ADVERTISEMENT

" ആദ്യ തെലുങ്ക് സിനിമയായ "ദേവദാസു"വിലൂടെ മികച്ച തെന്നിന്ത്യൻ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കി സിനിമാലോകത്തേക്കു കടന്നു വന്ന   ഇലിയാന ഡിക്രൂസ് തമിഴ് മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് "നൻപൻ "എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ്. അതിനു ശേഷം "ബർഫി "എന്ന ചിത്രത്തിലൂടെ ബോളിവുഡിലും തന്റേതായ ഇടം നേടാൻ  ഇലിയാനക്ക് സാധിച്ചു. ആൻഡമാനിലെ പ്രശസ്തമായ ഹാവ്‌ലോക്ക് ദ്വീപിൽ ചിലവഴിച്ച പഴയ  അവധിക്കാല ചിത്രങ്ങളാണ് ഇത്തവണ  ഇലിയാന ആരാധകരുമായി പങ്കു വെച്ചത്.  മുൻജോ റിസോർട്ടിൽ നിന്നും രസകരമായ ക്യാപ്ഷനുകളോടെയുള്ള  സുന്ദരമായ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകശ്രദ്ധ പിടിച്ച് പറ്റി കഴിഞ്ഞു.

യാത്രാപ്രേമികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ് ആൻഡമാൻ ദ്വീപുകൾ. ഇന്ത്യയിലെ മനോഹരമായ ബീച്ചുകൾ ഏതൊക്കെയെന്നു നോക്കിയാൽ അതിൽ പ്രമുഖസ്ഥാനമുണ്ട് ഇവിടുത്തെ ബീച്ചുകൾക്ക്. ലോകത്തിലെ അതിസുന്ദരമായ ബീച്ചുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളവയാണ് ആൻഡമാൻ ദ്വീപുകളിലെ ഹാവ്‍‍ലോക്ക്, രാധാനഗർ പോലുള്ള ദ്വീപുകളിലെ ബീച്ചുകൾ. ഇതിൽ ഹാവ്‍‍ലോക്ക് ദ്വീപിലെ മുൻജോ ഒാഷ്യൻ റിസോർട്ടിലെത്തിയ ചിത്രങ്ങളാണ് ഇലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ഹാവ്‍‍ലോക്ക് ദ്വീപിലേക്ക്

Havelock-Island

ചരിത്രവും സംസ്കാരവും ഇഴപിരിഞ്ഞു കിടക്കുന്ന നാടാണ് ആൻഡമാൻ.മോഹിപ്പിക്കുന്ന കടൽത്തീരങ്ങളും കടുംപച്ചയണിഞ്ഞു നിൽക്കുന്ന വനങ്ങളും മനം മയക്കുന്ന പ്രകൃതിയും തുടങ്ങി ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരുന്ന കാഴ്ചകൾ ആൻഡമാന് സ്വന്തമാണ്.ഇൗ ദ്വീപ് സമൂഹത്തിൽപെടുന്ന ഒരു ദ്വീപാണ് ഹാവ്‍ലോക്ക് ദ്വീപ്. മനോഹരമായ ബീച്ചുകൾക്കും പവിഴപ്പുറ്റുകൾക്കും വിവിധ സമുദ്രവിനോദങ്ങൾക്കും പേരുകേട്ടതാണ് ഇവിടം. ബംഗാൾ ഉൾക്കടലിലെ ഈ ദ്വീപ് 2004 ലെ സുനാമിയിൽ കാര്യമായ നാശനഷ്ടങ്ങൾക്കു വിധേയമാകാത്ത ഇടങ്ങളിലൊന്നാണ്. ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. 

പോർട്ട് ബ്ലയറിൽ നിന്നു ബോട്ട് മാർഗം ഹാവ്‍‍ലോക്ക് ദ്വീപിലേക്ക് എത്തിച്ചേരാവുന്നതാണ്. സർക്കാർ ബോട്ട് സർവീസും സ്വകാര്യ ഏജൻസികളുടെ ബോട്ടുകളും ലഭ്യമാണ്. കടലിന്റെ അവസ്ഥകളനുസരിച്ച് 2 മുതൽ 4 മണിക്കൂർ വരെ സമയം യാത്രയ്ക്ക് എടുക്കും. കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും വിമാനത്തിൽ പോർട്ട് ബ്ലെയറിൽ എത്തിച്ചേരാനാകും. ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നു കപ്പൽ സർവീസും പോർട്ട്ബ്ലെയറിലേക്കുണ്ട്.

View this post on Instagram

When the sea is calling out to you 🌊 #tb

A post shared by Ileana D'Cruz (@ileana_official) on

113 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപിൽ സഞ്ചാരികൾക്ക് സമുദ്രതീരങ്ങൾ കൂടാതെ ജംഗിൾ ട്രക്കിങ്, പക്ഷി നീരീക്ഷണം തുടങ്ങിയ വിനോദങ്ങൾക്കും സൗകര്യങ്ങളുണ്ട്. കടൽമീനുകളും മറ്റും ഉപയോഗിച്ചുള്ള പ്രാദേശികമായ ഭക്ഷണവും വളരെ മികച്ചതാണ്. റ്റവും മനോഹരമായ ബീച്ചുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളളതാണ് ഹാവ്‍ലോക്ക് ദ്വീപിലെ രാധാനഗർ ബീച്ച് (ബീച്ച് നമ്പർ7) വെള്ളമണൽപ്പരപ്പും നിബിഡ വനപ്രദേശവും കൊണ്ട് സവിശേഷമാണ്. എലഫന്റ് ബീച്ച് പവിഴപ്പുറ്റുകൾക്കും ജലവിനോദങ്ങൾക്കും പ്രസിദ്ധമാണ്. കടൽനടത്തം, സ്കൂബാ ഡൈവിങ്, സർഫിങ്, നീന്തൽ തുടങ്ങിയവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. വിജയനഗർ ബീച്ച്, കാലാപഥർ ബീച്ച് തുടങ്ങിയവയും ഈ ദ്വീപിൽ സഞ്ചാരികൾക്ക് ഒഴിവാക്കാനാകാത്ത ഇടങ്ങളാണ്.

കപ്പൽ മാർഗമോ വിമാനത്തിലോ ആൻഡമാനിൽ എത്തിച്ചേരാവുന്നതാണ്. കപ്പൽ മാർഗമാകുമ്പോൾ യാത്രാചെലവ് അൽപം കുറവായിരിക്കും. അവിടെ എത്തിച്ചേർന്നതിനു ശേഷം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര പോകുന്നതിനായി ബസുകളെ ആശ്രയിക്കുന്നതാണ് ധനനഷ്ടം കുറയ്ക്കാൻ അനുയോജ്യമായ വഴി. സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് സർവീസുകൾ ഉണ്ട്. ഇവയുടെ സമയം എപ്പോഴാണ് എന്നറിഞ്ഞുവെച്ചു കാഴ്ചകൾ കാണാനായി ഇറങ്ങാം. യാത്രയ്ക്കായി ടാക്സികളെ ആശ്രയിച്ചാൽ കൂടുതൽ പണം മുടക്കേണ്ടതായി വരും. താമസത്തിനായി പോർട്ട് ബ്ലെയർ തിരഞ്ഞെടുക്കാവുന്നതാണ്. ഹാവ്‍‍ലോക്ക് ദ്വീപിലും താമസ സൗകര്യങ്ങൾ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com