ADVERTISEMENT

‘യാത്രകളെ മനസ്സുനിറച്ച് സ്‌നേഹിക്കുന്നവര്‍ നിങ്ങള്‍ പുരുഷന്‍മാരൊന്നും അല്ലെടോ, അത് ഞങ്ങള്‍ പെണ്ണുങ്ങള്‍ തന്നെയാ’ എന്നു പറയാന്‍ ഒരു പെണ്ണിനും മടിയുണ്ടാകില്ല. അത്രയ്ക്കും ഇഷ്ടമാണ് സ്ത്രീക്ക് യാത്ര ചെയ്യാന്‍. അതു തനിച്ചാണെങ്കില്‍ ഇഷ്ടം കൂടും. എന്നാല്‍ പലപ്പോഴും സാഹചര്യങ്ങള്‍ അവളെ അതിന് അനുവദിക്കാറില്ല. കാലം മാറിയില്ലേ, ഇന്ന് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്. 

സ്ത്രീകള്‍ക്കു വേണ്ടി മാത്രം യാത്രകൾ നടത്തുന്ന നിരവധി ട്രാവല്‍ഏജന്‍സികളും ഗ്രൂപ്പുകളും ഉണ്ട്. അത്തരത്തിലൊന്നാണ് അപ്പൂപ്പന്‍താടി. ഈ അപ്പൂപ്പന്‍താടി വഴി യാത്ര ചെയ്ത് ഇന്ന് ഈ ഗ്രൂപ്പിലൂടെ ടൂറിന് പോകുന്ന മറ്റു സ്ത്രീകള്‍ക്ക് ബഡിയായി മാറിയ ഒരാളുടെ കഥയാണ്. ബഡിയെന്ന് പറഞ്ഞാല്‍ ഗൈഡ്, സന്തതസഹചാരി.

travel-valley-of-flower2

പൗര്‍ണമി വിജയന്‍ കൊച്ചിയില്‍ താമസിക്കുന്ന ഒരു സാധാരണക്കാരിയാണ്. എല്ലാ സ്ത്രീകളെയും പോലെ തനിച്ചു യാത്രയെന്ന സ്വപ്‌നം മനസ്സിലിട്ടു കൊണ്ടുനടന്നയാള്‍. ഒരിക്കല്‍ മടിച്ചുമടിച്ച് ഭര്‍ത്താവിനോട് തന്റെ ആവശ്യം പറഞ്ഞു. ‘നിനക്കു പോകണമെങ്കില്‍ എന്നോടു ചോദിക്കേണ്ട കാര്യമുണ്ടോ’ എന്ന മറുചോദ്യം കേട്ട് ‘പകച്ചുപോയി തന്റെ ബാല്യ’മെന്ന് പൗര്‍ണമി. ഭര്‍ത്താവിന്റെ സമ്മതം കിട്ടിയപാടെ അപ്പൂപ്പന്‍താടിയെ സമീപിച്ചെന്നും കേരളവും തമിഴ്‌നാടും കര്‍ണാടകയും അടങ്ങുന്ന സൗത്ത് ഇന്ത്യയുടെ ഏതാണ്ട് പകുതിയിലധികം താന്‍ കണ്ടുകഴിഞ്ഞെന്നുമാണ് പൗര്‍ണമി പറയുന്നത്.

‘ആദ്യം ഒരു സ്ഥലത്തേക്ക് ഞാനെന്റെ യാത്രയായി മാത്രം പോകും. പിന്നെ ആ സ്ഥലത്തേക്ക് ഗ്രൂപ്പിനൊപ്പം ബഡിയായിട്ടാണ് പോകുന്നത്. അങ്ങനെ ഒരു സ്ഥലം തന്നെ പലവട്ടം കാണാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിച്ച യാത്രയായിരുന്നു വാലി ഓഫ് ഫ്‌ളവേഴ്‌സിലേയ്ക്ക് നടത്തിയ ട്രിപ്പ്. ഇനിയും പോകണമെന്ന് ഞാനെപ്പോഴും ആഗ്രഹിക്കുന്ന ഒരിടം കൂടിയാണവിടം. 

travel-valley-of-flower3

ഡെറാഡൂണ്‍ വരെ ഫ്‌ളൈറ്റിനായിരുന്നു യാത്ര. അവിടെനിന്നു ഋഷികേശിലേക്ക് ബസില്‍. ഋഷികേശ് എന്ന പുണ്യഭൂമിയും പിന്നിട്ട്  ദേവപ്രയാഗ് എന്ന ഗംഭീര സ്ഥലത്തെത്തും. ഗംഗാ നദി ഒറിജിനല്‍ ഗംഗയാകുന്നത് ഇവിടെ വച്ചാണ്. അളകനന്ദ, ഭാഗീരഥി നദികള്‍ ഇവിടെ ഒന്നിച്ച് ഗംഗയായി മുന്നോട്ട് ഒഴുകുന്നു. ഈ സംഗമസ്ഥലത്ത് രണ്ടു നിറത്തിലാണ് നദികള്‍ കാണപെടുന്നത്. അതൊരു വല്ലാത്ത കാഴ്ച തന്നെയാണ്. ഒരു വശത്ത് ചെങ്കുത്തായ പാറക്കെട്ടുകള്‍. മറുവശത്ത് അത്യഗാധതയില്‍ കുത്തിയൊലിച്ചൊഴുകുന്ന അളകനന്ദ.

travel-valley-of-flower

ദേവപ്രയാഗില്‍നിന്ന് ആര്‍ത്തലച്ചൊഴുകുന്ന അളകനന്ദയ്ക്ക് സമാന്തരമായാണ് നമ്മുടെ യാത്രാപഥം. ലോകത്തെ ഏറ്റവും അപകടം പിടിച്ച വഴികളിലൂടെ ജീവന്‍ കയ്യിലെടുത്തു പിടിച്ചുവേണം യാത്ര ചെയ്യാന്‍. വളവുകളും കുത്തനെയുള്ള കയറ്റങ്ങളും ഒരുവശത്തെ കൊക്കയുമെല്ലാം ഈ പോക്കില്‍ തരണം ചെയ്യണം. ഇവിടുത്തെ വാഹനങ്ങള്‍ക്കൊന്നും എസിയോ ഓഡിയോ സിസ്റ്റമോ ഉണ്ടാകില്ല. കാരണം ഒരു നിമിഷത്തെ അശ്രദ്ധ വരുത്തിവയ്ക്കുന്നത് വലിയ അപകടമാണ്. അതുപോലെ ആ യാത്രയില്‍ ഞാന്‍ ശ്രദ്ധിച്ചൊരു കാര്യം ഡ്രൈവര്‍മാരെയാണ്, സാധാരണ കാണാറുള്ളതുപോലെ നേരേ നോക്കിയല്ല, കൂടുതലും മുകളിലേക്കു നോക്കിയാണ് അവര്‍ വണ്ടിയോടിക്കുന്നത്. അതിന്റെ കാരണം വലിയ മലകളുടെ ഓരത്തുകൂടിയാണല്ലോ പോകുന്നത്. അപ്പോള്‍ മുകളില്‍നിന്ന് ഒരു ചെറിയ കല്ലുവന്നുവീണാല്‍ പോലും അവര്‍ വാഹനം നിര്‍ത്തും. ഇനി കല്ലുകള്‍ വീഴാനില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ വാഹനം മുമ്പോട്ട് എടുക്കൂ. 

യാത്രയുടെ അടുത്ത സ്റ്റോപ്പ് ഹേമ്കുണ്ഡ് ആണ്. അവിടെയുള്ള ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര ലോകപ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗുരുദ്വാര. ഗുരു ഗോവിന്ദ് സിങ്ങിന്റെ പേരിലുള്ള ഈ ഗുരുദ്വാരയും താഴെയുള്ള ഗംഗാരിയ ഗ്രാമവുമെല്ലാം വര്‍ഷത്തില്‍ ആറു മാസം മഞ്ഞിനടിയിലായിരിക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസമാണ് തീർഥാടകരും സഞ്ചാരികളുമെല്ലാം ചമോലി ജില്ലയിലെ ഈ ചെറുഗ്രാമത്തിലേക്ക് കൂടുതലായി എത്തുന്നത്. 

travel-valley-of-flower1

വാലി ഓഫ് ഫ്‌ളവേഴ്‌സിലേയ്ക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത് ഗോവിന്ദ്ഘട്ടില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെയുള്ള പുല്‍ന എന്ന ഗ്രാമത്തില്‍ നിന്നുമാണ്. പുല്‍ന വരെയേ വാഹന സൗകര്യമുള്ളു. ഏകദേശം 40 കിലോമീറ്റര്‍ താണ്ടിവേണം ഈ സ്വര്‍ഗത്തിലെത്താന്‍. നാലുദിവസമെടുക്കും ഇത് പൂര്‍ത്തിയാക്കാന്‍. എങ്കിലും അത്ര ബുദ്ധിമുട്ടുള്ള ട്രെക്കിങ്ങൊന്നും അല്ല. ഹൈ ആള്‍ട്ടിട്യൂഡ് ഉള്ള സ്ഥലത്തേക്കുള്ള യാത്ര ആയതിനാല്‍ ഞാന്‍ നേരത്തേ ജിമ്മിലൊക്കെ പോയി ആരോഗ്യമൊക്കെ ശരിയാക്കിയിരുന്നു. എടുത്തുപറയേണ്ട കാര്യം എനിക്കൊപ്പം അമ്മയും ഉണ്ടായിരുന്നുവെന്നതാണ്. 53 എന്നത് വെറും അക്കങ്ങള്‍മാത്രമാണെന്ന് അമ്മയുടെ മലകയറ്റം കണ്ടപ്പോള്‍ എനിക്കു മനസ്സിലായി. ചിലത് നേടണമെന്ന് നമ്മള്‍ മനസ്സില്‍ കരുതിയാല്‍ അതിന് പ്രായം ഒരിക്കലും തടസ്സമാകില്ല എന്നുള്ളതിന്റെ തെളിവുകൂടിയായിരുന്നു അത്. പുൾനയിൽ നിന്ന് 40 കിലോമീറ്റർ ഉണ്ട് താഴ്‌വരയിലേയ്ക്ക്. ട്രെക്കിങ് പുരോഗമിക്കുന്നത് ഇങ്ങനെ. 

പുൾന മുതൽ ഗംഗാരിയ വരെ - 9 കിലോമീറ്റർ (മുകളിലേക്ക്)

ഗംഗാരിയ - പൂക്കളുടെ താഴ്‌‌വര – 10 കിലോമീറ്റർ (മുകളിലേക്കും താഴേക്കും)

ഗംഗാരിയ മുതൽ ഹേമകുണ്ഡ് സാഹിബ് വരെ - 12 കിലോമീറ്റർ (മുകളിലേക്കും താഴേക്കും)

ഗംഗാരിയ മുതൽ പുൾന വരെ - (9 കിലോമീറ്റർ - താഴേക്ക്)

അങ്ങനെ കാത്തിരിപ്പുകള്‍ക്ക് അവസാനം ഞാന്‍ പൂക്കളുടെ സ്വര്‍ഗീയ താഴ്‌‌വരയിൽ കാലുകുത്തി.’ 

പറഞ്ഞറിയിക്കാനാവില്ല ആ അനുഭൂതിയെന്ന് പൗര്‍ണമി. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നാലു മാസമാണ് പൂക്കാലം. ഓഗസ്‌റ്റോടെ കൊടിയിറക്കം. അഞ്ഞൂറ്റി ഇരുപത്തൊന്ന് തരം പൂക്കുന്ന ചെടികള്‍. പതിമൂന്നിനം സസ്തനികള്‍. ഇവിടുത്തെ ഏറ്റവും പ്രത്യേകതയുള്ള പൂവ് ബ്രഹ്മകമലമാണ്. എന്നാല്‍ രണ്ടു തവണ പോയിട്ടും തനിക്ക് അതു കാണാനായില്ലെന്ന് നിരാശയോടെ പൗര്‍ണമി പറഞ്ഞു.  

വാലി ഓഫ് ഫ്ലവേഴ്സില്‍ രണ്ട് തവണ പോയിട്ടുണ്ട് പൗർണമി. ഒന്ന് സഞ്ചാരി ആയിട്ടും മറ്റൊന്ന് സഞ്ചാരികൾക്ക് വഴികാട്ടിയായിട്ടും. എന്നിട്ടും ആ താഴ്‌വരയോടുള്ള കൊതി തീർന്നിട്ടില്ലെന്ന് പൗർണമി പറയുന്നു. അവസരം കിട്ടിയാൽ വീണ്ടും പോവുമത്രേ. ആ യാത്ര അവസാനിച്ചത് ബദ്രിനാഥും മനായും കണ്ടാണ്. 

 

ഭര്‍ത്താവുമൊത്ത് ഇടയ്ക്കിടെ റോഡ് ട്രിപ്പിനും പോകാറുള്ള പൗര്‍ണമി ആദ്യത്തെ പ്രളയസമയത്ത് കൊല്‍ക്കത്തയ്ക്ക് പോയത് മറക്കില്ലെന്നു പറയുന്നു. ‘ഞങ്ങള്‍ രണ്ടുപേരും യാത്രകളെ ഇഷ്ടപ്പെടുന്നവരായതിനാല്‍ ഇടയ്ക്കിടയ്ക്ക് കാറുമെടുത്ത് അങ്ങ് പോകും. അങ്ങനെയാണ് ഒരു കൊല്‍ക്കത്ത റോഡ് ട്രിപ്പ് ഉണ്ടായത്. കൊല്‍ക്കത്ത ഒരിക്കലെങ്കിലും എല്ലാവരും കണ്ടിരിക്കേണ്ട ഒരു നാടാണ്. ശരിക്കും നമ്മളെ അദ്ഭുതപ്പെടുത്തുന്ന ഒരു സ്ഥലം. സാംസ്‌കാരികമായും പൈതൃകപരമായുമെല്ലാം നിറയെയുണ്ട് അവിടെ. നാട്ടിലേക്കു മടങ്ങുമ്പോഴാണ് അവിടെ വലിയ പ്രളയത്തില്‍പ്പെട്ട് നമ്മുടെ കൂടെയുള്ളവര്‍ കഷ്ടപ്പെടുന്നതിനെക്കുറിച്ച് അറിയുന്നത്. അങ്ങനെ അങ്ങോട്ട് നിറഞ്ഞ സന്തോഷത്തോടെ പോയ ഞങ്ങളുടെ മടക്കം ആകെ സങ്കടത്തിലായി.’

യാത്രയോടുള്ള ഇഷ്ടം കൂടി ഇന്ന് സോളോ ട്രിപ്പ് നടത്താന്‍ താല്‍പര്യമുള്ള സ്ത്രീകളുടെ കൂട്ടുകാരി കൂടിയായിരിക്കുകയാണ് പൗര്‍ണമി. അപ്പൂപ്പൻതാടി നടത്തുന്ന മിക്ക യാത്രകളുടെയും ബഡി ആയി പോകുമ്പോഴും ഒരു സഞ്ചാരി എന്ന നിലയിൽ കൂടുതൽ കൂടുതൽ അനുഭവങ്ങൾ ആർജിക്കുവാൻ തനിക്കു കഴിയുന്നെന്ന് പൗർണമി പറയുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com