ADVERTISEMENT

രാത്രിയില്‍ യാത്ര ചെയ്യുന്നവരോട് അഞ്ജലി അമീറിനു പറയാനുള്ളത് ഒന്നുമാത്രമാണ്– അസ്വാഭാവികമായി നിങ്ങള്‍ക്കു നേരേ എന്തുസംഭവിച്ചാലും വാഹനം നിര്‍ത്താതെ പോവുക. അല്ലെങ്കില്‍ പരമാവധി രാത്രിയാത്ര ഒഴിവാക്കുക. രാത്രിയാത്രയില്‍ തനിക്ക് നേരിട്ടൊരു അപകടത്തെക്കുറിച്ച് വിവരിക്കുകയാണ് അഭിനേത്രിയായ അഞ്ജലി അമീര്‍. മമ്മൂട്ടിയ്‌ക്കൊപ്പം പേരന്‍പ് എന്ന ഗംഭീര ചിത്രത്തില്‍ അഭിനയിച്ച അഞ്ജലിക്ക് യാത്രകള്‍ എന്നാല്‍ മൈൻഡ് റിലാക്‌സേഷന്‍ ആണ്. 

anjaly-trip

 

anjaly-ameer-trip4

‘ തിരക്കുകളില്‍ നിന്നെല്ലാം മാറി സ്വസ്ഥമായും സമാധാനമായും സമയം ചെലവഴിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം യാത്രകള്‍ തന്നെയാണ്. എന്നാല്‍ രാത്രിയിലെ സഞ്ചാരങ്ങളോട് എനിക്കിപ്പോള്‍ വല്ലാത്ത ഭയം ആണ്. അതിനു കാരണമുണ്ട്. ഈയടുത്ത് സംഭവിച്ചതാണ്. ഷൂട്ടിനും മറ്റുമൊക്കെയായി പലപ്പോഴും ചെന്നൈയ്ക്ക് പോകേണ്ടിവരും. മിക്കവാറും സ്വന്തം കാറില്‍ തന്നെയാകും യാത്ര. ഷൂട്ടിങ് സ്ഥലത്ത് കൃത്യസമയത്ത് എത്താനായി ഞാന്‍ മിക്കവാറും രാത്രിയിലാണ് യാത്ര നടത്താറ്, അങ്ങനെ ഒരു യാത്രയ്ക്കിടെയാണ് ആ ഭീകരസംഭവം ഉണ്ടായത്. ഞാന്‍ കാറില്‍ ഉറക്കത്തിലായിരുന്നു.

anjali-ameer-travel4

 

anjaly-ameer-trip

സേലത്തിനടുത്തായി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ പെട്ടെന്ന് കാറിനു നേരെ കല്ലേറ്. എന്റെ സൈഡിലായി ഡോറില്‍ വന്ന് ഒരു കല്ല് ഭയങ്കര ശബ്ദത്തോടെ പതിച്ചു. ഞെട്ടിയെഴുന്നേറ്റ ഞാന്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ പുള്ളി വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോന്നു. വണ്ടി നിര്‍ത്തി എന്താണ് സംഭവിച്ചതെന്നു നോക്കാമായിരുന്നുവെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞെങ്കിലും പുള്ളി ഒന്നും മിണ്ടിയില്ല. പിന്നീട് കാര്‍ ഏതാണ്ട് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഒരു പെട്രോള്‍ പമ്പും ടോളുമൊക്കെയുള്ള സ്ഥലത്ത് നിര്‍ത്തി. അവിടെ നിന്ന പോലിസുകാരോട് എന്റെ ഡ്രൈവര്‍ സംഭവം വിവരിച്ചു. അപ്പോഴാണ് അവര്‍ ആ ഞെട്ടിക്കുന്ന വിവരം ഞങ്ങളോട് പറയുന്നത്. 

anjaly-ameer-trip2

 

anjali-ameer-travel3

ഇത് സ്ഥിരം പരിപാടിയാണ്. രാത്രിയില്‍ സഞ്ചരിക്കുന്ന, പ്രത്യേകിച്ച് ഒറ്റയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്കു നേരെ കല്ലെറിയും. എന്താണെന്നറിയാന്‍ വണ്ടി നിര്‍ത്തുന്നവരെ ഒരു സംഘം ആളുകള്‍ ആക്രമിക്കും. മോഷണം, പിടിച്ചുപറി എന്നിവയൊക്കെയാണ് അവരുടെ ലക്ഷ്യം. ഇതിനിടയില്‍ ചിലപ്പോള്‍ നമുക്ക് അപകടം വരെ സംഭവിക്കാം. 

anjali-ameer-travel6

 

anjali-ameer-travel1

അവര്‍ പല സംഘങ്ങളായി കാറിലും മറ്റും റോഡില്‍ പലയിടത്തായി തമ്പടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും കൂടി ആ പൊലീസുകാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഭയന്നു. ഏതായാലും എന്റെ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താന്‍ തോന്നാതിരുന്നത് രക്ഷയായി. എനിക്ക് എല്ലാവരോടുമായി പറയാനുള്ളതും ഇതുതന്നെയാണ്. പരമാവധി രാത്രിയിലെ യാത്രകള്‍ ഒഴിവാക്കുക. ഒഴിവാക്കാന്‍ സാധിക്കാത്തതാണെങ്കില്‍ ഒറ്റയ്ക്കു പോകാതെ നോക്കുക.’

 

anjali-ameer-travel5

ധാരാളം യാത്ര ചെയ്യുന്ന ആളായതിനാല്‍ പറയാനും കുറേയെറെ വിശേഷങ്ങള്‍ ഉണ്ടാകുമല്ലോ. തനിക്കുണ്ടായ മറ്റൊരു അനുഭവം കൂടി അഞ്ജലി പങ്കുവച്ചു. ‘അതും ഒരു രാത്രിയിലെ ഒരു ട്രിപ്പിനിടെ സംഭവിച്ചതാണ്. ബെംഗളൂരുവില്‍നിന്നു സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബന്ദിപ്പൂര്‍ വഴിയാണല്ലോ വരേണ്ടത്. രാത്രി അതുവഴി ഗതാഗതം അനുവദിക്കാത്തതിനാല്‍ ആ റൂട്ടിന് ബദലായ കുട്ട വഴിയാണ് ഞങ്ങള്‍ പോന്നത്. മുമ്പില്‍ ഒരു കാര്‍ പോയതുകണ്ട ധൈര്യത്തിലായിരുന്നു യാത്ര. എന്നാല്‍ കുറച്ചുദൂരം ചെന്നപ്പോള്‍ അതാ റോഡിന് നടുവില്‍ ഒരാനക്കൂട്ടം. ഞങ്ങളുടെ മുന്നിൽപോയ വണ്ടി ആനക്കൂട്ടത്തിനുമുന്നിൽ പെട്ടിരിക്ുകകയാണ്. ശ്വാസം നിന്നുപോയി. ഏതാണ്ട് ഒരു മണിക്കൂറോളം കാര്‍ റിവേഴ്‌സ് എടുത്ത് ലൈറ്റ് ഇട്ടും ഹോണടിച്ചുമൊക്കെയാണ് ഞങ്ങള്‍ അവിടെനിന്ന് രക്ഷപ്പെട്ടത്. ജീവന്‍ കയ്യില്‍ പിടിച്ചാണ് ആ സമയമത്രയും വണ്ടിയില്‍ ഇരുന്നത്. എങ്കിലും പ്രകൃതിയോടിണങ്ങിയുള്ള യാത്രകളോട് ഒരു പ്രത്യേക ഇഷ്ടമാണെനിക്ക്. അത് ചിലപ്പോള്‍ ഞാനൊരു താമരശ്ശേരിക്കാരിയായതിനാലാകും.’

 

യാത്ര ചെയ്യാന്‍ എന്താണിത്ര ഇഷ്ടമെന്ന് ചോദിച്ചാല്‍ അഞ്ജലിക്ക് ഒറ്റ ഉത്തരമേയുള്ളു – ഷോപ്പിങ്. തന്റെ യാത്രകളെല്ലാം ഷോപ്പിങ്ങിനു വേണ്ടിയാണെന്നു പറഞ്ഞാലും കുഴപ്പമില്ലെന്ന് അഞ്ജലി പറയുന്നു. ‘എവിടെപ്പോയാലും എന്തെങ്കിലുമൊക്ക വാങ്ങുക എന്റെ ഹോബിയാണ്. ചില സ്ഥലങ്ങളില്‍ നമുക്ക് വലിയ ഷോപ്പിങ് നടത്താനുള്ളതൊന്നും ഉണ്ടാകില്ല. അങ്ങനെയുള്ളപ്പോള്‍ അവിടെ എന്തുകിട്ടുന്നോ അത് വാങ്ങിപ്പോരും. അതിനി തീരെ ചെറിയൊരു സാധനമാണെങ്കില്‍പ്പോലും എനിക്ക് എന്തെങ്കിലും വാങ്ങാതെ ഒരു സമാധാനമുണ്ടാകില്ല. വാങ്ങുന്നതില്‍ ചിലതൊന്നും നമുക്ക് പ്രയോജനം ഉള്ളതായിരിക്കില്ല. എങ്കിലും എനിക്ക് അതൊക്കെ യാത്രകളുടെ ഓര്‍മകളാണ്.’

 

എന്നാല്‍ തന്റെ ഡ്രീം ഡെസ്റ്റിനേഷനില്‍ ചെന്നാല്‍ ചിലപ്പോള്‍ ഈ ശീലമൊന്നു മാറ്റിവയ്ക്കേണ്ടിവരുമെന്നാണ് അഞ്ജലിയുടെ സങ്കടം. 

 

ലണ്ടന്‍ നഗരത്തിലേക്കൊരു സ്വപ്‌ന യാത്ര

 

എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ലണ്ടനില്‍ പോകണമെന്നത്. ലണ്ടന്‍ നഗരത്തോട് വല്ലാത്തൊരു അഭിനിവേശമാണ്. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്ന്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരങ്ങളിലൊന്നാണ് ലണ്ടന്‍. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സഞ്ചാരികളെ ഈ നഗരം ആകര്‍ഷിക്കുന്നു. രാജ്യത്തിന്റെ ഗവണ്‍മെന്റിന്റെ ഇരിപ്പിടവും സമ്പദ്‌വ്യവസ്ഥയുടെ ശ്വാസകോശവുമായ ലണ്ടന്‍, വാക്കുകളാല്‍ വിവരിക്കാന്‍ കഴിയില്ല. 

 

സന്ദർശകരെ ഓരോ പ്രാവശ്യവും ഈ നഗരം അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. ബിഗ് ബെന്‍, ലണ്ടന്‍ ഐ, ബക്കിങ്ങാം കൊട്ടാരം തുടങ്ങി കാണാനേറെയുള്ള ഈ നഗരത്തിലത്തിയാല്‍ പക്ഷേ ഷോപ്പിങ് നടത്താന്‍ താനൊന്നു മടിക്കുമെന്ന് അഞ്ജലി. വേറൊന്നുംകൊണ്ടല്ല, മെട്രോപോളിറ്റന്‍ സിറ്റിയായ ലണ്ടനില്‍ ഒരു ചെറിയ ഷോപ്പിങ് നടത്തണമെങ്കില്‍പ്പോലും കൈനിറയെ പണം വേണമല്ലോ. അപ്പോള്‍ പിന്നെ വമ്പന്‍ ഷോപ്പിങ്ങിനെക്കുറിച്ച് താന്‍ ആലോചിക്കില്ലെന്നാണ് താരം പറഞ്ഞുവയ്ക്കുന്നത്. കേരളം വിട്ടാല്‍ ബാക്കിക്കാലം ജര്‍മനിയില്‍പ്പോയി ജീവിക്കാനാണത്രേ അഞ്ജലിക്ക് ഇഷ്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com