sections
MORE

ചുരുളഴിയാത്ത രഹസ്യങ്ങൾ തേടി അസ്ഥികൂടങ്ങൾ നിറഞ്ഞ തടാകത്തിലേക്ക്...

Roopkund-Trek
SHARE

പല തരത്തിലുള്ള തടാകങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാൽ മനുഷ്യാസ്ഥികൂടങ്ങൾ നിറഞ്ഞ തടാകത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഇന്ത്യയിലാണ് അതുള്ളത്. ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ആ നിഗൂഢ തടാകത്തിന്റെ പേര് രൂപ്കുണ്ഡ്. ഒട്ടേറെ സഞ്ചാരികൾ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഉത്തരാഖണ്ഡ്. അതിരമണീയമായ ലാൻഡ്‌സ്‌കേപ്, ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും മികച്ച ട്രെക്കിങ് അനുഭവം അങ്ങനെ ഉത്തരാഖണ്ഡിലേക്കു യാത്ര തിരിക്കാൻ കാരണങ്ങൾ നിരവധി. സഞ്ചാരികൾക്കു മാത്രമല്ല തീർഥാടകർക്കും പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ഇവിടം. 12 വർഷത്തിലൊരിക്കൽ നടക്കാറുള്ള നന്ദാദേവി ജാട്ട് ഉത്സവത്തിന് തീർഥാടകർ പോകാറുള്ള വഴിയിലാണ് ഈ തടാകം. ഉത്തരാഖണ്ഡിലെ ഓരോ സ്ഥലങ്ങളും പ്രകൃതിഭംഗികൊണ്ടും അദ്ഭുതപ്പെടുത്തുന്നതാണ്. സുന്ദരകാഴ്ചകൾക്കപ്പുറം നിഗൂഢതകൾ നിറഞ്ഞ ഇടവും  ഉത്തരാഖണ്ഡിലുണ്ട്. അങ്ങനെയൊരിടമാണ് രൂപ്കുണ്ഡ് തടാകം. 

ട്രെക്കിങ്ങിന് ഏറെ അനുയോജ്യമായ ഈ തടാക പരിസരത്തേക്ക് ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. ചുറ്റും പാറകൾ നിറഞ്ഞ ഹിമാനികളും മഞ്ഞുമൂടിയ പർവതങ്ങളുമുണ്ട്. രണ്ടു മീറ്ററോളം താഴ്ചയുള്ള ഈ തടാകം മിക്കവാറും മഞ്ഞുറഞ്ഞു കിടക്കും. സമുദ്രനിരപ്പിൽ നിന്ന് 16,500 അടി ഉയരത്തിലാണ് രൂപ്കുണ്ഡ് തടാകം. 1942ൽ, കഠിനമായ വേനൽക്കാലത്ത് മഞ്ഞുരുകാൻ തുടങ്ങിയപ്പോഴാണ് ആദ്യമായി അസ്ഥികൂട അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. തടാകത്തിന്റെ അരികുകളിൽ അനേകം മനുഷ്യാസ്ഥികൂടങ്ങൾ  പൊങ്ങിക്കിടക്കുന്നതായി ഒരു ബ്രിട്ടിഷ് ഫോറസ്റ്റ് ഗാർഡാണ് കണ്ടെത്തിയത്.

Roopkund-Trek1

തുടക്കത്തിൽ, അസ്ഥികൂടങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെട്ട ജാപ്പനീസ് പട്ടാളക്കാരുടേതാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു, എന്നാൽ 2004ൽ ഈ സിദ്ധാന്തത്തിന് ഞെട്ടിക്കുന്ന വഴിത്തിരിവ് ഉണ്ടായി. ഈ അവശിഷ്ടങ്ങൾ എഡി 850 മുതലുള്ളതാണെന്ന് കാർബൺ ഡേറ്റിങ്ങിലൂടെ കണ്ടെത്തിയതോടെ ദുരൂഹതകൾ വർധിക്കാൻ തുടങ്ങി. അതിനുശേഷം, ഈ സംഭവം വിശദീകരിക്കാൻ ഒട്ടേറെ സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്,  ആളുകൾ ഇപ്പോഴും ഉത്തരങ്ങൾക്കായി തിരയുകയാണ്. ഇന്നും വേനൽക്കാലത്ത് തടാകത്തിലെ മഞ്ഞുരുകാൻ തുടങ്ങുമ്പോൾ ഈ അവശിഷ്ടങ്ങൾ വ്യക്തമായി കാണാനാകും.

ചുരുളഴിയാത്ത രഹസ്യങ്ങൾ

അഞ്ചുവർഷത്തിലേറെയായി ഈ പ്രദേശത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ബീർബൽ സാഹ്‌നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസിലെ ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ ഒരു പഠനം ഈ തടാകത്തിന്റെ  രഹസ്യം കൂടുതൽ ആഴത്തിലാക്കി. മുൻപ് അനുമാനിച്ചതിനേക്കാൾ വളരെ സങ്കീർണമായ ചരിത്രമാണ് ഈ പ്രദേശത്തിന് ഉള്ളത്. വർഷങ്ങളായി വിപുലമായ ഡി‌എൻ‌എ വിശകലനം നടത്തിയ ശേഷം തടാകത്തിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥികൂടങ്ങൾ രണ്ടു വ്യത്യസ്ത ജനിതക ഗ്രൂപ്പുകളുടേതാണെന്ന് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി ഡിപാർട്ട്മെൻ്റ് കണ്ടെത്തി.

ചില ഗവേഷകർ ഈ അസ്ഥികൂടങ്ങൾ കിഴക്കൻ മെഡിറ്ററേനിയൻ, ഗ്രീസ്, ക്രീറ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് അനുമാനിക്കുന്നു, അവർ ഇരുപത്തിയേഴാം നൂറ്റാണ്ടിൽ ഈ പ്രദേശത്തേക്കു പോയിരിക്കാം. അസ്ഥികൂടങ്ങളിലെ 14 പേർ മറ്റൊരു ഗ്രൂപ്പിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇവരുടെ തലയ്ക്കു പിന്നിലേറ്റ മാരകമായ പ്രഹരമാണ് മരണകാരണമെന്ന് ഗവേഷകർ നിഗമനം ചെയ്യുന്നു. ആയുധങ്ങൾ, ഹിമപാതങ്ങൾ അല്ലെങ്കിൽ മണ്ണിടിച്ചിൽ എന്നിവ മൂലമുണ്ടായ മുറിവുകളല്ല ഇത്. അവരുടെ തലയോട്ടികളിലും ചുമലിലുമുള്ള അടയാളങ്ങൾ ഒരു ക്രിക്കറ്റ് പന്ത് പോലെ എന്തെങ്കിലുമൊക്കെ അടിച്ചുകൊണ്ടതായിട്ടാണു സൂചിപ്പിക്കുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ പരുക്കുകൾ ഇല്ലാത്തതും ക്രിക്കറ്റ് ബോൾ വലുപ്പമുള്ള ആലിപ്പഴക്കല്ലുകൾ അല്ലെങ്കിൽ ഐസ് ബോളുകൾ മുകളിൽ നിന്നു വീണു എന്നാണു സൂചിപ്പിക്കുന്നത്. എന്നാൽ രൂപ്കുണ്ഡ് തടാകത്തിൽ ഒരു മെഡിറ്ററേനിയൻ സംഘം എങ്ങനെയെത്തി, അവർ എങ്ങനെയാണ് അവിടെവച്ചു മരണപ്പെട്ടത്? ഈ ചോദ്യങ്ങളെല്ലാം ഏറെക്കാലമായി ഗവേഷകരെ കുഴക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA