വെള്ളത്തിനടിയിലൂടെ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാം!

underwater-train
Representative Image
SHARE

രാജ്യത്ത് ആദ്യമായി ജലത്തിനുള്ളിലൂടെ മെട്രോ ട്രെയിന്‍ ഓടുന്ന സംസ്ഥാനമായി കൊല്‍ക്കത്ത. സാള്‍ട്ട് ലേക്ക് സെക്ടര്‍ 5 മുതല്‍ ഹൗറ വരെ പതിനാറു കിലോമീറ്റര്‍ നീളമുള്ള ഈസ്റ്റ് വെസ്റ്റ്‌ കോറിഡോറിലാണ് ജലത്തിനുള്ളിലൂടെ ട്രെയിനില്‍ പോകാനുള്ള അവസരം ഉള്ളത്. ഹൂഗ്ലി നദിയിലൂടെ ട്രെയിനില്‍ യാത്ര ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല. കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പറേഷന്‍ ആണ് യാത്രികര്‍ക്കായി ഈ അനുഭവം ഒരുക്കുന്നത്.

ലണ്ടനെയും പാരീസിനെയും ബന്ധിപ്പിക്കുന്ന യൂറോസ്റ്റാറുമായാണ് ഈ പദ്ധതിയെ വിദഗ്ധര്‍ താരതമ്യപ്പെടുത്തുന്നത്. പത്തു നില ഉയരമുള്ള കെട്ടിടത്തിന്‍റെ ഉയരത്തിന് സമമായിട്ടുള്ളത്രയും ആഴത്തിലാണ് ട്രയിനിന്‍റെ യാത്ര. 1.4 മീറ്റർ വീതിയുള്ള കോൺക്രീറ്റ് വളയങ്ങളാൽ നിർമ്മിച്ച ഇരട്ട തുരങ്കങ്ങളിലൂടെയാണ് ഇത് കടന്നു പോകുക. തുരങ്കങ്ങളിലേക്ക് വെള്ളം കയറുന്നത് തടയാൻ ഹൈഡ്രോഫിലിക് ഗാസ്കറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. 8500 കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. മുഴുവന്‍ പണി 2021 ഓടെ പൂര്‍ത്തിയാകും.

ഫൂല്‍ബഗന്‍ മുതല്‍ ഹൗറ മൈദാന്‍ വരെ നീളുന്ന ഭൂഗര്‍ഭ ടണലില്‍ മൊത്തം ആറു മെട്രോ സ്റ്റേഷനുകള്‍ ആണ് ഉള്ളത്. ഇതില്‍ മഹാകരന്‍ മുതല്‍ ഹൂഗ്ലി വരെയുള്ള ഭാഗത്താണ് ഭൂഗര്‍ഭ ജല പാത ഉള്ളത്.  ആറു കോച്ചുകള്‍ ഉള്ള മെട്രോ ട്രെയിനുകളില്‍ ഒരേ സമയം 2100 ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റും. പ്ലാറ്റ്ഫോം സ്ക്രീന്‍ ഡോറുകള്‍ അടക്കമാണ് ഈസ്റ്റ് വെസ്റ്റ്‌ കോറിഡോറിലെ മെട്രോ സ്റ്റേഷനുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ താഴെ വീണു പോകില്ല എന്ന് ഇത് ഉറപ്പു വരുത്തുന്നു. 

കൊട്ടാരങ്ങളുടെ നഗരം, സന്തോഷത്തിന്‍റെ നഗരം എന്നിങ്ങനെയെല്ലാം പേരുകള്‍ ഉള്ള കൊല്‍ക്കത്തയുടെ ടൂറിസം വളര്‍ച്ചയ്ക്ക് ഈ പുതിയ മെട്രോ ട്രെയിന്‍ ഒരു മുതല്‍ക്കൂട്ടാണ് എന്ന് വിശകലനം ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ട് റെയിൽ‌വേ സ്റ്റേഷനുകളായ  ഹൗറയെയും സീൽ‌ഡ റെയിൽ‌വേ സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്നതും ഹൂഗ്ലി നദിയിലൂടെ കടന്നുപോകുന്നതുമായ പാതയാണ് ഈസ്റ്റ് വെസ്റ്റ്‌ കോറിഡോര്‍. ഇന്ത്യയില്‍ ആദ്യമായി മെട്രോ സ്റ്റേഷന്‍ വന്ന നഗരവും കൊല്‍ക്കത്ത തന്നെയാണ്. ഇന്ന് ഏകദേശം അഞ്ചു ലക്ഷത്തോളം യാത്രക്കാരാണ് ഇവിടെ പ്രതിദിനം മെട്രോയില്‍ യാത്ര ചെയ്യുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA