ആ നാടും മഞ്ഞും വല്ലാതെ മിസ് ചെയ്യുന്നു; നടി ദീപ്തിയുടെ യാത്ര

deepti.travel
SHARE

നാട്ടില്‍ ചൂടുകൂടിയതോടെ മിക്കവരും തണുപ്പിന്റെ നാട്ടിലേക്കുള്ള യാത്രയിലാണ്. സഞ്ചാരികൾ മാത്രമല്ല സിനിമാതാരങ്ങളും ഇക്കൂട്ടത്തിലുണ്ട്. 'നീന'യിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന സുന്ദരി ദീപ്തി സതിയുടെ യാത്രാചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ധനോൾട്ടിയിലെത്തിയിരുന്നു താരം. മഞ്ഞുപുതച്ച മലനിരകള്‍ക്കരികിൽ നിൽക്കുന്ന ചിത്രങ്ങളും മഞ്ഞുവാരിയെറിയുന്ന ടിക്ടോക് വിഡിയോയും ദീപ്തി സതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിനൊടൊപ്പം ആ നാടിന്റെ സുഖകരമായ കാലാവസ്ഥയും മഞ്ഞുമൊക്കെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും കുറിച്ചിട്ടുണ്ട്.

വിനോദയാത്രികര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ്‌ ഹിമാലയത്തിനോട് ചേര്‍ന്നുകിടക്കുന്ന ഉത്തരാഖണ്ഡ്. മഞ്ഞ്, സാഹസികത, വസന്തം അങ്ങനെ ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിക്കാൻ കാരണങ്ങൾ നിരവധിയുണ്ട്. ഉത്തരാഖണ്ഡിലെ ഓരോ സ്ഥലങ്ങളും പ്രകൃതി ഭംഗികൊണ്ടും അദ്ഭുതപ്പെടുത്തുന്നതാണ്.

സുന്ദരകാഴ്ചകൾ നിറഞ്ഞ ധനോൾട്ടി സമുദ്രനിരപ്പിൽ നിന്നും 1987 മീറ്റർ ഉയരത്തിലാണ്. ദേവദാരുക്കളും ഇടതൂർന്ന ഒാക്കുമരങ്ങളുടെയും കാഴ്ചയും ആരെയും ആകർഷിക്കുന്നത്.‍ കുളിർമയുള്ള കാലാവസ്ഥയും ധനോൾട്ടിയെ ആകർഷകമാക്കുന്നു. സ്വർഗത്തിലെത്തിയതുപോലെ തോന്നും. മഞ്ഞുകാല താപനില 7° C മുതൽ 1° C വരെ താഴാറുണ്ട്. ഇൗ മഞ്ഞുനാട്ടിലെ പ്രധാന ആകർഷണം വളരെ പ്രസിദ്ധമായ സുർഖണ്ട ദേവി മന്ദിറാണ്. സുന്ദരകാഴ്ചയൊരുക്കുന്ന ആലൂ ഖേത് എന്ന ഉരുളകിഴങ്ങ് പാടം മറ്റൊരു ആകർഷണം. മനോഹരമാണ് ഇവിടുത്തെ കാഴ്ച.

പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ മസ്സൂരിയിൽ നിന്നു 24 കിലോമീറ്റർ അകലെയാണ് ധനോൾട്ടി നിലകൊള്ളുന്നത്. മലകളുടെ റാണി എന്നറിയപ്പെടുന്ന മസ്സൂറി സുന്ദരമായ പ്രകൃതിയാൽ അനുഗ്രഹീതയാണ്. മലകളുടെ സൗന്ദര്യം ആസ്വദിച്ചു യാത്ര ചെയ്യാൻ ക്യാമൽ ബാക് റോഡും കെംപ്റ്റി വെള്ളച്ചാട്ടവും ലേക് മിസ്റ്റും പൂക്കളുടെ ഭംഗിയും സൂര്യാസ്തമയശോഭയും കാണാൻ മുനിസിപ്പൽ പൂന്തോട്ടവും മസൂരി തടാകവും ഭട്ട വെള്ളച്ചാട്ടവുമെല്ലാം ഈ നാടിനെ സൗന്ദര്യറാണിയാക്കുന്നു.

മസൂരിയിൽ നിന്ന് ധനോൾട്ടിയിലേക്കുള്ള പാത അത്യാകർഷകമാണ്. പച്ചപ്പ് നിറഞ്ഞ താഴ്‍വാരങ്ങളും മലഞ്ചെരിവുകളും നിറഞ്ഞയിടം. നിരവധി ട്രെക്കിങ് റൂട്ടുകളും ഇവിടെയുണ്ട്. പ്രകൃതി സൗന്ദര്യം കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന ഇടമാണ് ധനോൾട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA