൾക്ക് മഗ്ഗറുകളെ കാണണമെങ്കിൽ ഡാമിലേക്കിറങ്ങാൻ പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ   മഗ്ഗർ വിഭാഗത്തിൽ പെട്ട മുതലകളെ ഒന്നിച്ചുപാർപ്പിച്ച മുതലശാല ഡാമിന്റെ അടുത്തുണ്ട്. അമരാവതിയിൽനിന്നു പിടിച്ച മുതലകളായിരിക്കും ഇവ അല്ലേ? അല്ലെന്ന് ടിക്കറ്റ് കൗണ്ടറിലുള്ളയാൾ മറുപടി നൽകി. എല്ലാം പുറത്തുനിന്നു കൊണ്ടുവന്നവയാണ്. 

Amaravathi-trip8

എന്തായാലും മുതലകളെ ഇത്ര അടുത്തു കാണാൻ മറ്റെങ്ങും അവസരമുണ്ടാകില്ല. കമ്പിവേലിക്കുള്ളിൽ അവയങ്ങിനെ അലസഗമനം നടത്തുന്നു. മുതലകൾക്ക് ഓർമപ്പിശകുണ്ടോ എന്നു സംശയം തോന്നിപ്പിക്കും വിധം ചിലർ തുറന്ന വായ അടക്കുന്നില്ല. ശുദ്ധജലത്തിൽ ജീവിക്കുന്ന മുതലവിഭാഗമാണ് മഗ്ഗറുകൾ. പച്ചവെള്ളക്കെട്ടിൽ കണ്ണുമാത്രം കാണിച്ച് ഭീകരതയോടെ ചിലർ. ഒരു കമ്പിവേലിക്കപ്പുറമാണ് ഇക്കാഴ്ചകൾ. ഈ കമ്പിക്കുള്ളിലൂടെ ഒന്നു കയ്യിട്ടാൽ പാറപോലെത്തെ ശൽക്കങ്ങളിൽ നിങ്ങൾക്കു തൊടാം. അത്രയടുത്ത്. പലപ്പോഴും പേടിയാകും. വാലുകൊണ്ടൊരു അടി കിട്ടുമോ എന്നു നോക്കിയാണ് സഞ്ചാരികളുടെ നടപ്പ്.  ഹനുമാൻ കുരങ്ങുകൾ വേലിക്കുമുകളിലൂടെ വാലുയർത്തി നടക്കുന്നുണ്ട്.  ആ വലിയ ഡാമിനപ്പുറം തെന്നിന്ത്യയിലെ ഏറ്റവും വലിയ മുതലക്കൂട്ടത്തെ ഉള്ളിലൊതുക്കുന്ന അമരാവതി നദി. ഇപ്പുറം അസ്വാതന്ത്ര്യത്തിന്റെ വേലക്കെട്ടുകളുള്ള പാർക്ക്. നദിയിലും നൂറോളം മുതലകൾ. പാർക്കിലും ഏകദേശം നുറെണ്ണം. 

അമരാവതി സാഗർ ക്രൊക്കഡൈൽ പാർക്ക് എന്നാണിത് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രൊക്കഡൈൽ നഴ്സറി എന്നാണിത് അറിയപ്പെടുന്നത്. മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ കാട്ടിലേക്കു വിടാറുണ്ടെന്ന് ഇക്കോഷോപ്പിൽ നിന്നു പറഞ്ഞുതന്നു. അമരാവതി ഇനിയുമൊഴുകും. അങ്ങു കാവേരി വരെ. ആ പോക്കിനെ പിന്തുടർന്നാൽ മറ്റൊരു ചരിത്രവും വേറെ ചില കഥകളും കിട്ടും അടുത്തത് കാവേരിയാകട്ടെ എന്നു പറഞ്ഞ് തിരിച്ചുപോന്നു. പൊള്ളാച്ചി വഴി പാലക്കാട്ടിലേക്ക്... 

Amaravathi-trip4

റൂട്ട് 

എറണാകുളം–മൂന്നാർ–മറയൂർ–ചിന്നാർ– അമരാവതി   200 കിലോമീറ്റർ

Amaravathi-trip1

പഴനിയിലേക്ക് പോകുന്നവർക്കും മറ്റും ഒരു വ്യത്യസ്തയ്ക്കു വേണ്ടി അമരാവതിയിലേക്കു തിരിയാം. താമസസൗകര്യമില്ല. പുറത്തുനിന്ന് ആഹാരം കഴിക്കാതിരിക്കുകയാണു നല്ലത്. എറണാകുളത്തുനിന്നു പുറപ്പെട്ട് വൈകുന്നേരമാകുമ്പോൾ ചിന്നാറിലെത്തി കാട്ടിൽ താമസിച്ച് രാവിലെ അമരാവതിയിലേക്കു ചെല്ലുന്നതാണു നല്ല പദ്ധതി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA